അവര്‍ 9 പേരുണ്ടായിരുന്നു, പുരുഷന്‍മാര്‍. പീഡനമാണ് അവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൊച്ചു പെണ്‍കുട്ടികളുള്‍പ്പെടെ 150-ല്‍ അധികം പേരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന കുറ്റം. 2009 ലായിരുന്നു സംഭവം. ഇപ്പോള്‍ 9 പുരുഷന്‍മാരെയും കുറ്റവിമുക്തരാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. പൊതു നീതിന്യായ വ്യവസ്ഥയ്ക്കും സാമൂഹിക, സദാചാര നിയമങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത ശ്രമങ്ങള്‍. പക്ഷേ, അസാധാരണമാണ് ഈ കേസ്. സംഭവത്തിന്റെ നാള്‍വഴികളും.

ബൊളീവിയയിലെ മനിടോബ എന്ന ചെറിയ കോളനിയിലാണ് വിചിത്രവും ദുരൂഹവുമായ പീഡനങ്ങൾ നടന്നതും കുറ്റവാളികൾ പിടിയിലായതും ഒടുവില്‍ അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം അരങ്ങേറിയതും. 1800 പേര്‍ മാത്രമാണ് ഇവിടുത്തെ പ്രദേശവാസികള്‍. കാറുകളും മോട്ടോര്‍ ബൈക്കുകളും ഇപ്പോഴും എത്തിനോക്കാത്ത പ്രദേശമാണ് മനിടോബ. പാട്ടോ നൃത്തമോ മറ്റു വിനോദോപാധികളോ ഒന്നുമില്ല. ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ല. ആധുനിക സംസ്കാരത്തിന്റെ അടയാളങ്ങളൊന്നും കണി കാണാന്‍പോലുമില്ലാത്ത നഗരം.

രാവിലെ മുതല്‍ രാത്രി വൈകും വരെ കൃഷിയിടങ്ങളില്‍ അധ്വാനിക്കുക. വൈകുന്നേരത്തോടെ വീട്ടിലെത്തുക. പിന്നെ രാത്രിയില്‍ സമാധാനമായി ഉറങ്ങുക. തിക്കും തിരക്കും ബഹളവും വേഗമേറിയ ജീവിതശൈലിയും പരിചിതമായവര്‍ക്ക് മനിടോബയോട് അസൂയ തോന്നാം. പക്ഷേ, പ്രദേശവാസികള്‍ അവരുടെ ജീവിതത്തെ കീഴ്മേല്‍ മറിച്ച ദുരൂഹ സംഭവങ്ങളുടെ ‍ഞെട്ടലിലും.

തുടര്‍ച്ചയായ രാത്രികളിലായിരുന്നു മനിടോബയെ ഞെട്ടിച്ച സംഭവങ്ങള്‍ നടന്നത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ കണ്ടത് തുറന്നുകിടക്കുന്ന വാതിലുകളും തകര്‍ന്നുകിടക്കുന്ന ജനലഴികളും. ലഹരി മരുന്ന് കഴിച്ചാലെന്നപോലത്തെ അസ്വസ്ഥതയോടെയാണ് അവര്‍ ഉണര്‍ന്നത്. സ്ത്രീകളില്‍ പലര്‍ക്കും അവര്‍ ധരിച്ചിരുന്ന അടിവസ്ത്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കൈകാലുകളിലും ജനനേന്ദ്രിയങ്ങളിലും  അസഹനീയമായ വേദന. എന്താണു സംഭവിച്ചതെന്നുതന്നെ പലര്‍ക്കും മനസ്സിലായിരുന്നില്ല.

