ചൊവ്വയിൽ കാലുകുത്തുന്ന ആദ്യത്തെ വ്യക്തി ഒരു സ്ത്രീയായിരിക്കും
ചൊവ്വയിലിറങ്ങുന്ന ആദ്യത്തെ വ്യക്തി ആരായിരിക്കും എന്ന ആകാംക്ഷയ്ക്ക് വിരമമിട്ടിരിക്കുന്നു നാസ അധികൃതര്‍. അതൊരു പുരുഷനായിരിക്കില്ല. നാസ പുറത്തുവിട്ട വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ അതൊരു സ്ത്രീ തന്നെയായിരിക്കും. കഴിഞ്ഞ ദിവസമാണ് ചൊവ്വയില്‍ ആദ്യമായി കാലുകുത്താന്പോകുന്നത് ഒരു സ്ത്രീയായിരിക്കുമെന്ന വിവരം നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രിഡന്സ്റ്റൈന് വെളിപ്പെടുത്തുന്നത്.
ചൊവ്വയില്‍ കാലുകുത്താന്‍ പോകുന്ന സ്ത്രീ ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അമേരിക്കന്‍ സ്പെയ്സ് ഏജന്‍സിയുടെ പട്ടികയിലുള്ളവരില്‍ സ്ത്രീകളാണ് മുന്നിരയിലുള്ളതത്രേ. ചന്ദ്രനില്‍ സ്ത്രീകള്‍ പോകുമോ എന്ന ചോദ്യത്തിനും ശുഭാപ്തിവിശ്വാസത്തോടെയായിരുന്നു ബ്രിഡന്സ്റ്റൈനിന്റെ മറുപടി. ‘ തീര്‍ച്ചയായും സ്ത്രീകള്‍ ചന്ദ്രനില്‍ പോകും. അടുത്തതായി ചന്ദ്രനില്‍ കാലുകുത്താന്പോകുന്നത് സ്ത്രീയായിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പിക്കാം’- അദ്ദേഹം പറഞ്ഞു.
‘സയന്‍സ് ഫ്രൈഡേ’ എന്ന പേരില്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളെക്കുറിച്ചു നടത്തിയ റേഡിയോ ടോക് ഷോയിലാണ് ബ്രിഡന്സ്റ്റൈന് ലോകചരിത്രത്തില്‍ സമീപകാലത്തു സംഭവിക്കാന്‍പോകുന്ന വിപ്ലവത്തെക്കുറിച്ച് സൂചിപ്പിച്ചത്. വനിതാ വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രത്തിലും സുവര്ണാധ്യായമായിരിക്കും ചൊവ്വയിലെ സ്ത്രീയുടെ പാദസ്പര്‍ശം.
ഈ മാസം അവസാനത്തോടെ സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രയെക്കുറിച്ച് നാസ നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. ആനി മക് ക്ളെയിനും ക്രിസ്റ്റിന കോച്ചുമാണ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന വനിതകള്‍. അവരുടെ യാത്രയുടെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതും സ്ത്രീകള്‍ തന്നെയായിരിക്കുമെന്നാണ് അറിയിപ്പ്. ദേശീയ വനിതാ മാസമാണ് മാര്‍ച്ച്. സ്വാഭാവികമായും വനിതകളെ ആദരിക്കാന്‍ പൂര്‍ണമായും അവര്‍തന്നെ നിയന്ത്രിക്കുന്ന ബഹിരാകാശ യാത്രയും മാര്ച്ചില്ത്തന്നെയുണ്ടാകും. ചന്ദ്രനിലേക്കും സ്ത്രീകള്‍ മാര്‍ച്ചോടെ എത്തിയാലും അദ്ഭുതപ്പെടാനില്ലെന്നാണ് ബ്രീഡന്സ്റ്റൈന് നല്കുന്ന സൂചനകള്‍.