തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ സംഭവത്തിൽ വേദനയും സങ്കടവും രോഷവും പങ്കുവച്ച് താരങ്ങൾ. സ്ത്രീകൾക്കെതിരെ ആവർത്തിക്കപ്പെടുന്ന ക്രൂരതകൾക്കെതിരെ ലോകമൊന്നടങ്കം പ്രതിഷേധിക്കുമ്പോൾ വികാര നിർഭരമായ കുറിപ്പുകൾ പങ്കുവച്ചുകൊണ്ടാണ് ബോളിവുഡ്, തെന്നിന്ത്യൻ നടിമാർ പ്രതികരിക്കുന്നത്.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽ നിന്ന് നവംബർ 27 നു രാത്രിയാണ് യുവതിയെ നാല് ട്രക്ക്ഡ്രൈവർമാർ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെ നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതശരീരം കണ്ടെടുത്തത്. പിന്നീട് നാലു കുറ്റവാളികളും അറസ്റ്റിലായി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനം ( നവംബർ 25) ആചരിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് തെലങ്കാനയിലെ വനിതാ വെറ്റിനറി ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നത്. വാർത്തയേൽപ്പിച്ച ആഘാതത്തിൽ സ്ത്രീ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയിൽ ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ പ്രതികരിച്ചതിങ്ങനെ :-

അവിശ്വസനീയതയോടെ, രോഷത്തോടെ അതിലുപരി ഹൃദയം നുറുങ്ങുന്ന വേദനയോടെ ബോളിവുഡ് താരം അനുഷ്ക ശർമ്മ പ്രതികരിച്ചതിങ്ങനെ : - 

''വേദന, രോഷം, നിരാശ, അവിശ്വസനീയത... ഇത് വളരെ ഭയാനകമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം... ആ പെൺകുട്ടിയുടെ കുടുംബത്തിന് എന്റെ പ്രാർഥനകൾ. എത്രയും വേഗം തന്നെ നീതി നടപ്പിലാക്കണം''. സംഭവത്തിന്റെ ആഘാതത്തിൽ അനുഷ്കയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലി പങ്കുവച്ചതിങ്ങനെ :-

'' ഹൈദരാബാദിൽ നടന്നത് വളരെ ല‍ജ്ജാവഹമായ കാര്യങ്ങളാണ്. മനുഷത്യരഹിതമായ ഇത്തരം ദുരന്തങ്ങളൊഴിവാക്കാൻ സമൂഹം മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു''.

'മനുഷ്യരൂപത്തിലവതരിച്ച സാത്താൻമാരുടെ കാപട്യത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖ'മാണെന്നാണ് ദാരുണമായ ഈ സംഭവത്തെക്കുറിച്ച് സൽമാൻഖാൻ പ്രതികരിച്ചത്. 'നിർഭയയും ഈ പെൺകുട്ടിയും കടന്നു പോയ വേദനകളിലൂടെ, പീഡനങ്ങളിലൂടെ ഇനിയൊരു പെൺകുട്ടിയും കടന്നു പോകാതിരിക്കാൻ, ഇനിയൊരു കുടുംബത്തിനും ഇത്തരം വേദനകളും നഷ്ടങ്ങളും സംഭവിക്കാതിരിക്കാൻ ഒരുമിച്ചു നിന്ന് മനുഷ്യന്മാർക്കിടയിലെ ചെകുത്താന്മാരെ തുരത്താം' എന്നാണ് അദ്ദേഹം കുറിച്ചത്. ഇത്തരം ചെകുത്താന്മാർക്കെതിരെ ഒരുമിച്ചു നിൽക്കാമെന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ആ പെൺകുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പവസാനിപ്പിച്ചത്.

ബോളിവുഡിലും തെന്നിന്ത്യയിലും പ്രശസ്തയായ രാകുൽ പ്രീത്‌സിങ് ഈ വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ :-

'' ഈ സംഭവത്തെക്കുറിച്ച് എങ്ങനെ പ്രതികരിക്കണമെന്നു പോലും എനിക്കറിയില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ചോ, ക്രൂരതയെക്കുറിച്ചോ ചിന്തിക്കാനാകാത്ത വിധം ആളുകളുടെ മനസ്സിൽ ഭയം നിറയ്ക്കാൻ ഒരു ദേശം ഒരുമിച്ചു നിൽക്കേണ്ട സമയമായിരിക്കുന്നു''.

