അമ്മ എന്ന വാക്കുതന്നെ സ്നേഹനിര്‍ഭരമായ വികാരവും അനുഭൂതിയുമാണെങ്കിലും അങ്ങനെയല്ലാത്തവരുമുണ്ട്. ഭാഗ്യഹീനര്‍. ജീവിതം മുഴുവന്‍ ശപിക്കപ്പെട്ട ഓര്‍മകളുമായി കഴിച്ചുകൂട്ടേണ്ടിവരുന്നവര്‍. അവരില്‍ ഒരാളാണ് പ്രശസ്ത അമേരിക്കന്‍ നടി ഡെമി മൂര്‍. വിജയകരമായ കരിയറിന്  ഉടമയാണെങ്കിലും ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും മനസ്സില്‍ ഇന്നും ഉണങ്ങാത്ത മുറിവായി അമ്മയുണ്ട് മൂറിന്റെ മനസ്സില്‍. അത് അങ്ങേയറ്റം ദൗര്‍ഭൗഗ്യകരമായ ഒരു സംഭവവുമായി ബന്ധപ്പെട്ടാണെന്നുമാത്രം. 

അമിത മദ്യപാനിയായിരുന്നു ഡെമി മൂറിന്റെ അമ്മ. മൂറിന് 15 വയസ്സുള്ളപ്പോള്‍ അമ്മ  മകളെ മദ്യപാനകേന്ദ്രങ്ങളില്‍ കൊണ്ടുപോകുമായിരുന്നു. പുരുഷന്‍മാര്‍ തന്നെയും തന്റെ മകളെയും ശ്രദ്ധിക്കാന്‍വേണ്ടിയായിരുന്നു അവരുടെ യാത്രകള്‍. വെര്‍ജീനിയ കിങ് എന്നായിരുന്നു അമ്മയുടെ പേര്. ഒരുരാത്രി മൂര്‍ തനിച്ചു വീട്ടിലെത്തുമ്പോള്‍ ഒരു പുരുഷന്‍ വീടിന്റെ താക്കോലുമായി വാതില്‍ക്കല്‍ നില്‍ക്കുന്നു. അയാള്‍ അന്ന് മൂറിനെ ലൈംഗികമായി ദുരുപയോഗിച്ചു. മാനഭംഗം തന്നെ. ജീവിതത്തിലെ അതിക്രൂരമായ സംഭവം. അപമാനിച്ചതിനുശേഷം അയാള്‍ മൂറിനോട് ചോദിച്ചു: '500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ട്?'

അപ്പോഴാണ് മൂറിന് മനസ്സിലാകുന്നത് അമ്മ തന്നെ വില്‍ക്കുകയായിരുന്നുവെന്ന്. 500 ഡോളറിനുവേണ്ടി. അതേ, അമ്മ മകളുടെ മാനഭംഗത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. ഒരു അന്യപുരുഷനില്‍നിന്ന് 500 ഡോളര്‍ വാങ്ങി, അയാള്‍ക്ക് വീടിന്റെ താക്കോലും കൊടുത്ത് മകളെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുന്ന അമ്മ. അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യ ലൈംഗികാതിക്രമമെന്നും അപമാനമെന്നും മൂര്‍ ഓര്‍മിക്കുന്നു.മാനഭംഗം മാത്രമായിരുന്നില്ല വഞ്ചന കൂടിയായിരുന്നു അന്നത്തെ അനുഭവമെന്നും മൂര്‍ പറയുന്നു. അന്യരല്ല, സ്വന്തം അമ്മയില്‍നിന്നുതന്നെ വഞ്ചിക്കപ്പെട്ട ദയനീയത. 

കുട്ടിക്കാലത്തെ ക്രൂരത മനസ്സില്‍ ഒരിക്കലും മായാത്ത മുറിവ് അവശേഷിപ്പിച്ചെങ്കിലും ഡെമി മൂര്‍ അമേരിക്കന്‍ ചരിത്രത്തിലെ മികച്ച നടിമാരില്‍ ഒരാളായി. അമേരിക്ക ലോകത്തിനു സംഭാവന ചെയ്ത മികച്ച കലാകാരികളില്‍ ഒരാള്‍. പക്ഷേ, ജീവിതത്തില്‍ പിന്നെയും പലവട്ടം വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും മൂര്‍ തുറന്നുപറയുന്നു. ടോം ക്രൂയിസിനൊപ്പം അഭിയനിച്ച 'എ ഫ്യൂ ഗുഡ് മെന്‍' എന്ന സിനിമയുടെ കാസ്റ്റിങ്  നടക്കുന്നു. ഒരു സ്റ്റുഡിയോ എക്സിക്യൂട്ടീവ് മൂറിനോടു ചോദിച്ചു : ലൈംഗികബന്ധങ്ങളുടെ രംഗങ്ങളില്ലെങ്കില്‍ താങ്കളെന്തിനാണ്  ഈ സിനിമയുടെ ഭാഗമായി നില്‍ക്കുന്നത് ? 

ദുരിതം നിറഞ്ഞ കുട്ടിക്കാലവും കഷ്ടപ്പാടിന്റെ കൗമാരവും അധ്വാനത്തിന്റെ യൗവനവും മൂര്‍ എഴുതിക്കഴിഞ്ഞു. ''ഇന്‍സൈഡ് ഔട്ട്'' എന്ന ആത്മകഥയില്‍. ബ്രൂസ് വില്ലിസ്,  കുച്ചര്‍ എന്നിവരുമായുള്ള വിവാഹത്തെക്കുറിച്ചും പുസ്തകത്തില്‍ മൂര്‍ തുറന്നെഴുതുന്നു. പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഡെമി മൂര്‍ തന്റെ ജീവിതത്തിലെ ആദ്യത്തെ മാനഭംഗം, അതും അമ്മ തന്നെ മുന്‍കയ്യെടുത്തത്, തുറന്നു പറഞ്ഞത്.