പോരാട്ടം മാത്രം മുന്നിൽ; 6 വനിതകളിൽ വിജയം ആർക്കൊപ്പം
കേരളത്തിൽ മൽസര രംഗത്തുള്ള പ്രധാനപ്പെട്ട മൂന്നുമുന്നണികളും ഒരേ സമീപനം പുലർത്തുന്ന ഒരു വിഷയമുണ്ട്– അതിശയകരമായ സമാനതയെന്നുതന്നെ പറയാം. യാദൃച്ഛികമെന്നു കരുതാൻ വയ്യാത്ത ഐക്യദാർഡ്യം. വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ. രണ്ടു വനിതകളെ വീതമാണ് മൂന്നു മുന്നണികളും അണിനിരത്തിയിരിക്കുന്നത്. ആറ് വനിതകളെ. മുന്നണികൾ മൂന്നും കൂടി അമ്പതില്‍ അധികം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴാണ് ആറു സീറ്റുകൾ മാത്രം വനിതകൾക്ക് ലഭിച്ചത്. അതും പുരുഷൻമാരേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ സ്ത്രീകൾ മുൻപന്തിയിലായ കേരളത്തിൽ.
പരിഭവങ്ങൾക്കോ പരാതികൾക്കോ വിവേചന ആരോപണങ്ങൾക്കോ ഇനി സ്ഥാനമില്ല. പോരാട്ടം മാത്രമാണു മുന്നിൽ. അരയും തലയും മുറുക്കിയുള്ള പോരാട്ടമെന്നത് പുരുഷൻമാരെ മാത്രം ഉദ്ദേശിച്ചു പറയുന്നതാണെങ്കിലും ഇത്തവണ ഒരു കൈ നോക്കാൻ തന്നെയാണ് വനിതകൾ ഇറങ്ങുന്നത്. വനിതാ സ്ഥാനാർഥികൾ ഓരോരുത്തരും നേരിടുന്നത് വനിതകളെയല്ല പുരുഷൻമാരെയാണ് എന്നതാണ് കേരളം കാഴ്ചവയ്ക്കുന്ന മറ്റൊരു യാദൃച്ഛികത. വിജയിച്ചാലും പരാജയപ്പെട്ടാലും അത് പുരുഷൻമാരോട് ഏറ്റുമുട്ടിത്തന്നെ. അതവരുടെ വിജയത്തിനു തിളക്കം കൂട്ടും. പരാജയപ്പെട്ടാലോ, അതും അഭിമാനത്തോടെതന്നെ.
വീഴാതെ വാഴാൻ വീണ
വനിതകൾക്കെതിരായ വിവേചനവും സ്ത്രീ–പുരുഷ തുല്യതയും പരമോന്നത നീതിപഠത്തിന്റെ വിധികളുടെ പശ്ചാത്തലത്തിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ട് ഒരു വർഷം കഴിയുമ്പോഴാണ് തിരഞ്ഞെടുപ്പ് വരുന്നത്. സ്ത്രീകൾക്കു കോടതി അനുവദിച്ച സ്വാതന്ത്ര്യത്തിന് അനുകൂലമായും പ്രതികൂലമായും സ്ത്രീകൾതന്നെ രംഗത്തുവന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ. വനിതാമതിലും നവോത്ഥാന ചർച്ചകളും കേരളത്തെ പിടിച്ചുലച്ചതിനു തൊട്ടുപിന്നാലെ. സ്വാഭാവികമായും ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട മണ്ഡലം ശ്രദ്ധാകേന്ദമാകും. അവിടെ എൽഡിഎഫിനുവേണ്ടി മൽസരിക്കുന്നതാകട്ടെ മാധ്യമപ്രവർത്തനത്തിന് അവധി കൊടുത്ത് രാഷ്ട്രീയത്തിലിറങ്ങി വിജയിച്ച വീണാ ജോർജും.
