യാത്രയിലൂടെ ഒരുമിക്കുന്ന ദേശങ്ങളെ ഒറ്റപ്പെടുത്തിക്കൂടിയാണ് കോവിഡ് മഹാമാരി വ്യാപിക്കുന്നത്. തൊട്ടടുത്തുള്ള സ്ഥലങ്ങള്‍ അനേക കാതങ്ങള്‍ ദൂരെയാണെന്ന തോന്നല്‍ ഉണര്‍ത്തുന്നുണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാകുമ്പോള്‍. അതനുസരിച്ച് വ്യക്തികളും ഒറ്റപ്പെട്ടുപോകുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ദൂരെയോ കോവിഡിനെത്തുടര്‍ന്ന് ഒറ്റപ്പെടുകയോ ചെയ്യുന്നതോടെ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ഭേദപ്പെടുത്താന്‍ മരുന്നുകള്‍ക്കും ആകുന്നില്ല. ഇതിനിടെയാണ്, ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിച്ചതിനുശേഷം വാര്‍ധക്യത്തില്‍ 8 മാസത്തോളം ബ്രിട്ടനിലെ ദമ്പതികള്‍ക്കു പിരിഞ്ഞിരിക്കേണ്ടിവന്നത്. കോവിഡ് ഭീതിയേക്കാളേറെ, സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തേക്കാളേറെ അവരെ തിവ്രവിഷാദത്തിലാക്കിയതും പരസ്പരം കാണാനാവുന്നില്ല എന്ന യാഥാര്‍ഥ്യമായിരുന്നു. ഒടുവില്‍ വ്യത്യസ്തമായ രണ്ടു പരിചരണ കേന്ദ്രങ്ങളിലായിരുന്ന ദമ്പതികള്‍ക്ക് ഒരുമിക്കാന്‍ അവസരം ലഭിച്ചതോടെ സംഭവിച്ചത് അപൂര്‍വവും അവിസ്മരണീയവുമായ സ്നേഹസംഗമം. 

89 വയസ്സുണ്ട് മേരി ഡേവിസിന്. ഭര്‍ത്താവ് 68 വയസ്സുകാരന്‍ ഗോര്‍ഡനെ അവര്‍ അവസാനം കാണുന്നത് 8 മാസം മുന്‍പ്. അദ്ദേഹത്തെ ഒരു കെയര്‍ ഹോമിലേക്കു മാറ്റുകയും പിന്നാലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുകയും ചെയ്തതോടെ പിന്നീട് ഇരുവര്‍ക്കും കാണാന്‍ അവസരങ്ങള്‍ ഇല്ലാതാകുകയായിരുന്നു. ഫെബ്രുവരിയില്‍ മേരിയെയും മറ്റൊരു പരിചരണ കേന്ദ്രത്തിലേേക്കു മാറ്റിയിരുന്നു. അതോടെ രണ്ടുപേരും തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലുമായി. എന്നാല്‍ മാസങ്ങളുടെ കാത്തിരിപ്പിനുശേഷം മേരിയെ താമസിപ്പിച്ചിരുന്ന ബെയ്‍ലി ഹൗസ് കെയര്‍ ഹോമില്‍ ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാൻ ഒരു മുറി സജ്ജമായതോടെ ഒരുമിക്കാനുള്ള അവസരം അപ്രതീക്ഷിതമായി കൈവരികയായിരുന്നു. ഗോര്‍ഡനെ മേരിയുടെ അടുത്തെത്തിച്ച നിമിഷങ്ങള്‍ ജീവനക്കാര്‍ ഷൂട്ട് ചെയതത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സ്നഹസംഗമം ലോകം അറിയുന്നത്. പ്രായം കൂടുംതോറും ശക്തമാകുന്ന സ്നേഹബന്ധത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ മാസ്മര ശക്തിയെക്കുറിച്ചും തിരിച്ചറിയുന്നതും. 

8 മാസത്തിനുശേഷം വീണ്ടും അടുത്തുകണ്ടപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും കെട്ടിപ്പുണര്‍ന്നു. ഐ ലവ് യൂ എന്ന് അപ്പോള്‍ അവരുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു. ആ നിമിഷത്തില്‍ ഇരുവരും അവരവരുടെ വോക്കിങ് സ്റ്റിക്കുകളും ദൂരെയെറിഞ്ഞു. ഏതു വാക്കിങ് സ്റ്റിക്കിനേക്കാളും മീതെയാണ് പരസ്പരമുള്ള താങ്ങും തണലും എന്നു തെളിയിക്കുന്നതായിരുന്നു കൂടിക്കാഴ്ച. ഇരുവരും നിയന്ത്രിക്കാനാകാകെ ആ നിമിഷത്തില്‍ കണ്ണീരൊഴുക്കുകയും ചെയ്തു. 

ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തു നടന്ന സംഭവം ഒരാഴ്ചയ്ക്കു ശേഷമാണു വ്യാപകമായി പ്രചരിക്കപ്പെട്ടത്. പ്രണയത്തിന്റെ മറ്റൊരു കുസൃതി കൂടി ഗോര്‍ഡന്‍ ഈ പ്രായത്തിലും മേരിക്കുവേണ്ടി കാത്തുവച്ചിരുന്നു. തന്നെ മേരിയെ പരിചരിക്കുന്ന കേന്ദ്രത്തിലേക്കു മാറ്റുന്ന വിവരം അദ്ദേഹം രഹസ്യമാക്കിവച്ചിരുന്നു. തന്റെ മുറിയുടെ വാതിലില്‍ ഗോര്‍ഡന്‍ എത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം ഇനി തനിക്കു മുറിയില്‍ കൂട്ടായി ഉണ്ടാകുമെന്ന സത്യം മേരി തിരിച്ചറിയുന്നത്. 

വാക്കിങ് സ്റ്റിക് ഉപേക്ഷിച്ച് ഗോര്‍ഡനും വോക്കര്‍ ഉപേക്ഷിച്ച് മേരിയും കെട്ടിപ്പുണരുന്ന വിഡിയോ പല രാജ്യങ്ങളിലായി ആയിരക്കണക്കിനുപേരാണു കാണുകയും പങ്കിടുകയും ചെയ്യുന്നത്. ഇന്നലെ മാത്രം 2672 പേ‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ചത്. തലേ ദിവസത്തെ മൊത്തം പോസിറ്റീവിനേക്കാള്‍ കുറവാണെങ്കിലും ആശങ്കയുയര്‍ത്തുന്ന സ്ഥിതിയാണ് ഇപ്പോഴും രാജ്യത്ത്. 

English Summary: Elderly couple reunites at care home after spending 8 months apart. Viral video