കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്കും കുഞ്ഞിനുമൊപ്പം

വിവാഹം കഴിഞ്ഞ സ്ത്രീകളെ കണ്ടാൽ  പലരും ആദ്യം ചോദിക്കുന്നത് വിശേഷമൊന്നുമായില്ലേ എന്നാണ്?. അതിന് വിവാഹം കഴിഞ്ഞിട്ട് മാസങ്ങളോ വർഷങ്ങളോ ആകണമെന്ന നിർബന്ധമൊന്നും അവരിൽ പലർക്കുമില്ല. ഒരാളുടെ തീർത്തും സ്വകാര്യമായ, വ്യക്തിപരമായ ഒരു കാര്യത്തെക്കുറിച്ച് പൊതുവിടങ്ങളിൽ വച്ച് ചോദിക്കുകയും തങ്ങൾക്ക് തൃപ്തികരമായ ഒരു ഉത്തരം ലഭിക്കുന്നതുവരെ ആ ചോദ്യം കൊണ്ട് അവരെ പിന്തുടരുകയും ചെയ്യുന്നവർ സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലുമുണ്ട്.

14 വർഷത്തെ കാത്തിരിപ്പിനു ശേഷം കുഞ്ഞുണ്ടായ സന്തോഷം പങ്കുവയ്ക്കുമ്പോഴും അതിജീവിച്ച കനൽ വഴികളെക്കുറിച്ച് ഓർക്കാതിരിക്കാനാവുന്നില്ല കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്ക്ക്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ വിശേഷം തിരക്കൽകൊണ്ട് തന്റെ മനസ്സിൽ മുറിവേൽപ്പിച്ച പല സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്നുണ്ട് പ്രിയ.

ആരാധ്യ പിറന്നു ചോദ്യം നിന്നു

വർഷങ്ങളായി പ്രിയ നേരിട്ട ചോദ്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന സെലിബ്രിറ്റികളാണ് ബോളിവുഡ്താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായ്, ടെന്നീസ് താരം സാനിയ മിർസ, തെന്നിന്ത്യൻ താരം സമാന്ത, ബോളിവുഡ് താരം അനുഷ്ക ശർമ്മ എന്നിവർ. 2007 ൽ ആയിരുന്നു ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം. വിവാഹശേഷം നാലു വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് മകൾ പിറന്നത്. ആ നാലുവർഷവും ബച്ചൻ കുടുംബത്തിലെ മരുമകൾക്ക് പുറംലോകത്തു നിന്നും അനുഭവിക്കേണ്ടി വന്ന പഴികൾക്ക് കണക്കില്ല. ഐശ്വര്യ ഗർഭിണിയാണോ, കുഞ്ഞുണ്ടാകാനുള്ള ചികിൽസയിലാണോ എന്നന്വേഷിച്ചു കൊണ്ട് പാപ്പരാസികൾ ആ കുടുംബത്തിനു പിന്നാലെ നടന്നു.

ചിലർ അതിരു കടന്ന് ഐശ്വര്യയുടെ ഗർഭപാത്രത്തിന് അസുഖമാണെന്ന തരത്തിൽ വരെ സംസാരിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷമ നശിച്ച അമിതാബ് ബച്ചൻ മരുമകളുടെ രക്ഷക്കെത്തിയത്. കുടുംബത്തിലുള്ള സ്ത്രീകളെക്കുറിച്ച് മോശം പറയുന്നത് അവസാനിപ്പിക്കണമെന്ന താക്കീത് അദ്ദേഹത്തിന് നൽകേണ്ടി വന്നു. എന്നിട്ടും ഒളിഞ്ഞും മറഞ്ഞും തുടർന്ന മുറുമുറുപ്പുകൾക്ക് അവസാനമായത് കുടുംബത്തിൽ ആരാധ്യ പിറന്നതോടു കൂടിയാണ്.

