ഈ മണ്ഡലത്തിൽ പോരാട്ടം അച്ഛനും മകളും തമ്മിൽ
അച്ഛനോടാണോ പാര്‍ട്ടിയോടാണോ കൂറ് എന്ന് ചോദ്യം വി.ശ്രുതീദേവി എന്ന അഭിഭാഷക ഒഴിവാക്കുകയാണ്; ഈ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തേക്കെങ്കിലും. പകരം തന്റെ വിജയം സുനിശ്ചിതമാണെന്ന് അവര്‍ ആണയിട്ടുപറയുന്നു. ആത്മവിശ്വാസത്തിന്റെ നിറുകയിലാണ് ശ്രുതി. പക്ഷേ, ശ്രുതി വിജയിക്കണമെങ്കില്‍ അച്ഛന് പരാജയപ്പെടണം എന്നതാണു സ്ഥിതി. കാരണം ആന്ധ്രപ്രദേശിലെ അരക്കു ലോക്സഭാ മണ്ഡലത്തില്‍ ശ്രുതിയുടെ എതിരാളി സ്വന്തം അച്ഛന് തന്നെ.
ഏപ്രില്‍ 11-നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ഛനും മകളും നേര്‍ക്കുനേര്‍ പോരാടുന്ന ഒരേയൊരു മണ്ഡലവുമാണ് അരക്ക്. പ്രചാരണം പൊടിപൊടിക്കുമ്പോള്‍ ശ്രുതിയുടെ കുടുംബം ആത്മവിശ്വാസത്തിലാണ്. ആരു വിജയിച്ചാലും പരാജയപ്പെട്ടാലും കുടുംബത്തില്‍നിന്ന് ഒരാള്‍ ലോക്സഭയിലെത്തുമെന്ന് ഉറപ്പ്. വോട്ടെണ്ണിക്കഴിയുമ്പോള്‍ ആഘോഷവും ആരവവും ഉയരുമെന്ന് ഉറപ്പുള്ള ഏക വീടും ശ്രുതിയുടേതുതന്നെ.
മുതിര്‍ന്ന നേതാവ് വി.കിഷോര്‍ ചന്ദ്രദേവ് കൂറു മാറിയതോടെയാണ് അരക്കു ലോക്സഭാ മണ്ഡലം ആഴ്ചകള്‍ക്കുമുമ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. കോണ്‍ഗ്രസില്‍നിന്ന് ടിഡിപിയിലേക്കാണ് അദ്ദേഹം മാറിയത്. പാര്‍ട്ടി മാറുന്നതില്‍ മനഃസാക്ഷിക്കുത്തില്ലാത്ത ‘ആയാറാം ഗയാറാം’ പരമ്പരയിലെ മറ്റൊരു കണ്ണി. ചില്ലറക്കാരനല്ല കിഷോര്‍ ചന്ദ്രദേവ്. ആറു തവണ ലോക്സഭാംഗമായിരുന്ന നേതാവാണ് അദ്ദേഹം.
കേന്ദ്രത്തില്‍ മന്ത്രിയുമായിട്ടുണ്ട്. പക്ഷേ 2014-ലെ തിരഞ്ഞെടുപ്പില്‍ ദേവിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു- പരാജയം. അതോടെ ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ തുടരുന്നത് തന്റെ ഭാവിക്കു നന്നല്ലെന്ന തീരുമാനത്തിലും അദ്ദേഹം എത്തി. അങ്ങനെയാണ് ടിഡിപിയിലേക്ക് അദ്ദേഹം കാലും കയ്യും മാറുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം ചേര്‍ന്നു ദേവ്. അരക്കു മണ്ഡലത്തില്‍ ഇതേവരെ എതിര്‍ത്തുകൊണ്ടിരുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രികയും കൊടുത്തു.
