വിതുമ്പലടക്കാനാവാതെ തെരേസ മേ; അതിശയത്തോടെ നേതാവിനെ നോക്കി ലോകം
ജനഹിതത്തിന് എതിരുനില്‍ക്കുന്ന നേതാവ്, എത്ര ഉന്നതനാണെങ്കിലും, നേതൃപദവിയില്‍നിന്ന് പുറത്താക്കപ്പെടുക തന്നെചെയ്യും. ചരിത്രം പലതവണ തെളിയിച്ച അനിഷേധ്യ സത്യം. ജനഹിതത്തിന് അനുകൂലമായി നില്‍ക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന നിയമം പാസ്സാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടും അകാലത്തില്‍ അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവരുന്ന നേതാക്കന്‍മാര്‍ ലോകചരിത്രത്തില്‍ അപൂര്‍വമായെങ്കിലുമുണ്ട്. അവരില്‍ ഒരാളാണ് തെരേസ മേ. മൂന്നു വര്‍ഷത്തെ ഭരണത്തിനുശേഷം അധികാരം ഒഴിയുകയാണെന്ന് കണ്ണീരോടെ പ്രഖ്യാപിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി. ജൂണ്‍ ഏഴിന് നേതൃപദവി ഒഴിയുമെന്നാണ് മേ പ്രഖ്യാപിച്ചത്.
മൂന്നു വര്‍ഷം മുമ്പ് 2016 ലാണ് മേ അധികാരമേല്‍ക്കുന്നത്. അന്നുമുതല്‍ കഴിഞ്ഞദിവസം വരെയും ബ്രിട്ടന്‍ ചര്‍ച്ച ചെയ്തതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതും ബ്രെക്സിറ്റ് എന്ന കരാര്‍. മേ അധികാരമേറ്റതിനു പിന്നാലെ ഹിതപരിശോധന നടന്നു. ഭൂരിപക്ഷം ഇംഗ്ലണ്ടുകാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് പിന്തുണച്ചു. അതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി മേ കരാറും ഒപ്പുവച്ചു. പക്ഷേ കരാറിന് അംഗീകാരം നേടിയെടുക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് മേയ്ക്ക് അധികാരമൊഴിയേണ്ടി വന്നിരിക്കുന്നത്.
സ്നേഹിച്ച രാജ്യത്തെ സേവിക്കാന്‍ ചുരുങ്ങിയ കാലമെങ്കിലും അവസരം നല്‍കിയതിന് നന്ദി പറഞ്ഞും പൂര്‍ണമായി മനസ്സിലാക്കപ്പെടാതെപോയതിലുള്ള വേദന പങ്കുവച്ചുമായിരുന്നു ആ വിടവാങ്ങൽ. പാര്‍ലമെന്റിലെ പരാജയത്തെത്തുടര്‍ന്ന് മേ മുമ്പും രാജിസൂചന നല്‍കിയിരുന്നു. ഡിസംബറിലായിരുന്നു ആദ്യം. പിന്നീട് മാര്‍ച്ചില്‍. ഒടുവില്‍ കഴിഞ്ഞ ആഴ്ചയും 10, ഡൗണിങ് സ്ടീറ്റിന്റെ താക്കോല്‍ താന്‍ തിരിച്ചേല്‍പിക്കുകയാണെന്ന സൂചന നല്‍കിയ അവര്‍ വെള്ളിയാഴ്ച ബ്രിട്ടിഷുകാര്‍ക്കുവേണ്ടി ആ വാര്‍ത്ത കാത്തുവച്ചിരുന്നു- പടിയിറങ്ങുകയാണെന്ന അനിവാര്യമായ പ്രസ്താവന.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ആത്മഹത്യാപരമാണെന്നു ചിന്തിച്ചയാളാണ് മേയുടെ മുന്‍ഗാമിയായിരുന്ന ഡേവിഡ് കാമറണ്‍. പക്ഷേ, സ്വന്തം അഭിപ്രായത്തിലുപരി ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ എന്നു പ്രഖ്യാപിച്ചുകൊണ്ട് ജനഹിത പരിശോധന അദ്ദേഹം പ്രഖ്യാപിച്ചു. 52 ശതമാനം എന്ന മാന്ത്രിക സംഖ്യയില്‍ പിന്തുണക്കാരുടെ എണ്ണമെത്തുകയും എതിര്‍ക്കുന്നവര്‍ 48 ശതമാനത്തിനും പിന്നിലാവുകയും ചെയ്തതോടെ മേയുടെ ചുമലിലായി ബ്രിട്ടന്റെ ചരിത്രത്തിലേ വേദനാജനകമായ തീരുമാനം നടപ്പിലാക്കുന്ന ചുമതല.
