'പൊന്നുമോനേ വന്ന് ഉമ്മയെ കൊണ്ടുപോടാ' ; ഉള്ളു നീറ്റും ഈ അമ്മ മുഖങ്ങൾ
അമ്മമാരുടെ ദിനത്തില്‍ ഒരു പ്രത്യേക പരിപാടി തയാറാക്കണമെന്ന് മാത്രമായിരുന്നു മനസിലെ ചിന്ത. വയോജനകേന്ദ്രങ്ങളെ ആസ്പദമാക്കി ഇതുവരെ പലയിടത്തും കണ്ടിട്ടുള്ള പതിവ് പരിപാടികളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം എന്ന ആശയമായിരുന്നു തുടക്കത്തില്‍. കൊച്ചി നഗരത്തിലെ വിവിധ വയോജനകേന്ദ്രങ്ങളിലും ഒരു സന്ദര്‍ശനം നടത്തി. പരിപാടിയെക്കുറിച്ച് പറയാതെ അവരുടെ മനസിലെ നൊമ്പരങ്ങള്‍ കേട്ടു. മക്കള്‍ക്കുവേണ്ടി കരഞ്ഞ് കാത്തിരിക്കുന്ന അവരുടെ കരംപിടിച്ച് ധൈര്യം പകര്‍ന്നു. പിന്നെ അമ്മ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അമ്മമാരോട് സംസാരിച്ചു. സമൂഹത്തില്‍ പുറന്തള്ളപ്പെടുന്ന അമ്മമാരുടെ ദയനീയത അവര്‍ തന്നെ വിവരിച്ചു. പോറ്റിവളര്‍ത്തിയ മക്കള്‍ വാര്‍ധക്യത്തില്‍ തെരുവില്‍ തള്ളുമ്പോള്‍ ജന്മം നല്കിയ ഒരമ്മക്കുണ്ടാകുന്ന കഠിനവേദന അനുഭവിച്ചറിഞ്ഞു. അമ്മമാരുടെ സമ്മതത്തോടെ ക്യാമറ ഒാണാക്കി. ഇനിയെങ്കിലും അമ്മമാരെ തെരുവിലോ വയോജന കേന്ദ്രങ്ങളിലോ തള്ളാന്‍ തയാറായി നില്‍ക്കുന്നവരെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പരാതികളില്ലാതെയുള്ള അവരുടെ പിന്മാറ്റം മനസില്‍ എത്ര ദുഖം കടിച്ചമര്‍ത്തിയാണെന്ന് മക്കളെ അറിയിക്കണമെന്ന് കരുതി.
നൂറുകണക്കിന് അമ്മമാരില്‍ നിന്ന് ചില അമ്മമാരിലേക്ക് ക്യാമറ തിരിച്ചു. ക്യാമറാമാന്‍ മഹേഷ് പോലൂര്‍ അവരുടെ വേദനയും ദുഖവും പ്രതിഫലിക്കുന്ന ദൃശ്യങ്ങള്‍ സാവകാശം പകര്‍ത്തി. മൈക്ക് പിടിച്ച് അവര്‍ക്ക് മുന്നിലിരുന്നപ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞു. അമ്മയെ ഒാര്‍ത്തു. നൂറ്റിരണ്ടാം വയസില്‍ മരിച്ച എന്റെ അമ്മച്ചിയെ ഒാര്‍ത്തു. ആശുപത്രിക്കിടക്കയില്‍ അമ്മച്ചിയെ പറ്റിക്കാന്‍ പ്ലാസ്റ്റിക് പൂക്കള്‍ വിരിച്ച് ഒറിജിനലാണെന്ന് പറഞ്ഞ് തര്‍ക്കിച്ചത് ഒാര്‍ത്തു. അമ്മച്ചിയുടെ വാദം വിജയിച്ചപ്പോള്‍ മോണ കാട്ടി കുറേനേരെ ചിരിച്ചത് മനസില്‍ മായാതെ കിടക്കുന്നു. പക്ഷേ എന്തേ ഇവരുടെ മക്കളും കൊച്ചുമക്കളും എങ്ങനെ പെരുമാറിയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
