മരണത്തിലും സസ്പെന്‍സും സര്‍പ്രൈസും ; വിസ്മയിപ്പിക്കും ഈ ജീവിതം
വാഗ്ദാനം ചെയ്യപ്പെട്ട ചന്ദ്രനെ ഒരിക്കല്‍പ്പോലും ലഭിച്ചില്ലെങ്കിലും സന്തോഷവതിയായിരുന്നു ജെറി കോബ്. വളര്‍ത്തിവലുതാക്കിയ അതേ രാജ്യം വഞ്ചിച്ചു എന്നു തുറന്നെഴുതിയ സാഹസിക സഞ്ചാരി. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിലും ഭൂമിയിലും ആകാശത്തും സ്വന്തം പേര് ആഴത്തില്‍ പതിപ്പിച്ച് ജെറി കോബ് വിടവാങ്ങുന്നു. ഭൂമിയില്‍നിന്ന്. ഒരിക്കലും എത്തിച്ചേരാന്‍ കഴിയാതിരുന്ന ആകാശത്തില്‍നിന്ന്. അമേരിക്കയില്‍നിന്നും.
88-ാം വയസ്സിലാണ് ജെറി കോബിന്റെ അന്ത്യം. മാര്‍ച്ച് 18 ന് ഫ്ലോറിഡയിലാണ് അവര്‍ അന്ത്യശ്വാസം വലിച്ചതെങ്കിലും ഏകദേശം ഒരുമാസത്തിനുശേഷമാണ് മരണവാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. ജീവിതത്തില്‍ എന്നും പുലര്‍ത്തിയ സസ്പെന്‍സും സര്‍പ്രൈസും മരണത്തിലും കാത്തുസൂക്ഷിച്ച സ്ത്രീക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് അമേരിക്ക; ലോകവും.
അസാധാരണമായ നേട്ടത്തിന്റെ ഉടമായിയിരുന്നു വൈമാനികയായ ജെറി കോബ്. പക്ഷേ, ജീവിതത്തിലും മരണത്തിലും അവര്‍ ഓര്‍മിക്കപ്പെടുന്നത് അവര്‍ എന്തു നേടി എന്നതിന്റെ പേരിലല്ല, നേടാതെ പോയതിന്റെ പേരിലാണ്. അതാണ് ആ ജീവിതത്തിന്റെ സവിശേഷത.
ജെറി കോബ് ശ്രദ്ധേയയാകുന്നത് 1961-ല്‍. ബഹിരാകാശ യാത്രികയാനുള്ള അവസാന കടമ്പയും അന്നാണ് അവര്‍ കടക്കുന്നത്. കഠിനമായ ശാരീരിക ശിക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമായിരുന്നു യോഗ്യത. എല്ലാത്തരം പരീക്ഷകളും പരീക്ഷണങ്ങളും അവര്‍ വിജയകരമായി നേരിട്ടു. അവര്‍ക്കൊപ്പം 12 വനിതകള്‍ കൂടിയുണ്ടായിരുന്നു. മൊത്തം 13 പേര്‍.
‘മെര്‍ക്കുറി 13’ എന്ന പേരില്‍ അറിയപ്പെട്ടു ആ യുവവനിതാ സംഘം. അവര്‍ 13 പേര്‍ക്കും എല്ലാ യോഗ്യതയുമുണ്ടായിരുന്നിട്ടും ജെറ്റ് വൈമാനികരായിരുന്ന ഏഴു പുരുഷന്‍മാരെയാണ് നാസ അന്നു തിരഞ്ഞെടുത്തത്. മെര്‍ക്കുറി 13 ലെ ഒരു യുവതിക്കുപോലും യോഗ്യതയുണ്ടായിരുന്നിട്ടും അവസരം ലഭിച്ചില്ല. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട കിട്ടാക്കനികളില്‍ ഒന്നായി. ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനമായി.
വിവേചനമില്ലാത്ത ഒരു തിരഞ്ഞെടുപ്പ്. അതാണു ഞങ്ങള്‍ക്കു വേണ്ടത്. സ്നേഹിക്കുന്ന, ആദരിക്കുന്ന സ്വന്തം രാജ്യത്തിലെ ബഹിരാകാശ ചരിത്രത്തില്‍ ഒരിടം. അതാണു ഞങ്ങള്‍ക്കു വേണ്ടത്....ജെറി കോബ് അന്നും പിന്നീടും പലവട്ടം ഈ വാചകം ആവര്‍ത്തിച്ചു. അവയൊക്കെയും പതിച്ചതു ബധിരകര്‍ണങ്ങളില്‍.
