'ആരാകും ചേച്ചീ എനിക്ക് ഈ പേര് തന്നത്'; വേദനയോടെ വാളയാറിലെ അമ്മ ചോദിച്ചു, ഉള്ളുരുകും കുറിപ്പ്
കണ്ടുകൊതിതീരും മുൻപേ പറക്കമുറ്റാത്ത രണ്ടുപെൺകുഞ്ഞുങ്ങളെ കൈവിട്ടു പോയ വാളയാറിലെ അമ്മയെ കാണാൻ മറ്റൊരു അമ്മ നടത്തിയ യാത്രയുടെ കുറിപ്പ് കണ്ണുകലങ്ങാതെ, നെഞ്ചുവിങ്ങാതെ വായിച്ചു തീർക്കാനാവില്ല. മരിച്ചിട്ടും നീതി നിഷേധിക്കപ്പെട്ട ആ കുരുന്നു പെൺകുഞ്ഞുങ്ങളുടെ അമ്മയെ കാണാൻ, അവരുടെ സങ്കടവാക്കുകൾക്ക് കാതോർക്കാനാണ് മാധ്യമ പ്രവർത്തകയായ രമ്യ ബിനോയ് വാളയാറിലേക്ക് പോയത്.അവിടെ കാത്തിരുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ കണ്ട്, ആ അമ്മയെ കേട്ടു രമ്യ മടങ്ങിയത് മാധ്യമ പ്രവർത്തയുടെ മനസ്സോടെയല്ല മറിച്ച് പെൺകുഞ്ഞിന്റെ അമ്മ മനസ്സോടെയാണ്... വാളയാറിലെ അമ്മസങ്കടങ്ങൾ അമ്മ മനസ്സിന്റെ നോവോടെ പകർത്തിയെഴുതിയ രമ്യയുടെ ഫെയ്സ്‌ബുക്ക് കുറിപ്പിങ്ങനെ :-
''ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടെ നിങ്ങളെൻ മക്കളേ
ഇന്നലെ രാവിലെ നല്ല ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചത് പാലക്കാട്ടെ യൂണിറ്റ് ചീഫ് സുരേഷ് സാറിന്റെ കോളാണ്. "വാളയാർ വരെ ഇപ്പോൾ ഒന്നു പോകാമോ? ആ അമ്മയെ കാണാൻ". സമ്മതം പറയാൻ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. തൊട്ടു പിന്നാലെ വിനോദ് സാറും വിളിച്ചു. കുളിച്ചൊരുങ്ങി കിട്ടിയ വസ്ത്രങ്ങൾ ബാഗിലാക്കി ഇറങ്ങി.
മൂന്നരയോടെയാണ് വാളയാർ അട്ടപ്പള്ളത്ത് എത്തിയത്. ഹൈവേ വിട്ടു കയറിയപ്പോൾ സംശയമായി, ഇതു കേരളമോ? പാലക്കാടിന്റെ തനത് പ്രകൃതത്തെക്കാൾ വരണ്ടുണങ്ങിയ ഭൂപ്രകൃതി. ടാർ റോഡ് കഴിഞ്ഞ് ഇല്ലാവഴികളിലെ കയറ്റിറക്കങ്ങൾ പിന്നിട്ട് കാർ നിർത്തി. ചുറ്റും കുറെ വാഹനങ്ങൾ. ആ വീട്ടിലേക്കുള്ള ഒറ്റയടിപ്പാത നിറയെ ആളുകൾ.
മുറ്റത്തേക്ക് കയറും മുൻപ് കണ്ണിൽപ്പെട്ടത് ആ ഷെഡാണ്. ഇത്തിരിപ്പോന്ന രണ്ടു പെൺകുട്ടികൾ കേരളത്തിന്റെ മനസാക്ഷിക്കു മുന്നിൽ തൂങ്ങിയാടിയ ഷെഡ്. ഒരു നിമിഷം, മരിച്ച മൂത്ത കുട്ടിയുടെ അതേ വിളിപ്പേരുകാരിയായ, അതേ പ്രായക്കാരിയായ എന്റെ മകളെ ഓർത്ത് നെഞ്ചൊന്നു പിടച്ചു.
സന്ദർശകർക്ക് ഉത്തരം പറഞ്ഞു കൊണ്ട് ആ അച്ഛനും അമ്മയും വീടിന്റെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. എന്നെ പരിചയപ്പെടുത്തിയപ്പോൾ കരച്ചിലിനോട് കൂടുതൽ സാമ്യമുള്ള ചിരി അമ്മയുടെ മുഖത്ത്. തിരക്കിനിടയിലൂടെ എന്നെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
എന്തു പറയണമെന്ന് അറിയാതെ ഏതാനും നിമിഷങ്ങൾ...
പിന്നെ, ഞങ്ങൾ രണ്ട് അമ്മമാർ മാത്രമായി. കുഞ്ഞുങ്ങളെ നേരാംവണ്ണം സൂക്ഷിക്കാൻ അറിയാത്തവൾ എന്നു തുടങ്ങി താൻ കേട്ട ഓരോ കുത്തുവാക്കുകളും അവർ കണ്ണീരോടെ പങ്കുവച്ചു. അതിൽ എവിടെയൊക്കെയോ ഞാനെന്ന അമ്മയും ഉണ്ടായിരുന്നു, ഏജൻസിയിൽ നിന്നെത്തിയ അപരിചിതരായ സ്ത്രീകളുടെ കയ്യിൽ കുഞ്ഞുങ്ങളെ ഏൽപ്പിച്ചു ജീവിക്കാൻ ഓടിയവളാണല്ലോ ഞാനും. ആയമാരിൽ പലരെയും അന്വേഷിച്ചു ഭർത്താക്കന്മാരോ കാമുകന്മാരോ വന്നപ്പോഴൊക്കെ മകളുടെ സുരക്ഷയോർത്ത് "പുരുഷന്മാർ ഇവിടെ വരാൻ പറ്റില്ല" എന്നു കണ്ണിൽ ചോരയില്ലാതെ കലഹിച്ചവളാണ്. വിധിയെഴുത്തുകൾ എത്രമേൽ ആപേക്ഷികമാണല്ലേ. അവനവൻ അനുഭവിക്കാത്തതൊന്നും സത്യമല്ലെന്ന് വിധിയെഴുതാൻ എത്ര എളുപ്പം...
സംസാരത്തിനിടയിൽ ആ അമ്മ എഴുന്നേറ്റ് അലമാര തുറന്ന് കുറച്ചു ചിത്രങ്ങൾ എടുത്തു നീട്ടി.
ആ കുരുന്നുകൾ...
എന്റെ ദൈവമേ... ഒരിക്കലെങ്കിലും അവരെ കണ്ടവർ ആരും പറയില്ല അവർ ആത്മഹത്യ ചെയ്തുവെന്ന്.
അന്വേഷകരേ... നിങ്ങളാ ചിത്രങ്ങൾ കണ്ടിരുന്നുവോ... പ്രത്യേകിച്ച് ആ ചെറിയ കുട്ടി. അത്രയ്ക്ക് ചെറുതാണവൾ... ഇല്ല, കുഞ്ഞുങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല അവർ ആത്മഹത്യ ചെയ്തുവെന്ന്...
പിന്നെ ആ അമ്മ ഒരു ജോഡി പാദസരങ്ങൾ പുറത്തെടുത്തു.
" ---വിന്റെ പാദസരങ്ങളാ..."
(എന്റെ ഉള്ളിലും ഒരു കാൽത്തള കിലുക്കം. അമ്മുവിന്റെ കുട്ടിക്കാലത്ത് വികൃതിപ്പെണ്ണ് പോവുന്ന വഴികൾ അടയാളപ്പെടുത്താൻ അവളെ നിറയെ മണികളുള്ള പാദസരം അണിയിച്ചിരുന്നത് ഓർമ വന്നു)
പിന്നെ ഏതൊരു അമ്മയെയും പോലെ തന്റെ കുഞ്ഞുങ്ങളുടെ നന്മകൾ അവർ പറഞ്ഞു. മക്കൾ തന്നെ, താനവരെ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന്. അമ്മയെ അടുക്കളയിൽ വരെ സഹായിച്ചിരുന്നു ആ കുട്ടികൾ. അച്ഛനും അമ്മയുമാകട്ടെ കോൺക്രീറ്റ് പണിക്കു പോകുമ്പോൾ കിട്ടുന്ന സ്പെഷ്യൽ ഭക്ഷണം കഴിക്കാതെ മക്കൾക്കായി സൂക്ഷിച്ചു വച്ച് കൊണ്ടുവന്നിരുന്നു.
