വിവാഹം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം തന്നെയെങ്കിലും, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എന്ന സവിശേഷ പദവി വിവാഹത്തിനു നഷ്ടപ്പെടുകയാണെന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നു. വിവാഹത്തേക്കാളും പ്രധാന്യം കൊടക്കേണ്ട മറ്റു പലതും ജീവിതത്തിൽ കണ്ടെത്തുകയും വിവാഹവുമായി ബന്ധപ്പെട്ട മാനസിക സംഘർഷങ്ങൾ ഭീഷണിയുയർത്തുകയും ചെയ്തതോടെയാണ് മാറ്റമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ചും സ്ത്രീകൾക്കിടയിലാണത്രേ ഇത്തരമൊരു വിപ്ലവ ചിന്ത ഉടലെടുത്തിരിക്കുന്നത്. 

വിവാഹിതയാകുകയും തിരക്കുകൾക്കിടെ പല ത്യാഗങ്ങളും സഹിക്കേണ്ടിവരികയും ചെയ്യുന്നത് ലോകവ്യാപകമായി സ്ത്രീകളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടത്രേ. വ്യത്യസ്ത ചിന്തയുടെ ഫലമായി കൂടുതൽ യുവതികൾ വിവാഹമേ വേണ്ടെന്നുവച്ച് ഒറ്റയ്ക്ക് ജീവിതത്തെ നേരിടാനും തയാറാകുന്നു. വിവാഹിതരാകാതെ ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് സംഭവം ശ്രദ്ധയിൽപ്പെടാൻ കാരണമായത്. 

വിവാഹം വേണ്ടെന്നുവച്ച് കരിയറിൽ ശ്രദ്ധിക്കുന്ന സ്ത്രീകളുടെ ജീവിതത്തിൽ ആരോഗ്യപരമായ കുറേയധികം മാറ്റങ്ങൾ കാണാനുണ്ട്. ഇത്തരക്കാർക്ക് സമ്മർദം കുറവായിരിക്കും. മാനസിക സംഘർഷങ്ങളിൽനിന്ന് മാറിനിൽക്കാൻ കഴിയും. ജോലിയിൽ ഉയർച്ചയ്ക്കൊപ്പം ഇവരുടെ ആയുർദൈർഘ്യവും കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹത്തോടെ വീട്ടിലെയും ഓഫിസിലെയും ജോലികളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിൽനിന്ന് ഇവർക്ക് രക്ഷപ്പെടാൻ കഴിയും. 

ഒറ്റയ്ക്കു ജീവിക്കുകയും സൗഹൃദത്തിന്റെ കരുത്തിൽ ജോലിയും യാത്രകളുമൊക്കെയായി ആഹ്ലാദത്തോടെ ജീവിക്കുകയും ചെയ്യുന്നത് സ്ത്രീകളുടെ മാനസികാരോഗ്യം വലിയൊരളവുവരെ കൂട്ടുമെന്നാണ് പഠനം പറയുന്നത്. 

വിവാഹത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റ് തിരഞ്ഞെടുപ്പ് തന്നെയാണ്. പങ്കാളികളെ തിരഞ്ഞെടുക്കുന്ന തിൽ സംഭവിക്കുന്ന വീഴ്ച. ഇതേത്തുടർന്ന് .യുഎസിലും ഫ്രാൻസിലും റഷ്യയിലും പകുതിയിലധികം വിവാഹങ്ങൾ വിവാഹമോചനത്തിലോ വേർപിരിയലിലോ കലാശിക്കുന്നു. വിവാഹ മോചനത്തിനു മുൻകയ്യെടുക്കുന്നതു മിക്ക പ്പോഴും സ്ത്രീകളായിരിക്കും. അതിനുശേഷമാകട്ടെ കൂടുതൽ സന്തോഷത്തോടെ അവർക്കു ജീവിക്കാനുമാകുന്നു. 

പുരുഷൻമാരെ വിവാഹം കഴിക്കുന്നവർക്കു മാത്രമല്ല, സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്കും ബന്ധത്തിൽനിന്നു പ്രതീക്ഷിച്ചത്ര സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. 

വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതലാണെന്നതും പെട്ടെന്നുതന്നെ സ്ത്രീകളെ നിരാശയിലാഴ്ത്തുന്നു. വിശ്വാസ്യത, അടുപ്പം, ബന്ധത്തിലെ തീവ്രത എന്നിവയിലെല്ലാം സ്ത്രീകൾ പങ്കാളിയിൽനിന്ന് ആവശ്യപ്പെടുന്നത് പൂർണതയാണ്. ഇതു സഫലമാകാതെ വരുമ്പോൾ നിരാശയുടെ ആഴവും കൂടുതലായിരിക്കും. 

