മക്കളുടെ സ്കൂൾബാഗും ചുമലിലേന്തി സ്കൂൾ ബസ് കാത്തു നിൽക്കുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരും നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാൽ ദക്ഷിണ കൊറിയയിൽ മഞ്ഞച്ചായമടിച്ച ബസുകളില്‍ തങ്ങളുടെ പേരക്കുട്ടികള്‍ക്കൊപ്പം സ്കൂള്‍ ബാഗും തൂക്കി സഞ്ചരിക്കുന്ന വയോധികരുണ്ട്. കൊച്ചുമക്കളെ സ്കൂളിലാക്കാനല്ല അവർ പോകുന്നതെന്ന് മാത്രം. കൊച്ചുമക്കൾക്കൊപ്പം പഠിക്കാനാണ് അവർ സ്കൂളിലേക്ക് പോകുന്നത്. അവരിലൊരാളാണ് ഹ്വാങ് വോള്‍ ജെം എന്ന സ്ത്രീ. എഴുപതുവയസ്സുകാരി. 

ഹ്വാങ്ങിന് എഴുതാനും വായിക്കാനും അറിയില്ല. കുട്ടിക്കാലത്ത് സ്കൂളില്‍പ്പോകാന്‍ സാധിച്ചിരുന്നില്ല. സമപ്രായക്കാര്‍ സ്കൂളില്‍പ്പോകുമ്പോള്‍ വീടിനടുത്തുള്ള മരത്തിനുപിന്നില്‍നിന്ന് കരയുന്ന സ്വന്തം രൂപം ഇപ്പോഴും അവരുടെ ഓര്‍മയിലുണ്ട്. കാലം മുന്നോട്ടുപോയി. ഹ്വാങ് വിവാഹിതയായി. ആറുകുട്ടികളുടെ അമ്മയായി. സ്വന്തം മക്കള്‍ക്ക് ഒരു ഒരെഴുത്ത് എഴുതാന്‍ കഴിയുക എന്നതും അവരുടെ മോഹമായിരുന്നു. സാധിച്ചില്ല. അതൊരു ദുഃഖമായി മനസ്സില്‍ അവശേഷിക്കുകയും ചെയ്തു. ഇപ്പോള്‍ കുട്ടിക്കാല മോഹം പൂവണഞ്ഞിരിക്കുകയാണ് ഹ്വാങ്ങിന്. 

ഹ്വാങ്ങ് മാത്രമല്ല 56 നും 80 നും ഇടയില്‍ പ്രായമുള്ള മറ്റ് ഏഴുപേരും കൂടെയുണ്ട്. എല്ലാവരും നിരക്ഷരര്‍. അക്ഷരം പഠിക്കാന്‍ കഴിയാത്തതിന്റെ സങ്കടവുമായി ജീവിച്ചവര്‍. അവരൊക്കെ ഇപ്പോള്‍ തങ്ങളുടെ പേരക്കുട്ടികളുമായി ബസില്‍ സ്കൂളിലേക്കു പോകുന്നു. അച്ചടക്കത്തോടെ പഠിക്കുന്നു. കളിചിരികളില്‍ ഏര്‍പ്പെടുന്നു. ഓരോ ക്ലാസ്സിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ പ്രയത്നിക്കുന്നു. 

പ്രതീകാത്മക ചിത്രം

ഒരു സ്കൂള്‍ ബാഗുമായി ഒരിക്കലെങ്കിലും നടക്കുക എന്നതായിരുന്നു എന്റെ മോഹം-ഹ്വാങ്ങിന്റെ വാക്കുകളില്‍ വേദനയുണ്ട്. വൈകിയെങ്കിലും മോഹസാക്ഷാത്കരം സംഭവിച്ചതിന്റെ ആഹ്ലാദവും. ദക്ഷിണ കൊറിയയിലെ വയോധികരെ സ്കൂൾ മുറ്റത്തെത്തിച്ചത് ഒരു പ്രിൻസിപ്പലിന്റെ ബുദ്ധിയാണ്. സ്കൂള്‍ അടച്ചുപൂട്ടാതിരിക്കാൻ  അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ പോംവഴിയാണ് വയോജന വിദ്യാഭ്യാസം.  ആ കഥയിങ്ങനെ :- 

ദക്ഷിണകൊറിയയിലെ ഒരു ഗ്രാമം. സ്കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷണത്തിലാണ്. സ്കൂളില്‍ ചേര്‍ക്കാന്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍. 96 വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള സ്കൂളിന്റെ പ്രിന്‍സിപ്പിലാണദ്ദേഹം. അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. പല ക്ലാസുകളിലും ഒരു കുട്ടി പോലുമില്ല. കേരളത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ കുട്ടികളെ മല്‍സരിച്ചു പിടിച്ച് തങ്ങളുടെ സ്കൂളുകളിലാക്കുമ്പോള്‍ ചില സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്ന അവസ്ഥയല്ല ദക്ഷിണകൊറിയയിലേത്. അവിടെ ഒരു സ്കൂളിലും കുട്ടികളില്ല. 

ജനനനിരക്കിലെ കുറവാണ് കാരണം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു യുവതിക്ക് ഒരു കുട്ടി എന്ന നിലയിലായിരുന്നു ജനനനിരക്ക്. ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റവും വെല്ലുവിളിയാണ്. ഇതേത്തുടര്‍ന്ന് പല സ്കൂളുകളിലും ഒരു കുട്ടിപോലുമില്ല. ഗ്രാമത്തിലൂടെ അല‍ഞ്ഞുനടന്ന പ്രിന്‍സിപ്പല്‍ വേദനയോടെ മനസ്സിലാക്കി-ഒരു കുട്ടിയെയും കണി കാണാന്‍പോലുമില്ല. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരും. ആ നിരാശയില്‍നിന്ന് പുതിയൊരു ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചു; കുട്ടികളില്ലെങ്കില്‍ എന്തുകൊണ്ട് മുതിര്‍ന്നവരെ സ്കൂളില്‍‍ ചേര്‍ത്തുകൂടാ. 

എഴുത്തും വായനയും അറിവില്ലാത്ത നൂറുകണക്കിനുപേര്‍ ഗ്രാമങ്ങളിലുണ്ട്. അറുപതും എഴുപതും ഒക്കെ കടന്നവര്‍. അവരെ സ്കൂളിലേക്കു നയിച്ചാല്‍ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കാം. ആശയം അദ്ദേഹം നടപ്പിലാക്കുകതന്നെ ചെയ്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT