മൂക്കുത്തി മൂക്കുത്തി കണ്ടോളൂ...
കുറച്ചുകാലമായി വിചാരിക്കണതാണ്. എള്ളോളമുള്ള മോഹമല്ലേ, വാങ്ങിത്തരാമെന്ന് കെട്ട്യോനും സമ്മതിച്ചു. അതുമായി ബ്യൂട്ടി പാർലറിലേക്ക് കയറിച്ചെന്നപ്പോൾ റിസപ്ഷനിലിരിക്കുന്ന സുന്ദരൻചേട്ടൻ ചിരിച്ചുകൊണ്ടു കാര്യം തിരക്കി. ഞാൻ വളരെ പതുക്കെ പറഞ്ഞു. 'മൂക്ക് കുത്താനാണ്...' ഇപ്പ ശരിയാക്കിത്തരാമെന്ന മട്ടിലൊരു ചിരിയും പാസാക്കി അങ്ങേര് അകത്തെ ക്യാബിനിലേക്കു തിരിഞ്ഞ് ഉറക്കെ വിളിച്ചുചോദിച്ചു...‘ഒരു ഷൂട്ടിങ്ങ്...അകത്തേക്കു വിടട്ടോ’. ഞാൻ പെട്ടെന്ന് അവിടെ വെയിറ്റ് ചെയ്യുന്ന മറ്റുള്ളവർ എന്നെ നോക്കുന്നുണ്ടോ എന്നു നോക്കി. ചിലർ നോക്കുന്നുണ്ട്. ശ്ശോ.. ഈ പിള്ളേച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞ് ഇത് കുളമാക്കും.
അകത്തു കയറിച്ചെന്നപ്പോൾ സെറ്റപ്പൊക്കെ കൊള്ളാം. പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ കാതുകുത്താൻ ഒരു തട്ടാന്റെ മടിയിൽ എന്നെക്കൊണ്ടിരുത്തിയതും വേദന സഹിക്കവയ്യാതെ ആ അപ്പൂപ്പന്റെ മടിയിൽ മുള്ളിയതുമൊക്കെ മമ്മി പറഞ്ഞു തന്നിട്ടുണ്ട്.. ഇതിപ്പോ ഷൂട്ട് ചെയ്തല്ലേ.. വേദനയൊന്നമുണ്ടാകില്ലെന്ന ധൈര്യമായിരുന്നു എനിക്ക്. എന്നാലും ഗണ്ണുമായി ഒരു ചേച്ചി അടുത്തേക്കു വന്നപ്പോൾ ഒന്നുകൂടി ഞാൻ തിരക്കി.. മറുപടി പറഞ്ഞത് തൊട്ടപ്പുറത്തെ സീറ്റിൽ മുടി ജെല്ലിട്ടു കളറിട്ടു യോയോ ആക്കിക്കൊണ്ടിരുന്ന ഒരു ഫ്രീക്കൻ ചേട്ടനാണ്.. ഏയ്.. ഒരഞ്ചാറ് ഉറുമ്പ് ഒരുമിച്ചു കടിക്കുന്നത്ര വേദനയേ കാണൂ..’ ആ ഫ്രീക്കൻ ചേട്ടന്റെ കാതിലും പുരികത്തിലുമൊക്കെയായി കിലുങ്ങിയാടുന്ന സ്റ്റഡുകൾ കണ്ടപ്പോൾ ആ ചോദ്യം ചോദിക്കേണ്ടായിരുന്നു എന്നു തോന്നി..
അങ്ങേരുടെ മുള്ളൻപന്നിമുടി നോക്കിക്കൊണ്ടിരിക്കെ ചേച്ചി എന്റെ മൂക്കിൻ തുമ്പത്ത് ഒറ്റഡിഷ്യൂം... ഒരു കുഞ്ഞു ബുള്ളറ്റ് തറയ്ക്കുന്ന ഫീൽ.. കഴിഞ്ഞു.. വേദനയൊന്നുമുണ്ടായില്ല... കണ്ണാടിയിൽ ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി.. മൂക്കു കുത്തിയാൽ മുഖം കഴുകാൻ പാടുപെടും..ജലദോഷം വരുമ്പോൾ എന്തുചെയ്യും..മൂക്കു ചീറ്റാൻ പറ്റുമോ.. അല്ലെങ്കിലും നസ്രാണിപ്പെണ്ണുങ്ങൾ മൂക്കു കുത്തുമോ തുടങ്ങി പിന്തിരിപ്പൻ ചോദ്യങ്ങളൊക്കെ അപ്പോൾ ഞാൻ മറന്നു... തരക്കേടില്ല.. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ.. ബില്ലടച്ച് പാർലറിനു പുറത്തിറങ്ങിയപ്പോൾ ഞാൻ എന്റെ മൂക്കിനെക്കുറിച്ച് കൂടുതൽ കോൺഷ്യസ് ആകാൻ തുടങ്ങി.. എതിരെ വരുന്നവർ എന്റെ മൂക്കു കുത്തിയത് നോക്കുന്നുണ്ടോ എന്നതിലായിരുന്നു എന്റെ ശ്രദ്ധ.... നോക്കൂ നോക്കൂ എന്ന് ആരും കേൾക്കാതെ ഞാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു..
