പെർഫ്യൂമിന് പേര് ലൈംഗിക പീഡനം, അഹങ്കാരം കൊണ്ടെന്ന് കുറ്റസമ്മതം; ഒടുവിൽ
ഒരു പെർഫ്യൂമിന് ഇടാൻ എത്രയോ നല്ല പേരുകളുണ്ടായിട്ടും റഷ്യൻ പെർഫ്യൂം നിർമാതാക്കൾ സ്വകീരിച്ചത് ഇന്നേവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത ഒരുപേര്– ലൈംഗിക പീഡനം (സെക്‌ഷ്വൽ ഹരാസ്മെന്റ്) എന്നർഥം വരുന്ന റഷ്യൻ വാക്കുപയോഗിച്ചാണ് പെർഫ്യൂമിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ‘ലൈംഗിക പീഡനം’ എന്നു പേരുള്ള പെർഫ്യൂം പുറത്തിറങ്ങിയത്. എന്തായാലും ഇപ്പോൾ പേരിലെ കുഴപ്പം അംഗീകരിച്ച സ്ഥാപനയുടമ പേര് പിൻവലിക്കുകയാണ്. പലരെയും മുറിവേൽപിക്കാനിടയുള്ള പേര് സ്വീകരിച്ചതിന്റെ പേരിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.
റഷ്യയിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സ്ഥാപനമാണ് ലൈംഗികപീഡനം എന്ന പേരിൽ പെർഫ്യൂം പുറത്തിറക്കിയത്. അവരാകട്ടെ മുമ്പും വിചിത്രമായ പല പേരുകളും സ്വീകരിച്ച് വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. ജിപ്സി ബ്ലഡ് എന്നാണ് ഒരു പെർഫ്യൂമിന്റെ പേര്. വിൻഡ്‍സേഴ്സ് ടെംപ്റ്റേഷൻ എന്നാണ് മറ്റൊരു പേര്. 2015 മുതൽ ഇങ്ങനെയുള്ള പേരുകളിൽ അവർ വിൽപന നടത്തുന്നുണ്ട്. പക്ഷേ, ലൈംഗിക പീഡനം എന്ന പേര് കുറച്ചുകൂടിപ്പോയി എന്നാണ് ഉടമ നിക്കൊളായ് ഇർമിൻ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.
ആ പേര് സ്വീകരിക്കുമ്പോൾ പീഡനത്തിന്റെ ഇരകളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് എന്റെ തെറ്റ്. യഥാർഥജീവിതത്തിൽ ദുരന്തം നേരിട്ടവരുടെ യാതനകൾ ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു. ഞാനതു ചെയ്തില്ല. അതെന്റെ തെറ്റാണ് –അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിൽ എഴുതി.
സർഗാത്മക സ്വാതന്ത്ര്യത്തെക്കുറിച്ചുമാത്രമാണ് പേരിട്ടപ്പോൾ ആലോചിച്ചിരുന്നതെന്നും കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നെന്നും അദ്ദേഹം സമ്മതിക്കുന്നു. സർഗാത്മക സ്വാതന്ത്ര്യം പ്രധാനമാണ്. പക്ഷേ അതൊരിക്കലും ആരെയും വേദനിപ്പിക്കുന്നതാകരുത്– ഇർമിൻ വ്യക്തമാക്കുന്നു.
സുഗന്ധത്തിന് ഒട്ടും കുറവു വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റൊരു പേരിൽ ‘ലൈംഗിക പീഡനം’ ഉടൻ പുറത്തിറങ്ങുമെന്നും ഇർമിൻ അറിയിച്ചു.