Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാതിരാത്രിയിൽ ഞങ്ങൾ എങ്ങോട്ടു പോകാനാണ്? ഹോസ്റ്റൽ അനുഭവങ്ങളുമായി പെൺകുട്ടികൾ

women-hostel-44 സൂര്യ സുരേഷ്,ധന്യ മോഹൻ ( മുകളിലെ നിരയിൽ) നീതു വിജയൻ, ആതിര ഗീത,ശ്രുതി രാജേഷ്

"ദേശാടനക്കിളി കരയാറില്ല" എന്ന പദ്മരാജൻ സിനിമയിൽ നിമ്മിയും സാലിയും കയറി ചെല്ലുന്ന ഹോസ്റ്റലിന്റെ മേട്രൺ അവരെ അവിടെ താമസിപ്പിക്കാൻ മടിക്കുന്നുണ്ട്, അപ്പോൾ സാലി പറയുന്ന വാചകങ്ങൾ ഇതാണ്, "ഈ പാതിരാത്രിയിൽ ഞങ്ങളെവിടേയ്ക്കാണ് പോകേണ്ടത്?. പുറത്തിറങ്ങിയാൽ ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ നിങ്ങളാണ് മറുപടി പറയേണ്ടി വരിക. ഞങ്ങൾ നിൽക്കണോ പോണോ...?

ഇതേ ചോദ്യം ഇവിടെ എത്ര ഹോസ്റ്റൽ മേട്രൻമാരോട് എത്ര പെൺകുട്ടികൾ പറഞ്ഞിട്ടുണ്ടാകും. കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ നടക്കുന്നതും മറ്റൊന്നല്ല, രാത്രി 7 .30 നു മുൻപ് ഹോസ്റ്റലിൽ കയറിയില്ലെങ്കിൽ പിന്നെ ഗേറ്റിന് പുറത്ത് എന്നാണു ഇവിടുത്തെ ചട്ടം. ഇതുവരെ പെൺകുട്ടികൾ ഹോസ്റ്റൽ നിയമങ്ങൾ അനുസരിക്കുകയും അതനുസരിച്ച് മുന്നോട്ടു പോവുകയും ചെയ്തു, പക്ഷേ കോളജിന്റെ അടുത്തുള്ള പരിശീലന കേന്ദ്രത്തിൽ നിന്നും ക്ലാസ് കഴിഞ്ഞ് കുട്ടികൾക്ക് ഇറങ്ങാഃ്‍ സാധിക്കുന്നത് ഒൻപത് മണിക്കാണ്. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്. ഔദ്യോഗികമായി അറിയിച്ചെങ്കിലും ഹോസ്റ്റൽ മേട്രൺ കുട്ടികളെ പ്രവേശിപ്പിക്കാതിരുന്നതോടെ കുട്ടികൾ ഹോസ്റ്റലിനു മുന്നിൽ സമരം തുടങ്ങി.

പെൺകുട്ടികൾ രാത്രി ഇറങ്ങി നടന്നാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യം നാളുകളായി ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട്. പെൺകുട്ടികൾക്ക് മാത്രമായി എന്താണ് ഒരു അസമയം എന്ന ചോദ്യം "ക്വീൻ" എന്ന മലയാള സിനിമയിൽ വക്കീലായി വേഷമിട്ട സലിം കുമാർ ചോദിച്ചത് സദാചാര ഭാണ്ഡം പേറുന്ന മലയാളിയോട് തന്നെയായിരുന്നു. ഈ അസമയത്തിന്റെ പേരിലാണ് പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ സമയ ക്ലിപ്തത കണിശമായിരിക്കുന്നത്.എന്നാൽ സമയം കഴിഞ്ഞും അത്യാവശ്യങ്ങൾക്ക് മാറി നിൽക്കേണ്ടി വരുന്ന പെൺകുട്ടികളെ ഹോസ്റ്റൽ ഗേറ്റിനു പുറത്തെ ഇരുട്ടിൽ നിർത്തുന്നതിന്റെ സാംഗത്യമെന്താണ്?

കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന സമരത്തിന്റെ ഒപ്പം കേരളത്തിലുടനീളമുള്ള ഹോസ്റ്റലുകളിലെ പെണ്ണനുഭവങ്ങൾ അറിയുന്നത് നന്നായിരിക്കും. ഇവിടെ കുറച്ചു പെൺകുട്ടികൾ അവരുടെ ഹോസ്റ്റലനുഭവം തുറന്നു പറയുന്നു:

എഴുത്തുകാരിയും ഐ ടി ഉദ്യോഗസ്ഥയുമായ സൂര്യ സുരേഷ്

ആന്റിയമ്മ എപ്പോഴുമൊന്നും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല പക്ഷേ അന്ന് ട്രെയിൻ താമസിച്ചെത്തിയ ആ ദിവസം.. തൃശൂരിൽ നിന്നും ട്രെയിനിങ് കഴിഞ്ഞു മടങ്ങിയ ദിവസം, 8 മണികഴിഞ്ഞാൽ ഇങ്ങോട്ടു വരരുത് മറ്റെന്താണെന്നുവച്ചാൽ നോക്കിക്കൊള്ളൂവെന്ന്  ഒരു ദാക്ഷണ്യവുമില്ലാതെ പറഞ്ഞ ആ ദിവസം ഫോൺ കട്ട് ചെയ്ത് ഞാൻ കുറേയധികം സമയം വെറുതേയിരുന്നു. എന്തു ചെയ്യും സമയം 7.30 ഇനിയും 1 മണിക്കൂറിലധികം എങ്ങോട്ട് പോകും.

സഹയാത്രിക വീട്ടിലേക്ക് ക്ഷണിച്ചു ഒരു ദിവസത്തെ പരിചയത്തിന്റെ പുറത്ത് എങ്ങനെ പോകും?. ദൈവമേ  കൂട്ടുകാരി ചിത്ര  സ്ഥലത്ത് ഉണ്ടാകണേ എന്നു പ്രാർഥിച്ചു ചിത്രയെ വിളിച്ചു. ഭാഗ്യം കൊണ്ട് അവൾ  സ്ഥലത്തുണ്ടായിരുന്നു. കൊരട്ടിയിൽ നിന്നു വീണ്ടും ഒരു മണിക്കൂർ കൂടെ.. ചാലക്കുടി എത്തിയപ്പോൾ ഒരിക്കൽക്കൂടി ആന്റിയമ്മയെ വിളിച്ചു 'ങ്ങാ വന്നേക്ക് ഇനി ഇതാവർത്തിക്കാതിരിക്കരുത്' എന്നു പറഞ്ഞു. ആവർത്തനങ്ങൾ.. ഇനി ഒരു ട്രെയിനിങ് കൂടെ എന്നുണ്ടാകാൻ വെറുതെ ഒന്ന് ചിരിച്ചു ചെന്നു കയറിയപ്പോൾ മനസ്സിൽ ചോദിച്ചു നിങ്ങളുടെ മകളായിരുന്നെങ്കിലോ ആന്റിയമ്മേ..?

surya-01 സൂര്യ സുരേഷ്

പഠിച്ചകാലം മുതൽ ഇങ്ങോട്ട് 8 വർഷക്കാലം ഹോസ്റ്റലുകൾ പലതരം വാർഡൻ മാർ പലതരം സുഹൃത്തുക്കൾ. ലോകവിവരം തീരെ ഇല്ലാത്ത ചില വാർഡൻമാർ.. ,ഐ വി കഴിഞ്ഞു 10 മണിക്ക് ഹോസ്റ്റലിനു മുന്നിൽ കോളേജ് ബസ് നിർത്തിയപ്പോൾ ഹോസ്റ്റലിൽ കയറാൻ അനുവാദം നൽകാത്ത വാർഡൻ അങ്ങനെ ഒരുപാടോർമ്മകൾ. വൈകുന്നേരം 6.30 വരെ ജോലി കഴിഞ്ഞ് ഒറ്റക്കു വിശന്നു പൊരിഞ്ഞു എവിടേലും കേറി ഒറ്റയ്ക്ക് മടുത്തു മടുത്തു ഭക്ഷണം കഴിച്ചു എങ്ങനെലും ഒന്നു കിടന്നാൽ മതിയെന്നു കരുതി കയറി ചെല്ലുമ്പോൾ ശകാരവർഷം ചൊരിയുന്ന ദൈവത്തിന്റെ മണവാട്ടികൾ. ഹോസ്റ്റലോർമ്മകൾ ഒരുപാടാണ്. ജീവിതത്തിൽ ഒറ്റയ്‌ക്കായിപ്പോയ ചില മനുഷ്യർ വാർഡൻ എന്ന സ്ഥാനം ഏറ്റുകഴിഞ്ഞാൽ  പിന്നെ ജീവിതം ഒരു മുറിയിൽ നിന്നപ്പുറത്തെ മുറിയും പിന്നെ അടുക്കളയും അതും കഴിഞ്ഞാൽ പെൺകുട്ടികളോടുള്ള വെറുപ്പുമായി ജീവിതം തീർക്കുന്ന ചിലർ...ഇരുട്ടിൽ കൈമടക്കു കൊടുക്കുന്ന ചിലരെ എപ്പോൾ വേണമെങ്കിലും കയറ്റുന്ന വാർഡന്മാർ.. അങ്ങനെ അങ്ങനെ എന്തൊക്കെ...

ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ ശ്രുതി രാജേഷ്

"നാലു വർഷക്കാലം തിരുവനന്തപുരം നഗരത്തിലെ രണ്ടു വനിതാ ഹോസ്റ്റലുകളിൽ നിന്നിട്ടുണ്ട്. ഹോസ്റ്റൽ ജീവിതം നൽകുന്ന അനുഭവങ്ങൾ എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ തക്ക പ്രിയപെട്ടവ തന്നെയാണ്. എങ്കിലും ചിലനേരങ്ങളിൽ ഹോസ്റ്റലുകളിലെ ചില നിയമങ്ങൾ മൂലം ചെയ്യാത്ത കുറ്റങ്ങൾക്ക് പഴി കേട്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്.. പിജി ക്ക് പഠിക്കുമ്പോൾ നിന്നിരുന്ന കോളജ് ഹോസ്റ്റൽ മറ്റു ഒട്ടുമിക്ക കോളേജ് ഹോസ്റ്റലുകളെപ്പോലെ തന്നെ ഒരേ അച്ചിൽ വാർത്തതു തന്നെയായിരുന്നു. അഞ്ചരയ്ക്കുള്ളിൽ ഗേറ്റ് കടക്കണം.   രജിസ്റ്റർ ബുക്കിൽ പോയ സ്ഥലവും സമയവും വന്ന സമയവും സഹിതം  ഒപ്പിട്ട് രേഖപ്പെടുത്തണം അങ്ങനെ അങ്ങനെ..

ഒരിക്കൽ യൂണിവേഴ്സിറ്റിയിൽ പോയി തിരികെ വരുമ്പോൾ ഒരൽപ്പം വൈകി. അഞ്ചര കഴിഞ്ഞു പത്തു മിനിറ്റ് ആയിപോയതിനു ഗേറ്റ് അടച്ചിട്ടു.. അന്നൊക്കെ പ്രതികരിക്കാൻ ധൈര്യം പോരായിരുന്നു. ഗേറ്റ് തുറക്കാനായി ഒടുവിൽ വാർഡന്റെ കൈയ്യിൽ നിന്നും ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നു.. അവിടെ മിക്കപ്പോഴും ഇതൊരു പതിവായിരുന്നു കൊണ്ട് അന്നത് മറന്നു. പിന്നെ വീണ്ടുമൊരു കോഴ്സ് ചെയ്യുമ്പോൾ നിന്ന ഒരു ഹോസ്റ്റലിൽ ആറു മണിയായിരുന്നു അകത്തു കയറേണ്ട സമയം. കൂടെ ഉള്ള  ഒരാൾക്ക് വയ്യാതെ ആശുപത്രിയിൽ പോയിട്ട് വരാൻ പോലും വൈകിയാൽ പിന്നെ അന്ന് പൂരപ്പാട്ടായിരുന്നു.