ലിഫ്റ്റിൽ കയറിയപ്പോൾ അതാ തൊട്ടുമുന്നിൽ എന്റെ ഫ്ലാറ്റിലെ ഒരു ആന്റി.. മൂക്കുത്തി കണ്ടോട്ടെയെന്നു കരുതി ഞാൻ മുഖത്തോടു മുഖം നോക്കി വിശേഷം തിരക്കി.. വെള്ളെഴുത്താണെന്നു തോന്നുന്നു, പുള്ളിക്കാരി കണ്ട മട്ടു കാണിച്ചില്ല. എനിക്ക് നിരാശയായി. ലിഫ്റ്റ് ഇറങ്ങിക്കഴിഞ്ഞപ്പോൾ അപ്പോൾ അതാ ആന്റി എന്റെയടുത്തേക്കു തിരിച്ചുവരുന്നു.. എനിക്ക് സന്തോഷമായി. ‘മൂക്കത്തെന്താ മോളേ ഒരു പാട്’...
നാശം!.. ഇതിനായിരുന്നോ ആശിച്ച് മോഹിച്ച് ഇത്ര വേദന സഹിച്ച് മൂക്കുകുത്തിയത്. ഉടൻ തന്നെ ഒരു സെൽഫി എടുത്ത് കെട്ട്യോനയച്ചു. തിരിച്ചുവന്ന സ്മൈലി കണ്ടപ്പോ സമാധാനമായി.. മൂക്കുത്തിപ്പടം കണ്ട് പപ്പ പറഞ്ഞു, ‘കന്നുകാലികൾക്ക് മൂക്കുകയറിടുന്നത് കാണാറുണ്ട്.. നീയെന്തിനാ മോളേ മൂക്കുകുത്തിയത്’..
എനിക്കിതു തന്നെ വേണം!..
പിന്നെ രണ്ടുമൂന്നുനാലുദിവസത്തേക്ക് ചെറിയ നോവുണ്ടായിരുന്നു. ഉപ്പുനീരും വെളിച്ചെണ്ണ മുറുക്കിയതുമൊക്കെ തൊട്ടുവച്ച് ഞാനെന്റെ പാവം മൂക്കിനെ സമാധാനിപ്പിച്ചു. എങ്കിലും ആദ്യ ദിവസങ്ങളിൽ മൂക്കിന്റെ തുമ്പത്ത് ഒരു കാട്ടുവണ്ടോ മറ്റോ കടിച്ചുപിടിച്ചിരിക്കുന്നപോലെ ഒരു മുറുക്കം തോന്നുന്നുണ്ടായിരുന്നു... പിന്നെപ്പിന്നെ വേദന കുറഞ്ഞു. മൂക്കുത്തിയിട്ട കാര്യം മൂക്കും മറന്നു... ഇപ്പോ ആരെങ്കിലും ഇടയ്ക്ക് ആശ്ചര്യഭാവത്തിൽ ചോദിക്കും.. ‘അയ്യോ മോള് മൂക്കു കുത്തിയോ?’ എന്തായാലും മാലയ്ക്കോ കമ്മലിനോ മോതിരത്തിനോ ഇല്ലാത്ത എന്തോ ഒരു പ്രിവിലേജ് മൂക്കുത്തിക്ക് ഉണ്ടെന്ന് പിടികിട്ടി. അയ്യോ മോള് മാലയിട്ടോ കമ്മലിട്ടോ വളയിട്ടോ എന്നൊന്നും ആരും ചോദിക്കാറില്ലല്ലോ.. എന്തായാലും സംഗതി തരക്കേടില്ല. മുഖം കഴുകാനും മൂക്കുചീറ്റാനും പറ്റില്ലെന്നു കരുതി ആരും മൂക്കുത്തിയിടാതിരിക്കണ്ട. മൂക്കിൻതുമ്പത്താ ദേഷ്യം എന്നൊക്കെ പറയുംപോലെ മൂക്കിൻതുമ്പത്ത് ഒരു കടുകുമണിയോളം അഴക് കിടന്നോട്ടെന്നേ...
ഇപ്പം എന്റെ കുറുമ്പൻചെക്കനോട് അമ്മേടെ മൂക്കുത്തിയെവിടെയാ എന്നു ചോദിച്ചാൽ അവൻ മൂക്കിൻതുമ്പത്ത് ഒരുമ്മ വച്ചുതരും...