ജോലിസ്ഥലത്തെ സ്ത്രീ–പുരുഷ സൗഹൃദങ്ങളെ മീ ടൂ ബാധിച്ചോ?; പഠനങ്ങൾ പറയുന്നത്
പുതിയ ലോകത്തെ പിടിച്ചുകുലുക്കിയ വിപ്ലവം തന്നെയാണ് മീ ടു വെങ്കിലും ബന്ധങ്ങളെ പുനര്‍നിര്‍വചിച്ച ആ വിപ്ലവം സൃഷ്ടിച്ച ദോഷഫലങ്ങളെയും കാണാതിരുന്നുകൂടാ. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ നടത്തിയ വിപ്ലവമാണ് മീ ടൂ. കാലങ്ങളായി അനുഭവിക്കേണ്ടിവന്ന അനീതികള്‍ക്കെതിരെയുള്ള വൈകാരികമായ വിപ്ലവം.
സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടും എന്ന ഭീതിപോലും മറന്നു നടത്തിയ ആത്മത്യാഗം. ആ വിപ്ലവം ഇപ്പോള്‍ ജീവിച്ചി രിക്കുന്നവര്ക്കുവേണ്ടി മാത്രമല്ല, വരും തലമുറകള്‍ക്കു വേണ്ടിക്കൂടിയാണ്. എങ്കിലും അതേ വിപ്ലവം ജോലിസ്ഥലത്തെ സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയതായി ഈയടുത്തുവന്ന മൂന്നു സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റെന്തിലും ഉപരിയായി ജോലിസ്ഥലത്തെ സൗഹൃദ അന്തരീക്ഷത്തെ നശിപ്പിച്ച മീ ടൂ വിന്റെ അലയൊലികള്‍ പുരുഷന്മാരെ സ്ത്രീകളുമായി അടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടിപരമായ അന്തരീക്ഷത്തെ ഇല്ലാതാക്കിയതിനൊപ്പം സംശയവും വിദ്വേഷവും പ്രതികാരവും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
2018 ഏപ്രിലിലാണ് പ്യൂ സെന്റര്‍ റിസര്‍ച്ച് സര്‍വേ നടത്തിയത്. ആറായിരത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത 55 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും ഒരേസ്വരത്തില്‍ പറയുന്നത് മീ ടൂവിന്റെ കടന്നുവരവോടെ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലാണ് പുരുഷന്മാര് എന്നാണ്. ജോലിസ്ഥലത്തെ പെരുമാറ്റം ഏത് അതിര്‍ത്തികളില്‍ ഒതുക്കിനിര്‍ത്തണമെന്ന കാര്യത്തിലും പലരും അസ്വസ്ഥരാണത്രേ. സര്‍വേയില്‍ പങ്കെടുത്തതില്‍ 28 ശതമാനം പേര് മാത്രമാണ് മീ ടൂ സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കുമെന്ന പ്രത്യാശ പങ്കുവച്ചത്.
ഷെറില്‍ സാന്‍ഡ്ബര്‍ഗിന്റെ ലീന്‍ ഇന്‍ എന്ന സ്ഥാപനവും സമാന സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തുകയുണ്ടായി. അമേരിക്കയിലെ അയ്യായിരം പ്രായപൂര്‍ത്തിയായവരെ പങ്കെടുപ്പിച്ചായിരുന്നു സര്‍വേ. ഫലം സ്ത്രീകളെ നിരാശപ്പെടുത്തുന്നതുതന്നെ. 60 ശതമാനം പുരുഷന്മാരും ജോലിസ്ഥലത്ത് സ്ത്രീകളുടെ സാന്നിധ്യത്തില്‍ അസ്വസ്ഥരാകുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരുമിച്ചു പുറത്തുപോകാന്‍, ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍, ഒന്നിച്ചുള്ള യാത്രകളില്‍ സംസാരിക്കുമ്പോള്‍ ഒക്കെ പുരുഷന്മാരുടെ ചങ്കിടിപ്പു കൂടുകയാണത്രേ. തങ്ങളുടെ പെരുമാറ്റം എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയിലാണവര്‍. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കൊപ്പം ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങളിലും പുരുഷന്മാര് അസ്വസ്ഥരാകുകയും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടത്രേ.