ബോളീവിയയിലെ ഉള്‍ക്കാടുകളില്‍ ലഭ്യമായ ഒരു ചെടിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മരുന്ന് ബോധം കെടുത്താന്‍ പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഈ മരുന്ന് സ്പ്രേ ചെയ്ത് വീട്ടുകാരെ മയക്കിയതിനുശേഷം പത്തോളം പുരുഷന്‍മാര്‍ കോളനിയിലെ വീടുകളില്‍ അതിക്രമിച്ചുകടന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുകയായിരുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന പാവപ്പെട്ട കര്‍ഷക സ്ത്രീകളാണ് മനിടോബയിലേത്. തങ്ങള്‍ക്കു സംഭവിച്ച അപമാനം അവര്‍ പുറത്തുപറഞ്ഞില്ല. പുറത്തുപറഞ്ഞാലും മറ്റുള്ളവര്‍ വിശ്വസിക്കുമെന്ന് അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അവര്‍ സംഭവം രഹസ്യമാക്കിവച്ചു. പക്ഷേ പല ദിവസങ്ങളിലും പീഡനം അവര്‍ത്തിച്ചതോടെ ചിലരൊക്കെ പരസ്പരം സംസാരിച്ചു. ദുരൂഹതയുടെ മറ നീക്കി കൂട്ടപീഡനം പുറത്തുവന്നു. കേസും അന്വേഷണവുമായി. 9 പേര്‍ അറസ്റ്റിലുമായി.

നടന്ന സംഭവം പുറത്തുപറയാന്‍ മടിച്ച സ്ത്രീകള്‍ കോടതിയില്‍ വിചാരണയുടെ സമയത്ത് കൃത്യമായി സംഭവങ്ങള്‍ വിവരിച്ചു. കുറ്റം തെളിഞ്ഞതോടെ അക്രമികളായ പുരുഷന്‍മാര്‍ ജയിലിലുമായി. 9 പേര്‍ പിടിയിലായെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു. എട്ടുപേരാണ് വിചാരണ നേരിട്ടത്. ഏഴുപേര്‍ക്ക് 25 വര്‍ഷത്തെ ജയില്‍ജീവിതം. മയക്കു മരുന്ന് എത്തിച്ചുകൊടുത്തയാള്‍ക്ക് 12 വര്‍ഷത്തെ തടവും. വര്‍ഷങ്ങളായി ജയിലിലാണെങ്കിലും മനിടോബയിലെ നിയമമനുസരിച്ച് തടവുകാര്‍ക്കും വിവാഹജീവിതമാകാം. പഠിക്കുകയുമാകാം. എട്ടുപുരുഷന്‍മാരും അന്നുമുതല്‍ വാദിക്കുന്നത് അവര്‍ നിരപരാധികളാണെന്നാണ്.

തങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അവര്‍ വാദിക്കുന്നു. പക്ഷേ സ്ത്രീകള്‍ കോടതികളില്‍ കൊടുത്ത മൊഴി അനുസരിച്ച് പിടിയിലായ പുരുഷന്‍മാര്‍ തന്നെയാണ് കുറ്റവാളികള്‍. സംശയലേശമില്ലാതെ സംഭവം തെളിയിക്കപ്പെട്ടതുമാണ്. പക്ഷേ പീഡകരായ പുരുഷന്‍മാര്‍ക്കുവേണ്ടി വാദിക്കുകയാണ് സ്വാധീനശേഷിയുള്ളവര്‍ വരെ.

മനിടോബയില്‍ ജീവിതം ഇപ്പോള്‍ സാധാരണപോലെയാണ്. പുറമെ ശാന്തം. പക്ഷേ ഒരിക്കല്‍ രാത്രിയുടെ ഇരുട്ടില്‍ സംഭവിച്ച പീഡനങ്ങളുടെ വേദന ഇരുന്നൂറോളം സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും മനസ്സില്‍ മായാതെ നില്‍ക്കുന്നു. നിരപരാധിത്വം വാദിച്ചും തെറ്റു ചെയ്തില്ലെന്ന് ആവര്‍ത്തിച്ചും തടവുശിക്ഷ അനുഭവിക്കുന്ന എട്ടു പുരുഷന്‍മാരും. ആധുനിക ലോകത്തില്‍നിന്ന് ഒറ്റപ്പെട്ട ബോളീവിയയിലെ കോളനിയില്‍ ജീവിതം മുന്നോട്ടുതന്നെ.