ഇരകൾ സ്വകാര്യവിവരങ്ങൾ പൊലീസിനു കൈമാറണം; വിവാദം കത്തുന്നു
ഇരകളാക്കപ്പെട്ടതിനു പുറമേ സംശയത്തോടെ നോക്കുകയും വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്നു പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടം സ്ത്രീകൾ പ്രതിഷേധിക്കുന്നത്. അതിനുവേണ്ടി നിയമങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ ചെറുത്തുതോല്‍പിക്കാന്‍ ഞങ്ങളുണ്ടാകും എന്നാണ് ബ്രിട്ടനിലെ തെരുവുകള്‍ കീഴടക്കിക്കൊണ്ട് സ്ത്രീകള്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നത്. ഇരകള്‍ക്കുവേണ്ടി സംസാരിക്കുകയാണ്. അടുത്തിടെ പ്രാബല്യത്തിലായ ഒരു നിയമമാണ് അവര്‍ തെരുവുകളില്‍ ഇറങ്ങാന്‍ കാരണം. പൊതുജനങ്ങളും സന്നദ്ധസംഘടനകളും മാത്രമല്ല, പൊലീസിലും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും കൂടി പുതിയ നിയമത്തെ എതിര്‍ക്കുന്നു. പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു.
പീഡനവും ലൈംഗികാക്രമണവും ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അവരുടെ മൊബൈല്‍ ഫോണുകളും സമൂഹമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങളും പൊലീസിനു കൈമാറണമെന്ന് പുതിയ നിയമം അനുശാസിക്കുന്നത്. ഇ മെയ്‍ലുകള്‍, സ്വകാര്യ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്കു കൈമാറണം. അന്വേഷണവും വിചാരണയും നീതിയുക്തമായി നടപ്പാക്കാനാണ് പുതിയ നിയമം എന്നു പറയുമ്പോഴും ഇരകളെ സംശയദൃഷ്ടിയോടെ കാണുകയും അവരെ വീണ്ടും പീഡിപ്പിക്കുകയും ചെയ്യുന്നതിനു തുല്യമാണ് പുതിയ നിയമമെന്നു പറയുന്നു സ്ത്രീ സംഘടനകള്‍. കോടതിയില്‍ നിയമം ചോദ്യം ചെയ്യാന്‍ തന്നെയാണ് അവരുടെ തീരുമാനം. സ്വകാര്യവിവരങ്ങള്‍ കൈമാറുന്നത് ഇരകളുടെ മുന്‍കാല ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. ഇതും വിവേചനപരമാണെന്നും അനീതിയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
പഴയ കാലത്തിലേക്കാണ് നമ്മള്‍ പോകുന്നത്. പരാതിപ്പെടുന്നവരെ കുറ്റവാളികളായി കാണുന്ന പഴയ കാലത്തിലേക്ക്- സെന്റര്‍ ഫോര്‍ വിമന്‍സ് ജസ്റ്റിസ് ഡയറക്ടര്‍ ഹാരിയറ്റ് വിസ്ട്രിച്ച് പറയുന്നു. 2017 ല്‍ ഒരു അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് നേരിടേണ്ടിവന്ന ശക്തമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അവസാന നിമിഷം പുതിയ തെളിവുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ചില പീഡനക്കേസുകള്‍ അന്നു കോടതികളില്‍ തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിരുന്നില്ല. ലിയാം അലന്‍ എന്ന വിദ്യാര്‍ഥിയുടെ കേസിലും സമാനസംഭവം ഉണ്ടായി. മൊബൈല്‍ ഫോണില്‍ വന്ന ഒരു തെളിവാണ് അന്ന് കേസ് തോല്‍ക്കാന്‍ കാരണമായത്. തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അലന്റെ വാദം. പക്ഷേ, മൊബൈല്‍ ഫോണ്‍ വില്ലനായി.
മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടാബ്‍ലറ്റുകള്‍, സ്മാര്‍ട് വാച്ചുകള്‍ എന്നിവ അന്വേഷണത്തില്‍ നിര്‍ണായകമാണ്. ഇവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയാല്‍ കേസ് തെളിയിക്കാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് നിയമം കൊണ്ടുവന്നവരുടെ വാദം.
ഏഴു സ്ത്രീകളില്‍ ഒരാള്‍ എന്ന നിലയില്‍ ബ്രിട്ടനില്‍ ലൈംഗികാക്രമണം നടക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈംഗികാക്രമണം നടക്കുന്ന രാജ്യങ്ങളില്‍ മുന്നിലുമാണ് ബ്രിട്ടന്‍. പല രാജ്യങ്ങളും അനുമതിയില്ലാത്ത ലൈംഗിക ബന്ധത്തെ ശാരീരികാക്രമണം മാത്രമായി കാണുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്പിലെ എട്ടുരാജ്യങ്ങള്‍ മാത്രമാണ് അനുമതിയില്ലാത്ത ലൈംഗിക ബന്ധത്തെ പീഡനമായി അംഗീകരിച്ചിരിക്കുന്നത്. എങ്കിലും വ്യക്തിവിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് സ്ത്രീകള്‍തന്നെ രംഗത്തുവന്നതോടെ പുതിയ കരിനിയമവും സംശയത്തിന്റെ നിഴലിലായിരിക്കുന്നു.