ലെഗ്ഗിങ്സ് ധരിച്ച പെൺകുട്ടികൾക്ക് 4 ആൺമക്കളുടെ അമ്മയെഴുതിയ കത്ത്; വിവാദം
തന്റെ ആൺമക്കൾ ഇപ്പോൾ ഒരു പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അത് പരിഹരിക്കാൻ ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ കഴിയൂവെന്നും പറഞ്ഞുകൊണ്ട് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിലെ പ്രധാന ചർച്ചാവിഷയം. ലെഗ്ഗിങ്സ് ധരിക്കുന്ന പെൺകുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് മരിയൻ വൈറ്റ് എന്ന അമ്മ നോട്ടർഡാം സർവകലാശാല പ്രസിദ്ധീകരിക്കുന്ന സ്റ്റുഡന്റ്സ് ന്യൂസിൽ എഴുതിയ കത്തിന്റെ ചുവടുപിടിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
വിവാദമായ കത്തിങ്ങനെ :-
'' നാലു ആൺമക്കളുടെ അമ്മയായ വിശ്വാസിയായ ഒരു സ്ത്രീയാണ് ഞാൻ. അടുത്തിടെ മക്കളുമായി കൊളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ചകൾ കണ്ടു. ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച സ്ത്രീ ശരീരങ്ങളെ അവഗണിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന ആൺകുട്ടികളെയാണ് അവിടെ കണ്ടത്. എനിക്കാകെ നാണക്കേടു തോന്നി. ഇറുകിപ്പിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളുമണിഞ്ഞ പെൺകുട്ടികളുടെ പിന്നാലെയായിരുന്നു അവിടെയുണ്ടായിരുന്ന ആൺകുട്ടികളുടെ കണ്ണ്.
ഇത്തരത്തിൽ വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾക്ക് ചില നിർദേശങ്ങൾ നൽകാനും അവർ മറന്നില്ല. ഇനിയും ഷോപ്പിങ്ങിനായിറങ്ങുമ്പോൾ നിങ്ങൾ ആൺമക്കളുള്ള അമ്മമാരെക്കുറിച്ചോർക്കുക. അപ്പോൾ ലെഗ്ഗിങ്സിനു പകരം നിങ്ങൾ തീർച്ചയായും ജീൻസേ തിരഞ്ഞെടുക്കൂ.
കത്ത് വലിയ കോളിളക്കം തന്നെയാണ് ക്യാംപസിലുണ്ടാക്കിയത്. തങ്ങളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടെഴുതിയ കത്തിനോട് അവർ പ്രതികരിച്ചതിങ്ങനെ :- ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിനുവേണ്ടി ചില പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പോലും വിദ്യാർഥികൾ മടിച്ചില്ല. ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിച്ചു സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം അഭിമാനപൂർവം ആചരിച്ചത്. ലെഗിങ്സ് ധരിച്ചു കൊണ്ടു നിൽക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവച്ചു.
ലെഗ്ഗിങ്സും യോഗപാന്റും ജിമ്മിലല്ലാതെ പൊതുസ്ഥലങ്ങളിലും ഉപയോഗിക്കുന്നത് സർവസാധാരണമായിട്ട് വർഷങ്ങൾ കുറേയായെങ്കിലും ഇത്തരം വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിനോട് ഇന്നും പലർക്കും യോജിപ്പില്ല. ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നുമുണ്ട്.
വിദ്യാർഥിനികളുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് മുൻപും എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ കത്തു മാത്രം വിവാദമാകാൻ കാരണമെന്താണെന്നാണ് ചില മാധ്യമങ്ങളുടെ സംശയം. വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കാനായിട്ടുള്ള മനപൂർവമുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നു പോലും ചിലർ സംശയിക്കുന്നു.
എന്റെ ശരീരത്തെ സെക്‌ഷ്വലൈസ് ചെയ്യാനല്ല ഞാൻ വസ്ത്രം ധരിക്കുന്നതെന്നാണ് യൂണിവേഴ്സിറ്റിലെ മുതിർന്ന വ്യക്തി നിക്കോൾ വാഡിക് പറയുന്നത്. യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്ന കേറ്റ് ബെർമിങ്ഹാം ലെഗിങ്സ് ധരിച്ച ചിത്രം പങ്കുവച്ചുകൊണ്ടാണ് ഡ്രസ്കോഡിനെപ്പറ്റിയുള്ള നിലപാടുകൾ വ്യക്തമാക്കിയത്. നാഷനൽ വുമൻസ് ലോ സെന്റർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡ്രസ്കോഡുകളുടെ പേരു പറഞ്ഞ് ഉപദ്രവിക്കപ്പെടുന്നത് കൂടുതലും ബ്ലാക്ക് ഗേൾസ് ആണെന്നാണ്.
പെൺകുട്ടികളുടെ ഡ്രസ്കോഡിനെപ്പറ്റി ക്യാംപസിന് പുറത്തു നിന്നൊരാൾ അഭിപ്രായം പറഞ്ഞപ്പോൾ അതിനെതിരെ പോരാടാൻ പെൺകുട്ടികൾക്കൊപ്പം നിന്ന ആൺകുട്ടികളെയും സമൂഹമാധ്യമങ്ങളിലൂടെ പലരും അഭിനന്ദിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂവെന്നു പറഞ്ഞുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചാണ് ഒരു ആൺകുട്ടി ഈ വിഷയത്തിൽ ഫോളോ അപ് ലെറ്റർ എഴുതിയത്. ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമല്ല അവർ ധരിക്കുന്ന വസ്ത്രങ്ങൾ. ഒരു വ്യക്തിക്ക് അവരർഹിക്കുന്ന ബഹുമാനവും അന്തസ്സും ലഭിക്കേണ്ടത് അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല.