ഈ മാലാഖയുടെ കണ്ണീര് ഇനി ദൈവം തന്നെ തുടയ്ക്കട്ടെ

എങ്ങനെ ജീവിക്കുന്നു എന്നതല്ല എങ്ങനെ മരിക്കുന്നു എന്നതാണ് ഓരോരുത്തരെയും ചിരഞ്ജീവികളാക്കുന്നത്. ഇന്നലെ വരെ ഒരു ഗ്രാമത്തിന് വെളിയിലേക്ക് അറിയപ്പെടാതെ ജീവിച്ച  അവള്‍ ഇപ്പോള്‍ മരണത്തിലൂടെ എന്തൊരു പ്രകാശമാണ് പരത്തുന്നത്. പറഞ്ഞുവരുന്നത് കോഴിക്കോട് പേരാമ്പ്രയിലെ നിപ്പ വൈറസ് പനി ബാധിച്ചു മരിച്ച ലിനിയെക്കുറിച്ചാണ്.

കണ്ണുകളെ ഈറനണിയിക്കുന്നുണ്ട് ലിനി. നഴ്‌സുമാരുടെ ജീവിതങ്ങള്‍ക്കും അവരുടെ ശുശ്രൂഷകള്‍ക്കും എന്തൊരു മഹത്വവും വിലയുമാണുള്ളത്. പക്ഷേ അവരുടെ അധ്വാനങ്ങള്‍ ആരും കാണുന്നില്ല. അധികാരികളുടെ ശാസനകളും രോഗികളുടെ മുറുമുറുപ്പും കേട്ട് എരിഞ്ഞുതീരുന്ന എത്രയോ നഴ്‌സ് ജീവിതങ്ങളുണ്ട്‍. ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയാലും ടെന്‍ഷന്‍ തീരാറില്ലെന്ന് ഹൃദയം തുറന്നത് എന്റെ പെങ്ങളുടെ മകളായിരുന്നു അവളുമൊരു നഴ്സാണ്.

ആശുപത്രിയില്‍ നിന്നെത്തുന്ന ഓരോ ഫോണ്‍വിളികളും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുമെത്ര. ഉറക്കംകളഞ്ഞ് നിന്ന് ഡ്യൂട്ടിചെയ്തിട്ടും തിരികെ വന്നിട്ടുപോലും ഉറങ്ങാന്‍ കഴിയാത്ത ദിനങ്ങളെക്കുറിച്ച് അവള്‍ പറയുമ്പോള്‍ ഒരു നഴ്‌സ് കടന്നുപോകുന്ന സഹനത്തിന്റെ ഒറ്റവരിപ്പാതകള്‍ എനിക്ക് മുമ്പില്‍ തെളിഞ്ഞുവരുന്നു. അതുപോലെതന്നെയാണ് ഓരോ നഴ്സുമാരും.. ഓരോ ലിനിമാരും

ഞാനുള്‍പ്പെടുന്ന രോഗികള്‍ക്ക് അവര്‍ മനുഷ്യരാണെന്ന വിചാരം പോലും ചിലപ്പോൾ ഉണ്ടാവാറില്ല. നമ്മളെ ശുശ്രൂഷിക്കാനായി മാത്രം നിയോഗിക്കപ്പെടുന്ന അടിമകളെപ്പോലെയല്ലേ കിടക്കയക്കരികിലെത്താൻ അവർ ഇത്തിരി വൈകിയാലുടൻ നാം പ്രതികരിക്കുന്നത്. രോഗികളുടെ കിടക്കയ്ക്കരികില്‍ വേദനകളിലും സഹനങ്ങളിലും ആശ്വാസമായി അവള്‍ നിന്നു ലിനി. തന്നെ കടന്നുപിടിക്കുന്ന വൈറസിന്റെ ആക്രമണങ്ങളെക്കുറിച്ച് തെല്ലും ചിന്തിക്കാതെയും അവയെ ഭയക്കാതെയും. ഒടുവില്‍ അത് അവളുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു.

  

മറ്റേതെങ്കിലും ഒരു സ്ഥലത്തായിരുന്നു ദുരന്തങ്ങളുണ്ടായതെങ്കിൽ  ഇത്രമേല്‍ സങ്കടം തോന്നുമായിരുന്നോ എന്നറിയില്ല. പക്ഷേ ഇത് വല്ലാതെ നെഞ്ചുലഞ്ഞുപോകുന്നു. കാരണം ഞാന്‍  ഒരുകാലത്ത് നടന്നുപോയ വഴികളായിരുന്നു അത്. ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ട സ്ഥലവും. പേരാമ്പ്രയും സൂപ്പിക്കടയും കടിയങ്ങാടും. പേരാമ്പ്ര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്രയോ തവണ മക്കള്‍ക്ക് വാക്‌സിനേഷന്‍ നൽകാനും മറ്റുമായി പോയിരിക്കുന്നു. ഓരോ സ്ഥലത്തെയും ദുരന്തങ്ങള്‍ അവ നമ്മുടെ ജീവിതവുമായി കൂടി ചേർന്നു നിൽക്കുന്നതനുസരിച്ച് തീവ്രത വർധിപ്പിക്കുമെന്നാണ് തോന്നുന്നത്.

