അമ്മയാകാൻ പേറ്റുനോവ് അറിയേണ്ട; ജീവിതം കൊണ്ട് തെളിയിച്ച അമ്മമാർ!
എസ്ഒഎസിലെ അമ്മമാരെ ഒരിക്കലും സാധാരണ അമ്മയായി കാണാനാവില്ല. ഇവിടുത്തെ കുട്ടികൾ ആ അമ്മമാരുടെ ഹൃദയത്തിൽ ജനിച്ചവരാണ്. ഒരു അമ്മയാകാൻ പെറ്റുനോവ് അറിയണമെന്നില്ല. എസ്ഒഎസിലെ കുട്ടികളും അവരുടെ അമ്മമാരും...Women, Manorama News, Manorama Online, Viral News, Breaking News, Latest News, Malayalam News, Manorama Online
എസ്ഒഎസിലെ അമ്മമാരെ ഒരിക്കലും സാധാരണ അമ്മയായി കാണാനാവില്ല. ഇവിടുത്തെ കുട്ടികൾ ആ അമ്മമാരുടെ ഹൃദയത്തിൽ ജനിച്ചവരാണ്. ഒരു അമ്മയാകാൻ പെറ്റുനോവ് അറിയണമെന്നില്ല. എസ്ഒഎസിലെ കുട്ടികളും അവരുടെ അമ്മമാരും...Women, Manorama News, Manorama Online, Viral News, Breaking News, Latest News, Malayalam News, Manorama Online
എസ്ഒഎസിലെ അമ്മമാരെ ഒരിക്കലും സാധാരണ അമ്മയായി കാണാനാവില്ല. ഇവിടുത്തെ കുട്ടികൾ ആ അമ്മമാരുടെ ഹൃദയത്തിൽ ജനിച്ചവരാണ്. ഒരു അമ്മയാകാൻ പെറ്റുനോവ് അറിയണമെന്നില്ല. എസ്ഒഎസിലെ കുട്ടികളും അവരുടെ അമ്മമാരും...Women, Manorama News, Manorama Online, Viral News, Breaking News, Latest News, Malayalam News, Manorama Online
എസ്ഒഎസിലെ അമ്മമാരെ ഒരിക്കലും സാധാരണ അമ്മയായി കാണാനാവില്ല. ഇവിടുത്തെ കുട്ടികൾ ആ അമ്മമാരുടെ ഹൃദയത്തിൽ ജനിച്ചവരാണ്. ഒരു അമ്മയാകാൻ പെറ്റുനോവ് അറിയണമെന്നില്ല. എസ്ഒഎസിലെ കുട്ടികളും അവരുടെ അമ്മമാരും തെളിയിക്കുന്നത് ആ സത്യമാണ്.
സാധാരണ ഒരു വീട്ടിൽ രണ്ടോ മൂന്നോ കുട്ടികളായിരിക്കും ഉണ്ടാവുക. അവരുടെ കാര്യങ്ങൾ നോക്കുക എന്നത് മാത്രമായിരിക്കും ഒരമ്മയുടെ ചുമതല. എന്നാലിവിടെ ഓരോ വീട്ടിലും എട്ടോ ഒൻപതോ കുട്ടികളെങ്കിലും ഉണ്ടാകും. അതും പല പ്രായത്തിലുള്ളവർ. അവരുടെ പഠന കാര്യങ്ങൾ, വ്യക്തിപരമായ കാര്യങ്ങൾ എല്ലാം ഒരു അമ്മയുടെ ഉത്തരവാദിത്തത്തോടെയാണ് ഇവിടുത്തെ അമ്മമാരും നോക്കുന്നത്. മിടുക്കരായ, പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് വേണ്ട സഹായങ്ങളും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ട പിന്തുണയും ഈ അമ്മമാർ നൽകുന്നു.
