താമരപ്പൂക്കള്‍ക്ക് ഓര്‍മിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവ ഇപ്പോള്‍ ഓര്‍മിക്കുന്നത് ഒരു നല്ല മനുഷ്യനെക്കുറിച്ചായിരിക്കും. ഒരു മഹാനഗരത്തില്‍ കുപ്പികളില്‍ വിത്തുകള്‍ വിതച്ച്, മുളപ്പിച്ച്, വളരാന്‍ വേണ്ടി തടാകം ഒരുക്കി സംരക്ഷിച്ച മഹാനായ മനുഷ്യനെക്കുറിച്ച്. അദ്ദേഹത്തെ ഇന്ത്യ അറിയും. ലോകം അറിയും. ഇന്ന് ഈ ലോകത്തിലില്ലെങ്കിലും ആയിരക്കണക്കിനു മനസ്സുകളില്‍ അദ്ദേഹമുണ്ട്. മരിക്കാത്ത  ഓര്‍മയായി സുതപ സിക്ദറിന്റെ മനസ്സിലുണ്ട്. ബോളിവുഡിന്റെ പ്രിയപ്പെട്ട ഇര്‍ഫാന്‍ ഖാന്‍. കോടികള്‍ അമ്മാനമാടുന്ന ബോളിവുഡ് സിനിമയിലെ സാധാരണക്കാരന്‍. എല്ലുറപ്പുള്ള, കാരുണ്യ ഹൃദയമുള്ള, പൊങ്ങച്ചങ്ങളും ജാഡകളുമില്ലാത്ത യഥാര്‍ഥ മനുഷ്യനായി ജീവിച്ച അഭിനയശേഷി ആവോളമുള്ള നടന്‍. അദ്ദേഹം ഏറെയിഷ്ടപ്പെട്ട മഴക്കാലത്ത് തളിര്‍ത്തുവളരുന്ന താമരപ്പൂക്കളുടെ ചിത്രം ആ ഓര്‍മയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് ഭാര്യ സുതപ. കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലാണ് സുതപ ഇര്‍ഫാന്റെ ഓര്‍മയില്‍ വൈകാരികമായ വാക്കുകള്‍ കുറിച്ചത്. 

ഇര്‍ഫാന്‍, ഈ താമരപ്പൂക്കള്‍ ഇപ്പോഴും അങ്ങയെ ഓര്‍മിക്കുന്നു. കുപ്പികളില്‍ ഈ ചെടികളെ വളര്‍ത്താന്‍ അങ്ങെത്ര ബുദ്ധിമുട്ടി എന്നവയ്ക്കറിയാം. തടാകം ഒരുക്കി പറിച്ചുനട്ട് വളര്‍ത്തിയെടുത്തതിന്റെ വേദനകളും അറിയാം. മഴയില്‍ പ്രകൃതിയില്‍ തടാകത്തില്‍ താമരകള്‍  അങ്ങയുടെ ഓര്‍മകളില്‍ പൂത്തുവിടരുന്നതു കണ്ടോ.... 

പൂക്കളെപ്പോലെ പ്രകൃതിയെപ്പോലെ മഴയേയും ഏറെയിഷ്ടപ്പെട്ടിരുന്നു ഇര്‍ഫാന്‍.  പ്രത്യേകിച്ചും മുംബൈ എന്ന മഹാനഗരത്തിലെ മഴക്കാലത്തെ. വീണ്ടും  മഴക്കാലം. നഗരത്തിനു മുകളില്‍ ഒത്തുകൂടിയ കാര്‍മേഘങ്ങള്‍ പുതുമഴയായി ഭൂമിയെ ആനുഗ്രഹിക്കുമ്പോള്‍ വിട പറഞ്ഞ നടന്റെ ഓര്‍മളില്‍ ജീവിക്കുകയാണ് സുതപ. ഈ മാസം ആദ്യവും നടനെയും മഴയെയും ബന്ധിപ്പിച്ച് സുതപ ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 

ഈ മഴത്തുള്ളികളുടെ താളത്തില്‍ ഞാന്‍ അങ്ങയെ കേള്‍ക്കുന്നു. ഇവ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിയാം. അവയെന്നെ സ്പര്‍ശിക്കുമ്പോള്‍ ഞാന്‍ അങ്ങയെ അറിയുന്നു. ശരീരത്തിലും ആത്മാവിലും. വേര്‍പെട്ടിരിക്കുമ്പോഴും നമ്മെ കൂട്ടിയിണക്കുകയാണ് മഴ. മഴത്തുള്ളികള്‍. മഴയാരവം. 

ഇര്‍ഫാന്റെ മൂത്ത മകന്‍ ബബില്‍ ഖാനും അദ്ദേഹത്തിന്റെ വേര്‍പാടിനു ശേഷം ഓര്‍മച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. മരുഭൂമിയില്‍  ഒട്ടകത്തിനു കുടിക്കാന്‍ വെള്ളം കൊടുക്കുന്ന  നടന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബബീല്‍ ഇക്കഴിഞ്ഞ ദിവസവുമെഴുതി: 

മഴയെക്കുറിച്ചുള്ള അഗാധമായ ചിന്തകള്‍ എന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഞാനനുഭവിച്ച ഒന്നുമായും ഇതു താരതമ്യപ്പെടുത്താന്‍ കഴിയുന്നില്ല. മഴ എന്തായിരുന്നുന്നെന്നും എങ്ങനെയാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു; മരുഭൂമിയില്‍വച്ചുപോലും. മികച്ച ഉദാഹരണാണ് ഈ ചിത്രം. 

ഏപ്രില്‍ 29 നാണ് അപൂര്‍വ കാന്‍സര്‍ ബാധിച്ച് ഇര്‍ഫാന്‍ മരിക്കുന്നത്. ബബില്‍, അയാന്‍ എന്നീ രണ്ട് ആണ്‍മക്കളും സുതപയും ഇപ്പോഴും നടന്റെ ഓര്‍മകളിലാണു ജീവിക്കുന്നത്. പ്രകൃതിയിലെ ഓരോ മാറ്റവും അവരെ ഓര്‍മിപ്പിക്കുന്നത് പ്രിയപ്പെട്ട ഇര്‍ഫാനെ. പ്രകൃതിയെ അറിഞ്ഞ്, മനസ്സിലാക്കി, കുടുംബത്തെ സ്നേഹിച്ച് ജീവിതം ആഘോഷമാക്കിയ നടനെ. സ്നേഹനിധിയായ അച്ഛനെ. ജീവിതം പങ്കുവച്ച ഭര്‍ത്താവിനെ. 

ക്രൂരമായ വിധിയുടെ ആഘാതത്തില്‍ അകാലത്തില്‍ തിരിച്ചുവിളിക്കപ്പെട്ടെങ്കിലും ഓര്‍മകളില്‍ സജീവമായ ഏറ്റവും പ്രിയപ്പെട്ടയാളെ. ഓരോ ദിവസം കഴിയുന്തോറും തീവ്രതയേറുയകാണ് ഓര്‍മകള്‍ക്ക്. പ്രിയപ്പെട്ടതാകുകയാണ് ഓര്‍മ തിളക്കം കൂട്ടുന്ന ജീവിതം. സുതപയ്ക്കു മാത്രമല്ല, ബബിലിനും അയാനും മാത്രമല്ല, മഴ കൊള്ളുന്ന താമരകള്‍ക്കും. വെളിച്ചത്തിലേക്കു മുഖം നീട്ടുന്ന താമരപ്പൂക്കള്‍ക്കും. 

English Summary: Sutapa Emotional Note For Irrfan