കുട്ടികൾ മരിക്കുന്ന കാലത്ത് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് തോന്നുന്നു. പക്ഷാഘാതം വന്ന് അച്ഛൻ കിടപ്പിലായിരുന്നു. അമ്മയ്ക്ക് എന്നും പണിയില്ല. തൊഴിലുറപ്പ് ജോലിക്ക് പോയാൽ കൂലി കിട്ടുന്നത് പല മാസങ്ങൾ കൂടുമ്പോഴാണ്. "കുഞ്ഞുങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാഞ്ഞിട്ടാണ്. നമ്മളൊക്കെ ഇങ്ങനെയാണോ മക്കളെ വളർത്തുന്നത് " എന്നൊക്കെ മാറിനിന്ന് അഭിപ്രായങ്ങൾ തട്ടിമൂളിക്കുന്നവർ വല്ലപ്പോഴുമെങ്കിലും ആകാശക്കോട്ടകൾ വിട്ട് ഭൂമിയിലേക്ക് ഇറങ്ങി വരണം. എന്നാലേ ഇവരെയൊക്കെ ശരിയായി കാണാൻ കഴിയൂ...
സംസാരിച്ചിരിക്കെ പെരുമഴ പെയ്യാൻ തുടങ്ങി. മാധ്യമ പ്രവർത്തക എന്നതിനപ്പുറം ഒരു പാരസ്പര്യം തോന്നിയതു കൊണ്ടാകണം, അവർ തന്റെ കുട്ടിക്കാലം മുതലുള്ള ജീവിതം എനിക്ക് മുന്നിൽ തുറന്നു വച്ചു. ദുരിതക്കടലിൽ കര കാണാതെ അലയുന്ന തന്റെ ജീവിതത്തെ കുറിച്ച് അവർ തന്നെ പറഞ്ഞ ഒരു വാചകമുണ്ട്.
(Fortune എന്ന് അർഥമുള്ള പേരാണ് അവരുടേത്)
"ആരാകും ചേച്ചീ എനിക്ക് ഈ പേര് തന്നത്. എന്തൊരു സങ്കടം പിടിച്ച ജീവിതമാ ഇത്..."
അവർ പറഞ്ഞു നിർത്തിയപ്പോൾ മഴ തോർന്നിരുന്നു. മുറ്റത്ത് ഇറങ്ങിയപ്പോൾ ആ ഷെഡ് വീണ്ടും കൺമുന്നിൽ. ഉള്ളിൽ കയറി നോക്കാൻ കൂടെ വന്ന ഫോട്ടോഗ്രാഫർ സിബു നിർബന്ധിച്ചു.
ഒറ്റയ്ക്ക് ഉള്ളിലേക്ക് കയറി. അകത്ത് മങ്ങിയ മഞ്ഞവെളിച്ചം. മേൽക്കൂരയിലേക്ക് കണ്ണു പാഞ്ഞപ്പോൾ ഉടലൊന്ന് വെട്ടിവിറച്ചു. ആ കുഞ്ഞുങ്ങൾ... എന്റെ മകളെക്കാൾ ചെറുപ്പമായിരുന്ന രണ്ടു കുഞ്ഞുങ്ങൾ... അത്രയും ചിന്തിച്ചപ്പോഴേക്കും പുറത്തേക്ക് ഓടി. വീണ്ടും മഴ പെയ്തു തുടങ്ങിയിരുന്നതിനാൽ കവിളിലൂടെ ഒഴുകിയ കണ്ണീർ തുടയ്ക്കേണ്ടി വന്നില്ല''...