ഹൂസ്റ്റന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനം പുറത്തുവരാനിരിക്കുന്നു. ഈ പഠനത്തില്‍ പറയുന്നതും പുരുഷന്മര് തുറന്നമനസ്സോടെ സ്ത്രീകളുമായി ഇടപഴകാന്‍ വിസമ്മതിക്കുകയാണെന്നാണ്. 27 ശതമാനം പുരുഷന്മാര് സ്ത്രീകളെ ഒറ്റയ്ക്കു കാണാന്‍ വിസമ്മതിക്കുന്നു എന്ന ഞെട്ടിക്കുന്ന ഫലവും ഈ പഠനത്തിലുണ്ട്. അടുത്തിടപഴകേണ്ട ജോലികള്‍ക്ക് ഇനി സ്ത്രീകള്‍ വേണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേരും പറയുന്നത്. കാഴ്ചയ്ക്കു ഭംഗിയും ആകര്‍ഷകത്വവുമുള്ള സ്ത്രീകളെ ജോലിക്കെടുക്കാന്‍ രണ്ടാമതൊന്നാലോചിക്കുമെന്ന് 19 ശതമാനം പേര് അഭിപ്രായപ്പെടുകയുമുണ്ടായി.
ഭൂരിപക്ഷം പുരുഷന്മാര്ക്കും അറിയാം എന്താണ് പീഡനമെന്നും എന്താണു സൗഹൃദമെന്നും. നിഷ്കളങ്കമായി കെട്ടിപ്പിടിക്കുന്നതും ദുരുദ്ദേശ്യത്തോടെ ആലിംഗനം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസവും പുരുഷന്മാര്ക്ക് എന്നതുപോലെ സ്ത്രീകള്‍ക്കും തിരിച്ചറിയാനുള്ള ശേഷിയുണ്ട്. അപ്പോള്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. സ്ത്രീ പുരുഷ ബന്ധങ്ങളിലെ പുതിയ പ്രവണതയ്ക്ക് ആരെയാണ് കുറ്റക്കാരായി കണേണ്ടത് ?
എപ്പോഴാണ് സംസാരിക്കേണ്ടതെന്നും എപ്പോള്‍ നിശ്ശബ്ദരാകണമെന്നും ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേ ണ്ടതില്ല. പെരുമാറ്റ മര്യാദകളും എല്ലാവര്ക്കും അറിയാം. മോശം പെരുമാറ്റവും നല്ല പെരുമാറ്റവും തിരിച്ചറിയാനുള്ള ശേഷിയും എല്ലാവര്‍ക്കുമുണ്ട്. വസ്തുത ഇതായിരിക്കെ, സ്ത്രീകളെ പുരുഷന്മാര് അകറ്റിനിര്‍ത്തുകയും അവരോട് ഇടപഴകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ഒട്ടും ആശാവഹമായ കാര്യമല്ല. ഇവിടെ തെറ്റ് തീര്‍ച്ചയായും പുരുഷന്റെ ഭാഗത്തുതന്നെയാണ്. മീ ടൂ എന്ന പ്രസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തി, സ്ത്രീകളെ ഒഴിവാക്കുകയും അവരുമായുള്ള സമ്പര്‍ക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ഒരുകാലത്തും പുരുഷന്മാരുടെ സന്മസ്സിനെയല്ല കാണിക്കുന്നതും. സ്ത്രീ-പുരുഷന്മാര് സ്വതന്ത്രമായും തുറന്ന മനസ്സോടെയും ഇടപെടാതിരിക്കുമ്പോള്‍ സ്ഥാനപങ്ങളുടെ വളര്‍ച്ചയാണു തടസ്സപ്പെടുന്നതും. അതു സമൂഹത്തിന്റെ പുരോഗതിയെയും ബാധിക്കും.