ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അനിവാര്യഘടകമായി മാറിയ പാനല്‍ ചര്‍ച്ചകള്‍ ദൃശ്യ മാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുമ്പോഴും, പുരുഷന്‍മാര്‍ക്കു മേധാവിത്വമുള്ള മറ്റൊരു രംഗമായി ചര്‍ച്ചകള്‍ മാറിക്കൊണ്ടിരിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പ്രാതിനിധ്യത്തില്‍ മാത്രമല്ല, അവതാരകരുടെ എണ്ണത്തിലും മുമ്പില്‍നില്‍ക്കുന്നതു പുരുഷന്‍മാര്‍. സ്ത്രീകളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത് ഇരകളാക്കപ്പെടുമ്പോഴോ ഇരകളെക്കുറിച്ച് അടുത്ത ബന്ധുക്കളായി സംസാരിക്കുമ്പോഴോ മാത്രം. അപ്പോഴും അവരുടെ ശബ്ദം അടിച്ചമര്‍ത്താനും പുറംലോകം അറിയാതിരിക്കാനും സംഘടിത ശ്രമങ്ങളും നടക്കുന്നു.

വിവിധ ഭാഷകളിലെ 28 ചാനലുകള്‍ ഒരു മാസം നിരീക്ഷിച്ചു പഠിച്ചതിലൂടെയാണ് ഈ വസ്തുത വെളിപ്പെട്ടത്. പാനല്‍സ് ഓര്‍ മാനല്‍സ് എന്ന പേരില്‍ രസകരവും ഗൗരവവുമുള്ള പഠനം നടത്തിയത് നെറ്റ്‍വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ (NWMI). വെള്ളിയാഴ്ച രാജ്യതലസ്ഥാനത്തു നടന്ന ദേശീയ സമ്മേളനത്തില്‍ പുറത്തുവിട്ട കണക്കുകള്‍ സ്ത്രീകളുള്‍പ്പെട്ട പൊതുസമൂഹത്തില്‍ ഉയര്‍ത്തിയിരിക്കുന്നത് അതിശയവും ഞെട്ടലും. 

ചര്‍ച്ചകളില്‍നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുന്നു എന്നതാണ് വസ്തുത. ഇന്ത്യയില്‍ മാത്രമല്ല ലോകരാജ്യങ്ങളിലും സ്ഥിതി ഇതുതന്നെ. ജനങ്ങളുടെ അഭിപ്രായരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്ന ദൃശ്യമാധ്യമങ്ങളിലെ പാനല്‍ ചര്‍ച്ചകളിലെ സ്ത്രീ പ്രാതിനിധ്യം ഇന്ത്യയില്‍ വെറും 13.6 ശതമാനം മാത്രമാണെന്നു തെളിയിക്കുന്നു സ്ഥിതിവിവരക്കണക്കുകള്‍. മറ്റു രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടങ്ങളിലും സ്ത്രീകളെ ചര്‍ച്ചകള്‍ക്കു വിളിക്കുന്നില്ല. അഥവാ അവര്‍ പങ്കെടുക്കുകയാണെങ്കില്‍ത്തന്നെ അവരുടെ ശബ്ദം പുരുഷന്‍മാരുടെ പരുഷ ശബ്ദത്തില്‍ മുങ്ങിപ്പോകുന്നു.

പ്രതീകാത്മക ചിത്രം

28 ചാനലുകളിലെ 65 ശതമാനം വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഒരു മാസം തുടര്‍ച്ചയായി നിരീക്ഷിച്ചതിനുശേഷമാണ് സ്ത്രീകളുടെ അസാന്നിധ്യം കണ്ടെത്തുന്നതും ചര്‍ച്ചയാകുന്നതും. ഇംഗ്ലിഷ് ചാനലുകളിലെ പ്രൈം ടൈം വാര്‍ത്താപരിപാടികളില്‍ സ്ത്രീപ്രാതിനിധ്യം 17 ശതമാനം മാത്രം. ഹിന്ദി ഭാഷാ ചാനലുകളിലാകട്ടെ 23 ശതമാനവും.

390 മണിക്കൂറുകള്‍ ചാനലുകള്‍ നിരീക്ഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ വെളിപ്പെട്ടത്. 12 ഭാഷകളിലെ 506 പ്രോഗ്രാമുകള്‍ നിരീക്ഷിക്കുകയുണ്ടായി. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‍വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ അംഗങ്ങളാണ് മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി, ബംഗാളി, ആസ്സാമീസ്, ഒഡിയ, മറാത്തി, ഉറുദു എന്നീ ഭാഷകളിലെ ചാനലുകള്‍ നിരീക്ഷച്ചതും രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തിയതും. ദൃശ്യമാധ്യമചര്‍ച്ചകളിലെ സ്ത്രീകളെ തേടി നടത്തിയ ദയനീയമായ അന്വേഷണം: പാനല്‍സ് ഓര്‍ മാനല്‍സ്.

ചാനലുകളില്‍ അവതാരകരുടെ എണ്ണത്തില്‍ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്നു എന്നതാണ് പൊതുചിന്താഗതി. പക്ഷേ, ഇതും തെറ്റാണെന്ന് പഠനം തെളിയിക്കുന്നു. അവതാരകരില്‍ 28 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍ എന്നതാണ് വസ്തുത. 72 ശതമാനം അവതാരകരും പുരുഷന്‍മാര്‍ തന്നെ! 

തമിഴ്, പഞ്ചാബി ചാനലുകളിലെ പാനല്‍ ചര്‍ച്ചകളിലെ സ്ത്രീസാന്നിധ്യമാണ് ഏറ്റവും ദയനീയം- വെറും അഞ്ചു ശതമാനം. ഹിന്ദി ചാനലുകളില്‍ ഇത് 23 ശതമാനവും ഗുജറാത്തിയില്‍ 21 ശതമാനവുമാണ്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിട്ടുനില്‍ക്കുന്ന മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ആശാവഹമായ പുരോഗതി ഇല്ലെന്നതാണ് സത്യം. ഇന്നും പുരുഷാധിപത്യം കൊടികുത്തി വാഴുകയും സ്ത്രീകള്‍ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു.

പ്രേക്ഷകരേറെയുള്ള, ഗൗരവപ്പെട്ട വിഷയങ്ങള്‍ മാറ്റിനിര്‍ത്തി സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ മാത്രം അമ്പതുശതമാനം സ്ത്രീകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. അഥവാ അവര്‍ ക്ഷണിക്കപ്പെടുന്നുണ്ട്. സാമ്പത്തികം, പ്രതിരോധം, കായികം, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ജനങ്ങളെ നിഗമനങ്ങളിേലക്കു നയിക്കുന്നതും പുരുഷന്‍മാര്‍ തന്നെ. സ്ത്രീ പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂടുതല്‍ സ്ത്രീകള്‍ ചര്‍ച്ചകളിലേക്ക് ക്ഷണിക്കപ്പെടുന്നത് മതപരമായ കാര്യങ്ങളും കുറ്റകൃത്യങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രം. കാരണം അങ്ങനെയുള്ള വിഷയങ്ങളില്‍ അവര്‍ ഇരകളാണ്. അല്ലെങ്കില്‍ ഇരകളുടെ ബന്ധുക്കള്‍. ഇരകളായതിന്റെ പേരില്‍ മാത്രമാണ് അവര്‍ ക്ഷണിക്കപ്പെടുന്നതെന്നാണ് ഇതു തെളിയിക്കുന്നത്.