വിവാഹിതരാകുമ്പോള്‍ സ്ത്രീക്കു പുരുഷനേക്കാള്‍ പ്രായം കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടാകും? പ്രായം കൂടുമ്പോള്‍ മാതാപിതാക്കളില്‍ അമ്മ കൂടുതല്‍ കാലം വീട്ടില്‍ ഒറ്റയ്ക്കു കഴിയേണ്ടിവരുന്ന പ്രവണത മിക്ക രാജ്യങ്ങളിലും കാണപ്പെടുന്നതിനും പ്രത്യേകിച്ചു കാരണമുണ്ടോ?. ഈ ചോദ്യങ്ങളുടെ ഉത്തരം തേടിയ പഠനം എത്തിച്ചേര്‍ന്നിരിക്കുന്നത് അപൂര്‍വമായ കണ്ടെത്തലുകളില്‍.

വിവാഹവും ആചാരങ്ങളും രാജ്യങ്ങള്‍ക്കും മതങ്ങള്‍ക്കു മനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ചില പൊതു പ്രവണതകള്‍ സമാനമാണെന്നു പഠനം പറയുന്നു. 130 രാജ്യങ്ങളിലെ ജീവിതരീതിയും 6 വ്യത്യസ്ത മതങ്ങളിലെ ആചാരരീതികളും പഠനവിധേയമാക്കിയതിനു ശേഷമാണ് കണ്ടെത്തലുകള്‍. അവയില്‍ ഏറ്റവും പ്രധാനം വിവാഹിതരാകുന്ന സ്ത്രീ പുരുഷന്‍മാരുടെ പ്രായത്തെക്കുറിച്ചാണ്. 

വിവാഹിതരാകുമ്പോള്‍ സ്ത്രീക്ക് എപ്പോഴും പ്രായം കുറവായിരിക്കും. എല്ലാ രാജ്യങ്ങളിലും മതങ്ങളിലും ഇതു സമാനമാണ്. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികളിലും പ്രവണതയ്ക്കു മാറ്റമില്ല. 

ദമ്പതികളുടെ പ്രായവ്യത്യാസം ഏറ്റവും പ്രകടം മുസ്ലിം സമുദായത്തിലാണ്. ശരാശരി 6.6 വയസ്സിന്റെ വ്യത്യാസമുണ്ട് ദമ്പതികള്‍ തമ്മില്‍. ഹിന്ദുക്കളില്‍ വ്യത്യാസം 5 വയസ്സാണെങ്കില്‍ ക്രിസ്ത്യൻ സമുദായത്തിൽ 3.8 ശതമാനം മാത്രം. ആഫ്രിക്കയിലെ ഗാംബിയ, ഗയാന എന്നീ രാജ്യങ്ങളില്‍ പ്രായവ്യത്യാസം 15 വയസ്സു വരെ കൂടാറുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവടങ്ങളിലാകട്ടെ വ്യത്യാസം വെറും ഒന്നും രണ്ടും വയസ്സുമാത്രം. അമേരിക്കയിലും ചൈനയിലും ഇതു 2 ശതമാനം തന്നെ. 

ലോകത്ത് ഏതാണ്ട് എല്ലായിടത്തും വയോധികരായ ദമ്പതികളെ നോക്കിയാല്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാൾ കൂടുതൽ കാലം ജീവിക്കുന്നതായി കാണാം. അതായത് ഭര്‍ത്താവിന്റെ മരണശേഷം ജീവിച്ചിരിക്കുന്ന ഭാര്യമാരുടെ എണ്ണം കൂടുതലാണ്. 10 പുരുഷന്‍മാരില്‍ ഒരാള്‍ മാത്രമാണ് പ്രായത്തെ അതിജീവിച്ച് ഒറ്റയ്ക്കു ജീവിക്കുന്നതെങ്കില്‍ 5 ല്‍ 1 എന്നതാണ് സ്ത്രീകളിലെ കണക്ക്. ക്രിസ്ത്യാനികളില്‍ 30 ശതമാനം സ്ത്രീകളും വാര്‍ധക്യകാലത്തെ ഒറ്റയ്ക്കു നേരിടുന്നവരാണ്. പുരുഷന്‍മാര്‍ വെറും 14 ശതമാനം മാത്രം. യൂറോപ്പിലും വടക്കേ അമേരിക്കയിലും 60 വയസ്സിനും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ അപേക്ഷിച്ചു വളരെ കൂടുതലാണ്. എന്നാല്‍ ലാറ്റിനമേരിക്കയിലും മറ്റും 14 ശതമാനം സ്ത്രീകള്‍ മാത്രമേ പ്രായത്തെയും വിരഹത്തെയും അതിജീവിക്കാറുള്ളൂ. 

ആയുര്‍ദൈര്‍ഘ്യം ഉള്‍പ്പെടെ പല കാരണങ്ങളും ചൂണ്ടിക്കാണിക്കാനാകും സ്ത്രീകള്‍ അതിജീവിക്കുന്നതിന്റെ കാരണമായി. സമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളും എടുത്തുപറയണം. സര്‍ക്കാര്‍ കൃത്യമായ വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കാത്ത രാജ്യങ്ങളില്‍ പ്രായമായ സ്ത്രീകളെ പരിപാലിക്കുന്നതും വലിയ ചെലവും സൂക്ഷ്മതയും വേണ്ട ജോലിയാണ്. 

35 നും 59 നും ഇടയില്‍ പ്രായമുള്ളവരിലും പുരുഷന്‍മാരേക്കാള്‍ കൂടിയ എണ്ണം സ്ത്രീകള്‍ തന്നെയാണ്. ലോകമാകെ ഈ പ്രവണത സമാനമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം തനിച്ചു ജീവിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്.  ഒറ്റയ്ക്കു ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം റുവാണ്ടയാണ്(19 ശതമാനം). 

English Summary : Why women are younger than their husbands 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT