അമ്മായിയമ്മ ശക്തയായ മാതൃക, മരുമകൾ ബന്ധം കൺസെപ്റ്റ് മാത്രമല്ല; ചില നിലപാടുകൾ
വിജയകരമായി മുന്നോട്ട് പോകുന്ന കേരളത്തിൽ അറിയപ്പെടുന്ന സംരംഭകയാണ് സന്ധ്യ എന്‍ബി. അമ്മയായി തന്നെ അമ്മായിയമ്മയെ സ്നേഹിക്കുന്ന സന്ധ്യ എന്‍ബി, ലോക അമ്മായിയമ്മ ദിനത്തിൽ ആ സ്നേഹം പങ്കിടുന്നു.
അമ്മായിഅമ്മ എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുണ്ടോ, ചിന്തിച്ചിട്ടുണ്ടോ, സംശയമാണെന്ന് സന്ധ്യ എന്‍ബി. ഇന്നേ വരെ ഇടപഴകിയ സ്ത്രീകളിൽ ഏറ്റവുമധികം ബഹുമാനവും ആദരവും തോന്നിയിട്ടുള്ളതും മറ്റാരോടുമല്ല. ഇന്നത്തെ ഞാൻ രൂപപ്പെട്ടു വന്നത് അമ്മ ഒരു ശക്തമായ മാതൃക ആയി കൂടെ എന്നും ഉണ്ടായതിനാലാവാം. രാഷ്ട്രീയക്കാരനായ ഭർത്താവിന്റെ കൂടെ പരാതി പരിഭവങ്ങളേതുമില്ലാതെ അദ്ധ്യാപകജോലി, കുടുംബം, പറമ്പ്, നെൽകൃഷി ഇവയെല്ലാം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഠിനാദ്ധ്വാനിക്കേ ആവൂ.എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള അമ്മയുടെ ചില സ്വഭാവ സവിശേഷതകൾ ഉണ്ട്. വാർദ്ധക്യത്തിന്റെ അവശതകൾ മൂലം കിടപ്പിലായ തൊണ്ണൂറ് വയസ്സ് വരെയും തനിയ്ക്കുള്ളതെല്ലാം മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്ന ആൾ.
തലച്ചോറ് സജീവമായിരുന്ന അന്ത്യ നാളുകൾ വരെയും മക്കളുടെ, പേരക്കുട്ടികളുടെ, പേരക്കുട്ടികളുടെ മക്കളുടെ എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ ഉണ്ടായിരുന്ന ആൾ. വീട്ടിലെത്തുന്ന അതിഥികൾ മടങ്ങുമ്പോൾ പടിക്കലോളം ചെന്ന് യാത്രയാക്കണം എന്ന് നിഷ്കർഷിച്ചിരുന്ന ആൾ. സ്വന്തം വേഷത്തിൽ, ഉപയോഗിക്കുന്ന വാക്കുകളിൽ എപ്പോഴും മാന്യത പുലർത്തിയിരുന്ന ആൾ. കണ്ണ് പിണങ്ങുന്നതു വരേയും ധാരാളം വായിച്ചിരുന്ന ആൾ. രാത്രി വൈകും വരെയും ടീവിയിലെ രാഷ്ട്രീയ ചർച്ചകളും സഞ്ചാരം ചാനലും പതിവായി കണ്ടിരുന്ന ആൾ.
ശരിക്കും അമ്മ ഒരു സംസ്കാരം ആയിരുന്നു. ഞാനും അമ്മയും തമ്മിൽ വല്ലാത്തൊരു കെമിസ്ട്രി ഉണ്ടായിരുന്നു. അമ്മയെ ഞാൻ ബഹുമാനിച്ചിരുന്നതു പോലെ എന്റെ കഴിവുകളിലും കാര്യപ്രാപ്തിയിലും അമ്മയ്ക്കും മതിപ്പുണ്ടായിരുന്നു. ഇന്നിപ്പോൾ കാലവും കാലഘട്ടവും മാറി. സ്ത്രീകളുടെ ആശയങ്ങളിലും, ചിന്തകളിലും വലിയ വ്യത്യാസങ്ങളുണ്ടായി. ' എന്റെ ഭർത്താവിൽ ' തുടങ്ങി എല്ലാ 'എന്റെ' കൾക്ക് മാത്രമായി പ്രാധാന്യം. മറ്റുള്ളവരുടെ മൂക്കിൻ തുമ്പത്ത് സ്വന്തം സ്വാതന്ത്ര്യം കണ്ടെത്തുന്നതായി പ്രവണത. അമ്മായിയമ്മപ്പട്ടക്കാലത്ത് ഞാൻ എത്തി നിൽക്കുമ്പോൾ മരുമകളിൽ ഞാൻ ആഗ്രഹിക്കുന്നത് ഒരു കൂട്ടാണ്.
ചേർന്നിരിക്കാൻ, പരസ്പരം പങ്കുവയ്ക്കാൻ, പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഒരു പെൺ കൂട്ട്. ഇപ്പോഴത്തെ അമ്മായി അമ്മമാർ ഏറെക്കുറെ മരുമക്കളെ മക്കളായി കാണാനും അവരെ അംഗീകരിക്കാനും മനസ്സിലാക്കാനും പാകപ്പെട്ടവരാണ്. മരുമക്കൾ തിരിച്ച് അങ്ങനെ ആണോ എന്നതിൽ സംശയമുണ്ട്. അതിന് അവരെ കുറ്റപ്പെടുത്താൻ ആവില്ല. ഫെമിനിസത്തെക്കുറിച്ചുള്ള തെറ്റായ ധാരണയും, അമിത വാത്സല്യവും സംരക്ഷണവും അനുഭവിച്ച് വളരുന്നതും അവനവനിസവുമാണ് പ്രതികൾ. ഉമ്മറത്ത് അഞ്ച് വീടുകളിലേയും ചലനങ്ങൾക്ക് കാതോർത്തിരിക്കാൻ അമ്മ ഇല്ലാതായിട്ട് നാളേയ്ക്ക് എട്ടുമാസം.
മേനാശ്ശേരിക്കാരി, വാരിക്കുന്തക്കാരി, ഗീതാ പുഷ്ക്കരന്‍ (തിരക്കഥാകൃത്ത് ശ്യാംപുഷ്കരന്റെ അമ്മ)
ഈ വിശേഷണം എന്റെ അമ്മായിയമ്മയുടെ അമ്മായിയമ്മ ചീരുവമ്മ എന്റെ അമ്മായിയമ്മക്ക് ഇട്ട വിളിപ്പേരാണ്. അതൊരു ബഹുമതിയാണ് അവർക്ക്.1929 ൽ മേനാശ്ശേരി എന്ന വിപ്ളവ ഭൂമിയിൽ പിറന്നവൾ. ഭൈമി - ജീവിതം അഗ്നിപരീക്ഷയായവൾക്കു ചേരുന്ന പേര്.
ഒൻപതു മക്കളെ പെറ്റോരമ്മ.പുരുഷാധികാരത്തിന്റെ ധാർഷ്ട്യങ്ങളെ ശുദ്ധത ആയുധമാക്കി ജയിച്ചുനിന്നത് മക്കൾക്കു വേണ്ടിയായിരുന്നു. മനസ്സിലുണ്ടായിരുന്നു മലയോളം നോവുകൾ. പൊരുതിനിന്ന ദാരിദ്ര്യത്തിന്റെ നാളുകൾ.അവഗണിക്കപ്പെട്ട, അപമാനിക്കപ്പെട്ട പെൺമനസ്സിലെ കനലുകൾ ചാരം മൂടിക്കിടക്കുന്നുണ്ട് ഉള്ളിൽ.
മേനാശ്ശേരിക്കാരിയുടെ സമരവീര്യം കുടുംബം പോറ്റുന്ന കരുത്താക്കി മാറ്റിയ സ്ത്രീയായിരുന്നു. അമ്മായിയമ്മ - മരുമകൾ ബന്ധം കൺസെപ്റ്റ് മാത്രമല്ല നിലപാടും. മകന്റെ ജീവിത പങ്കാളിയായി എത്തുന്ന പെൺകുട്ടിയും അവളുടെതായ സ്വപ്നങ്ങളും അഭിലാഷങ്ങളും നിലപാടുകളും ലക്ഷ്യങ്ങളും ഉള്ള ഒരു സ്വതന്ത്രവ്യക്തിയാണ് എന്ന് ഭർതൃ കുടുംബം അംഗീകരിക്കുക. അമ്മായിയമ്മയും അവളുടെ ലക്ഷ്യം നേടിയെടുക്കുവാൻ സഹകരിക്കുക. ഊഷ്മളമായ ഹൃദയബന്ധം അവരു തമ്മിൽ ഉടലെടുക്കും എന്നതാണ് സത്യം. എന്റെ അനുഭവവും.