യഥാർഥത്തില്‍ രാജിയോടെ ഡേവിഡ് കാമറണ്‍ തന്ത്രപ്രധാന തീരുമാനത്തില്‍നിന്ന് കൈ കഴുകുകയാണ് ചെയ്തത്. എല്ലാ ഉത്തരവാദിത്തവും മേയില്‍ ഏല്‍പിക്കുകയും. കാമറണ്‍ അധികാരമൊഴിയുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പ്രമുഖരുടെ പേരുകള്‍ വേറെയുണ്ടായിരുന്നു. അവര്‍ ഓരോരുത്തരായി വിവിധ കാരണങ്ങളാല്‍ പിന്നിലേക്കു പോകുകയും അപ്രതീക്ഷിതമായി മേ മുന്നോട്ടുവരുകയും ചെയ്തപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു ബ്രിട്ടനില്‍.
പക്ഷേ ആ ചരിത്രത്തെ സാഫല്യത്തിലെത്തിക്കാന്‍ കഴിയാതെ പടിയിറങ്ങേണ്ടിവന്നിരിക്കുന്നു മേയ്ക്ക്. ജനഹിത പരിശോധനയ്ക്ക് മുമ്പ് മേ വ്യക്തമായി പറഞ്ഞിരുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനൊപ്പം നല്‍ക്കണം എന്നുതന്നെയായിരുന്നു. അതാണ് രാജ്യത്തിന്റെ ഭാവിക്കു നല്ലതെന്നും അവര്‍ വിശ്വസിച്ചു. പക്ഷേ ജനഹിതം പുറത്തുവന്നതോടെ ആ നയം-സ്വന്തം മനസാക്ഷിക്ക് എതിരായി- നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി മേ.
2017 ല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കാര്യങ്ങള്‍ മേയുടെ വഴിക്കു നീങ്ങുന്നു എന്ന തോന്നലുണ്ടായിരുന്നു. പക്ഷേ, ലേബര്‍ പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടിയതോടെ അവരുടെ സ്വപ്നത്തിന്് തിളക്കം നഷ്ടപ്പെട്ടു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരെ വിശ്വസിപ്പിക്കാന്‍ കഴിയാതെവന്നതോടെ ലേബര്‍ പാര്‍ട്ടി നേതാക്കന്മാരുമായി ചര്‍ച്ച നടത്തി അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കില്‍ അതും പരാജയപ്പെട്ടതോടെ അവര്‍ അവസാന തീരുമാനമെടുത്തു.
ഒടുവില്‍ വെള്ളിയാഴ്ച എത്തി. 10 മണി കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മേ ഡൗണിങ് സ്ട്രീറ്റിനു മുന്നിലെത്തി. രണ്ടാഴ്ചയ്ക്കകം താന്‍ പിന്‍മാറുകയാണെന്ന പ്രഖ്യാപനം വേദനയോടെ വായിച്ചു. ഉറച്ച സ്വരത്തില്‍ വ്യക്മായ ഭാഷയില്‍ പറഞ്ഞുതുടങ്ങിയെങ്കിലും പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചു പറഞ്ഞപ്പോള്‍, തനിക്ക് ആരോടും ശത്രുതയോ വിരോധമോ ഇല്ലെന്നു പറഞ്ഞപ്പോള്‍ അവരുടെ വാക്കുകള്‍ ഇടറി. കണ്ണുകള്‍ നിറഞ്ഞു. വിതുമ്പിപ്പോകാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പ്രസംഗം പൂര്‍ത്തിയാക്കുന്ന നേതാവിനെ ലോകം അതിശയത്തോടെ നോക്കിനിന്നു. ഇനി ബ്രിട്ടന്‍ തീരുമാനിക്കട്ടെ- രാജ്യത്തിന്റെ ഭാവിയും അവരുടെ മുന്‍ വനിതാ പ്രധാനമന്ത്രിയുടെ ഭാവിയും.