രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഭർതൃമാതാവിന് വരാൻ കഴിഞ്ഞില്ല; കുടുംബത്തിനൊപ്പം നിൽക്കാൻ സാധിക്കാത്തതിൽ ദുഃഖം: കരീന
സെയ്ഫ് അലി ഖാന്റെ അമ്മ ഷർമിള ടഗോറിനെ കുറിച്ച് മരുമകൾ കരീന കപൂർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഷർമിളാ ടഗോറിന് ഇതുവരെ സാധിച്ചില്ലെന്നാണ് കരീന പറയുന്നത്. അമ്മയോടൊപ്പം അൽപം സമയം ചെലവഴിക്കാനായി കാത്തിരിക്കുകയാണെന്നും കരീന പറഞ്ഞു
അടുത്തിടെ നടത്തിയ പോഡ്കാസ്റ്റിൽ ഭർതൃമാതാവിനെ പ്രശംസിച്ച് കരീന പറഞ്ഞതിങ്ങനെ: ‘അമ്മയെ കുറിച്ച് മറ്റുള്ളവർ ചോദിക്കുമ്പോൾ ഞാൻ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവർ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാൻ പറയുക? ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളിൽ ഒരാളാണ് എന്റെ ഭർതൃമാതാവ് എന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. ഇത്രയേറെ സ്നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭർതൃമാതാവായി ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സ്വന്തം മക്കളെ മാത്രമല്ല, പേരക്കുട്ടികളെയും മരുമകളെയും ആത്മാർത്ഥമായി അവർ സ്നേഹിക്കുന്നു.’ കരീന പറയുന്നു.
ഈ കുടുംബത്തിലെ അംഗമാകാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കരീന പറഞ്ഞു. ‘വളരെ വലിയ ബഹുമാനവും കരുതലും എനിക്ക് അമ്മയോടുണ്ട്. ഒരു കാര്യത്തിൽ മാത്രമാണ് വിഷമമുള്ളത്. കോവിഡിന് മുൻപ് ധാരാളം സമയം അവരുമായി ചിലവഴിക്കാന്‍ സാധിച്ചിരിരുന്നു എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതിൽ ഞങ്ങൾ നിരാശരാണ്. കുടുംബത്തിലെ ഏറ്റവും ചെറിയ ആളെ കാണാൻ അമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അമ്മയോടപ്പം സമയം ചിലവഴിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.– കരീന വ്യക്തമാക്കി
English Summary: Kareena Kapoor About Saif Ali Khan's Mother