വധുക്കളുടെ ചുംബനം, വിവാദം; പരസ്യം പിൻവലിച്ച് ചാനൽ
ആഘോഷത്തിനു നടുവിൽ, അൾത്താരയിൽ വച്ച് പരസ്പരം ചുംബിക്കുന്ന ദമ്പതികൾ. ഇങ്ങനെയൊരു ചിത്രമോ വിഡിയോയോ എന്നും എവിടെയും സ്വാഗതം ചെയ്യപ്പെടും. എന്നാൽ ദമ്പതികൾ സ്ത്രീകൾ മാത്രമായാൽ സ്വീകരണം സ്നേഹത്തോടെയാകണമെന്നില്ല. എതിർപ്പുയരുകയും ചെയ്യാം. അമേരിക്കയിൽപ്പോലും അതാണ് സ്ഥിതി.
ദമ്പതികളായ യുവതികൾ ഉൾപ്പെടുന്ന പരസ്യം വിവാദമായതിനെതുടർന്ന് പിൻവലിക്കേണ്ടിവന്നിരിക്കുകയാണ് അമേരിക്കയിലെ പ്രശസ്ത ചാനൽ അധികൃതർക്ക്. 'ദ് ഹാൾമാർക്' ചാനലാണ് യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നുള്ള എതിർപ്പിനെതുടർന്ന് പരസ്യം പിൻവലിച്ചത്. വിവാഹാഘോഷങ്ങൾ പ്ലാൻ ചെയ്യുന്ന വെബ്സൈറ്റാണ് പരസ്യചിത്രങ്ങൾ നിർമിച്ചത്. രണ്ടു യുവതികൾ വിവാഹാനന്തരം ചുംബിക്കുന്ന രംഗമായിരുന്നു പരസ്യത്തിന്റെ ഹൈലൈറ്റ്. ചുറ്റും ആഹ്ലാദിക്കുന്ന കുടുംബാംഗങ്ങൾ. വർണക്കൂട്ടൂകളും നിറപ്പകിട്ടും. ആഘോഷത്തിന്റെ പാരമ്യം.
തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യത്തിൽനിന്ന് വിവാദം ശ്രദ്ധ തിരിക്കുമെന്നതിനാലാണ് പിൻവലിക്കുന്നതെന്ന് ചാനൽ അധികൃതർ അറിയിച്ചു. ആഹ്ലാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടികൾ അവതരിപ്പിക്കുന്ന ചാനലിനെച്ചൊല്ലി വിവാദം ഉണ്ടായാൽ റേറ്റിങ് കുറയുമെന്ന ഭീതിയും പരസ്യം പിൻവലിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതായാണ് സൂചന.
ജനങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള വിഭജനം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏതെങ്കിലും വിഭാഗങ്ങളെ മോശക്കാരാക്കാനോ പ്രശംസിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഹാൾമാർക് ചാനലിൽ പരസ്യം സംപ്രേക്ഷണം ചെയ്തപ്പോൾ തന്നെ പ്രതിഷേധവും ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതിഷേധത്തിനു ചൂടുപിടിച്ചത്.
ഇപ്പോൾതന്നെ 2020 ആയോ ? നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. മറുപടിക്കായി ഞങ്ങൾ കാത്തിരിക്കുന്നു. എന്താണിതിന്റെ അർഥം ? –എലൻ ഡീഡനേഴ്സ് എന്നയാൾ ഹാൾമാർക്കിനോട് ചോദ്യശരങ്ങൾ എയ്തു.
അമേരിക്കൻ ഫാമിലി അസോസിയേഷന്റെ ഭാഗമായ വൺ മില്യൻ മോംമ്സ് എന്ന കൂട്ടായ്മ ഹാൾമാർക്കിന്റെ മാതൃകമ്പനിയായ ക്രൗൺ മീഡിയ ഫാമിലി നെറ്റ്‍വർക്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ബിൽ ആബട്ടിന് പരാതി അയച്ചു. ഇതിനെത്തുടർന്ന്, തെറ്റിധാരണയിലാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്ന് ആൽബർട്ട് പ്രസ്താവനയിറക്കി. ഞങ്ങളുടെ ചാനൽ കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് കണ്ടാസ്വദിക്കാനുള്ളതാണ്. സുരക്ഷിതവും യുവതലമുറയെ വഴിതെറ്റിക്കാത്തതുമാണ്. കുടുംബങ്ങളുമായുള്ള വിശ്വാസം ഉറപ്പിക്കാൻ അവസരം ഒരിക്കൽക്കൂടി ഉപയോഗിക്കുകയാണെന്നും കമ്പനി അറിയിച്ചു.
വെഡ്ഡിങ് പ്ലാനിങ് വെബ്സൈറ്റായ സൊല ആറ് പരസ്യങ്ങളാണ് ഹാൾമാർക്കിനുവേണ്ടി നിർമിച്ചത്. നാലു പരസ്യത്തിലും പ്രധാന കഥാപാത്രങ്ങളായത് ലെസ്ബിയൻ ദമ്പതികൾ. വിവാദമായ പരസ്യം ഹാൾമാർക്ക് പിൻവലിച്ചതിനു പിന്നാലെ .യുവതീ–യുവാക്കൾ അണിനിരക്കുന്ന പരസ്യവും സൊല പിൻവലിച്ചു.
എല്ലാ വിവാഹങ്ങളും ആഘോഷങ്ങളാണ്. എല്ലാ ചുംബനങ്ങളും സ്നേഹത്തിന്റെ പ്രഖ്യാപനവും. ഈ സത്യം അംഗീകരിക്കാത്ത ഹാൾമാർക്കിനുവേണ്ടി ഇനി പരസ്യചിത്രങ്ങൾ ചെയ്യില്ല– സൊല അറിയിച്ചു.
English Summary : Under pressure from a conservative advocacy group Channel has pulled ads