പെട്ടെന്ന് ഒരു കിളിക്ക് ചിറകുകൾ നഷ്ടപ്പെട്ടതു പോലെ, അമ്മ ഇല്ലാത്ത വീട്. പലതും പറയണമെന്നുണ്ട് ഗായിക രാധികാ തിലകിന്റെ മകൾ ദേവികയ്ക്ക്. പക്ഷേ, വാക്കുകൾ പൂർണമാവുന്നില്ല.
വിധി അമ്മയുടെ ജീവൻ കവർന്നെടുത്തുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഭിത്തിയിൽപുഞ്ചിരിച്ചിരിക്കുന്ന അമ്മ.
രാധിക മരിക്കുന്നതിനു നാലുമാസം മുമ്പെടുത്ത ചിത്രം. അമ്മ എങ്ങും പോയിട്ടില്ല. ദൂരെ എവിടെയോ ഒരു പ്രോഗ്രാമിനു പോയതാവണം. അവിടെ അമ്മ പാടുന്നുണ്ടാകും.
പ്രാർത്ഥന പോലെ മധുരമായ സ്വരത്തിൽ. പുഞ്ചിരിക്കുന്ന മുഖവുമായി അമ്മ തിരികെ വരും. പിന്നെ, എപ്പോഴോ അവൾക്കു തോന്നി. ഇല്ല, അമ്മ ഇനി വരില്ല.
അമ്മ പോയി. സുഷുമ്നാ നാഡിയെ ദുർബലമാക്കിയ കാൻസറിന്റെ മൂർച്ചയിൽഅമ്മ വീണു പോയി. എങ്കിലും മോഹിച്ചു പോവുകയാണ്.
‘സങ്കടം വരുമ്പോൾ തോളിൽഒന്നുമുഖമമർത്തിക്കരയാൻ ഇനി, ഇല്ലല്ലോ അമ്മേ. ഞാൻ ഇടയ്ക്കൊക്കെ അമ്മയോട് വാശി പിടിച്ച് ചെറിയ വഴക്കുണ്ടാക്കും.
പിണക്കം ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് മാറുമെങ്കിലും ആരാദ്യം മിണ്ടുമെന്നുളള പ്രശ്നമാണ്. പക്ഷേ, ഒരു രാത്രി പിന്നിടാനുളള കടുപ്പം അമ്മയുടെ പിണക്കത്തിനില്ല. ‘അമ്മുക്കുട്ടി.....’ എന്ന അമ്മയുടെ വിളി വരുമ്പോഴെ എന്റെ പിണക്കവും തീരും.
എന്നോട് ജയിക്കുന്നതിനേക്കാൾ തോൽക്കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം. പുതിയ ഉടുപ്പിടുമ്പോൾ എന്റെ കുട്ടി ‘ചുന്ദരി’യായിട്ടുണ്ടെന്ന് കൊഞ്ചിച്ചു പറയും അമ്മ. ഞാൻ വലിയ കുട്ടിയായില്ലേ, കൊച്ചു കുട്ടികളോടു പറയും പോലെ എന്നോടു എന്തിനാ പറയുന്നതെന്ന് ഞാൻ അമ്മയോടു ചോദിക്കും. അതിന് അമ്മ മറുപടിയൊന്നും പറയില്ല. വെറുതെ ചിരിക്കും.’
മനസ്സാൽപിടിച്ചു കെട്ടിയ കാവലുകൾ ഭേദിച്ച് കണ്ണീര് ഒഴുകുന്നു. മകളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു, അച്ഛൻ സുരേഷ് കൃഷ്ണൻ. കൊച്ചി പനമ്പിളളി നഗറിലെ ഗായിക രാധിക തിലകിന്റെ വീട്ടിൽ സങ്കടശില പോലെ അച്ഛനും മകളും.
കുറച്ചു വാക്കുകളും കൂടുതൽകണ്ണീരും ഇടവിട്ടുളള സംഭാഷണം. സങ്കടത്തിന്റെ ദിശ മാറ്റാൻ മറ്റു പലതും സംസാരിച്ചെങ്കിലും ഒടുവിൽവന്നു നിൽക്കുന്നത് രാധികയിൽ. അകത്തെ മുറിയിൽകാണാം രാധിക ഉപയോഗിച്ചിരുന്ന വീൽചെയർ ഭിത്തിയിൽവാത്സല്യം തുളുമ്പുന്ന ചിരിയുമായി ഉണ്ണിക്കണ്ണന്റെ ചിത്രം.
