സ്ത്രീകൾക്കെതിരെ ഏറ്റവും സാധാരണമായി നടക്കുന്ന അക്രമമായി മാറിയിരിക്കുന്നു ബലാൽസംഗം. രാജ്യത്തിന്റെ ഏതു ഭാഗത്തും പതിവായെന്നപോലെ അത് നടന്നുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും അതിന്റെ വാർത്തകൾ പുറത്തുവരുന്നു. കുഞ്ഞുങ്ങളും പ്രായമേറിയവരും എല്ലാം ആ അക്രമികളുടെ ഇരകളാണ്. ഉപദ്രവിച്ച ശേഷം തൂക്കിക്കൊലകളും ചുട്ടുകൊല്ലലുമൊക്കെ അതിനൊപ്പം നടക്കുന്നു. 

ഇതിൽ എത്ര പേർ ശിക്ഷിക്കപ്പെടുന്നുവെന്ന കണക്കെടുത്താൽ നടുങ്ങിപ്പോകും. ജയിലിൽ ആ കുറ്റവാളികളുടെ സുഖജീവിതത്തെ കുറിച്ചറിഞ്ഞാൽ നിയമത്തിനും അതീതമായി ശിക്ഷ കൊടുക്കാൻ ആർക്കും ആഗ്രഹവും തോന്നും.

ഡൽഹിയിൽ നിർഭയ ആക്രമിക്കപ്പെട്ടപ്പോഴും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വനിതാ ഡോക്ടറെ ചുട്ടു കൊന്നപ്പോഴും അത്തരം ഒരുപാടു റേപ്പ് വാർത്തകൾ പുറത്തു വരുമ്പോഴും, ഇതിനിടെ ആരുമറിയാതെ നടക്കുന്ന മറ്റൊന്നു കൂടിയുണ്ട്; ഇവരുടെ റേപ്പ് ക്ലിപ്പുകൾ ഉണ്ടോ എന്ന അന്വേഷണം. ഇരയ്ക്കു വേണ്ടി മെഴുകുതിരി പിടിച്ച് നീതിക്കായി തെരുവിലൂടെ നടക്കുന്നവരിൽ ചിലർ തന്നെ ഇരകളുടെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുമോ എന്നു തിരയുന്നു. ഒരു വിഡിയോ ക്ലിപ്പ് ഇറങ്ങിയാലുടൻ സുഹൃത്തിനോട് അതു ലഭിച്ചോ എന്നന്വേഷിക്കുന്നവർ കുറവല്ല. കപട മാനുഷികതയുമായി നടക്കുന്ന ഇത്തരക്കാരുള്ളപ്പോൾ, അത്രയെളുപ്പമല്ല രാജ്യത്തുനിന്നു ബലാത്സംഗം ഇല്ലാതാക്കാനും ഇരകൾക്കു നീതി ലഭിക്കാനും.

ഇപ്പോൾ, അവസാനമായി പുറത്തു വന്ന വാർത്ത വീണ്ടും ഉത്തർപ്രദേശിലെ ഉന്നാവിൽനിന്നാണ്. മൂന്നു മാസത്തോളം നിരന്തര പീഡനം സഹിച്ച സ്ത്രീ ഒടുവിൽ വേട്ടക്കാർക്കെതിരെ പരാതി നൽകിയപ്പോൾ അവർ ആ സ്ത്രീയെ ചുട്ടുകൊല്ലാൻ ശ്രമിച്ചിരിക്കുന്നു. മരണവുമായി മല്ലിട്ട് സ്ത്രീ ഇപ്പോഴും ആശുപത്രിയിലാണ്. ഉപദ്രവങ്ങളും കൊലപാതകങ്ങളും ഇത്രയെളുപ്പമാണോ എന്ന ചോദ്യമാണ് ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നത്. 