ബഹിരാകാശ യാത്രാ സംഘത്തില്‍ അംഗമാക്കാതെ ജെറി കോബിന് നാസ നല്‍കിയത് കണ്‍സള്‍ട്ടന്റ് എന്ന നിയോഗം. ആ നിയമനത്തില്‍ ക്ഷുഭിതയായതിന്റെ പേരില്‍ ഒരാഴ്ചയ്ക്കുശേഷം അവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസും ലഭിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 1997 ലാണ് ജെറി കോബിന്റെ ആത്മകഥ പുറത്തുവരുന്നത് ‘ജെറി കോബ്-സോളോ പൈലറ്റ് ’ എന്ന പേരില്‍. പുസ്തകത്തിലും ശിക്ഷാനടപടി ഭയക്കാതെ അവര്‍ നാസയ്ക്കെതിരെ ആഞ്ഞടിച്ചു. എന്റെ രാജ്യവും സംസ്കാരവും ബഹിരാകാശത്തുപോകാന്‍ എന്നെ അനുവദിച്ചില്ല...എന്നായിരുന്നു അവരുടെ വേദന നിറഞ്ഞ വാക്കുകള്‍.
ബഹിരാകാശത്തു പോയില്ലെങ്കിലും ആമസോണ്‍ കാടുകളില്‍ മനുഷ്യത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത വൈമാനികയായി ജോലി ചെയ്യുകയായിരുന്നു വര്‍ഷങ്ങളോളം ജെറി കോബ്. 1963 ല്‍ത്തന്നെ സോവിയറ്റ് യൂണിയന്‍ ആദ്യത്തെ സ്ത്രീയെ ബഹിരാകാശത്ത് അയച്ചിരുന്നു; വലന്റിനെ തെരഷ്ക്കോവ. നാസയാകട്ടെ പിന്നെയും കാത്തിരുന്നു- 1983 വരെ. പ്രായമേറെയായി വയോധികയായിട്ടുപോലും ജെറി കോബ് തന്റെ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. പിന്നെയും പല തവണ അവര്‍ ചില ശ്രമങ്ങള്‍ കൂടി നടത്തിനോക്കുകയും ചെയ്തു. പക്ഷേ, എല്ലാം വിഫലമായി.
അമേരിക്കയിലെ ഓക്‌ലഹാമയില്‍ 1931 മാര്‍ച്ച് അഞ്ചിനാണ് ജെറി കോബ് ജനിക്കുന്നത്. ഒരു സൈനിക വൈമാനികന്റെ രണ്ടാമത്തെ മകളായി. 12-ാം വയസ്സില്‍തന്നെ പിതാവിന്റെ ചെറുവിമാനം പറത്തിയ ജെറി നാലുവര്‍ഷത്തിനുശേഷം പൈലറ്റ് ലൈസന്‍സും സ്വന്തമാക്കി.
നടക്കാതെപോയ സ്വപ്നത്തിന്റെ രക്തസാക്ഷിയായിരുന്ന അവരെക്കുറിച്ച് അമേരിക്കന്‍ ടെലിവിഷനില്‍ ഇപ്പോഴും ഒരു ഷോ നടക്കുന്നുണ്ട്- അവര്‍ അവള്‍ക്ക് വാഗ്ദാനം ചെയ്തത് ചന്ദ്രനെ...എന്ന പേരില്‍. 1969ല്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ നൃത്തം ചെയ്തതിനെക്കുറിച്ച് അവര്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ആ നൃത്തച്ചുവടുകള്‍ ലോകമറിയുന്ന നൃത്തമായി മാറിയില്ലെന്നുമാത്രം.
ഞാനൊരിക്കല്‍ ആഗ്രഹിച്ചിരുന്നു; ചന്ദ്രനില്‍ കാലു കുത്തുന്നതിനെക്കുറിച്ച്. ഞാനും എന്റെ സഹ വനിതാ വൈമാനികരുമായി. അവിടെനിന്ന് നമ്മുടെ പ്രിയപ്പെട്ട ഭൂമിയെ നോക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ ഞാന്‍ എത്തിപ്പെട്ടതോ ആമസോണ്‍ കാടുകളില്‍; സഹജീവികളെ സഹായിച്ചുകൊണ്ട്. ഞാന്‍ സന്തോഷവതിയാണ്..ദൈവമേ ഞാന്‍ എന്നും സന്തോഷവതിയായിരുന്നു.....
എന്നും ചിരിക്കുന്ന ഒരു നക്ഷത്രമായി ഭാവി തലമുറകള്‍ ജെറി കോബിനെ ഓര്‍മിക്കും; പ്രചോദനത്തിന്റെ തിളങ്ങുന്ന ചക്രവാളത്തിലെ ദിവ്യനക്ഷത്രമായി.