Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനിഷയ്ക്ക് അമ്മയെ തിരിച്ചുകിട്ടി; ഗീത നായർക്കു മകളെയും

geetha-nair ഗീതാ നായർ.

കൊല്ലം ∙ ഫോണിന്റെ അങ്ങേത്തലയ്ക്കൽ മകൾ മോനിഷയാണെന്നു കേട്ടപ്പോൾ ഗീതയുടെ ചുണ്ടുകൾ വിറച്ചു. ജീവിതത്തിൽ ഒരിക്കലും കാണാനാകില്ലെന്നു കരുതിയ മകൾ! അവിശ്വസനീയതയോടെ മോളേ എന്നു ഗീത വിളിച്ചപ്പോൾ അപ്പുറത്തു കരച്ചിൽ നേർത്തു. മൂന്നര പതിറ്റാണ്ടായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞ അമ്മയും മകളും വാക്കുകൾ കൊണ്ടു തിരിച്ചറിയുകയായിരുന്നു.

ഇനി നേരിട്ടു കാണണം. ലക്നൗവിൽ നിന്ന് ഉടൻ എത്തുമെന്നു മകൾ പറഞ്ഞപ്പോൾ ഗീതയ്ക്കു സന്തോഷം മറച്ചുവയ്ക്കാനായില്ല, ‘അവൾ എന്റെ പിങ്കിയാണ്. മോനിഷയെന്ന പേര് എനിക്ക് അറിയില്ലായിരുന്നു’. പ്രസവത്തോടെ അമ്മ മരിച്ചുവെന്നു വിശ്വസിച്ചു വളർന്ന മോനിഷ വിജ്സേഥ് ഇപ്പോൾ അമ്മ ജീവിച്ചിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞു നടത്തുന്ന അന്വേഷണത്തെക്കുറിച്ചുള്ള ഫീച്ചർ മലയാള മനോരമ ഞായറാഴ്ചയിലാണു പ്രസിദ്ധീകരിച്ചത്.

മോനിഷയുടെ അമ്മ ജീവിച്ചിരിക്കുന്നുവെന്ന് അറിഞ്ഞ ബന്ധുക്കൾ അക്കാര്യം ‘മനോരമ’യെ അറിയിച്ചു. തിരുവനന്തപുരം ഗൗരീശപട്ടം ജിആർഎ–160 കാർത്തികയിൽ ഗീത നായരുടെ (60) മനസ്സിൽ ഇപ്പോഴും ആറുമാസക്കാരിയാണ് മോനിഷ. മകൾക്ക് ഇപ്പോൾ 35 വയസ്സായെന്നു വിശ്വസിക്കാൻ ഗീതയ്ക്കാകുന്നില്ല.

ആറാം മാസം അവസാനമായി കണ്ട കാഴ്ച മാത്രമേയുള്ളൂ ഇപ്പോഴും മിഴികളിൽ. മൈസുരുവിൽ താമസിക്കുകയായിരുന്ന പഞ്ചാബ് സ്വദേശി യതീന്ദ്രപാൽ വിജ് 1979ലാണ് ഗീതയെ വിവാഹം കഴിച്ചത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. ഗിരിജ നായർ എന്നാണു യഥാർഥ പേര്. വിളിക്കാനുള്ള സൗകര്യാർഥം ഭർതൃവീട്ടുകാർ പേര് മാറ്റുകയായിരുന്നു. മൈസുരുവിലെ ജീവിതം ഗീതയ്ക്ക് ഒട്ടും സുരക്ഷിതമായിരുന്നില്ല. മദ്യപിച്ചെത്തുന്ന യതീന്ദ്രപാലിന്റെ മർദനങ്ങൾ. 1980ൽ മകൾ ജനിച്ചപ്പോൾ ഇനിയെങ്കിലും ഭർത്താവിനു മാറ്റം വരുമെന്നു ഗീത പ്രതീക്ഷിച്ചു. എന്നാൽ നിരാശ മാത്രം. മകൾക്കു ഗീത ഓമനപ്പേരിട്ടു – പിങ്കി. മാസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് ഉറപ്പിച്ചു. മർദനം സഹിക്കാതായപ്പോൾ മകളെയും എടുത്തു തിരുവനന്തപുരത്തേക്കു മടങ്ങാൻ ഗീത തീരുമാനിച്ചു. യതീന്ദ്രപാൽ മകളെ നൽകാതെ ഗീതയെ ആട്ടിയിറക്കി.

മൈസുരുവിൽ നിന്നു ഗീത ഒറ്റയ്ക്കു ട്രെയിനിൽ കയറുമ്പോൾ മകളെ പാലൂട്ടാൻ പോലും അനുവദിച്ചില്ലല്ലോ എന്ന വേദനയായിരുന്നു ഉള്ളിൽ. കുടുംബവീട്ടിൽ എത്തിയപ്പോൾ ബന്ധുക്കൾക്ക് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. വർഷങ്ങൾക്കുശേഷം ഗീതയെ അമ്മാവന്റെ മകൻ വി.എസ്. നായർ വിവാഹം കഴിച്ചു. ജീവിതം മറ്റൊരു വഴിയിലേക്ക്. ആ ബന്ധത്തിൽ മക്കളില്ല. 15 വർഷം മുൻപു വി.എസ്. നായർ മരിച്ചു. പിന്നെ ഗീത ഒറ്റയ്ക്ക്. അമ്മയാണോയെന്നു ചോദിച്ചാൽ, അമ്മയാണ്. കു​ഞ്ഞ് എവിടെയെന്നു ചോദിച്ചാൽ മൗനം. ഉത്തരമില്ലാത്ത ചോദ്യങ്ങളും ഏകാന്തവാസവുമായിരുന്നു ഇന്നലെ വരെ ഗീത നായരുടെ ജീവിതം.

രാത്രി കിടക്കുമ്പോൾ മകളെ ഓർക്കും. അവൾ എവിടെയായിരിക്കും? വളർന്നോ? വിവാഹം കഴിച്ചോ? മോനിഷ ഓരോ പ്രായത്തിലേക്കു കടക്കുമ്പോഴും മകൾ ആ പ്രായത്തിൽ നേരിടുന്ന, നേടേണ്ട കാര്യങ്ങളായിരുന്നു ഗീതയുടെ ചിന്തകൾ. ആരോടും പറയാതെ എല്ലാം പ്രാർഥനയിൽ ഒതുക്കും. മുടങ്ങാതെ വൈകിട്ടു ക്ഷേത്രദർശനം നടത്തും. അവിടെ ഓടി നടക്കുന്ന കുട്ടികളെ കാണുമ്പോൾ തന്റെ മകളാണു മനസ്സിൽ. ബന്ധുക്കളുടെ വിവാഹത്തിനു പോകുമ്പോൾ മകളുടെ വിവാഹത്തെക്കുറിച്ചുള്ള ആലോചനയായിരിക്കും. താൻ മരിച്ചുപോയെന്നു ഭർത്താവു മകളെ പറഞ്ഞു വിശ്വസിപ്പിച്ചതൊക്കെ ഗീത ഇപ്പോഴാണ് അറിയുന്നത്.

അല്ലെങ്കിൽ അവൾ കുറച്ചു നേരത്തേ എന്നെ തേടിവരുമായിരുന്നു അല്ലേ? ഗീതയുടെ ആത്മഗതം. ലക്നൗ സൈനിക ആശുപത്രിയിലേക്കു കൃത്രിമ അവയവങ്ങൾ നൽകുന്ന കരാറുകാരനാണു മോനിഷയുടെ ഭർത്താവ് അമിത്. അതിനാൽ അവർ ലക്നൗവിലാണു താമസിക്കുന്നത്. മകൻ മൂന്നാം ക്ലാസ് വിദ്യാർഥിയായ സാമ്രാട്ട് കെ. സേഥ്. നിന്റെ മകൾ നിന്നെ തേടിവരുമെന്നു മുതിർന്നവർ പറയാറുണ്ടെങ്കിലും ഗീത വിധിയിൽ വിശ്വസിച്ചില്ല. വിധിയുടെ ക്രൂരതകൾകൊണ്ടു മുറിവേറ്റ ഹൃദയത്തിൽ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. ഇപ്പോൾ ഗീത ചോദിക്കുന്നു: ശരിക്കും ദൈവമുണ്ട്, അല്ലേ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.