വാളയാർ തന്ന മുറിവ് മലയാളിയിൽനിന്ന് ഉണങ്ങിയിട്ടില്ല. ആ രണ്ടു പെൺകുഞ്ഞുങ്ങൾക്ക് യഥാർഥത്തിൽ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും അജ്ഞാതരാണ് നാം. ഒൻപതും പതിനൊന്നും വയസ്സുള്ള പെൺകുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്, എന്നിട്ടും നീതി കൊടുക്കേണ്ടവർ പറയുന്നത് അവർ ആത്മഹത്യ ചെയ്തു എന്നാണ്. അതിക്രൂരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു എന്നു വരുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം കൂടി അധികം വന്നാലും പ്രതികൾക്ക് ഇന്നത്തെ സാഹചര്യത്തിൽ രക്ഷപ്പെടാൻ എളുപ്പമാണ്.

എന്നാൽ രണ്ടു കൊലപാതകങ്ങളെ നിസ്സാരമായി ആത്മഹത്യയാക്കിയ സാഹചര്യത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത്? രക്ഷിക്കേണ്ടവർ തന്നെ ശിക്ഷിക്കുമ്പോൾ ആശ്രയിക്കാൻ കൈകളില്ലാതെയാകുന്നു. വാളയാറിലേത് ഒറ്റപ്പെട്ട സംഭവമല്ല, അവിടെ അത്തരം നിരവധി സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഔദ്യോഗികമായോ ഏതെങ്കിലും സംഘടനകളുടെ ഭാഗത്തു നിന്നോ അന്വേഷണങ്ങൾ ഉണ്ടായിട്ടില്ല. ആ കേസിൽ ഇനിയെന്താണു സംഭവിക്കാൻ പോകുന്നതെന്നുപോലും ആർക്കും നിശ്ചയമില്ല. പുതിയ കേസുകൾ ലഭിക്കുമ്പോൾ മനുഷ്യർ അതു വിട്ട് അടുത്തതിന്റെ പിന്നാലെ നടക്കുമെന്ന് കൊലപാതകം ചെയ്തവർക്ക് ഉറപ്പുണ്ടല്ലോ. 

ഓർമ വരുന്നത് കൊൽക്കത്തയിലെ രണ്ടു കാഴ്ചകളാണ്. മനോഹരമായ വസ്ത്രങ്ങളണിയിച്ച് അഭൗമ സൗന്ദര്യത്തോടെ നിർമിക്കുന്ന ദേവീ പ്രതിമകളുണ്ട് കൊൽക്കത്തയിൽ. ശിൽപഭംഗിയും ആകാര ഭംഗിയും ഒത്തിണങ്ങിയ ദേവിയെ മനുഷ്യർ രഥത്തിൽ എടുത്ത് ആദരിക്കുകയും പൂക്കളാൽ പൂജിക്കുകയും ചെയ്യുന്നു, ബഹുമാനിക്കുന്നു, ആശ്രയിക്കുന്നു. എന്നാൽ അവിടെത്തന്നെ മറ്റൊരിടത്ത് അതിസുന്ദരികളായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന സ്ത്രീകൾ. അവരുടെ ജീവിതം മുന്നോട്ടു പോകാൻ വേണ്ടി പുരുഷന്മാരെ കാത്തു നിൽക്കുകയാണ്. ആരെങ്കിലും വന്നാൽ അൻപത് രൂപയ്ക്കും കിടപ്പറ പങ്കിടാൻ തയാറായി നിൽക്കുന്നവരുണ്ട് അവിടുത്തെ തെരുവുകളിൽ.