വികാരനിർഭരമായ കുറിപ്പുകളോടെയാണ് ടോളിവുഡ് താരങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഒരു സാഹചര്യത്തിൽ  കുടുംബാംഗമോ, സുഹൃത്തോ പെട്ടുപോയാൽ അവർ സുരക്ഷിതരാകുന്നതുവരെ അവർക്കൊപ്പം ഫോണിൽ തുടരാൻ എത്രപേർ തയാറാകുമെന്നു ചോദിച്ചുകൊണ്ടാണ് വിജയ് ദേവ്‌രകൊണ്ടെയുടെ കുറിപ്പ്. 

'' സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കുടുംബാംഗമോ, സുഹൃത്തോ എന്നു മനസ്സിലാക്കിയാൽ അവർക്കൊപ്പം ഞാൻ ഫോണിൽ തുടരും. നമ്മളിൽ എത്രപേർ അങ്ങനെ ചെയ്യും?. അത് ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവങ്ങളിലൊന്നാണ്. നമ്മുടെ കുടുംബത്തിലുള്ള പുരുഷന്മാരുടെ അല്ലെങ്കിൽ ആൺകുട്ടികളുടെ കാര്യത്തിൽ നമ്മൾ തീർച്ചയായും ഉത്തരവാദിത്തം കാണിക്കണം. തെറ്റായ പെരുമാറ്റം ആരിൽ നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം, ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരെപ്പോലെ പെരുമാറാത്തവർക്ക് മനുഷ്യാവകാശ നിയമങ്ങൾ ബാധകമല്ല. അവർക്ക് അവരർഹിക്കുന്ന ശിക്ഷ നൽകണം. ഈ സന്ദേശം പ്രചരിപ്പിക്കണം. നമ്മുടെ ജീവനാണ് മറ്റെന്തിനേക്കാളും പ്രധാനം. സഹായത്തിനായി 100 ൽ വിളിക്കാൻ മടിവിചാരിക്കേണ്ട കാര്യമില്ല''.

സംഭവത്തിന്റെ നടുക്കത്തിൽ അനുഷ്ക ഷെട്ടി പങ്കുവച്ച കുറിപ്പിങ്ങനെ :- 

'' മനുഷത്വത്തെ ഉലച്ചു കളഞ്ഞ ഒരു ദുരന്തമായിരുന്നു ഇത്. ഈ ക്രിമിനലുകളുമായി താരതമ്യം ചെയ്യാനിടയായാൽ വന്യജീവികൾക്കു പോലും നാണക്കേടുണ്ടാകും. ഈ സമൂഹത്തിൽ ഒരു സ്ത്രീയായി ജനിക്കുന്നത് കുറ്റമാണോ?. ആ പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികൾക്ക് എത്രയും പെട്ടന്ന് ശിക്ഷവാങ്ങിക്കൊടുക്കാനാണ് ഇപ്പോൾ നമ്മൾ പോരാടേണ്ടത്''.

ഹൃദയം തകർത്ത വാർത്ത എന്നു പറഞ്ഞുകൊണ്ട് കീർത്തി സുരേഷ് കുറിച്ചതിങ്ങനെ :-

'' ദിവസം ചെല്ലുന്തോറും കാര്യങ്ങൾ ഭയാനകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഹൈദരാബാദ് പോലെയൊരു നഗരത്തിൽ നടന്ന ഈ സംഭവത്തെക്കുറിച്ചറിഞ്ഞ നിമിഷത്തിൽ എനിക്കൊന്നും സംസാരിക്കാൻ പോലും കഴിഞ്ഞില്ല. സ്ത്രീകൾക്ക് ഏതു സമയത്തും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക?. ഇത്തരം സൈക്കോപാത്തുകളുടെ തേടിപ്പിടിച്ച് എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കണം. ആ കുടുംബത്തിന് ഇത് അതിജീവിക്കാനുള്ള ശക്തി ലഭിക്കണമേയെന്നാണ് എന്റെ പ്രാർഥന. ഞാൻ കർമത്തിൽ വിശ്വസിക്കുന്നു.''

English Summary : Hyderabad doctor death Actressess Reacts