ലൈംഗിക ബന്ധങ്ങളുടെ കാര്യത്തിലും സ്ത്രീകൾ നിരാശരാണത്രേ. പുരുഷൻമാർക്ക് ലൈംഗികത എന്ന ഒറ്റ ആഗ്രഹം മാത്രമാകുമ്പോഴും പങ്കാളിയോടുള്ള കരുതലും പരിഗണനയും ഇല്ലാതിരിക്കുമ്പോഴും ബന്ധത്തിൽ വിള്ളലുകൾ വീഴുന്നു. വിവാഹം കഴിക്കുന്നതോടെ ഭാര്യ തങ്ങളുടെ സ്വത്തായി മാറുന്നെന്നാണ് ഇപ്പോഴും പല പുരുഷൻമാരുടെയും അബദ്ധധാരണ. ഏതുസമയത്തും തങ്ങളുടെ ഇഷ്ടത്തിനു കീഴടങ്ങാൻ സ്ത്രീകൾ തയാറായിരിക്കണം എന്നും ചില പുരുഷന്മാർ‍ കരുതുന്നു. ഇതോടെ വിവാഹം ചെയ്യാനെടുത്ത തീരുമാനം ശരിയാണോ എന്ന പുനർചിന്ത സ്ത്രീകളിൽ ഉടടെലുക്കുന്നു. പലപ്പോഴും ഭാര്യമാർ അസംതൃപ്തരാണെന്ന യാഥാർഥ്യം പുരുഷൻമാർ അറിയാറേയില്ല. വിവാഹ മോചന തീരുമാനം എടുക്കുമ്പോഴേക്കും പുരുഷൻമാർ പെട്ടെന്നു ഞെട്ടുന്നു. 

ഭാര്യയ്ക്കും ഭർത്താവിനും ജോലിയുള്ള വീടുകളിലും ഭർത്താവ് ജോലിയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഭാര്യയ്ക്ക് വീട്ടുകാര്യവും നോക്കേണ്ട ഉത്തരവാദിത്തമുണ്ട്. പരിഷ്കൃത ചിന്തകളുടെ വരവിനുശേഷവും വീട്ടുജോലി രണ്ടുപേരും കൂടി പങ്കുവയ്ക്കേണ്ടതാണെന്ന ധാരണ വേരുപിടിച്ചിട്ടില്ല. 

വിവാഹത്തോടെ ഒരു സ്ത്രീയുടെ വ്യക്തിപരമായ ജീവിതം അവസാനിക്കുകയാണ് പതിവ്. പിന്നീട് ജീവിതം കുടുംബത്തിനുവേണ്ടിമാത്രം. ഇതു മനസ്സിലാക്കിയതോടെ വിവാഹമേ വേണ്ടെന്നു വയ്ക്കുകയാണ് വലിയൊരു ശതമാനം സ്ത്രീകൾ. ചിലരാകട്ടെ വൈകി മാത്രം വിവാഹം കഴിക്കുന്നു. ജപ്പാനിൽ ഏഴു സ്തീകളിൽ ഒരാളെന്ന കണക്കിൽ വിവാഹം വേണ്ടെന്നുവയ്ക്കുന്നു. 

30–34 പ്രായത്തിനിടെ വിവാഹം വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുടെ എണ്ണം ദക്ഷിണകൊറിയയിൽ 1970–ൽ 1.4 ശതമാനം ആയിരുന്നെങ്കിൽ 2010 ആയപ്പോഴേക്കും 30 ശതമാനമായി വർധിച്ചു. ചൈനയിൽ നഗരപ്രദേശങ്ങളിലെ സ്ത്രീകളിൽ 30 ശതമാനം പേരും 28 വയസ്സിലും അവിവാഹിതരായി കഴിയുകയാണത്രേ. 1970 ൽ ഇവരുടെ എണ്ണം വെറും 5 ശതമാനം മാത്രമായിരുന്നു. 

ഉന്നത ജീവിത നിലവാരം നിലനിൽക്കുന്ന രാജ്യങ്ങളിൽപ്പോലും വിവാഹിതരായ സ്ത്രീകൾ ഉറങ്ങുന്ന സമയം വളരെ കുറവാണത്രേ. ഉറങ്ങാനാകാത്ത രീതിയിൽ ജീവിതപ്രശ്നങ്ങൾ അവരെ അലട്ടുന്നു എന്നതുതന്നെ കാരണം. ഒപ്പം അമിത ജോലിയുടെ ക്ഷീണവും. 

വിവാഹത്തിനു പകരം താൽക്കാലിക ബന്ധങ്ങളിൽ അഭയം തേടുന്നവരുടെ എണ്ണവും കുറവല്ലെന്നാണ് അടുത്തകാലത്തു പുറത്തുവന്ന പഠനങ്ങൾ പറയുന്നത്. സംഘർഷങ്ങൾ കുറവാണെന്നതും ബാധ്യതയുടെ അഭാവവും താൽക്കാലിക ബന്ധങ്ങളിലേക്ക് സ്ത്രീകളെ നയിക്കുകയാണത്രേ. 

English Summary : Why Some Women Stay Single