ഒരു വിമാനാപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് റഷ്യ. രാജ്യത്തിനു നഷ്ടപ്പെട്ടത് ഏറ്റവും സമ്പന്നയായ വനിതകളിലൊരാളെ. അതും അകാലത്തില്‍, ദുരൂഹമായ ഒരു അപകടത്തിലൂടെ. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകാന്‍ ദിവസങ്ങളോ ഒരുപക്ഷേ മാസങ്ങളോ തന്നെ വേണ്ടിവന്നേക്കാം. കാരണങ്ങള്‍ വ്യക്തമായാല്‍ത്തന്നെ അവയൊന്നും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ പ്രാപ്തവുമല്ല. 

നതാലിയ ഫെലിവ. റഷ്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയുടെ സഹമേധാവി. ഞായറാഴ്ച ജര്‍മനിയില്‍ നടന്ന അപ്രതീക്ഷിത വിമാനാപകടത്തില്‍ നതാലിയ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. 1990-കളിലാണ് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി കളിലൊന്നായി എസ് 7 വളര്‍ന്നത്. സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഓഹരികളും നതാലിയയുടെ ഉടമസ്ഥതയിലാണ്.

എയ്റോഫ്ലോട്ട് എന്ന കമ്പനിക്കുപിന്നില്‍ എസ് 7 കമ്പനിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു; ലോക ബിസിനസ് സമൂഹത്തെതന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടും. എപിക് എല്‍ടി എന്ന ഒറ്റഎന്‍ജിന്‍ വിമാനത്തിലായിരുന്നു നതാലിയയുടെ അവസാനയാത്ര. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിനു തെക്കുപടിഞ്ഞാറ് ഈഗിള്‍ബാഷ് എന്ന വിമാനത്താവളത്തെ സമീപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതും 55- വയസ്സുകാരിയായ നതാലിയയ്ക്കു ജീവന്‍ നഷ്ടപ്പെട്ടതും. 

യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്നും അപകടങ്ങളുടെ കാരണങ്ങളെന്തൊക്കെയെന്നും ഇപ്പോഴും വെളിപ്പെട്ടിട്ടില്ല എന്ന എസ് 7 കമ്പനി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. എസ് 7 സ്ഥാപനത്തിന്റെ അധ്യക്ഷന്‍ വ്ലാഡിസ്‍ലാവ് ഫെലിവിന്റെ ഭാര്യ കൂടിയാണ് നതാലിയ. ജര്‍മിയിലെ ചെറിയ വിമാനത്താവളങ്ങളിലൊന്നാണ് ഈഗിള്‍ബാഷ്. 

ശതാവരിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന കൃഷിയിടത്തിലേക്ക് വീണ് വിമാനത്തിനു തീ പിടിക്കുകയായിരുന്നു. അപകടത്തില്‍ നതാലിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഫ്രാന്‍സിലെ കാനില്‍നിന്നാണ് വിമാനം ഫ്രാങ്ക് ഫര്‍ട്ടിലേക്കു വന്നുകൊണ്ടിരുന്നത്. രണ്ടു യാത്രക്കാരും ഒരു പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ദുരന്തം സംഭവിക്കുന്നതിന് എട്ടുമിനിറ്റ് മുമ്പും പൈലറ്റുമായി എയര്‍ട്രാഫിക് കണ്‍ട്രോളിനു ബന്ധമുണ്ടായിരുന്നു. അസാധാരണായി ഒന്നും സംഭവിച്ചിട്ടുമില്ല. പക്ഷേ പിന്നീട് ദുരന്തത്തിന്റെ വാര്‍ത്തയാണ് ലോകം കേള്‍ക്കുന്നത്. ഇപ്പോഴും നതാലിയയുടെ മരണം സംഭവിച്ച ഞെട്ടല്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എസ് 7 സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും റഷ്യയുടെ ബിസിനസ് സമൂഹത്തിനും. അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ഇനിയുള്ള ദിവസങ്ങളിലെ കാത്തിരിപ്പ്.