ജയിലറകളിലെ ക്രൂരമാനഭംഗങ്ങൾ; സ്ത്രീ തടവുകാരുടെ ദുരനുഭവങ്ങളിങ്ങനെ
മൈക്കല്‍ ഇന്‍ഫന്റി എന്ന യുവതി ആറു മാസത്തെ തടവിനു ശിക്ഷിക്കപ്പെടുന്നത് 2011ല്‍. കലിഫോര്‍ണിയയിലെ ലിന്‍വുഡ് ജയിലിലാണ് ശിക്ഷാകാലം കഴിച്ചത്. ആറു മാസത്തിനുശേഷം മോചിപ്പിക്കപ്പെട്ട് ഇപ്പോള്‍ 8 വര്‍ഷമായെങ്കിലും സ്വതന്ത്രയാക്കപ്പെട്ടു എന്ന തോന്നല്‍ ഇന്ഫന്റിക്ക് ഇല്ല. അവരിപ്പോഴും തടവിലാണ്. മുറിവുകളുടെ, വേദനകളുടെ, അപമാനത്തിന്റെ നിരാശയുടെ തടവറയില്‍. ആറുമാസത്തെ ജയില്‍ജീവിതത്തിനിടയില്‍ ജയില്‍ ഉദ്യോഗസ്ഥന്മാരില് നിന്നു നേരിട്ട പീഡനവും മാനഭംഗവുമാണ് ഇന്ഫന്റിയെ ഇപ്പോഴും തടവിലാക്കുന്നത്.
ലിന്‍വുഡ് ജയിലില്‍ പീഡിപ്പിക്കപ്പെട്ട ഏകസ്ത്രീയല്ല ഇന്‍ഫന്റി. അവരെപ്പോലെ ആ ജയിലിലേക്ക് നിസ്സാര കുറ്റങ്ങളുടെപേരില്‍ പോകേണ്ടിവന്ന സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട് പറയാന്‍ അപമാനത്തിന്റെ ആയിരക്കണക്കിനു കഥകള്‍. ഇരകളാക്കപ്പെട്ടവരില്‍ പലരും ഇന്ന് ഒരു സംഘനടയുടെ തണലില്‍ തടവുകാരായ സ്ത്രീകള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തുകയും പീഡിപ്പിച്ച ഉദ്യോഗസ്ഥന്മാര്ക്ക് എതിരെ കേസ് നടത്താന്‍ ഇരകളെ സഹായിക്കുകയുമാണ്. അതിനിടെ, ലിന്‍വുഡ് ജയിലില്‍ വച്ചു പീഡിപ്പിക്കപ്പെട്ടതിന്റെ കൂടുതല്‍ ക്രൂരമായ അനുഭവങ്ങളുമായി വീണ്ടും സ്ത്രീകള്‍ രംഗത്തുവരുകയും ചെയ്യുന്നു.
ഇന്ഫന്റിക്ക് ഇപ്പോള്‍ 58 വയസ്സ്. ആറുമാസത്തെ ശിക്ഷാകാലയളവില്‍ ലിന്വുഡില്വച്ച് അവര്‍ പീഡിപ്പിക്കപ്പെട്ടത് രണ്ടു തവണ; രണ്ടു വ്യത്യസ്ത ഉദ്യോഗസ്ഥരാല്‍. അന്നു നടന്ന സംഭവങ്ങള്‍ എട്ടുവര്‍ഷത്തിനുശേഷവും അവരുടെ ഓര്‍മയിലുണ്ട്; ഒരിക്കലും മറക്കാനാകാത്ത ക്രൂരതയായി.
2011 സെപ്റ്റംബര്‍ മാസം. ഇന്‍ഫന്റി ലിന്‍വുഡില്‍ എത്തിയിട്ട് അഞ്ചുമാസമായി. ഒരു വൈകുന്നേരം ജയില്മുറിയിലെത്തിയ ഉദ്യോഗസ്ഥന് തന്നോടൊപ്പം വരാന്‍ ഇന്ഫന്റിയോട് ആവശ്യപ്പെട്ടു. ജയില്‍ കെട്ടിടത്തിന്റെ ശൂന്യമായ ഒരു മൂലയിലേക്കാണ് കൊണ്ടുപോയത്. കുട്ടികളില്ലാത്ത ക്ലാസ്സ്മുറിയെപ്പോലെ തോന്നിപ്പിക്കുന്ന മുറിയിലേക്ക്. അവിടെ ഭിത്തിയില്‍ ചാരിനില്ക്കാന് ആവശ്യപ്പെട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു.
‘മുറിയിലേക്കു തിരികെ നടക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അടുത്ത കുറേ ദിവസങ്ങളിലേക്ക് ഞാന്‍ കുളിച്ചില്ല. അഴുക്കുപുരണ്ടവളെപ്പോലെ, വൃത്തികെട്ട അവസ്ഥയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിയുകയായിരുന്നു’. ആക്രമണത്തിനുശേഷം മാറ്റാന്‍ മറ്റൊരു അടിവസ്ത്രം പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല. ആരോടും ഒന്നും പറഞ്ഞില്ല. ഒറ്റപ്പെട്ടവളെപ്പോലെ, ഏകാന്തതയില്‍ കരഞ്ഞുകൊണ്ട് വേദനിച്ചുകഴിച്ചുകൂട്ടിയ ദിവസങ്ങള്‍.
