ഇറ്റലിയിലെ ഒരു കോടതിക്കുപുറത്ത് കഴിഞ്ഞദിവസം ഒരു ഫ്ലാഷ്മോബ് നടന്നു. തടിച്ചുകൂടിയവർ ഉയർത്തിയ പ്ലക്കാർഡുകളിൽ നാണക്കേട് (ഷെയിം) എന്നും എഴുതിയിട്ടുണ്ടായിരുന്നു. ‘ധാർമികരോഷത്തോടെ ഞങ്ങൾ എതിർക്കുന്നു’ എന്നും പ്രക്ഷോഭകർ പോസ്റ്ററുകളിൽ എഴുതിയിരുന്നു. വിചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഒരു കോടതിവിധിയിൽ പ്രതിഷേധിക്കാനായിരുന്നു ജനങ്ങൾ തടിച്ചുകൂടിയതും പ്രതിഷേധ പ്ലക്കാർഡുകൾ ഉയർത്തിയതും. ഒരു മാനഭംഗക്കേസിൽ യുവതിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ് അക്രമികളുടെ വാദം അംഗീകരിച്ചു വിധി പറഞ്ഞ കോടതി നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു പ്രക്ഷോഭകർ. 

പെറുവിയൻ സ്വദേശിയായ യുവതി 2015 ൽ മാനഭംഗം നടന്നുവെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്യുന്നു. പെറുവിൽനിന്നുള്ള യുവാക്കൾതന്നെയായിരുന്നു പ്രതിപ്പട്ടികയിൽ. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016–ൽ വിധി വന്നു– യുവാക്കൾക്ക് തടവുശിക്ഷയും വിധിച്ചു. പക്ഷേ അങ്കോണയിലെ അപ്പീൽ കോടതിയിൽ കേസ് വന്നപ്പോൾ യുവതിയുടെ വാദം തള്ളിക്കളഞ്ഞു. യുവതി പറയുന്ന കഥ വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി. സ്ത്രീകൾ മാത്രം ഉൾപ്പെട്ട ജഡ്ജിമാരുടെ പാനലാണ് യുവതിയുടെ വാദം തള്ളിയത്. അന്ന് കേസ് തള്ളിക്കളയാൻ ജഡ്ജിമാർ കണ്ടെത്തിയ കാരണം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വിധിയിൽ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഉടൻതന്നെ പുനർവിചാരണയ്ക്കും ഉത്തരവിട്ടു. 

പ്രതീകാത്മക ചിത്രം

യുവാക്കളിൽ ഒരാൾ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവസമയം രണ്ടാമത്തെയാൾ കാവൽനിന്നു. യുവതിയുടെ ശരീരത്തിൽ മയക്കുമരുന്ന് കുത്തിവച്ചതിനുശേഷമായിരുന്നു മാനഭംഗം. യുവതിയുടെ ശരീരത്തിൽ മാനഭംഗത്തെത്തുടർന്നുള്ള പരുക്കുകളുണ്ടെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. പക്ഷേ, യുവതിതന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു വിവാദമായ വിധിന്യായത്തിൽ പറഞ്ഞിരുന്നത്. മാനഭംഗം ചെയ്തു എന്നാരോപിക്കുന്ന പുരുഷന് യുവതിയെ ഇഷ്ടമായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. 

അതിനു തെളിവായി കോടതി കണ്ടെത്തിയതാകട്ടെ യുവാവിന്റെ ഫോണിൽ യുവതിയുടെ നമ്പർ രേഖപ്പെടുത്തിയ രീതി. സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷൻമാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് യുവാവ് യുവതിയുടെ നമ്പറിൽ രേഖപ്പെടുത്തിയത്. അതായത് ആരോപണം ഉന്നയിച്ച യുവതി ഒരു സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടാൻ യോഗ്യയല്ല. മാനഭംഗം ചെയ്യപ്പെടാനുള്ള യോഗ്യത തന്നെ യുവതിക്കില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ! . യുവതിയുടെ ചിത്രവും ഇതു ശരിവയ്ക്കുന്നുണ്ടെന്നും കൂടി അവർ കണ്ടെത്തി. 

ഈ വിധിന്യായമാണ് ഹൈക്കോടതി കഴിഞ്ഞദിവസം അസ്ഥിരപ്പെടുത്തിയതും പുനർവിചാരണയ്ക്ക് ഉത്തരവിട്ടതും. മനുഷ്യാവകാശ–സ്ത്രീ സംഘടനാ പ്രവർത്തകരും അപ്പീൽകോടതി വിധിയിൽ അമർഷം രേഖപ്പെടുത്തുകയും പുനർവിചാരണ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായാണ് അവർ ഫ്ളാഷ് മോബും സംഘടിപ്പിച്ചത്.