‘ആ സൂത്രം ഇല്ലെങ്കിൽ സാരിയുടെ കാര്യം കാറ്റത്ത് സവാരിഗിരിഗിരി’, ഒരു സാരിയുടുപ്പ് മാമാങ്കം
അര മുറുക്കിക്കെട്ടി, തുമ്പ് വലത്തുകുത്തി വട്ടം കറങ്ങി മുന്താണി നീട്ടിയെറിഞ്ഞ് തോളത്തുചുറ്റി, പല്ലവ് കൈപ്പാടു വീതിക്ക് ഞൊറിഞ്ഞു കുത്തി.. തെറ്റിദ്ധരിക്കണ്ട.. കളരിമുറയൊന്നുമല്ല.. മലയാളിമങ്കയുടെ സാരിയുടുപ്പിനെക്കുറിച്ചാണ്... അതൊരു ഒന്നാന്തരം പൂഴിക്കടകൻ അഭ്യാസം തന്നെയല്ല്യോ..... സാരിയിലേക്കു മുതിരുക എന്നതാണ് നാലാളുകൾക്കു മുന്നിൽ പെൺകുട്ടികളുടെ വയസ്സറിയിക്കലെന്നു പണ്ടേ പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ടിട്ടില്ലേ കൊച്ചുപെൺകുട്ടികൾ അമ്മയുടെ തോർത്തോ മറ്റോ സാരി കണക്കേ വാരിച്ചുറ്റി വലിയ ഗമയിൽ കണ്ണാടിനോക്കിനോക്കി നിൽക്കുന്നത്.
എന്റെ കുട്ടിക്കാല ഓർമകളിൽ ഇന്നും വാസനിക്കുന്നൊരു കർപ്പൂരമണമുണ്ട്. മമ്മിയുടെ അലമാര തുറക്കുമ്പോൾ മാത്രം കിട്ടുന്ന ഒരു പ്രത്യേക വാസന. ഇസ്തിരിയിട്ടു മടക്കിവച്ച കോട്ടൺസാരികള്‍ക്കിടയിൽ നിന്നുയരുന്ന വാസനയാണത്. പിന്നെ സദാനേരവും അടച്ചുപൂട്ടിവയ്ക്കുന്നതുകൊണ്ട് തടിയലമാരയുടെ അടമണവും കൂടി ചേരുന്ന ഒരു പ്രത്യേക ഗന്ധം. (അന്ന് ടസറിന്റെയും ജ്യൂട്ടിന്റെയുമൊന്നും കൊച്ചമ്മത്തരമൊന്നും അലമാരകളിലേക്ക് എത്തിയിട്ടില്ല. അല്ലെങ്കിലും സർക്കാർ സ്കൂൾ ടീച്ചർമാർക്ക് സാരിപ്പൊങ്ങച്ചത്തിന്റെ കാര്യമെന്ത്!) മിക്കപ്പോഴും അടച്ചുപൂട്ടിവയ്ക്കുന്ന ആ അലമാരയ്ക്കുള്ളിലേക്ക് എന്റെ കൗതുകം കൈനീട്ടുമ്പോൾ മമ്മി പറയുമായിരുന്നു, വലുതാകുമ്പോൾ നിനക്കുകൂടി ഉടുക്കാൻ വേണ്ടിയുള്ള സാരികളാണെന്ന്. അത്രയും മതി, അന്നത്തെ കുഞ്ഞുടുപ്പുകാരിക്ക് സന്തോഷമാകാൻ. വലിയ കുട്ടിയാകാനുള്ള കാത്തിരിപ്പ് സാരിയുടുക്കാനുള്ള കൊതികൊണ്ടുകൂടിയുമായി മാറിയത് അങ്ങനെയാണ്.
ജീവിതത്തിൽ ആദ്യമായി സാരിയുടുക്കുന്നത് ജോലികിട്ടിയ ശേഷമാണ്. മജന്ത നിറമുളള കരയും കസവും ചേർന്ന സെറ്റുസാരി. പണ്ടേ പറഞ്ഞുവച്ചതുപോലെ മമ്മിയുടെ സാരി. നമ്മളിൽ പലരും ആദ്യം ഉടുക്കുന്നത് അമ്മയുടെ സാരി തന്നെയല്ലേ. അമ്മയുടെ സാരിയുടുക്കുമ്പോൾ അമ്മയോട് തോന്നുന്ന ഐഡെന്റിഫിക്കേഷൻ വളരെ വൈകാരികമായ ഒന്നാണ്. ഞൊറിഞ്ഞുകുത്തുന്ന കസവുകരയ്ക്കൊപ്പം അമ്മയുടെ സ്നേഹം കൂടി നൂലു പാകിയതിന്റെപോലെയൊരു ആത്മവിശ്വാസം.
ആദ്യകാല സാരിയുടുപ്പ് ഒരു ആഘോഷമാക്കി മാറ്റാത്തവരാരുണ്ട്? ദിവസങ്ങൾക്കു മുൻപേ തുടങ്ങും ഒരുക്കം. വൃത്തിക്കും പാകത്തിനും ബ്ലൗസ് തയ്ച്ചുകിട്ടിയാൽ തന്നെ പാതി സമാധാനമായി. പിന്നെ സാരിക്കു മാച്ച് ചെയ്യുന്ന വളയും മാലയും ലോലാക്കും മോതിരവും തേടിനടക്കുകയായി. ഉടുക്കുന്നതിന്റെ തലേന്ന് കനത്തിൽ ഇസ്തിരിയിട്ട് ഒന്നുകൂടി മിനുക്കം വരുത്തുകയായി. ഹോസ്റ്റലിലെങ്ങാനുമാണ് താമസിക്കുന്നതെങ്കിൽ സാരിയുടുപ്പ് വലിയൊരു മാമാങ്കം തന്നെയാണ്. പ്രത്യേകിച്ചും അന്തേവാസികളായ എല്ലാ പെൺപിള്ളേരും സാരിയുടുത്തിറങ്ങുന്നതിനു തൊട്ടുമുൻപത്തെ ഹോസ്റ്റൽ മണിക്കൂറുകളുടെ പൊല്ലാപ്പുകൾ അനുഭവിച്ചുതന്നെ അറിയണം. സ്ഥലത്തെ പ്രധാന മൂപ്പത്തിയും ഹോസ്റ്റൽ വാർഡനുമായ കനകമ്മച്ചേച്ചിയായിരുന്നു ഞങ്ങളുടെ സാരിയുടുപ്പു മഹാമഹത്തിന്റെ മേൽനോട്ടക്കാരി.