നിയമസഭയിലേക്കുള്ള ആദ്യഅങ്കത്തിൽ അനുഭവസമ്പന്നരോടു പോരാടി വിജയിച്ച വീണയെത്തന്നെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത് ഒരുകാര്യം ഉറപ്പിച്ചാണ്– ലക്ഷ്യം വിജയം തന്നെ. മൂന്നു മുന്നണികളിൽവച്ച് ആദ്യം തന്നെ പ്രഖ്യാപനമുണ്ടായതോടെ ആദ്യം കളത്തിലിറങ്ങിയതും വീണതന്നെ. മണ്ഡലത്തിൽ പോസ്റ്ററുകളിലും ചുവരെഴുത്തിലും നിറഞ്ഞുകഴിഞ്ഞു വനിതാ സ്ഥാനാർഥി. നടക്കാൻപോകുന്നത് കടുത്ത പോരാട്ടം. ആര് വിജയിക്കും, ഭൂരിപക്ഷം എത്രയുണ്ടാകും എന്നീ ചർച്ചകൾക്കെല്ലാമപ്പുറം കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു പത്തനംതിട്ട. ഫലപ്രഖ്യാപനം നടക്കുമ്പോൾ ഒരുപക്ഷേ രാജ്യം തന്നെ ആദ്യംമുതൽ ശ്രദ്ധിച്ചേക്കാം–പത്തനംതിട്ടയിലെ ലീഡ് നില, പിന്നെ ഫലവും.
വിജയത്തിന്റെ മോളാകാൻ ഷാനിമോൾ
രണ്ടുതവണ നിമയസഭയിലേക്കു മൽസരിച്ചപ്പോഴും പരാജയപ്പെട്ടെങ്കിലും ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ ആത്മവിശ്വാസത്തിന്റെ നിറവിലാണ് ഷാനിമോൾ ഉസ്മാൻ. പരാജയസാധ്യതയുള്ള മണ്ഡലം അനുവദിച്ചതിന്റെ പേരിൽ ഒരിക്കൽ തിരഞ്ഞെടുപ്പിൽനിന്നുതന്നെ മാറിനിന്ന ചരിത്രമുള്ള ഒരേയൊരു വനിതാ നേതാവു കൂടിയായിരിക്കാം ഷാനിമോൾ. അന്ന് അവർക്കു പകരം കോൺഗ്രസ് കാസർകോട്ട് കണ്ടെത്തിയത് ഷാഹിദ കമാൽ. അവർ പിന്നീട് എൽഡിഎഫിലേക്കു കൂടുമാറുകയും ചെയ്തു.
ആഗ്രഹിച്ച സീറ്റ് കിട്ടാതെവന്നപ്പോഴും കോൺഗ്രസിൽതന്നെ ഉറച്ചുനിന്നാണ് ഷാനിമോൾ എഐസിസി സെക്രട്ടറി പദം വരെയെത്തിയത്. ഇത്തവണയാകട്ടെ രണ്ടു മണ്ഡലങ്ങളിൽ അവരുടെ പേര് സാധ്യതാ പട്ടികയിലുമുണ്ടായിരുന്നു. ഒടുവിൽ ജന്മസ്ഥലമായ തകഴി ഉൾപ്പെടുന്ന ആലപ്പുഴയിൽതന്നെ നറുക്കു വീണു. പ്രധാന എതിരാളി എംഎൽഎ. എൻഡിഎ അവതരിപ്പിക്കുന്ന സർപ്രൈസ് സ്ഥാനാർഥിയായി മുൻ പിഎസ് സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണനും ഉണ്ട്. ആലപ്പുഴ ശ്രദ്ധാകേന്ദ്രമാകാൻ ഇതിലധികം കാരണങ്ങളൊന്നും വേണ്ട. കേരം തിങ്ങും കേരളനാട്ടിലെ വിപ്ലവനായിക എന്ന പേരുകേട്ട ഗൗരിയമ്മയുടെ നാടുകൂടിയാണ് ആലപ്പുഴ. അതേ ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ് എ.എം ആരിഫ് ആദ്യം എംഎൽഎ ആകുന്നത്. അദ്ദേഹമാണ് ഷാനിമോളുടെ പ്രധാന എതിരാളിയും. ആവേശകരമായ മൽസരത്തിനൊടുവിൽ ആരാകും ആലപ്പുഴയുടെ വിജയതീരത്ത് തുഴഞ്ഞെത്തുന്നത് എന്നറിയാൻ ഇനിയും കാത്തിരിക്കണം ഒരുമാസത്തോളം.