shruthi-rajesh-01 ശ്രുതി രാജേഷ്

ഒരിക്കൽ ലൈബ്രറിയിൽ പോയിട്ട് തിരികെ വരാൻ ഓട്ടോയും ബസ്സും ഒന്നും കിട്ടിയില്ല. രണ്ടു കിലോമീറ്ററോളം വെപ്രാളപ്പെട്ട് ഓടിക്കിതച്ചു വരുമ്പോഴേക്കും ഗേറ്റ് ക്ലോസ്ഡ്. അന്ന് വാർഡന്റെ വക ചീത്ത കിട്ടാണ്ടിരിക്കാൻ എന്റെ മാല കളഞ്ഞു പോയി അത് തപ്പി നടന്നതു കൊണ്ടാണ് താമസിച്ചു പോയത് എന്നു വരെ കള്ളം പറയേണ്ടി വന്നിട്ടുണ്ട്... ഇന്നോർക്കുമ്പൾ തമാശ ആണെങ്കിലും അന്നൊക്കെ ഇതെല്ലാം വലിയ വലിയ ആശങ്കകളായിരുന്നു..എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കു പോയിട്ടു വൈകി വരേണ്ടി വന്നാൽ അവരെ എല്ലാവരെയും സംശയകണ്ണോടെ നോക്കുന്നതാണ് സഹിക്കാൻ കഴിയാത്തത്"

നഴ്‌സായ ആതിര ഗീത രമേശ്

"ഞാൻ എറണാകുളം ജനറൽ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയുന്നയാളാണ്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനടുത്തുള്ള ഒരു ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്. കഴിഞ്ഞ 2 വര്‍ഷം 8 മാസമായി അവിടെത്തന്നെയാണ്‌ താമസിക്കുന്നത്. വാർഡൻ,വാച്ച്മാൻ , 2ക്ലീനിങ് സ്റ്റാഫ്‌ , 3 മെസ്‌വർക്കർമാർ എന്നിവരാണുള്ളത്. വർക്കിങ് വിമൻ ഹോസ്റ്റൽ ആണെന്നാണ് പേരെങ്കിലും കൂടുതലും വിദ്യാർഥികൾ തന്നെയാണിവിടെയുള്ളത്. വാടക കുഴപ്പം ഇല്ല, പക്ഷേ ഭക്ഷണം, മറ്റു സൗകര്യങ്ങൾ അതായത് ബാത്ത്‌റൂം, ഒക്കെ തുറന്ന അവസ്ഥയിലാണ്. ബാത്ത്‌റൂമിന്  ലോക്ക് ഇല്ല, വസ്ത്രങ്ങൾ വയ്ക്കുന്ന ഇടത്തത്തിനു ലോക്കില്ല ഇപ്പോഴും അവസ്ഥ ഇത് തന്നെ.. രാവിലെ 6 മണിക്ക് ഗേറ്റ് തുറക്കും , വൈകിട്ട് 7 മണിക്ക് അടയ്ക്കും .ആശുപത്രിയിൽ ഡ്യൂട്ടി ഷിഫ്റ്റ് ഉള്ളത് കൊണ്ട്‌ എനിക്ക് ഡിഎംഒയുടെ  ഔദ്യോഗിക കത്തിന്റെ പുറത്ത് ഇളവ് കിട്ടാറുണ്ട്. ഇവിടെയാണ് കഴിഞ്ഞ വര്‍ഷം ഒരു രാത്രി വായന മുറിയുടെ ജനാല വഴി അടുത്ത കോളനിയിൽ ഉള്ള ഒരാൾ അകത്തു കടന്നത്. അന്ന്  വാച്ച്മാൻ പോലും ഉണ്ടായിരുന്നില്ല.

athira-geetha-77 ആതിര ഗീത രമേശ്

പ്രളയത്തിന്റെ സമയത്ത് വാർഡൻ ചാലക്കുടിയിൽ ആയതു കൊണ്ട്‌ ഹോസ്റ്റലിൽ ചാർജ് മെസ് വർക്കറിനായിരുന്നു . കുറച്ച് പേര്‌ ഹോസ്റ്റലിൽ ഉണ്ടായിരുന്നു എന്നിട്ടും അവർ ഹോസ്റ്റൽ പൂട്ടി പോകുകയാണു ചെയ്തത്. കുട്ടികൾ വേണമെങ്കിൽ വീട്ടില്‍ പൊയ്ക്കോ ഇല്ലെങ്കില്‍ ഇവിടെ തനിയേ ഭക്ഷണം ഉണ്ടാക്കി കഴിക്കണം എന്നു പറഞ്ഞാണ് അവർ പോയത്. ഞാൻ എംഎൽഎയെ വിളിച്ച് അറിയിക്കുകയും അതിനുസരിച്ച് എല്ലാ സർക്കാർ ഹോസ്റ്റലുകളും നടത്തണം എന്ന് തൊട്ടടുത്ത ദിവസം ഓർഡർ ഉണ്ടാവുകയും ചെയതു. ഹോസ്റ്റൽ ഫീസ് എല്ലാ മാസവും 10 നു മുമ്പ് അടയ്ക്കണം. പലപ്പോഴും കാശ് കൈയിൽ കൊണ്ട്‌ നടന്നാലും വാർഡനെ  കാണാറില്ല. ഓരോ ദിവസം ലേറ്റ് ആകുമ്പോൾ അഞ്ചു രൂപ വീതം ഫൈൻ വാങ്ങും അങ്ങനെ കുറെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ടു പോകുന്നത്  .."