  

എല്ലാ അർഥത്തിലും ലിനി മാലാഖ തന്നെയായിരുന്നുവെന്ന് അവരുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. പകർച്ചാവ്യാധിയാണെന്നു മനസ്സിലായപ്പോൾ അവള്‍ പ്രിയപ്പെട്ടവരെ പോലും അടുത്തുനിര്‍ത്താതെയും അകലെയുള്ള ഭര്‍ത്താവിനെ ചില്ലുപാളികള്‍ക്ക് അപ്പുറം വച്ചു മാത്രം കണ്ടും ബോധാബോധങ്ങളുടെ ഭ്രമണപഥങ്ങളില്‍ പെട്ടുഴലുമ്പോള്‍ അവള്‍ അവസാനമായി ആഗ്രഹിച്ചത് തന്റെ കുഞ്ഞുമക്കളെ കാണാന്‍ തന്നെയായിരിക്കും..

രക്താർബുദത്തിന്റെ വേദനയിൽ ജീവന്‍പിരിയാന്‍ നേരത്ത് തന്റെ രണ്ടുമക്കളെയും ഇരുവശങ്ങളിലായി ചേര്‍ത്തുകിടത്തി  വേദനയുടെ നിമിഷങ്ങളിലും അവർക്കു പാട്ടുപാടി കൊടുത്തുകൊണ്ട് മരണത്തിലേക്ക് മറഞ്ഞുപോയ ഒരമ്മയെക്കുറിച്ച് കേട്ടിട്ടുണ്ട്.. എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്. മക്കളെ കാണാന്‍ അവര്‍ ആഗ്രഹിക്കും മരണത്തിന്റെ അവസാനനാഴികകളിലും. അത് യുവതിയായ അമ്മമാത്രമല്ലവൃദ്ധരായ അമ്മമാരും അങ്ങനെയാണ്.

ഞാന്‍ മരിക്കുന്ന നേരത്ത് നീയെന്റെ അടുത്തുണ്ടാവുമോയെന്ന സങ്കടം എന്നുമെന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് എണ്‍പത്തിമൂന്നുകാരിയായ അമ്മ ഈ അടുത്തദിവസവും എന്നോട് പറഞ്ഞു. എല്ലാ അമ്മമാരും അങ്ങനെയാകുമ്പോള്‍ ലിനിയെന്ന അമ്മമാത്രം എങ്ങനെയാണ് അതില്‍ നിന്ന് മാറിനിൽക്കുക? എന്നിട്ടും ഭൂമിയിലെ അവസാനത്തെ ആ ആഗ്രഹംപോലും സാധിച്ചെടുക്കാനാവാതെ വേര്‍പിരിഞ്ഞുപോയ അവളുടെ സങ്കടങ്ങളെ എന്തുകൊണ്ട് നമുക്ക് അളന്നുതിട്ടപ്പെടുത്താന്‍ കഴിയും.തൂക്കിനോക്കാന്‍ കഴിയും? ഭര്‍ത്താവിന് അവള്‍ എഴുതിയ അവസാനകത്ത് കണ്ണീരോടെയല്ലാതെ ആർക്ക് വായിച്ചു തീർക്കാനാകും.

ലിനീ, നീ അമരത്വം നേടിയിരിക്കുന്നു.. എല്ലാ ലോകത്തിലെയും കാലത്തിലെയും നഴ്‌സുമാര്‍ക്ക് മുമ്പില്‍ മാതൃകദീപമായിരിക്കുന്നു. ഇങ്ങനെയൊക്കെ പുകഴ്ത്തുമ്പോഴും നീ ഇല്ലാതായിപ്പോയതിന്റെ നഷ്ടവും സങ്കടവും നിന്റെ കുടുംബത്തിന് മാത്രമാണെന്ന് അറിയുന്നു. മാലാഖമാര്‍ക്ക് സങ്കടങ്ങളില്ല എന്നാണല്ലോ വിശ്വാസം. പക്ഷേ ഈ മാലാഖയ്ക്ക് സങ്കടങ്ങളുണ്ടാകാതിരിക്കുമോ.. ആകാശമേഘങ്ങളില്‍ നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ ഭൂമിയുടെ ഏതോ ഒരു ഇരുണ്ട കോണില്‍ അമ്മയെ കാണാതെ കരയുന്ന, അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുന്ന റിതുലിനെയും സിദ്ധാര്‍ത്ഥിനെയും കാണുമ്പോള്‍. അറിയില്ല. കരയുന്ന ഈ മാലാഖയുടെ കണ്ണീര് ദൈവം തന്നെ തുടയ്ക്കട്ടെ എന്ന് മിഴി നിറഞ്ഞ് പറയുകയല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും?