മീറ്റൂ കൊണ്ടുവന്ന പോസിറ്റീവ് മാറ്റങ്ങൾ ഇങ്ങനെ; കരാറുകൾ നിരോധിക്കപ്പെടുമ്പോൾ
ഉന്നതസ്ഥാനത്തുണ്ടായിരുന്ന ഏതാനും പേരുടെ ജോലി നഷ്ടപ്പെട്ടതിനപ്പുറം മീ ടൂ പ്രസ്ഥാനത്തിന്റെ പ്രത്യാഘാതം എന്തായിരുന്നു എന്ന വിലയിരുത്തല്‍ ലോകമെങ്ങും നടക്കുന്ന സമയമാണിത്. എന്താണ് ശരിക്കും മീ ടൂ പ്രസ്ഥാനം സമൂഹത്തില്‍ വരുത്തിയ മാറ്റം എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ശ്രമം. പ്രത്യേകിച്ചും മീ ടൂവിന്റെ തുടക്കം കുറിച്ച അമേരിക്കയില്‍.
രണ്ടുവര്‍ഷം മുൻപായിരുന്നു മീ ടൂവിന്റെ തുടക്കം. അലീസ മിലാനോ തന്റെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍. പിന്നാലെ ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് അനുഭവ വിവരണങ്ങളുടെ തുടക്കമായി. ഉന്നതസ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ക്കു പോലും രക്ഷയില്ലാത്ത വേട്ടയാടലുകളുടെ കഥകള്‍ തുറന്നു പറഞ്ഞു. ചതിയുടെയും വഞ്ചനയുടെയും മാംസദാഹത്തിന്റെയും ലജ്ജിപ്പിക്കുന്ന അധ്യായങ്ങള്‍. അക്ഷരാര്‍ഥത്തില്‍ ലോകത്തെ പിടിച്ചുകുലുക്കുകയായിരുന്നു മീ ടൂ എന്ന സ്ത്രീകളുടെ തുറന്നുപറച്ചില്‍ പ്രഖ്യാപനങ്ങള്‍.
മീ ടൂ സൃഷ്ടിച്ച ചില ഫലങ്ങള്‍ പെട്ടെന്നു കാണാവുന്നതായിട്ടുണ്ട്. പല രാജ്യങ്ങളും നടത്തിയ നിയമനിര്‍മാണങ്ങള്‍. ഇരകളില്‍ ചിലര്‍ക്കു ലഭിച്ച നഷ്ടപരിഹാരം. പക്ഷേ, അവയില്‍ കൂടുതലായി മീ ടു വരുത്തിയ ഗുണപരമായ മാറ്റങ്ങളുമുണ്ട്. അവയിലൊന്ന് ഒരു കരാറിന്റെ നിരോധനമാണ്.
ലൈംഗിക പീഡനങ്ങള്‍ ഉണ്ടായാലും അവ പുറത്തുവരാത്ത രീതിയില്‍ ഉന്നതര്‍ ഉണ്ടാക്കിയ കരാറുകളാണിവ. അതായത് സംഭവിച്ചതൊന്നും ഒരിക്കലും പുറത്തുപറയില്ലെന്ന കരാര്‍. ഹാര്‍വി വെയ്ൻസ്റ്റീനിന്റെ പീഡനങ്ങളധികവും ഇത്തരമൊരു കരാറിന്റെ മറവിലായിരുന്നു നടന്നത്. വെയ്ൻസ്റ്റീനിന്റെ അസിസ്റ്റന്റായിരുന്നു സെല്‍ഡ പെര്‍കിന്‍സ്. അവര്‍ക്ക് ദുരിതങ്ങളേറെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവയൊന്നും പുറത്തുപറയാനാവില്ലായിരുന്നു. കാരണം അവര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരുകാര്യവും പുറത്തുപറയില്ലെന്ന ഒരു കരാര്‍ ജോലിയുടെ തുടക്കത്തില്‍തന്നെ വെയ്ൻസ്റ്റീൻ സെല്‍ഡയില്‍നിന്ന് ഒപ്പിട്ടു വാങ്ങിയിരുന്നു.
ഇത്തരം കരാറുകള്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളും നിരോധിക്കുകയാണ്. അത് മീ ടൂ കൊണ്ടുവന്ന പ്രധാനമാറ്റങ്ങളി ലൊന്നാണ്. വെയ്ൻസ്റ്റീൻ പലപ്പോഴും നഗ്നനായി സെല്‍ഡയുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അയാള്‍ കുളിക്കുമ്പോള്‍ പോലും സെല്‍ഡയ്ക്കു നോട്ടുകള്‍ പറഞ്ഞുകൊടുക്കുന്ന പതിവുമുണ്ടായിരുന്നു. പക്ഷേ, അവയെല്ലാം മൗനമായി സഹിക്കാനായിരുന്നു അവരുടെ നിയോഗം. കാരണമായത് വെയ്ൻസ്റ്റീന് അനുകൂലമായ കരാര്‍. 20 വര്‍ഷത്തോളം ഹോളിവുഡിലെ കരുത്തനായ നിര്‍മാതാവിന്റെ പീഡനങ്ങള്‍ സഹിച്ച ശേഷം ജോലിയില്‍നിന്നു പുറത്തുവന്നപ്പോള്‍ മാത്രമാണ് സെല്‍ഡ എല്ലാക്കാര്യങ്ങളും പുറത്തുപറഞ്ഞത്.