കളിക്കളത്തിൽ നിന്ന് വിരമിക്കൂ അമ്മയാകൂ

സ്ത്രീകൾ എത്ര കഴിവുള്ളവരാണെങ്കിലും വിവാഹം കഴിച്ച് കുഞ്ഞിനെ പ്രസവിച്ച് കുടുംബകാര്യങ്ങളുമായി ഒതുങ്ങി കഴിയണം എന്ന ക്ലീഷേയെ ഒറ്റമറുപടി കൊണ്ട് ഒരിക്കൽ പൊളിച്ചടുക്കിയിട്ടുണ്ട് ടെന്നിസ് താരം സാനിയ മിർസ. സാനിയയുടെ ആത്മകഥാ പ്രകാശനവുമായി ബന്ധപ്പെട്ട ഒരു ലൈവ് ഷോയിൽ മുതിർന്ന മാധ്യമപ്രവർത്തകനും ടിവി അവതാരകനുമായ രാജ്ദീപ് സർദേശായിക്ക് സാനിയ നൽകിയ മറുപടിയാണ് അന്ന് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചത്. 2016 ൽ ആയിരുന്നു ആ സംഭവം. അന്ന് 29 വയസ്സുള്ള താരം എന്തുകൊണ്ട് വിരമിക്കുന്നില്ല, അമ്മയാകാനുള്ള തയാറെടുപ്പു നടത്തുന്നില്ല എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ദുബായിയിലോ മറ്റുവിദേശ രാജ്യങ്ങളിലോ ആണോ സെറ്റിലാകാൻ ഉദ്ദേശിക്കുന്നതെന്നും. ഈ കാര്യങ്ങളെക്കുറിച്ചൊന്നും ആത്മകഥയിൽ പരാമർശിക്കുന്നില്ലെന്നും തുടങ്ങി വ്യക്തിപരമായ പലകാര്യങ്ങളും അഭിമുഖത്തിലേക്ക് അദ്ദേഹം വലിച്ചിട്ടതോടെ സാനിയയുടെ ക്ഷമ നശിച്ചു.

ഇപ്പോൾ ഞാൻ സെറ്റിലായതായി താങ്കൾക്ക് തോന്നുന്നില്ലേ എന്നായിരുന്നു സാനിയയുടെ മറു ചോദ്യം. എന്നാൽ ടെന്നീസിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച് സാനിയയുടെ മനസറിയാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു രാജ്ദീപിൻെറ ഉത്തരം. ലോകത്തെ നമ്പർവൺ താരമാകുന്നതാണോ അമ്മയായി വീട്ടിലിരിക്കുകയാണോ മികച്ചത് എന്ന ചോദ്യത്തോടെയായിരുന്നു സാനിയയുടെ മറുപടി. സ്ത്രീയായ ഒരു ടെന്നീസ് താരം എത്ര വിംബിള്‍ഡണ്‍ ജയിക്കുന്നു നമ്പർവൺ ആകുന്നു എന്നതൊന്നും ആർക്കും ഒരു വിഷയമല്ല.

അതുകൊണ്ടൊന്നും ഒരു സ്ത്രീ സെറ്റിൽ ആയി എന്ന് ആരും സമ്മതിച്ചുകൊടുക്കില്ല. സ്ത്രീയായാൽ വിവാഹം കഴിക്കുക പിന്നെ കുഞ്ഞുങ്ങളെ പ്രസവിച്ച് കുടുംബത്തിലിരിക്കുക ഇത് മാത്രമാണ് അവൾ സെറ്റിലായി എന്നതിനുള്ള മാനദണ്ഡം. ഇത് സ്ത്രീകളുടെ ഗതികേടാണ് സാനിയ കത്തിക്കയറി. തൻെറ ആദ്യത്തെ പരിഗണന ടെന്നീസിനോടാണെന്നും അമ്മയാകാൻ തയാറെടുക്കുമ്പോൾ ആ കാര്യങ്ങൾ താൻ തന്നെ പരസ്യപ്പെടുത്തുമെന്നും സാനിയ വ്യക്തമാക്കി.