ഷോളും ഡെക്കറേഷനുമൊന്നുമില്ലാതെ കെയർലെസ് ആയി നടക്കുന്ന പതിവു ‘കുർത്തക്കാരികള്‍ക്ക്’ അല്ലെങ്കിലും സേഫ്റ്റിപിന്നിനോട് അലർജിയാണ്. സാരിയുടുക്കുമ്പോൾ പക്ഷേ അതു പറഞ്ഞിട്ടു കാര്യമില്ല. ഇത്തിരിപ്പോന്ന ആ സൂത്രം ഇല്ലെങ്കിൽ സാരിയുടെ കാര്യം കാറ്റത്ത് സവാരിഗിരിഗിരി. ഉടുത്തു കഴിഞ്ഞാലും ഇത്രയേറെ നാം കോൺഷ്യസ് ആകുന്ന മറ്റൊരു വേഷമില്ല. കണ്ണാടിയിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും വളഞ്ഞുമൊക്കെ നിന്നു നോക്കി കാഴ്ചക്കാർക്ക് പ്രകോപനം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ളത് സാരിയുടുക്കുന്നവർക്ക് സമൂഹം നൽകുന്ന സ്റ്റാറ്റ്യൂട്ടറി വാണിങ് ആണ്.
ആറുമീറ്റർ നീളമുള്ള സാരിയേക്കാൾ അഹങ്കാരം ഇത്തിരിതുണികൊണ്ട് തയ്ച്ചെടുക്കുന്ന ബ്ലൗസിനാണ്. കാലം മാറുന്നതിനനുസരിച്ചുള്ള ഫാഷൻ സങ്കൽപങ്ങൾ ഗ്രാഫ് വരയ്ക്കുന്നത് ബ്ലൗസിന്റെ കഴുത്തിലും സ്‌ലീവിലുമൊക്കെയല്ലേ. ഹൈ നെക്ക്, ലോ നെക്ക്, വൈഡ് നെക്ക്, ബോട്ട് നെക്ക് എന്നു വേണ്ട നെക്കില്ലാതെ വരെ തയ്ച്ചുതരില്ലേ നമ്മുടെ ഫാഷൻ ഡിസൈനർമാർ. പിന്നെ സാരിക്ക് ഒത്ത മാച്ചിങ് ബ്ലൗസ് വേണമെന്നു വലിയ നിർബന്ധമൊന്നുമില്ല കേട്ടോ. കറക്ട് മാച്ചിങ് കിട്ടിയില്ലെങ്കിൽ കിട്ടുന്നതെടുത്ത് തയ്ച്ച് ഇട്ടുകൊള്ളുക. നാലാള് കണ്ട് അയ്യേ എന്നു പറയാൻ തുടങ്ങുമ്പോഴേക്കും അങ്ങോട്ട് കേറി ഹെഡ് ചെയ്തു പറയണം; ഇതാ ഇപ്പത്തെ ലേറ്റസ്റ്റ് ഫാഷൻ.. സംഗതി കോണ്‍ട്രാസ്റ്റാ.... പിന്നേം നമ്മളെ കൊച്ചാക്കാൻ വന്നാൽ സബ്യസാച്ചിയെ പോലെയുള്ള വമ്പൻ ഡിസൈനർമാരുടെ പേര് പുട്ടിനു പീര പോലെ ഇട്ടുകൊടുത്താൽ മതി.... ചോദിച്ചവർ വായ് പൊളിച്ചുകൊള്ളും...
സാരിയുടുത്തു കഴിഞ്ഞാൽ ‘കാടിനുടയോൾ പൂഞ്ചേല റാണിയായ്’ എന്ന ശീമാട്ടിപ്പാട്ടൊക്കെ മൂളി നിലക്കണ്ണാടിയൊക്കെ നോക്കി നമ്മൾ തന്നെ പറഞ്ഞുകൊള്ളണം.. ‘വൗ.. വെൽഡൺ ഡാർളിങ്’. അതുകഴിഞ്ഞ് ഒരു സെൽഫി മസ്റ്റാണ്... എന്താല്ലേ..എത്ര മനോഹരമായ ആചാരങ്ങൾ..
എന്തായാലും സാരി മലയാളിപ്പെണ്ണിന് മനോഹരമായ ഒരു നൊസ്റ്റാൾജിയ കൂടിയാണ്.. കണ്ണാടി നോക്കുമ്പോൾ പണ്ടു കുട്ടിക്കാലത്ത് മുഖമൊളിപ്പിക്കാൻ സാരിത്തുമ്പു നീട്ടിത്തന്ന അമ്മയെ കാണാം.. സാരിക്കാഴ്ചയുടെ അഴകു പറഞ്ഞു നാണിപ്പിക്കുന്ന അനുരാഗിയെ കാണാം.അങ്ങനെ ഓരോരോ നേരമ്പോക്കുകൾ...
English Summary: Saree Wearing Nostalgia