നിന്റെ മനസ്സില്‍ സംഗീതം നിറയ്ക്കാനാണ് ആ രാത്രി ഞങ്ങള്‍ പാടിയത്; ഇർഫാന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യ
അഗാധമായി ജീവിക്കുന്നവര്‍ മരണത്തെ പേടിക്കില്ല. പ്രിയ ഇര്ഫാന്, താങ്കളുടെ പ്രിയ കവിയുടെ വരികള്‍. കഴിഞ്ഞ വര്‍ഷം ഇതേ രാത്രി ഞാനും സുഹൃത്തുക്കളും നിനക്കുവേണ്ടി പാട്ടുകള്‍ പാടുകയായിരുന്നു. നിന്റെ പ്രിയപ്പെട്ട പാട്ടുകള്‍. നഴ്സുമാര്‍ ഞങ്ങളെ വിചിത്ര ജീവികളെപ്പോലെ നോക്കി. അവര്‍ക്കു പരിചിതം പ്രാര്‍ഥനകളും മറ്റു മതപരമായ ചടങ്ങുകളുമായിരുന്നു. എന്നാല്‍ അവസാന മണിക്കൂറുകളില്‍ നിനക്ക് ഇഷ്ടമാകുക പാട്ടുകളാണെന്ന് എനിക്കറിയാമായിരുന്നു. അതിനു മുമ്പു തന്നെ നിന്റെ ജീവനുവേണ്ടി ഞാന്‍ എത്രയോ പ്രാര്‍ഥിച്ചിരുന്നു. അവസാന യാത്രയ്ക്ക് നിന്റെ മനസ്സില്‍ നിലയ്ക്കാത്ത സംഗീതം നിറയ്ക്കാനാണ് ഞങ്ങള്‍ പാടിയത്. പിറ്റേന്ന് നീ ഞങ്ങളെ വിട്ടുപോയി. ആദ്യമായി എന്നെ കൂട്ടാതെ നീ മറ്റൊരു ലക്ഷ്യത്തിലേക്കു നടത്തിയ ഏകാന്ത യാത്ര.
ഓര്‍മയില്‍ ഇപ്പോഴും നടുക്കം അവശേഷിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 നാണ് നാട്ടിലും വിദേശത്തും പേരെടുത്ത പ്രതിഭാധനനായ നടന് ഇര്ഫാന് ഖാന് വിടപറയുന്നത്. അപൂര്‍വമായ ട്യൂമറിനോടു പോരാടിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. മരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രിയ ഭാര്ത്താവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ വിതുമ്പുകയാണ് ഭാര്യ സുതപ സിക്ദര്‍. സമൂഹ മാധ്യമത്തില്‍ അവരിട്ട കുറിപ്പിലെ ഓരോ വരിയും ഹൃദയഭേദകമാണ്. സ്നേഹവും അടുപ്പവും മരിക്കാത്ത ഓര്‍മകളും നിറഞ്ഞുനില്ക്കുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ്.
അന്ന് എന്റെ ക്ലോക്ക് എന്നെന്നേക്കുമായി നിലച്ചു എന്നാണ് 2020 ലെ ഏപ്രില്‍ 29 നെക്കുറിച്ച് സുതപ പറയുന്നത്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരുമിച്ചു വിദ്യാര്‍ഥികളായിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകളും അവര്‍ പങ്കുവച്ചിട്ടുണ്ട്. 363 ദിവസങ്ങള്‍. 8712 മണിക്കൂറുകള്‍. നീയില്ലാത്ത ഓരോ നിമിഷവും ഞാന്‍ എണ്ണിത്തീര്‍ക്കുകയാണ്. അന്ന് 11.11 നാണല്ലോ എന്റെ ജീവിതത്തിന്റെ ക്ലോക്ക് നിന്നുപോയത്. അക്കങ്ങള്‍ നിനക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടായിരിക്കാം നിന്റെ അവസാന ദിനം രേഖപ്പെടുത്തുമ്പോള്‍ അതില്‍ 11 പല പ്രാവശ്യം വന്നത്. ഇപ്പോഴത്തെ ഈ മാഹാവ്യാധിയേയും കടന്ന് ഇനി എങ്ങനെ മുന്നോട്ടുപോകും എന്നും എനിക്കറിയില്ല.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്കു പുറത്ത് ഒരു വൈകുന്നേരം ഒരുമിച്ചിരുന്നത് നീ ഓര്‍മിക്കുന്നില്ലേ. കഥക് കേന്ദ്രയില്‍ നിന്നുള്ള സുന്ദരിമാരായ കുട്ടികള്‍ തെരുവിലൂടെ നടക്കുന്നുണ്ടായിരുന്നു. അവരൊക്കെ നന്നായി വസ്ത്രം ധരിച്ചവരും ആയിരുന്നു. നമ്മള് എന്നത്തെയും പോലെ. നീ ട്രാക്ക് പാന്റ്സിലും ആകാശ നീല ടി ഷര്‍ട്ടിലും. അന്നും നീ എന്റെ പേര് തെറ്റായി ഉച്ചരിച്ചു. അതിന്റെ പേരില്‍ നമ്മള് വഴക്കുണ്ടാക്കി. അതുപോലെ എത്രയോ വൈകുന്നേരങ്ങള്‍. അന്നും ആള്‍ക്കൂട്ടത്തില്‍ നീ ഒറ്റയ്ക്കായിരുന്നു.
അരുവിയില്‍ നിന്ന് ഇര്ഫാന് വെള്ളം കുടിക്കുന്ന ഒരു ചിത്രവും സുതപ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തെ പ്രശ്നങ്ങളെക്കുറിച്ചും അവര്‍ എഴുതിയിട്ടുമുണ്ട്. ആളുകള്‍ മരിച്ചുവീഴുന്ന കാലമാണിത്. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പലര്‍ക്കും മാന്യമായ സംസ്കാരം പോലും നടത്താന്‍ കഴിയുന്നില്ല. വേര്‍പാടിന്റെ വേദനകള്‍ കൂടുകയാണ്. വേര്‍പാടില്‍ വേദനിക്കുന്ന മനസ്സുകളും കൂടുന്നു. പ്രിയ ഇര്ഫാന്, നീ മനസമാധാനത്തോടെ ഇരിക്കൂ.ഇര്‍ഫാന്റെ മകന് ബബീല്‍ ഖാനും അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്.
English Summary: On Irrfan's 1st death anniversary, Sutapa Sikdar says clock stopped at 11.11 on April 29