മിന്നിത്തിളങ്ങുമോ രമ്യ
മിന്നാമിനുങ്ങേ..മിന്നും മിനുങ്ങേ... എന്ന നാടൻപാട്ട് ഒരിക്കൽക്കൂടി കേരളം ഏറ്റുപാടാൻ കാരണം ഒരു സ്ഥാനാർഥിയുടെ സാന്നിധ്യം. കോഴിക്കോട്ടെ കുന്നമംഗലത്തു നിന്നെത്തുന്ന രമ്യ ഹരിദാസ്. ആലത്തൂരിൽ അപ്രതീക്ഷിതമായി സ്ഥാനാർഥിയായി രമ്യ എത്തിയതോടെ വിവിധ വേദികളിൽ അവർ പാടിയ കലാഭവൻ മണിയുടെ ഹിറ്റ് പാട്ടും വീണ്ടും വൈറലായി. മിന്നാമിനുങ്ങിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യയുടെ പ്രതിഭ. കൈതോല പായ വിരിച്ചു, പായേലൊരുപറ നെല്ലുപൊലിച്ച്....ഏതു സന്ദർഭത്തിനും ഇണങ്ങാൻ പാകത്തിന് നാടൻ പാട്ടുകളുടെ വലിയ ശേഖരം തന്നെയുണ്ട് രമ്യയുടെ കയ്യിൽ.
അദിവാസി മേഖലകളിൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ഗാന്ധിയൻ ആദർശങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലെ സജീവസാന്നിധ്യവുമൊക്കെയായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പ്രിയപ്പട്ട നോമിനി കൂടിയാണ് രമ്യ. എതിരിടുന്നത് വിജയം ശീലമാക്കിയ എംപിയേയും. എൽഡിഎഫിന്റെ ഉറച്ച മണ്ഡലമെന്ന പ്രതിഛായ തിരുത്തിക്കുറിക്കാനാണ് ഇത്തവണ തന്നെ നിയോഗിച്ചതെന്നാണ് രമ്യ പറയുന്നത്. ആ ഉത്തരവാദിത്തം സഫലമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലും. ലോക്സഭയില്‍ മിന്നിത്തിളങ്ങാനുള്ള നിയോഗം രമ്യയ്ക്കു ലഭിക്കുമോ എന്ന് ഉറ്റുനോക്കുന്നത് കുന്നമംഗലത്തുകാർ മാത്രമല്ല, കോഴിക്കോട്ട് കുറ്റിക്കാട്ടൂരിലെ പാലാട്ടുമീത്തൽ വീട്ടുകാർ മാത്രവുമല്ല, കേരളം മുഴുവനുമാണ്.
കണ്ണൂരിന്റെ ശ്രീയാകാൻ വീണ്ടും ശ്രീമതി
ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനത്തിനും മുമ്പേ പ്രചാരണം തുടങ്ങിയ സ്ഥാനാർഥിയാണ് ശ്രീമതി. കണ്ണൂരിൽ രണ്ടാമൂഴത്തിന്. കൊലപാതകരാഷ്ട്രീയത്തിന്റെ ചോരയും കണ്ണീരും വീണ മണ്ണിൽ ശ്രീമതി അല്ലാതെ മറ്റൊരു പേരും എൽഡിഎഫിൽ ഉയർന്നുവന്നില്ല എന്നത് അവരുടെ പാർട്ടിയിൽ മാത്രമല്ല, മണ്ഡലത്തിലെയും സ്വാധീനത്തിന്റെ തെളിവാണ്. വിവാദപ്രസ്താവനകൾ നടത്താൻ മടിയില്ലാത്ത ശ്രീമതിയുടെ ഉയർച്ച പടിപടിയായാണ്. ജില്ലാ കൗൺസിൽ അംഗമായിത്തുടങ്ങി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയും മന്ത്രിയും എംപിയുമായി. പാർലമെന്റിൽ ഇംഗ്ലിഷിൽ പ്രംസംഗിക്കാൻ മടിയില്ലാത്ത, പാർട്ടിവേദിയിൽ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന, അധ്യാപികയായിരുന്നിട്ടും അതിന്റെ ഗൗരവത്തേക്കാളേറെ സമർപ്പണമുള്ള, അച്ചടക്കമുള്ള പാർട്ടിപ്രവർത്തകയായ ശ്രീമതി ഇത്തവണ ലക്ഷ്യമിടുന്നത് അട്ടിമറി വിജയം ആവർത്തിക്കാൻ.