ഡിഗ്നിറ്റി ആന്‍ഡ് പവര്‍ നൗ എന്ന സംഘടനയുടെ ഭാഗമായി ഇപ്പോള്‍ എല്ലാ വരാന്ത്യത്തിലും ഇന്‍ഫന്റി ലിന്‍വുഡ് ജയിലില്‍ പോകും. തടവുകാരോട് സംസാരിക്കും. അക്രമങ്ങളെ ചെറുക്കാനും ഇരകളായവര്‍ക്ക് നിയമസഹായം ലഭ്യമാക്കാനും സഹായിക്കും. ആക്രമണത്തിന്റെ ശാരീരിക വേദന മാത്രമല്ല നിസ്സഹായരാക്കപ്പെട്ടതിന്റെ , അധികാരത്തിന്റെ ശക്തിക്കു മുന്നില്‍ ദുര്‍ബലമാക്കപ്പെട്ടതിന്റെ വേദന കൂടിയാണ് ഓരോ തടവുകാരും അനുഭവിക്കുന്നത്.
പലപ്പോഴും ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇന്‍ഫന്റി പെട്ടെന്ന് പൊട്ടിക്കരയും. ജോലിയില്‍ ശ്രദ്ധിക്കാനാവില്ല. മനസ്സില്‍ മുഴുങ്ങുന്നതുമുഴുവന് അന്നത്തെ നിലവിളികളും അപമാനവും. ഇന്‍ഫന്റി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പോരാട്ടങ്ങളെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി പ്രാദേശിക പത്രങ്ങളില്‍ ലിന്‍വുഡില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.
രണ്ടു തടവുകാരെ പീഡിപ്പിച്ചതിന്റെ പേരില്‍ രണ്ടുവര്‍ഷം മുമ്പ് ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്കോട്ടി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. അതിനുശേഷം കൂടുതല്‍ സ്ത്രീ തടവുകാര്‍ അയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവന്നു. പലവിധ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയും സ്ത്രീതടവുകാര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടിവരുന്ന അനുഭവങ്ങളുമുണ്ട്. ആഹാരം കൂടുതല്‍ കിട്ടാന്‍വേണ്ടിയും സന്ദര്‍ശിക്കാന്‍ എത്തുന്നവരുമായി സംസാരിക്കാന്വേണ്ടിയും ഒക്കെ വഴങ്ങിക്കൊടുക്കേണ്ടിവരുന്ന അവസ്ഥ.
32 വയസ്സുകാരിയായ തമേഷിയാ ഗ്രീന്‍ എന്ന യുവതിക്കു പറയാനുള്ളത് വ്യത്യസ്തമായ കഥ. അവര്‍ക്ക് ശാരീരികാക്രമണം നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ ആഹാരം കൂടുതല്‍ കിട്ടാന്‍വേണ്ടി ജയില്‍മുറിയില്‍ നഗ്നയായി നടക്കേണ്ടിവന്നിട്ടുണ്ട്. ശരീരത്തില്‍ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ല. പകരം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയിരുന്നത് നഗ്നശരീരം കാണുന്നതിന്റെ സന്തോഷം.
37 ദിവസം ലിന്‍വുഡില്‍ കഴിയേണ്ടിവന്ന ലെസ്ലി ഷ്വാര്‍ട്സ് എന്ന യുവതി ഉദ്യോഗസ്ഥരും യുവതികളും കൂടി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിച്ച് ജയില്‍ നിയമങ്ങള്‍ ലംഘിക്കുന്നതിന് ഒന്നിലധികം തവണ സാക്ഷിയായിട്ടുണ്ട്. അനുകൂല്യങ്ങള്ക്കുവേണ്ടിയാണ് പലപ്പോഴും തടവുകാര്‍ ഉദ്യോഗസ്ഥരുടെ ആഗ്രഹങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുന്നത്. 49 വയസ്സുകാരി ഏപ്രില്‍ വിലെസ്റ്റാസ്, എലിസബത്ത് സ്വവോവാള എന്നീ യുവതികള്‍ക്കും പറയാനുണ്ട് ലിന്വുഡില്വച്ച് അനുഭവിക്കേണ്ടിവന്ന ക്രൂരതകളും അപമാനങ്ങളും പീഡനങ്ങളും.
കുറ്റമെന്തുമായിക്കോട്ടെ, ഒരിക്കല്‍ ജയിലിലായാല്‍ പിന്നെ മനുഷ്യാവകാശങ്ങളൊന്നും തടവുകാര്‍ക്ക് വിധിച്ചിട്ടില്ലെന്ന രീതിയിലാണ് പലപ്പോഴും ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. അതാണു ലിന്‍വുഡില്‍ സംഭവിക്കുന്നതും ചെറിയ കാലയളവിലെ ശിക്ഷ കഴിഞ്ഞു തിരിച്ചിറങ്ങുന്നവര്‍ ജീവിതകാലത്തേക്കു മുഴുവന്‍ വേദനയുടെ തടവറയില്‍ കഴിയേണ്ടിവരുന്ന പൈശാചികത.