ഗൾഫിലെയും മുംബൈയിലെയും ഹോസ്റ്റൽ അനുഭവം തുറന്നു പറയുന്നു ധന്യ മോഹൻ

"അറബികളായ വീട്ടു ജോലിക്കാർ പലപ്പോഴും ഒത്തിരി സങ്കടമുണ്ടാക്കിയിട്ടുണ്ട്. മിനിസ്റ്ററിയുടെ ഹോസ്റ്റലായുകൊണ്ട് എല്ലാ സൗകര്യവുമുണ്ടെങ്കിലും ചില നിയമങ്ങൾ പ്രശ്നമാണ്. എപ്പോഴുമുള്ള  റോൾകോളുകൾ, ഉറങ്ങിപ്പോയാൽ രാത്രിയിൽ വന്നെഴുന്നേൽപ്പിക്കും. തിരിച്ചു പറഞ്ഞാൽ അവരുടെ നോട്ടപ്പുള്ളി ആകും. സമയത്തു തിരികെ വരാൻ സാധിക്കാതെ വരുമ്പോൾ അതു വിളിച്ചറിയിക്കുമ്പോൾ ദേഷ്യപ്പെടും  പിന്നെ പ്രധാന വാർഡന്റെ ചോദ്യം ചെയ്യൽ ഇതൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. പ്രധാനമായും മൂന്നു രാജ്യക്കാരാണു ഹോസ്റ്റലിൽ ഫിലിപ്പീനികൾ, ഇന്ത്യക്കാർ കൂടാതെ ഈജിപ്ഷ്യൻസ് പിന്നെ 2 ഇന്തോനേഷ്യൻസ് കൂടിയുണ്ട്. ഭാഷയറിയാവുന്നതുകൊണ്ട് ഈജിപ്ഷ്യൻസിനു ആ പരിഗണന ലഭിക്കുമ്പോൾ പലപ്പോഴും ഇന്ത്യക്കാർക്കു ശകാരമായിരിക്കും ഇവിടെ ലഭിക്കുക.

dhanya-mohan-55 ധന്യ മോഹൻ

മുംബൈയിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആദ്യമായി ഹോസ്റ്റലിൽതാമസിച്ചിരുന്നത്.  മുംബൈ നഴ്സിങ്ങ് കോളേജ് ടൈം പ്രശ്നമാണ് .അവിടെ ആഴ്ചയിൽ ഒരു ദിവസം വൈകിട്ടു 3 മണിക്കൂർ വെളിയിൽ പോകാം. കുട്ടികൾ ഫോണുപയോഗിക്കരുത് . 7 to 9.30 പഠിക്കുന്ന സമയമാണ് . ഉറപ്പായും വാർഡന്റെ കറക്കം ഉണ്ടാകും . കത്തുകൾ പോലും വായിച്ചിട്ടേ കിട്ടൂ. ഇവിടെ നമുക്ക് തന്നെ ഭക്ഷണം ഉണ്ടാക്കാം,, എങ്കിലും പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. "

നീതു വിജയൻ പറയുന്നു

എറണാകുളത്തെ ഹോസ്റ്റൽ അനുഭവമാണിത്, കൃത്യം 7 മണിക്ക് രാത്രി ഹോസ്റ്റൽ ഗേറ്റ് അടയ്ക്കും. അതു കഴിഞ്ഞു വന്നൽപ്പിന്നെ ബുദ്ധിമുട്ടാണ്. വാച്ച്മാൻ വാർഡനെ വിളിക്കും. 3 വാർഡന്മാരുണ്ട്. ഒരാൾ മെയിൻ വാർഡനും . പിന്നെ വീട്, പഠിക്കുന്ന സ്ഥാപനം, ജോലിചെയ്യുന്ന ഓഫിസ് എല്ലായിടത്തേയ്ക്കും വിളിയോടു വിളി ..  പിന്നെ ഒരു പൂരമാണ്... 