അമ്മമാരുടെ സ്നേഹവീട്ടിലേക്ക്
1990 ലാണ് ‘സേവ് അവർ സോൾ’ അഥവാ എസ്ഒഎസ് എന്ന കുട്ടികളുടെ ഗ്രാമം ആലുവയിലെ എടത്തല പഞ്ചായത്തിൽ ആരംഭിച്ചത്. കേരളത്തിലെ രണ്ടാമത്തെ എസ്ഒഎസ് വില്ലേജാണിത് .1949 ൽ ഓസ്ട്രിയയിൽ ഡോക്ടർ ഹെർമൻ മൈനറാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. 130 ലധികം കുട്ടികളുള്ള ഈ ഗ്രാമത്തിൽ ഒരു വീട്ടിൽ എട്ടുകുട്ടികളും ഒരു അമ്മയും എന്നതാണ് കണക്ക്. ഇവിടുത്തെ കുട്ടികൾ അനാഥരല്ല, അവർക്ക് ഒരു അമ്മയുണ്ട്, സഹോദരങ്ങളുണ്ട്. അവരിൽ പലരും പഠിച്ച് ഡോക്ടറും എൻജിനീയറും ആയിട്ടുണ്ട്. ഇപ്പോഴും ഓരോ ഉന്നത പദവികളിലേക്കും പഠിക്കുന്നവരുണ്ട്. എടത്തല എസ്ഒഎസ് ഗ്രാമത്തിൽ എത്തുന്നതോടെ അതുവരെ അനാഥരായിരുന്ന കുഞ്ഞുങ്ങളെല്ലാം സനാഥരാകുന്നു. പൊതുവേ അഞ്ചുവയസ്സിന് മുകളിലുള്ള കുട്ടികളാണ് ഇവിടെയുള്ളത്. ഇവിടേക്ക് കുട്ടികളെ അയയ്ക്കുന്നത് ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ്.
രക്തമല്ല, ആത്മാവിൽ ഇഴചേർന്ന ബന്ധങ്ങൾ
ഒരു സാധാരണ അമ്മ എന്തൊക്കെയാണ് ചെയ്യാറുള്ളത്. മക്കളെ സ്കൂളിൽ വിടുന്നു, അവരുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നു, ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുന്നു. ഈ കാര്യങ്ങൾ എല്ലാം എസ്ഒഎസിലെ അമ്മമാരും ചെയ്യുന്നുണ്ട്. അതുപോലെ സ്കൂളിൽ ഇടയ്ക്കിടെ അന്വേഷിക്കുക, പാരന്റ്സ് മീറ്റിങ്ങിൽ പങ്കെടുക്കുക, പഠന കാര്യങ്ങൾ അന്വേഷിക്കുക തുടങ്ങി എല്ലാം ഇവിടുത്തെ അമ്മമാരും ചെയ്യുന്നുണ്ട്.
രക്തബന്ധം വേണമെന്നില്ല ഇതുപോലെ അമ്മയും കുട്ടിയും ആകാൻ. കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കി അവരെ എത്ര ഉയരത്തിൽ എത്തിക്കാൻ ആകുമോ അവിടെ വരെയുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, അവർക്കു ജോലിയായിക്കഴിഞ്ഞാൽ പുതിയൊരു ജീവിതം ആരംഭിക്കുന്നതു വരെ ഈ അമ്മയുടെ എല്ലാ സഹായസഹകരണങ്ങളും അവർക്കുണ്ടാകും. താൻ അനാഥനാണ് എന്ന് ഒരു നിമിഷം പോലും കുഞ്ഞുങ്ങൾക്ക് തോന്നില്ല. പെൺകുട്ടികളുടെ വിവാഹ കാര്യങ്ങളിൽ പോലും മുന്നിട്ടിറങ്ങുന്നത് ഈ അമ്മമാരാണ്. പഠിച്ച് നമ്മുടെ സമൂഹത്തിലേക്ക് അവർ ഇറങ്ങുമ്പോൾ ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും അവർക്ക് നേരിടാതിരിക്കാനും അവയൊക്കെ തരണം ചെയ്യാനുമുള്ള ധൈര്യവും എസ്ഒഎസിലെ അമ്മമാർ പകർന്നു നൽകുന്നു.
പോരാളിയല്ല, ധീരവനിത
ഒരു അമ്മയാകുക എന്നത് അത്ര എളുപ്പമല്ല. ലോകത്തിലെ ഏറ്റവും വലിയ പോരാളി ആരെന്നു ചോദിച്ചാൽ അമ്മയെന്നാണല്ലോ. ഓരോ അമ്മയും പോരാളി തന്നെയാണ്. തന്റെ ജീവിതത്തിനും കൂടെ നിൽക്കുന്നവരുടെ ജീവിതത്തിനും വേണ്ടി പോരാടുന്നവളാണ് അമ്മ. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞുമക്കളെ കൂടുതൽ വാത്സല്യവും സ്നേഹവും കരുതലും കൊടുത്തു വേണം വളർത്തിയെടുക്കാൻ. അത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഓരോ അമ്മയും ഇവിടേക്ക് എത്തിച്ചേരുന്നത്. 25 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായത്തിനിടയിലുള്ള അമ്മമാരാണ് ഗ്രാമത്തിൽ പ്രവർത്തിക്കാൻ എത്തുക. അറുപതാമത്തെ വയസ്സിൽ റിട്ടയർ ആകുന്ന രീതിയിലാണ് എസ്ഒഎസ് ഗ്രാമത്തിലെ അമ്മമാരുടെ സർവീസ്. തങ്ങളുടെ ജോലി കാലയളവിൽ ഒരു അമ്മ 30 -35 കുട്ടികളെ വരെ വളർത്തുന്നു. വിധവകൾ, വിവാഹമോചിതർ, അവിവിവാഹിതർ തുടങ്ങിയ സ്ത്രീകളെയാണ് ഇവിടെ സേവനത്തിനായി പരിഗണിക്കുന്നത്. അമ്മമാരായി തിരഞ്ഞെടുക്കുന്നവർക്ക് ഡൽഹിയിലെ പരിശീലന കേന്ദ്രത്തിൽ രണ്ടു വർഷത്തെ പരിശീലനം. ശേഷം ഗ്രാമത്തിൽ സേവനം ആരംഭിക്കാം. സൗജന്യ ഭക്ഷണം, താമസം, സുസ്ഥിരമായ ശമ്പളം എന്നിവയും ഈ അമ്മമാർക്ക് ലഭിക്കുന്നുണ്ട്.