‘അമ്മ ഈശ്വരഭക്തയായിരുന്നു. എന്നും നാരായണീയം വായിക്കും. സന്ധ്യയ്ക്ക് നാമം ചൊല്ലും. എന്നെയും അതെല്ലാം പഠിപ്പിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ സ്വന്തം കാര്യം സ്വയം ചെയ്യാൻ പഠിക്കണമെന്ന് അമ്മ പറയാറുണ്ട്. തുണി തേയ്ക്കലും അടുക്കി പെറുക്കി വയ്ക്കലും ഒക്കെ കൃത്യമായിരിക്കണം. സെന്റ്തെരേ സാസ് കോളജിൽഹോംസയൻസാണ് അമ്മ പഠിച്ചത്. സംഗീതം കഴിഞ്ഞാൽഏറ്റവും ഇഷ്ടം പാചകമാ യിരുന്നു.
എന്നോട് അമ്മ ഒരിക്കലും വലിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. എന്നും നാമം ചൊല്ലണം. അവനവന്റെ കാര്യത്തിനു മറ്റുളളവരെ ആശ്രയിക്കരുത് അങ്ങനെയൊക്കെയേ പറഞ്ഞിട്ടുളളൂ. പാട്ടുകാരിയുടെ മോളായതുകൊണ്ട് മോൾക്ക് സംഗീതത്തിൽതാൽപര്യമില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. അവൾക്കു വേണ്ടത് അവൾ തീരുമാനിക്കട്ടെ എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ പാട്ടു പഠിക്കാൻ പോയപ്പോഴും പിന്നെ, അത് നിർത്തിയപ്പോഴും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
ഞാനിപ്പോൾ കളമശേരി നുവാൽസിൽനാലാം വർഷം എൽഎൽബിക്കു പഠിക്കുന്നു. നിയമം പഠിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോഴാണ് അമ്മ ആദ്യമായി ഒരു നിർദേശം പറയുന്നത്. ‘അതൊക്കെ നല്ലതു തന്നെ, പക്ഷേ, ഒരു മനുഷ്യനായാല്‍ ക്രിയേറ്റീവായ എന്തെങ്കിലും ഒരു കാര്യം കൂടി കൂടെ വേണം. എൽഎൽബി എടുത്ത് എംബിഎയും കഴിഞ്ഞാൽഅമ്മുക്കുട്ടിക്ക് ജോലി കിട്ടും. ജീവിക്കാൻ നമുക്ക് ശമ്പളം മാത്രം പോര. സന്തോഷവും വേണം. അതുകൊണ്ട് ക്രിയേറ്റീവായ എന്തെങ്കിലും ഒരു ഫീൽഡ് കൂടി മോൾ തിരഞ്ഞെടുക്കണം. നൃത്തമോ, സംഗീതമോ അങ്ങനെ എന്തെങ്കിലും. അത് പ്രഫഷനാക്കണം എന്നൊന്നുമില്ല.’
‘അമ്മേ, എനിക്ക് ബേക്കിങ് പഠിക്കണമെന്നുണ്ട്.’ ഞാൻ പറഞ്ഞതു കേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. പാചകത്തിൽഎനിക്ക് താൽപര്യമുണ്ടെന്ന് മനസ്സിലായപ്പോൾ അമ്മ എനിക്ക് ടിപ്സ് ഒക്കെ തന്നു തുടങ്ങി. ഹൈസ്കൂൾ കഴിഞ്ഞപ്പോൾ തന്നെ അത്യാവശ്യം പാചകമൊക്കെ അമ്മ പഠിപ്പിച്ചിരുന്നു. അന്നെന്തോ ഉത്തരവാദിത്തം ചെയ്തു തീർക്കുന്നതു പോലെ ആയിരുന്നു അത്.
രണ്ടു വർഷം മുമ്പാണ് അമ്മയ്ക്ക് അസുഖമാണെന്നറിയുന്നത്. ഒരു വർഷമായി കിടപ്പിലായിട്ട്. ഇതിനിടയിൽ ഒരു സർജറി കഴിഞ്ഞു. ഒരിക്കൽപോലും അമ്മ മരണത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും, നേരത്തെ പോവേണ്ടി വരുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോ?
അമ്മയ്ക്ക് കാരറ്റ് ഹൽവയും ഐസ്ക്രീമുമൊക്കെ വലിയ ഇഷ്ടമായിരുന്നു. അച്ഛൻ അമ്മയ്ക്ക് നൽകിയിട്ടുളള സമ്മാനം ഏതെന്ന് ഒരിക്കൽ അമ്മയോടു ചോദിച്ചിട്ടുണ്ട്. ‘കോഴിക്കോട് നിന്നുളള കാരറ്റ് ഹൽവ’. അതു പറയുമ്പോൾ അമ്മയുടെ മുഖത്ത് ഒരു പ്രത്യേക ചിരി ഉണ്ടായിരുന്നു.’ പിന്നെ, കണ്ണീരിൽമുറിഞ്ഞ വാക്കുകൾ പൂരിപ്പിച്ചത് രാധികയുടെ ഭർത്താവ് സുരേഷ് കൃഷ്ണൻ.
‘92 ലായിരുന്നു ഞങ്ങളുടെ വിവാഹം. ഞാൻ മെക്കാനിക്കൽഎൻജിനീയറാണ്. അന്ന് മാവൂർ റയോൺസിലായിരുന്നു ജോലി. കല്യാണ നിശ്ചയം കഴിഞ്ഞ് കല്യാണത്തിനിടയിലുളള സമയത്ത് ഇടയ്ക്കൊക്കെ ഫോൺ വിളിക്കും.
‘എന്താ വേണ്ടതെന്ന് ചോദിച്ചാൽരാധികയ്ക്കു ഒന്നേ പറയാനുളളൂ ‘കാരറ്റ് ഹൽവ’. രാധികയുടെ കരിയർ കൂടുതൽസപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഞാൻ കോഴിക്കോട്ടെ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്കു പോന്നത്.
ബിസിനസ് ആവശ്യത്തിന് എപ്പോൾ കോഴിക്കോട് പോയാലും ഹൽവ വാങ്ങൽശീലമായി. മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് എന്റെ അമ്മ കാരറ്റ് ഹൽവ ഉണ്ടാക്കി കൊടുത്തു. അന്ന് വലിയ സന്തോഷമായിരുന്നു. അസുഖം മാറിക്കഴിഞ്ഞ് മോളെ ഹൽവ ഉണ്ടാക്കാൻ പഠിപ്പിക്കാമെന്നൊക്കെ പറയുന്നത് കേട്ടിരുന്നു.’ സുരേഷിന്റെ സ്വരം ഇടറി. സങ്കടമുദ്രയാൽവാക്കുകൾ പൂട്ടി.
‘അവസാന നിമിഷം വരെ പാടാനുളള കഴിവ് കൂടെ ഉണ്ടാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. തലേന്ന് വരെ പാട്ട് മൂളുമായിരുന്നു.’ ദേവിക
നമ്മുടെ ദുഃഖം നമ്മുടേത്
‘അസുഖം തിരിച്ചറിഞ്ഞു കഴിഞ്ഞ് ആദ്യവർഷം സന്ദർശകരെ കാണാൻ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. പ്രോഗ്രാമിനു വിളിക്കുന്നവരോട് നടുവേദനയാണ്, വിശ്രമത്തിലാണ്. കുറച്ചു നാൾ കഴിഞ്ഞേ ഇനി പാടുന്നുളളൂ എന്നാണ് പറഞ്ഞിരുന്നത്.
‘നമ്മുടെ വേദന നമ്മുടേത് മാത്രമാണ്. അതു മറ്റുളളവരെക്കൂടി അറിയിച്ച് വിഷമിക്കേണ്ട കാര്യമില്ല’ എന്നാണ് അമ്മ പറയാറുളളത്. പക്ഷേ, തീരെ നടക്കാൻ വയ്യാതെ വന്നത് കഴിഞ്ഞ വർഷമാണ്. അപ്പോൾ മുതൽ ആളുകൾ കാണാൻ വരുന്നത് അമ്മയ്ക്കു സന്തോഷമായിരുന്നു.
പക്ഷേ, കട്ടിലിൽതന്നെ കിടക്കേണ്ടി വരുമ്പോളും എന്റെയും അച്ഛന്റെയും കാര്യത്തിലായിരുന്നു അമ്മയ്ക്ക് ടെൻഷൻ മുഴുവൻ. വീട്ടിലേക്ക് മേടിക്കേണ്ട പച്ചക്കറികളും സാധനങ്ങളുമെല്ലാം കൃത്യമായി വിളിച്ചു പറയും.
അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ടേസ്റ്റിൽനിന്നു മാറാൻ എനിക്കും അച്ഛനും ഇഷ്ടമല്ലെന്ന് അമ്മയ്ക്കു നന്നായി അറിയാം. വീട്ടിൽഅടുക്കളിയിൽ സഹായിക്കാൻ വരുന്ന ചേച്ചിക്ക് അമ്മ നിർദേശം നൽകും. അമ്മയുടെ റെസിപ്പി അനുസരിച്ചാണ് പാചകം. എല്ലാ ആഴ്ചയും ഒരു പുതിയ വിഭവം. അത് അമ്മയുടെ ഒരു നിർബന്ധമായിരുന്നു. വലിയ ഡിഷ് ആവണമെന്നൊന്നുമില്ല. പക്ഷേ, പുതിയൊരു രുചി എല്ലാ ആഴ്ചയും അമ്മയ്ക്കു പരീക്ഷിക്കണം.
എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഇരുന്നാണെങ്കിലും അമ്മ എന്റെ കൂടെ ഉണ്ടായാൽമതിയായിരുന്നു. നല്ല പാട്ടു കേൾക്കുമ്പോൾ, അമ്മ നാരായണീയം ചൊല്ലിയിരുന്ന പൂജാമുറി കാണുമ്പോൾ, ഗുരുവായൂരപ്പന്റെ ചിത്രം കാണുമ്പോൾ എല്ലായിടത്തും എനിക്ക് അമ്മയെ ഓർമ വരും.’ ദേവികയുടെ വാക്കിൽ, തുളുമ്പുന്ന കണ്ണുനീരിൽ തിളങ്ങുന്നു, രാധിക.
കടം തീർത്ത്
‘ഒരു കടവും അമ്മ ബാക്കി വച്ചിട്ടില്ല. ഇടപ്പളളി ഗണപതി അമ്പലത്തിൽ അപ്പം വഴിപാട് നേരണമെന്ന് കഴിഞ്ഞ മാർച്ചിൽഅമ്മ അച്ഛനോടു പറഞ്ഞിരുന്നു.
അച്ഛന്റെ പേരിൽവഴിപാട് നടത്താനാണ് പറഞ്ഞിരുന്നത്. പക്ഷേ,അച്ഛൻ അവിടെ രസീത് എഴുതിയത് ‘രാധിക, ഉത്രം ’ നക്ഷത്രം എന്നാണ്.
അവിടെ തിരക്കുളളതിനാൽ കുറേ നാൾ കഴിഞ്ഞേ ഡേറ്റ് കിട്ടൂ. ഞങ്ങൾക്കു കിട്ടിയ തീയതി സെപ്റ്റംബർ 20 ഞായറാഴ്ച.
തലേന്നു തന്നെ അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു. ഞാനും അച്ഛനും കൂടി രാവിലെ പോയി തൊഴുതു വഴിപാട് വാങ്ങണമെന്ന്. ഞായർ രാവിലെ വരെ പോകാമെന്ന് തന്നെ കരുതിയാണ് ഇരുന്നത്. പക്ഷേ, രാവിലെ കഞ്ഞികുടി കഴിഞ്ഞപ്പോൾ മുതൽഅമ്മയ്ക്കു വല്ലായ്ക തുടങ്ങി, പിന്നെ, നിർത്താതെ ഉറക്കെ നാമ ജപമായിരുന്നു.
ഓർമ മങ്ങിയെന്ന പറയാൻ വയ്യ, ഞാൻ അടുത്തു ചെന്ന് കൈയിൽപിടിച്ച് വിളിക്കുമ്പോൾ ‘അമ്മൂ’ വെന്ന് തിരിച്ചു വിളിക്കും.
നാമജപത്തിനിടയിൽഎന്നെയും അച്ഛനെയും കാത്തോളണേയെന്നാണ് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നത്. എത്രയോ ഭക്തിഗാനങ്ങൾ പാടിയിട്ടുളള ആളാണ് അമ്മ. പക്ഷേ, ആ പ്രാർത്ഥന ഒരു കരയുന്ന പാട്ട് പോലെ ആയിരുന്നു.
ഇടയ്ക്ക് അമ്മയുടെ അനിയത്തി ഉമയുടെ പേര് വിളിക്കും. സ്ഥിതി മോശമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ അമ്പലത്തിൽപോയി വഴിപാട് വാങ്ങാൻ എളമക്കരയിലുളള ബന്ധുവിനെ ഏൽപ്പിച്ചു. എട്ടുമണിക്കാണ് അപ്പം വഴിപാട് വാങ്ങാനുളള സമയം രസീതിൽ എഴുതിയിരിക്കുന്നത്. എട്ടുമണിക്ക് അപ്പം വാങ്ങിയെന്ന് പറഞ്ഞ് അവർ വിളിച്ചു.
അപ്പോൾ ഞങ്ങൾ അമ്മയെയും കൊണ്ട് ആശുപത്രിയിലായിരുന്നു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. അച്ഛൻ കരയുന്നുണ്ട്. പെട്ടെന്ന് ഇരുട്ട് വന്ന് വിഴുങ്ങും പോലെ തോന്നി എനിക്ക്. മനസ്സിൽ ഇപ്പോൾ അമ്മ പറഞ്ഞ ആ വാചകമേയുളളൂ. നമ്മുടെ ദുഃഖങ്ങൾ നമ്മുടേത് മാത്രമായിരിക്കണം. അതുമൂലം മറ്റൊരാൾ വിഷമിക്കേണ്ടി വരരുത്.’