ഇതൊക്കെ കഴിഞ്ഞ് ഉള്ളിൽ കേറുമ്പോഴേക്കും. രണ്ടു മണിക്കൂർ ആവും. കൃത്യം 9 ആവുമ്പഴേക്കും മെസ് അടക്കും. കഴിച്ചോ എന്ന് ചില മെസ്സ് ചേച്ചിമാർ അപൂർവമായി കണ്ടാൽ ചോദിക്കും. ചൊവ്വാഴ്ചകളിൽ കലൂർ പള്ളിയിലെ തിരക്ക് , ട്രാഫിക്ക് ബ്ലോക്ക് എന്നിവ കണക്കാക്കി പകുതി വഴിയിൽ ക്ലാസ് നിർത്തി നേരത്തെ ഇറങ്ങേണ്ടി വന്നിട്ടുണ്ട്, ഈ ഹോസ്റ്റൽ സമയ പ്രശ്നം കാരണം. ക്രാഷ് കോഴ്‌സുകൾ ചെയ്യുമ്പോൾ നന്നെ ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നെന്തിനാ അവിടെത്തന്നെ നിൽക്കുന്നതെന്നു ചോദിച്ചാൽ കാരണം പറയാനുണ്ട്, അതും പറയാനുണ്ട്, ഒരു സ്വകാര്യ ഹോസ്റ്റൽ അനുഭവം പറയാം 

neethu-vijayan-44 നീതു വിജയൻ

ഒരു ഫാമിലി നടത്തുന്ന ഹോസ്റ്റൽ താഴത്തെ നിലയിൽ ഭാര്യയും ഭർത്താവും താമസം,മുകളത്തെ നിലയിൽ വാടകയ്ക്ക്. ഗ്രൗണ്ട് ഫ്ലോറിലൂടെ ലൂടെ മാത്രമേ മുകളിലേക്കു പോകാൻ പറ്റൂ.. 

കൂട്ടു കുടുംബ മോഡൽ ഹോസ്റ്റൽ - 

ജോബ് പ്ലസ് സ്റ്റഡീസ് (Job + studies )ആയിരുന്നു മിക്കവരും . ക്ലാസ് നാല് വീടുകൾക്കപ്പുറം. എന്നാലും നേരം വൈകിയാൽ പ്രശ്നമാണ്. പഠിപ്പിക്കുന്ന അധ്യാപകൻ തക്കം കിട്ടിയാൽ ഉപദ്രവിക്കും എന്ന രീതിയിൽ അപഖ്യാതി പറഞ്ഞ്  കുട്ടികളുടെ വീട്ടുകാരെ പേടിപ്പെടുത്തും. ക്ലാസിലെ പുതിയ കുട്ടികളിൽ ഒരാവശ്യവും ഇല്ലാതെ സംശയത്തിന്റെ തീ കോരിയിടുകയാണ് ഹോസ്റ്റൽ നടത്തുന്ന വീട്ടുടമസ്ഥന്റെ സ്ഥിരംപരിപാടി.

കുറച്ചു കഴിഞ്ഞപ്പോൾ ഈ വ്യക്തിയുടെ പെരുമാറ്റം സംശയാസ്പദമായി. ചില കമന്റുകൾ സുഖകരമായി തോന്നിയില്ല,.. ഒരു രാത്രി സ്വന്തം ഭാര്യയെ അയാൾ തല്ലുന്നതും തൊഴിക്കുന്നതും കണ്ടു. ഒട്ടും താമസിച്ചില്ല അവിടുന്ന് രക്ഷപ്പെട്ടു. അതുകൊണ്ടാണ് സ്ട്രിക്ട് ആണേലും ആദ്യം പറഞ്ഞ ഹോസ്റ്റലിൽ തന്നെ നിന്നത്."