30 മക്കൾ, 24 പേരക്കുട്ടികൾ; ഒരമ്മയുടെ സമ്പാദ്യം
ഗ്രാമത്തിലെ സീനിയർ അമ്മമാരാണ് റോസിലിയും സോണിയയും. റോസിലി 90 ൽ ഈ ഗ്രാമം ആരംഭിച്ചതുമുതൽ ഇവിടെയുള്ള ആളാണ്. സോണിയ വളർത്തിയത് 30 ഓളം കുട്ടികളെ, അതിൽ 14 പേരുടെ വിവാഹം കഴിഞ്ഞു. 24 പേരക്കുട്ടികളുടെ അമ്മൂമ്മ കൂടിയാണ് ഇന്ന് സോണിയ. ഇതുപോലെ മക്കളും മക്കളുടെ മക്കളുമായി വലിയൊരു കുടുംബത്തിന്റെ തന്നെ താങ്ങും തണലുമാണ് എസ്ഒഎസ് ഗ്രാമത്തിലെ ഓരോ അമ്മയും. വിരമിക്കുന്ന അമ്മമാർക്കു വേണ്ടി കുട്ടികളുടെ ഗ്രാമത്തിന് ചേർന്നു തന്നെ വീടുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും മിക്കവാറും ആ വീടുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്. കാരണം പ്രായമായ തങ്ങളുടെ അമ്മമാരെ അവർ വളർത്തിയ മക്കൾ കൂടെ കൊണ്ടുപോകുന്നു. അവർ തങ്ങളുടെ മക്കൾക്ക് അമ്മയായും പേരക്കുട്ടികൾക്ക് അമ്മൂമ്മയായും ശിഷ്ടജീവിതം സന്തോഷത്തോടെ ചെലവഴിക്കുന്നു.
കോവിഡിനുശേഷം മൊത്തത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി എസ്ഒഎസ് ഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതിനാൽ സാമ്പത്തികമായി സഹായിക്കുവാൻ കഴിയുന്ന കൂടുതൽ ആൾക്കാർ ഇവിടുത്തെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്പോൺസർഷിപ്പുകൾ ഏറ്റെടുക്കുന്നത് ഇവിടത്തെ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി കൊണ്ടുപോകുവാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതോടൊപ്പം മാസ വേതന അടിസ്ഥാനത്തിൽ കുട്ടികളുടെ ഗ്രാമത്തിൽ അമ്മമാരായി സേവനം ചെയ്യാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരവുമുണ്ട്. നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന, സംരക്ഷിക്കാനാവാതെ മനസ്സില്ലാ മനസ്സോടെ ഇതുപോലെയുള്ള ഇടങ്ങളിൽ ഏൽപ്പിച്ചു പോകുന്ന, സ്വന്തം മാതാപിതാക്കളെ പ്രായമായെന്ന പേരിൽ വൃദ്ധസദനങ്ങളിൽ ഉപേക്ഷിച്ചു പോകുന്നവർക്കൊക്കെ മുന്നിൽ, രക്തബന്ധത്തേക്കാൾ വില കൽപിക്കുന്ന സ്നേഹബന്ധത്തിന് നേർക്കാഴ്ചയാവുകയാണ് എസ്ഒഎസിലെ കുട്ടികളും അവരുടെ അമ്മമാരും.
എസ്ഒഎസ് ഗ്രാമവുമായി ബന്ധപ്പെടാനുള്ള നമ്പർ: 04842838409/9846288022
ഇമെയിൽ: jagadeesh.kumar @soscvindia.org
English Summary: Women In SOS Mothers