അതിര്‍ത്തി കടന്ന് ചൈനയിലെത്തുക മാത്രമാണ് അവരുടെ മുന്നിലുള്ള പോംവഴി. രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം. അതാകട്ടെ അവസാനിക്കുന്നത് ദുരിതങ്ങളിലും. മ്യാന്‍മാറിന്റെ വടക്കന്‍ പ്രദേശത്തെ കച്ചിന്‍ ജില്ലയിലുള്ള പെണ്‍കുട്ടികളാണ് ഇങ്ങനെ അവസാനിക്കാത്ത ദുരിതങ്ങള്‍ക്ക് ഇരയായി ജീവിതദുരന്തം അനുഭവിക്കുന്നത്. 

മ്യാന്‍മാര്‍ സര്‍ക്കാരും കച്ചിന്‍ ജില്ലയിലെ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 2011-ല്‍ അവസാനിച്ചു. അന്നുമുതല്‍ പ്രദേശത്ത് നിരന്തരമായി അസ്വസ്ഥതകളാണ്. കൃത്യമായി ജോലിയോ ശമ്പളമോ ഇല്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥ. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചെറിയ പ്രായത്തില്‍തന്നെ അതിര്‍ത്തി കടന്ന് ചൈനയിലേക്കു രക്ഷപ്പെടുന്നു. അവരെ കാത്തിരിക്കുന്നതാകട്ടെ ലൈംഗിക ചൂഷണവും. 

പെണ്‍കുട്ടികളെയും യുവതികളെയും വന്‍തോതില്‍ ചൈനയിലേക്ക് കടത്തുന്നവരുമുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചുള്ള മനുഷ്യക്കടത്ത്. എന്ത് അക്രമം കാണിച്ചാലും തിരിച്ചുപോകാന്‍ ഒരു നാടു പോലും ഇല്ല എന്ന സാഹചര്യം മുതലെടുക്കുകയാണ് ചൈനീസ് പുരുഷന്‍മാര്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ എന്ന മേല്‍വിലാസം കൂടിയാകുമ്പോള്‍ മോചന പ്രതീക്ഷയുമായി എത്തുന്ന മ്യാന്‍മാര്‍ യുവതികൾ അനുഭവിക്കുന്നത്  പറഞ്ഞുതീര്‍ക്കാനാവാത്ത ക്രൂരതകളും പൈശാചികമായ അനുഭവങ്ങളും. 

മ്യാന്‍മര്‍ യുവതികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, അവയൊന്നും ഒരു ഫലവും ഉണ്ടാക്കുന്നില്ല. ലൈംഗിക ചൂഷണവും ക്രൂരതകളും ശമനമില്ലാതെ തുടരുകയും ചെയ്യുന്നു. 

സ്കൂള്‍ വിദ്യാഭ്യാസ കാലം കഴിയുന്നതുവരെയും നിഷ്കളങ്കരായി, നല്ല ഭാവി സ്വപനം കണ്ടു ജീവിക്കുന്നവരാണ് മ്യാന്‍മാറിലെ പെണ്‍കുട്ടികള്‍. സ്വന്തം നാട്ടിലെ രാഷ്ട്രീയ അസ്ഥിരതയാണ് അവരുടെ ഭാവിക്കുമുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നത്. സുരക്ഷിതരായി പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. സംഘര്‍ഷങ്ങളും ബോംബ് സ്ഫോടനങ്ങളുമൊക്കെ പതിവ്. ഏജന്റുമാര്‍ അതോടെ യുവതികള്‍ക്കു മുന്നില്‍ മോഹവല വിരിക്കുന്നു. അകലെ, ചൈനയില്‍ കാത്തിരിക്കുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് വാചാലരാകുന്നു. ചതി തിരിച്ചറിയാതെ ചൈനയിലേക്കു തിരിക്കുന്നവര്‍ക്കാണ് ലൈംഗിക ചൂഷണവും ഗാര്‍ഹിക അതിക്രമങ്ങളുമുള്‍പ്പെടെയുള്ള ചൂഷണം നേരിടേണ്ടിവരുന്നത്. 

ഒരു രാജ്യാന്തര വാര്‍ത്താ ചാനല്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് നടുക്കമുണ്ടാക്കുന്ന സത്യങ്ങളിലേക്ക്. സെങ് റോ എന്ന സ്ത്രീ തന്റെ മകളെ ചൈനയിലേക്ക് കടത്തിയതിനെക്കുറിച്ചു വേദനയോടെ വിവരിക്കുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബത്തിന് ഒരു നിശ്ചിത തുകകൊടുത്തതിനു ശേഷമാ യിരിക്കും പെണ്‍കുട്ടിയെ വാങ്ങുന്നത്. അപ്പോള്‍ ലഭിക്കുന്ന തുകയിലായിരിക്കും കുടുംബം ആശ്വാസം കണ്ടെത്തുന്നത്. പെണ്‍കുട്ടി പ്രതീക്ഷിക്കുന്നതു മികച്ച ഭാവിയും. 

പക്ഷേ കാത്തിരിക്കുന്ന ദുര്‍വിധി തിരിച്ചറിയുന്നതോടെ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയുന്നു. സെങ് കാം മ്യാന്‍മാറിലെ യുവതികള്‍ക്കുവേണ്ടിയുള്ള ഒരു സംഘടനയുടെ ഭാരവാഹിയാണ്. ഇനിയും കൂടുതല്‍ യുവതികള്‍ ചതിയില്‍പ്പെടാതിരിക്കാനുള്ള ബോധവത്കരണത്തിലാണ് സംഘടന ശ്രദ്ധിക്കുന്നത്. മ്യാന്‍മറിന്റെ മികച്ച ഭാവിക്കുവേണ്ടിയും പെണ്‍കുട്ടികളുടെ പുതിയ തലമുറയുടെ സുരക്ഷിതത്വത്തിനുവേണ്ടിയും.