തന്റെ ചോദ്യം സാനിയമിർസയെ വേദനിപ്പിച്ചു എന്നു തിരിച്ചറിഞ്ഞ രാജ്ദീപ് സർദേശായി കുറ്റബോധത്തോടെ സാനിയ മിർസയോട് ക്ഷമാപണം നടത്തി. ഒരു പുരുഷ അത്‌ലറ്റിനോട് താനൊരിക്കലും ഇത്തരത്തിലൊരു ചോദ്യം ഉന്നയിക്കുകയില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സാനിയയോട് ക്ഷമചോദിച്ചത്. ആദ്യമായാണ് ഒരു മാധ്യമപ്രവർത്തകൻ തെറ്റുതിരിച്ചറിഞ്ഞ് ക്ഷമചോദിക്കുന്നതെന്നും ഇതിൽ തനിക്ക് വളരെയധികം സന്തോഷം തോന്നുന്നുവെന്നുമായിരുന്നു സാനിയയുടെ പ്രതികരണം. 

2018 ൽ ആൺകുഞ്ഞിന്റെ അമ്മയായതോടെയാണ് വിശേഷം ചോദിച്ചുള്ള പാപ്പരാസികളുടെ ശല്യം നിലച്ചത്. പകരം അവർ സാനിയ നല്ല അമ്മയല്ല എന്ന് വരുത്തിത്തീർക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഗർഭം മറച്ചു വയ്ക്കാൻ പറ്റുമോ?

2017 ഡിസംബറിലായിരുന്നു അനുഷ്കയും ക്രിക്കറ്റ് താരം വിരാട് കോലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ പുതിയ ചിത്രം എതാണ് എന്നു ചോദിക്കുന്നതിനു പകരം അമ്മയാകാൻ പോകുന്നത് എപ്പോഴാണ് എന്ന ചോദ്യമാണ് അനുഷകയ്ക്ക് നേരിടേണ്ടി വന്നത്.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ഗർഭിണിയായി എന്ന വ്യാജവാർത്തയോട് അനുഷ്ക സഹികെട്ട് പ്രതികരിച്ചതിങ്ങനെ :- 

''ചില കാരണങ്ങൾ കൊണ്ട് ചെറുപ്പത്തിൽത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാൻ. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന കാര്യം ആർക്കും മറച്ചു വയ്ക്കാനൊന്നും കഴിയില്ല. നിങ്ങൾക്ക് വിവാഹവാർത്ത മറച്ചു വയ്ക്കാൻ സാധിക്കും, പക്ഷേ ഗർഭിണിയാണെന്ന സത്യം മറച്ചുവയ്ക്കാനാവില്ല. ആരെങ്കിലുമൊക്കെ ഗർഭിണിയാണെന്ന് ചില ആളുകൾ ഊഹിച്ചു പറയും. നാലഞ്ചു മാസത്തിനുള്ളിൽ അത് സത്യമല്ലെന്നു മനസ്സിലാകും ഉടൻ തന്നെ അടുത്തിടെ വിവാഹിതയായ മറ്റേതെങ്കിലും പെൺകുട്ടിയെ തേടിപ്പോകും. എന്നിട്ട് അവളെക്കുറിച്ച് വാർത്തയുണ്ടാക്കാൻ തുടങ്ങും.''

ഗർഭം ഉറപ്പിച്ചാൽ ഞങ്ങളെക്കൂടി അറിയിക്കണേ

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം 2017ൽ ആയിരുന്നു. വിവാഹം കഴിഞ്ഞ് അധികനാളുകൾ കഴിയുന്നതിനു മുൻപു തന്നെ താരം ഗർഭിണിയാണെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. താൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായാണ് സമാന്ത പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. ‘അയ്യോ ...അവളോ...അങ്ങനെയെങ്കിൽ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയക്കൂ എന്നായിരുന്നു താരത്തിന്റെ റീ ട്വീറ്റ്.