കൂടെ പോകുന്ന സ്ത്രീകൾ എന്തും സഹിക്കാനും ഏതു തരം പേക്കൂത്തുകളും അനുഭവിക്കാനും തയാറുമായിരിക്കും. ഒരേ നാട്ടിൽ രണ്ടിടങ്ങളിൽ സ്ത്രീകളോടു പെരുമാറുന്ന രീതിയിലുള്ള വ്യത്യാസമാണിത്. പക്ഷേ ഒന്ന് ദൈവവും മറ്റൊന്ന് ജീവനുള്ള മനുഷ്യ സ്ത്രീയുമായിപ്പോയി. ഒരുപാടു ദൈവങ്ങൾ, പ്രത്യേകിച്ച് സ്ത്രീ ദൈവങ്ങൾ ആരാധിക്കപ്പെടുന്നുണ്ട് ഇന്ത്യയിൽ. എന്നിട്ടും ഇവിടെ സ്ത്രീകൾ ഉപദ്രവിക്കപ്പെടുന്നു. അതിന് വേശ്യാലയങ്ങൾ എന്നോ ആരാധനാലയങ്ങൾ എന്നോ കുടുംബങ്ങൾ എന്നോ വ്യത്യാസമില്ല .

ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകളുടെ കൂടി തെറ്റാണ് എന്നു പോലും വിശ്വസിക്കുന്ന മനുഷ്യരുള്ള രാജ്യമാണിത്. കുട്ടിക്കാലം മുതലേ കുട്ടികളെ പഠിപ്പിക്കുന്നതും അങ്ങനെ തന്നെ. ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ അതിൽ തെറ്റുകാരൻ പുരുഷൻ മാത്രമല്ലെന്നും സ്ത്രീയും തെറ്റുകാരിയാണെന്നും അവർ പഠിക്കുന്നു. അങ്ങനെ അവർ സ്വയം ശിക്ഷയ്ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വിഡിയോ കണ്ടു ഞെട്ടിപ്പോയവരാണ് പലരും. അത് സത്യമാണെന്നു മനസ്സിലാക്കുന്ന ഓരോ നിമിഷവും വേദന വർധിക്കുകയാണ്. അറിയാത്ത നാടുകളിൽ പെൺകുട്ടികൾ അനുഭവിക്കുന്നത് ഒരുപക്ഷേ ചിന്തിക്കാൻ പോലും കഴിയുന്നതിന്റെ അപ്പുറമാണെന്ന തിരിച്ചറിവാണത്. 

ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ല. പല രീതിയിൽ മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നവർക്ക് ശിക്ഷ പോലും ലഭിക്കാത്ത നിയമ സംവിധാനവും പെൺകുട്ടികളെ നോക്കി പരിഹസിക്കുകയാണ്. കുട്ടിക്കാലം മുതൽ ബോധവത്കരണം നടത്താതെ ഇത്തരം അതിക്രമങ്ങൾ മാറില്ല എന്ന കാര്യം തിരിച്ചറിഞ്ഞിട്ടു പോലും സ്‌കൂളുകളിൽ അതിനു വേണ്ടി കരിക്കുലം മാറ്റാൻ ഒരു സർക്കാരും തയാറായിട്ടില്ല.

‘സ്ത്രീകൾ ഉണ്ടെങ്കിൽ അവിടെ പീഡനവും  ഉണ്ടാവും’ എന്നും പറഞ്ഞ മുഖ്യമന്ത്രി ഭരിച്ച നാടു കൂടിയാണിത്. സംസ്ഥാനവും അതിനെ ഉൾക്കൊള്ളുന്ന രാജ്യവുമൊന്നും ഈ അപവാദത്തിൽനിന്ന് മോചിപ്പിക്കപ്പെടുന്നില്ല. ഇനി എന്നെങ്കിലും ചിന്താഗതി മാറിയേക്കുമോ? പ്രതീക്ഷകൾ ബാക്കി നിൽക്കുന്നു. അതുവരെ ചുട്ടുകൊലകളൂം തൂക്കി കൊലപാതകങ്ങളും അതിക്രൂരമായ ബലാത്സംഗങ്ങളും ഇനിയും അരങ്ങേറും. അതിലൊന്ന് ഒരുപക്ഷേ ഞാനോ നിങ്ങളോ ആയേക്കാനും മതി! കരുതിയിരിക്കുക!.

English Summary : What is the most justified punishment for rapist