ചിത്രത്തിലില്ലാതിരുന്ന ശ്രുതി അതോടെ രംഗത്തുവന്നു. ശക്തയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയായി. അഭിമാനപ്പോരാട്ടത്തിനു തയാറായി. ഡല്‍ഹിയില്‍ അഭിഭാഷകയും സാമൂഹികപ്രവര്‍ത്തകയുമാണ് ശ്രുതി. 1998- മുതലേ കോണ്‍ഗ്രസ് അംഗമാണ്. പിതാവ് കിഷോര്‍ ചന്ദ്ര ദേവിന്റെ പ്രചാരണത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ട് മുന്‍ തിരഞ്ഞെടുപ്പുകളില്‍ സജീവമായിരുന്നു.
സ്വാഭാവികമായും ഇത്തവണ അച്ചടക്കമുള്ള, കഴിവുറ്റ പ്രവര്‍ത്തക എന്ന നിലയില്‍ ശ്രുതിക്ക് സീറ്റ് കിട്ടി. അരക്കു മണ്ഡലത്തില്‍ത്തന്നെ. പിതാവ് ടിഡിപിക്കുവേണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനുശേഷം, വാടയ്ക്കെടുത്ത വണ്ടിയില്‍ ഒറ്റയ്ക്കുവന്ന് ശ്രുതിയും പത്രിക സമര്‍പ്പിച്ചു. പ്രചാരണവും ഊര്‍ജിതമാക്കി; വിജയം തനിക്കുതന്നെ എന്നവകാശപ്പെട്ടുകൊ- ണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിനും ഇവിടെ സ്ഥാനാര്‍ഥിയുണ്ട്. അതും ഒരു വനിതയാണ്. സിപിഐ എംഎല്‍എ ആയിരുന്ന ജി. ദേമുദുവിന്റെ മകള്‍ ജി. മാധവി.
മലകളും കുന്നുകളും കാടും ഒക്കെയുള്ള മണ്ഡലമാണ് അരക്ക്. എത്തിച്ചേരാന്‍തന്നെ പ്രയാസമുള്ള സ്ഥലങ്ങളും ഏറെയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുകയാണ് ആദ്യലക്ഷ്യം. അവര്‍ക്കൊപ്പം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളില്‍ചെന്ന് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കും- തന്റെ അജന്‍ഡ ശ്രുതി വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷ തുല്യതയും ലിംഗനീതിയും ശ്രുതിക്കു താല്പര്യമുള്ള വിഷയങ്ങളാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ടുനിരോധനവും ജിഎസ്ടി ഉള്‍പ്പെടെയുള്ള പരിഷ്ക്കാരങ്ങളും വനപ്രദേശം കൂടുതലുള്ള അരക്ക് മണ്ഡലത്തെ പ്രതികൂലമായി ബാധിച്ച കാര്യവും താന്‍ ചൂണ്ടിക്കാട്ടുമെന്ന് അവര്‍ പറയുന്നു. പിന്നാക്കക്കാരാണ് മണ്ഡലത്തില്‍ അധികവും. അവര്‍ക്കു നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം- ശ്രുതീദേവി പ്രകടനപത്രിക വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തില്‍തന്നെ തിരഞ്ഞെടുപ്പ് കഴിയുമെങ്കിലും ഒരുമാസത്തിലധികം കാത്തിരിക്കേണ്ടിവരും ശ്രുതിക്ക് തന്റെയും അച്ഛന്റെയും വിധിയറിയാന്‍. ഫലം വന്നുകഴിയുമ്പോള്‍ അച്ഛന് വീണ്ടും കോണ്‍ഗ്രസിലേക്കു തിരിച്ചുപോകുമോ, അതോ മകള്‍ കാലുമാറുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. ഒരേ കുടുംബത്തിലെ രണ്ടുപേര്‍ എതിര്പാര്ട്ടികള്ക്കുവേണ്ടി കൊമ്പുകോര്‍ക്കുകയാണ്. ആകാംക്ഷയും ഉത്കണ്ഠയും വര്‍ധിക്കുകയാണ് കുടുംബത്തില്‍. വിജയം മാത്രമാണ് ലക്ഷ്യം. കാത്തിരിക്കാം, കുടുംബപ്പോരിലെ വിജയിക്കുവേണ്ടി.