അടിമത്തം അവസാനിപ്പിച്ചു എന്നു ലോകം അവകാശപ്പെടുമ്പോഴും പുതിയൊരു രൂപത്തില്‍ അത് ഇന്നും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം- പേര് മനുഷ്യക്കടത്ത് എന്നാണെന്നു മാത്രം. നിര്‍ബന്ധിതമായി ബലം പ്രയോഗിച്ച് ജോലി ചെയ്യിക്കാനും ലൈംഗിക അടിമകളാക്കാനും വേണ്ടി നടത്തുന്ന മനുഷ്യക്കടത്താണ് പുരാതനകാലത്തെ അടിമത്വത്തെപ്പോലും നാണിപ്പിച്ച് ലോകത്തിനു ഭീഷണിയായിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നഗരങ്ങളിലൊന്ന് എന്നു വിളിപ്പേരുള്ള അമേരിക്കയിലെ ഓറഞ്ച് കൗണ്ടി കലിഫോര്‍ണിയയും ആധുനിക കാലത്തെ അടിമത്തമായ മനുഷ്യക്കടത്തില്‍നിന്നു മോചനം പ്രാപിച്ചിട്ടില്ല എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സമ്പന്നമായ നഗരമാണ് കലിഫോര്‍ണിയ. വളരെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം നിലനില്‍ക്കുന്ന നഗരങ്ങളിലൊന്ന്. യാഥാസ്ഥിതികമായി ചിന്തിക്കുന്നവരാണ് മിക്കയാളുകളും. ഇതൊക്കെക്കൊണ്ടാണ് കലിഫോര്‍ണിയ എന്ന ഓറഞ്ച് കൗണ്ടി സുരക്ഷിതത്വത്തിനു പേരു കേട്ടത്. പക്ഷേ, അതേ നഗരം മനുഷ്യക്കടത്തുകാരുടെ പറുദീസയാണെന്നാണ് പുതിയ കണ്ടെത്തല്‍. മനുഷ്യക്കടത്ത് തടയാനുള്ള ടാസ്ക് ഫോഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കലിഫോര്‍ണിയയില്‍ നടക്കുന്ന മനുഷ്യക്കടത്തില്‍ 89 ശതമാനത്തിലെയും ഇരകളും വേട്ടക്കാരും അമേരിക്കയിലെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവരാണ്. 

കടലോരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായികമത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ എന്നിവയുള്ളതിനാല്‍ മനുഷ്യക്കടത്തുകാരില്‍ പലരും കലിഫോര്‍ണിയ തന്നെ ലക്ഷ്യം വയ്ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം മാത്രം വിവിധ കേസുകളിലായി 415 പേരെ പൊലീസ് വേട്ടക്കാരില്‍ നിന്നു രക്ഷിക്കുകയുണ്ടായി. ഇരകളില്‍ പലരും പുതിയ ആള്‍ക്കാരാണ്. മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നതു പ്രധാനമായും ലൈംഗിക വ്യാപാരത്തിനുവേണ്ടിയാണ്. ചെറിയൊരു ശതമാനത്തെമാത്രം മാത്രം നിര്‍ബന്ധിതമായി ജോലിയെടുപ്പിക്കാനും. 

ലൈംഗിക വ്യാപാരത്തിനുവേണ്ടി നടത്തുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് കെല്ലി ഗാലിന്‍ഡോ എന്ന വനിത 26 സെക്കന്‍ഡ് എന്ന പേരില്‍ അടുത്തിടെ ഒരു ഡോക്യുമെന്ററി പരമ്പര എടുത്തിരുന്നു. തായ‌്‌ലന്‍ഡ്, ഇറാഖ്, കംബോഡിയ, ഇന്ത്യ, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളെ സന്ദര്‍ശിച്ചും ഇരകളെ അഭിമുഖം നടത്തിയുമാണ് ഡോക്യുമെന്ററി  തയാറാക്കിയത്. പക്ഷേ, ലോകത്ത് മറ്റെവിടുത്തേക്കാളും സുരക്ഷാഭീഷണിയുള്ള നഗരമായി തോന്നിയത് കലിഫോര്‍ണിയ തന്നെയെന്നു കെല്ലി പറയുന്നു. മനുഷ്യത്വ മില്ലാത്ത കൂട്ടിക്കൊടുപ്പുകാരും ചെറിയ പ്രതികാരങ്ങള്‍ക്കുപോലും തോക്ക് എടുത്ത് വെടിവയ്ക്കാന്‍ മടിക്കാത്തവരുമാണ് കലിഫോര്‍ണിയയിലെ കുറ്റവാളി സംഘങ്ങള്‍. 

ഒരോ 26 സെക്കന്‍ഡ് കൂടുമ്പോഴും ലോകത്ത് ഒരു കുട്ടി തട്ടിയെടുക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമ്പരയ്ക്ക്  26 സെക്കന്‍ഡ് എന്നു പേരിട്ടത്. ആധുനിക ലോകത്തെ വാര്‍ത്താ വിനിമയ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചാണ് മനുഷ്യക്കടത്ത് നടത്തുന്നത്. വീട്ടിലിരുന്ന് പിറ്റ്‌സ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തിലാണ് പെണ്‍കുട്ടികളെയും സ്ത്രീകളെയുമൊക്കെ ഓര്‍ഡര്‍ ചെയ്യുന്നത്. പറഞ്ഞ സ്ഥലത്ത്, സമയത്ത് ആളെ എത്തിച്ചുകൊടുക്കുന്നു. 

ജോലിക്കുവേണ്ടിയുള്ള അന്വേഷണമാണ് പലരെയും കുടുക്കുന്നത്. ജോലി വാഗ്ദാനം നല്‍കിയാണ് പ്രധാനമായും മനുഷ്യക്കടത്ത് നടത്തുന്നതും. വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒടുവില്‍ മോഹവലയില്‍ കുടുങ്ങേണ്ടിവരുന്നു. വഴക്കും സംഘര്‍ഷങ്ങളും പതിവായ വീട്ടില്‍നിന്നു വരുന്ന കുട്ടികളും ലൈംഗിക വ്യാപരത്തിലും ലഹരിമരുന്ന് സംഘങ്ങളുടെ വലയിലും പെട്ടുപോകാന്‍ എളുപ്പം. 

800 മുതല്‍ 1000 ഡോളര്‍ വരെ കൊടുത്താല്‍ കലിഫോര്‍ണിയയില്‍ ഒരു രാത്രിയിലേക്കുള്ള പെണ്‍കുട്ടിയെ ലഭിക്കുമെന്നാണ് കൂട്ടിക്കൊടുപ്പു സംഘങ്ങള്‍ വെളിപ്പെടുത്തുന്നത്. രാത്രിയിലോ ഇരുട്ടിന്റെ മറവിലോ അല്ല കലിഫോര്‍ണിയയില്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത്. പകല്‍വെളിച്ചത്തില്‍ എല്ലാവരുടെയും കണ്‍മുന്നില്‍. പൊലീസും സുരക്ഷാ സന്നാഹവുമൊക്കെയുണ്ടെങ്കിലും അക്രമികള്‍ സ്വൈര്യവിഹാരം തുടരുകയാണ്- കലിഫോര്‍ണിയയെ ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലമാക്കിമാറ്റിക്കൊണ്ട്. 

English Summary : Human Trafficking And Child Abuse