ശോഭ വേണ്ടേ ആറ്റിങ്ങലിന്
ആറ്റിങ്ങലിലേക്ക് വൈകിയാണ് ശോഭ സുരേന്ദ്രൻ എത്തുന്നത്. ഇനിയുള്ള നാളുകളിൽ കളം പിടിച്ചടക്കി വൈകിയതിന്റെ ക്ഷീണം തീർക്കാനായിരിക്കും ശോഭയുടെ ശ്രമം. പക്ഷേ, ബിജെപിയുടെ സ്ഥാനാർഥി പട്ടിക തയാറാകുന്നതിനുമുമ്പുതന്നെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നു ശോഭ; ആകെയുള്ള കാത്തിരിപ്പ് ഏതു മണ്ഡലത്തിൽ എന്നതുമാത്രം. ഒരുപക്ഷേ കേരളത്തിലെ ഏതു മണ്ഡലത്തിലും പരിഗണിക്കാവുന്ന വ്യക്തിയാണ് ശോഭ. അത്രമാത്രം സുപരിചിത. ബിജെപിയുടെ മുഖശോഭയും.
തീപ്പൊരി പ്രസംഗമാണ് കരുത്ത്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ കാർക്കശ്യം അധികയോഗ്യതയും. ചാനൽചർച്ചകളിലും മറ്റും അവതാരകരെപ്പോലും നിശ്ശബ്ദരാക്കി കത്തിക്കയറുന്ന ശോഭയുടെ വാക്കുകളുടെ കരുത്തിലൂടെക്കൂടിയാണ് ബിജെപി കേരളത്തിൽ വളർന്നത്, വേരുറപ്പിച്ചത്, എണ്ണപ്പെടുന്ന രാഷ്ട്രീയകക്ഷിയായി മാറിയത്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദം വരെയെത്തിയ ശോഭയ്ക്ക് അനുയോജ്യ മണ്ഡലമല്ല ആറ്റിങ്ങൽ എന്നു പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാൽ ഏതു മണ്ഡലത്തെയും അനുകൂലമാക്കിയെടുക്കാൻ ശോഭയ്ക്കു കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ആ പ്രതീക്ഷ പൂവണിയുമോ എന്നറിയാൻ കാത്തിരിക്കണം.
പൊന്നാനിയോടു രമ്യതയാകുമോ
പൊന്നാനിയിൽ ഒരു വനിതാ സ്ഥാനാർഥി എന്നതുതന്നെ പുതുമയാണ്. അതിനു ചരിത്രപരവും സാമുദായികപരവുമായ കാരണങ്ങളുമുണ്ട്. ബിജെപി ലക്ഷ്യമിടുന്നത് ചരിത്രം ആവർത്തിക്കാനല്ല, തിരുത്തിക്കുറിക്കാനാണ്. അതുകൊണ്ടുകൂടിയാകും വി.ടി രമയെന്ന മുന്‍ അധ്യാപികയെ പൊന്നാനിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും. കേരളത്തിൽ ആദ്യം ലീഡ് നില വ്യക്തമാകുന്ന മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. ലീഗിന്റെ സാമ്രാജ്യം. അവിടെയാണ് പ്രസക്തിയും സാന്നിധ്യവും തെളിയിക്കാൻ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റായ രമ പോരാടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽനിന്നു മൽസരിച്ച പരിചയവുമുണ്ട് പട്ടാമ്പി ഗവ.കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്ന രമയ്ക്ക്.