'പൊന്നുമോനേ വന്ന് ഉമ്മയെ കൊണ്ടുപോടാ ' എന്ന ഫാത്തിമ ബീവിയുടെ കണ്ണീരില്‍ കുതിര്‍ന്ന വിളി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മകന്‍ വാങ്ങിക്കൊടുത്ത സാധനങ്ങള്‍, അവന്‍ നല്‍കിയ സ്വത്ത്, അവനെ സ്നേഹിച്ച രീതികള്‍ എല്ലാം ഉമ്മ എണ്ണിപ്പറഞ്ഞപ്പോള്‍ ആ മകനെ ശരിക്കും ഒന്ന് കാണണമെന്ന് തോന്നി. ഒരുപക്ഷേ ആ ഉമ്മയുടെ പിടക്കുന്ന മനസ് അവന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒരിക്കലും ഒരു മകനും ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ആ ഉമ്മയുടെ കരച്ചില്‍ കണ്ടാല്‍ അവന്‍ വരുമെന്ന് എനിക്ക് ഉറപ്പാണ്. ആ ഉമ്മയെ കൂട്ടാന്‍. ഒടുവില്‍ ഉമ്മ പറഞ്ഞവസാനിപ്പിച്ചു, ഇനി അവന്‍ വന്നില്ലെങ്കിലും സാരമില്ല. ഞാന്‍ ഇവിടെ കിടന്ന് മരിച്ചോളാം പൊന്നുമോനെ... നിനക്ക് സുഖമായിരിക്കട്ടെ...കൊച്ചുമക്കള്‍ക്കും.
അമ്മയെ തൊട്ടിട്ട് എത്ര കാലമായി ?
കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു സൗഹൃദ സംഭാഷണത്തിനിടിയില്‍ ഒരാള്‍ ചോദിച്ച ചോദ്യം എല്ലാവരേയും നിശബ്ദരാക്കി. നമ്മുടെ അമ്മയെ തൊട്ടിട്ട് എത്ര കാലമായി..? എല്ലാവരും ചിന്തിച്ചു. ചിലര്‍ പറഞ്ഞു മാസങ്ങളായി, ചിലര്‍ വര്‍ഷങ്ങള്‍ ഒാര്‍ത്തെടുത്തു. ചിലര്‍ക്ക് അമ്മയെ തൊട്ട ദിവസം ഒാര്‍ത്തടുക്കാന്‍ കഴിയുന്നതിലും വിദൂരത്തായിരുന്നു. വലിയ ചിന്തയും ദുഖവുമായി എല്ലാവരും ആ സംഭാഷണം അസാനിപ്പിച്ച് പിരിഞ്ഞു. പക്ഷേ പിന്നീട് എപ്പോഴൊക്കെ ആ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോഴും അത് നൊമ്പരമായി കിടന്നു എല്ലാവരുടേയും മനസില്‍. പലരും അമ്മയെ കെട്ടിപ്പിടിച്ച് മാപ്പുപറഞ്ഞെന്ന് പറഞ്ഞു. ചിലര്‍ വെറുതെ കയ്യില്‍ പിടിച്ചു. ദുരഭിമാനം വിടാതെ ദുഖം മനസിൽ കൊണ്ടുനടന്ന് ചില. ഈ ചോദ്യം ലോകത്ത് ചോദിക്കണമെന്ന് അന്നേ ഞാൻ മനസിൽ കരുതിയാണ്. അമ്മമാരുടെ നൊമ്പരം പകർത്തിയ ശേഷം പരിപാടിയിൽ ഞാന് ഈ ചോദ്യം ഉയർത്തി. പരിപാടി കണ്ട ശേഷം പലരും എന്നെ വിളിച്ചു. പരിഭവിച്ചു. അവരോട്, അമ്മ ജീവിച്ചിരിപ്പുണ്ടേൽ ഒന്ന് ചെന്ന് കയ്യിൽപിടിക്കാൻ പറഞ്ഞു. അവരിൽ എത്രപേർ അമ്മയ്ക്കുമുന്നിൽ ആ ദുരഭിമാനം വെടിഞ്ഞോ എന്തോ ?