2018 സെപ്റ്റംബറില്‍ കലിഫോര്‍ണിയ ഇത്തരം കരാറുകള്‍ നിരോധിച്ചു. ഇതിനുപുറമെ ജീവനക്കാര്‍ക്കു ഗുണപരമായ നിയമങ്ങള്‍ പാസ്സാക്കാനും അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങി. വീടുകള്‍ വൃത്തിയാക്കു ന്നവര്‍ മുതല്‍ കുട്ടികളെ നോക്കുന്നവര്‍ വരെയുള്ള അസംഘടിത മേഖലയിലെ സ്വതന്ത്ര തൊഴിലാളികളുടെ പീഡനം തടയാനുള്ള നിയമ നിര്‍മാണമാണ് മറ്റൊന്ന്.
നേരത്തെ ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പീഡനം നടന്നാലും ഒരു നിയമപരിരക്ഷയും ലഭിക്കില്ലായിരുന്നു. കഴിഞ്ഞവര്‍ഷം ഇതിനു മാറ്റം വന്നു. കറുത്ത നിറക്കാരും പാവപ്പെട്ടവരുമായിരിക്കും പലപ്പോഴും ഗാര്‍ഹിക മേഖലയിലെ ജീവനക്കാര്‍. ഇവരാണ് ചൂഷണത്തിന് ഏറ്റവും കൂടുതല്‍ വിധേയരാവുന്നതും. ഇവര്‍ക്കുകൂടി നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നവിധത്തില്‍ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും നിയമനിര്‍മാണമുണ്ടായി.
കലിഫോര്‍ണിയ തന്നെയായിരുന്നു ഇക്കാര്യത്തിലും മുന്നില്‍. 2018-ല്‍ തന്നെ നിയമം ഭേദഗതി ചെയ്ത് കലിഫോര്‍ണിയ തങ്ങളുടെ നാട്ടിലെ ഗാര്‍ഹിക ജോലിക്കാര്‍ക്കും സംരക്ഷണം നല്‍കി. വാഷിങ്ടണില്‍ കഴിഞ്ഞവര്‍ഷം ഗാര്‍ഹിക ജോലിക്കാര്‍ തങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയ സംഭവവുമുണ്ടായി.
പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ പരിരക്ഷ ലഭിക്കാനുള്ള ചെലവ് താങ്ങാനാവാത്തതായിരുന്നു. ഇതു പരിഹരിക്കാനായി ടൈംസ് അപ് എന്ന പേരില്‍ ഒരു കൂട്ടായ്മ തന്നെ രംഗത്തുവന്നു. അവര്‍ ഇരകള്‍ക്ക് സൗജന്യനിയമ സഹായം നല്‍കി. ധനശേഖരണം തുടങ്ങിയതിനുശേഷം അവര്‍ ശേഖരിച്ചത് 24 ദശലക്ഷത്തിലധികം ഡോളര്‍. 3677 പേര്‍ക്ക് അഭിഭാഷകരെ കാണാനും കേസ് നടത്താനുമുള്ള സാഹചര്യവും അവര്‍ ഒരുക്കി.
കുറഞ്ഞ ശമ്പളമാണ് മറ്റു ചിലരെ പീഡനങ്ങള്‍ തുറന്നുപറയുന്നതില്‍നിന്നു വിലക്കിയത്. റസ്റ്റോറന്റുകളിലും മറ്റും ജോലി ചെയ്യുന്നവരായിരുന്നു പലപ്പോഴും ഇരകള്‍. ഉപഭോക്താക്കളില്‍നിന്നു നേരിടുന്ന പീഡനം ഇവര്‍ പുറത്തുപറയാറില്ലായിരുന്നു. കാരണം അതവരുടെ വരുമാനത്തെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ഇതിനു പരിഹാരമായി കുറഞ്ഞ ശമ്പളം നിജപ്പെടുത്തി നിയമം നടപ്പാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
അധികാരത്തെക്കുറിച്ചും സ്വാധീനമുള്ളവരെക്കുറിച്ചുമുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റാണ് മറ്റൊന്ന്. ലൈംഗിക പീഡനം എത്രമാത്രം വ്യാപകമാണെന്ന് അമേരിക്കയ്ക്കു മനസ്സിലാക്കിക്കൊടുത്തത് മീ ടൂ എന്ന പ്രസ്ഥാനമാണ്. അധികാരസ്ഥാനത്തിരിക്കുന്ന പലരും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും.
ഫെഡറല്‍ നിയമങ്ങളില്‍ വന്ന മാറ്റം മുതല്‍ കാഴ്ചപ്പാടിലുണ്ടായ മാറ്റം വരെ അമേരിക്കയില്‍ മീ ടൂ കൊണ്ടുവന്ന മാറ്റം വിവരണാതീതമാണ്. ജോലി നഷ്ടപ്പെടുത്തിയതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല മീ ടൂ. അതിനുപകരം ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ തിരുത്തിക്കുറിച്ച് ഒരു പുതിയ ജീവിതക്രമത്തിനുള്ള ആഹ്വാനമായിരുന്നു മീ ടൂ. ആ അര്‍ഥത്തില്‍ അത് ഏറ്റവും വിപ്ലവകരമായിരുന്നുതാനും.