121 വർഷം മുമ്പത്തെ ചിത്രത്തിൽ ഗ്രെറ്റ ട്യൂൻബെർഗ്; തരംഗമായ ചിത്രത്തിനു പിന്നാലെ പ്രചരിക്കുന്നത്
വര്‍ഷം 1898. സ്ഥലം കാനഡ. മൂന്നു കുട്ടികള്‍ വീട്ടിലേക്കു ശുദ്ധജലം ശേഖരിക്കുന്ന ഒരു ചിത്രം. പ്രത്യേകിച്ച് പുതുമയൊന്നുമില്ലാത്ത ചിത്രത്തില്‍ നിന്ന് അതിശയകരമായ ഒരു സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് ഒരാള്‍. മൂന്നു കുട്ടികളില്‍ ഒരാള്‍ക്ക് ഇന്നത്തെ കാലത്തെ ഒരാളുമായുള്ള സാദൃശ്യമാണ് ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.
സ്വീഡനിലെ കൗമാര കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബെര്‍ഗാണ് ഈ കഥയിലെ കഥാപാത്രം. 1898-ലെ ചിത്രത്തില്‍ കാണുന്ന ഒരു കുട്ടിയും ഗ്രെറ്റയുമായുള്ളത് ആരെയും ഞെട്ടിക്കുന്ന സാദൃശ്യം. സംഭവം വൈറലായതോടെ, ഗ്രെറ്റ ഒരു മനുഷ്യജീവി മാത്രമല്ല, കാലങ്ങളിലൂടെ ആവര്‍ത്തിക്കുന്ന അവതാരമാണെന്നാണ് പുതിയ സംസാരം.
ഇന്നത്തെ കാലത്തെ രക്ഷിക്കാന്‍ ദൈവം സമ്മാനിച്ച അവതാരം. അല്ലെങ്കില്‍ 121 വര്‍ഷം മുമ്പത്തെ ചിത്രത്തിലെ ഒരു കുട്ടി പുതിയ കാലത്ത് എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നാണ് പലരും ചോദിക്കുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നാണ് പഴയ ചിത്രം കണ്ടെടുത്തത്.
എന്നൊക്കെയാണോ കാലാവസ്ഥാ മാറ്റം മനുഷ്യവംശത്തിന് ഹാനികരമാകുന്നത്, അന്നൊക്കെ ഗ്രെറ്റ ഒരു പേരില്‍ അല്ലെങ്കില്‍ മറ്റൊരു പേരില്‍ അവതരിക്കുന്നു എന്നാണ് പുതിയ സിദ്ധാന്തം. കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസം.
സര്‍വകലാശാലയുടെ ശേഖരത്തില്‍നിന്നുള്ള ചിത്രമാണെങ്കിലും ഫോട്ടോഷോപ് ചെയ്ത് ഗ്രെറ്റയുമായി സാദൃശ്യം വരുത്തിയതാണെന്ന് ആരോപിക്കുന്നരുമുണ്ട്്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആഴ്ചയില്‍ ഒരു ദിവസം സ്വീഡനില്‍ ഗ്രെറ്റ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ ലോകത്തിലെ 100 നഗരങ്ങളിലേക്കു കൂടി വ്യാപിച്ചിരിക്കുന്നു.
ഐക്യ രാഷ്ട്ര സംഘനടയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കുകകൂടി ചെയ്തതോടെ ഗ്രെറ്റ ട്യൂൻബെർഗ് ഇന്ന് ലോക പ്രശസ്തയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ വിമാനത്തില്‍ ഗ്രെറ്റ സഞ്ചരിക്കാറില്ല. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പലിലാണ് യാത്ര. അമേരിക്കയില്‍ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അവിടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷം സ്വീഡനില്‍ തിരിച്ചെത്തി അവധിക്കാലം ചെലവഴിക്കാനാണ് ഗ്രെറ്റയുടെ ഇപ്പോഴത്തെ പദ്ധതി.
English Summary : Social media users have claimed that Greta Thunberg is a time traveller