വനിത മുഖ്യമന്ത്രി പോലും ഇല്ലാത്തതാണ് കേരളത്തിന്റെ ഫെമിനിസം; ജസീന്തയും ന്യൂസിലാൻഡും അങ്ങനെയല്ല!
മറ്റൊരു നാട്ടിൽ നിന്നും കുടിയേറ്റക്കാരാണ് എത്തി, വന്നു കയറിയ ഇടത്തിൽ ആധിപത്യം ഉറപ്പിച്ചവരാണ് ഇന്ന് പരിഷ്കൃത സമൂഹമെന്നറിയപ്പെടുന്ന മനുഷ്യർ. തനത് ഗോത്ര സമൂഹത്തെ സർവ അവകാശങ്ങളും ഉപേക്ഷിച്ച് നാട് മുഴുവൻ കീഴടക്കിയ അധിനിവേശക്കാരുടെ കഥകൾ എല്ലാ രാജ്യങ്ങൾക്കും പറയാനുണ്ട്. അതിലൊന്നാണ് കിവികളുടെ രാജ്യമെന്നു വിളിക്കപ്പെടുന്ന ന്യൂസിലാൻഡിനും പറയാനുള്ളത്. രാജ ഭരണം മാറി ജനാധിപത്യമായപ്പോഴും പരിഷ്കൃത ജനത പലപ്പോഴും തനത് സംസ്കാരത്തെയോ മനുഷ്യ വർഗത്തെയോ വ്യത്യസ്തരായ ജനവിഭാഗത്തെയോ പ്രോത്സാഹിപ്പിച്ചു കണ്ടില്ല, എങ്കിൽ ഇതാ ജസീന്ത ആർഡനെ പരിചയപ്പെടാം. കോവിഡ് കാലത്താണ് ജസീന്തയുടെ പേര് ഒരുപക്ഷെ ലോകം കേട്ടത്. ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയെ നിയന്ത്രിക്കാൻ കഴിഞ്ഞ അപൂർവം രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. അവിടുത്തെ പ്രധാനമന്ത്രിയാണ് ജസീന്ത ആർഡൻ എന്ന സ്ത്രീ. വീണ്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വാൻ ഭൂരിപക്ഷത്തോടെ വീണതും ജസീന്ത തന്നെ ന്യൂസിലാൻഡിൽ അധികാരത്തിലേറി. അവർക്കൊപ്പം വളരെ വ്യത്യസ്തരായ ചിലരും മന്ത്രി സഭയിൽ സീറ്റുറപ്പിച്ചു.
ജസീന്തയുടെ മന്ത്രിസഭയിലെ വിഭാഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ന്യൂസിലാൻഡിലെ തനത് ഗോത്രമായ മാവോറി വംശജ നനെയ്യ മഹുത ഉൾപ്പെടെ അഞ്ചു പേരാണ് ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർ, നനെയ്യയുടെ താടിയിലുള്ള മൊക്കോ എന്ന ടാറ്റു അടയാളം പോലും കുടിയേറ്റക്കാരായി വന്നു പിന്നെ നാട്ടുകാരായി മാറി സർവ അധികാരങ്ങളും കയ്യാളിയ യൂറോപ്പുകാർക്കെതിരെയുള്ളതായിരുന്നു. ആദ്യ കാലങ്ങളിൽ നടന്നു വന്ന യുദ്ധത്തിന്റെ ബാക്കിപത്രമായി ഇപ്പോഴും തുടരുന്ന അവകാശ പ്രഖ്യാപനം കൂടിയാണ് അവർ ശരീരത്ത് അടയാളപ്പെടുത്തുന്ന ടാറ്റ്യൂ ചിഹ്നം. നാലുവർഷം മുൻപ് ജസീന്തയുടെ അധിപത്യത്തിലിരിക്കുന്ന ന്യൂസിലാന്‍ഡിൽ പാർലമെന്റിൽ അംഗമായ നനെയ്യ ഇപ്പോൾ അവിടുത്തെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയുമായി.
"നാരി ഭരിച്ചിടം നാരകം നാട്ടിടം നാടിനും വീടിനും നന്നല്ല", ഏതോ ഒരു കാലത്ത് മുതൽ കേട്ട് വളർന്ന ചൊല്ലാണിത്. തീർച്ചയായും ആണധികാര വ്യവസ്ഥയിൽ ഉരുവെടുത്ത ഒന്ന് തന്നെയാവണമത്. കേരളത്തിൽ അന്നോളം ഇന്നോളം ഒരു വനിതാ മുഖ്യമന്ത്രി പോലും ഉണ്ടായിട്ടുമില്ല, എന്നാൽ ആദർശവും ഫെമിനിസവും സ്ത്രീ സുരക്ഷിതത്വവും സംവരണവുമൊക്കെ എല്ലായ്പ്പോഴും പറയുന്ന കേരളത്തിൽ ആദ്യം പറഞ്ഞ പഴഞ്ചൊല്ല് തന്നെ ഇപ്പോഴും പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കാര്യം നോക്കിയാൽ പേരിനു ഒരു ഇന്ദിരാഗാന്ധിയുണ്ടായി എന്ന് പറയാം, ഉരുക്കു വനിത എന്നാണ് അവർ അറിയപ്പെട്ടിരുന്നതും. പഴയതിനെ ഓർത്ത് സംസാരിച്ചിട്ട് കാര്യമില്ല, നാരികൾ തന്നെയാണ് നാട് ഭരിക്കാൻ ഏറ്റവും മികച്ചതെന്ന് വെളിപ്പെടുത്തുന്ന ഉദാഹരണമായി ജസീന്ത ആർഡൻ ലോക ജനതയ്ക്ക് മുന്നിൽ അവരുടെ കഴിഞ്ഞ ഭരണകാലത്തെ നേട്ടവും പുതിയ മന്ത്രിസഭയുടെ തെളിച്ചവുമായി നിൽക്കുകയാണ്. കോവിഡിനെതിരെ ശക്തമായി ജസീന്തയുടെ സർക്കാർ പൊരുതിയതിന്റെ ഫലമായി തന്നെയാണ് ന്യൂസിലാന്‍ഡ് മഹാമാരിക്കെതിരെ നിരന്നതും അതിനെ അവിടെ നിന്നും തുടച്ചു നീക്കിയതും. അതിനു ജസീന്തയ്‌ക്കൊപ്പം നിന്ന ഡോക്ടർ ആയിഷ വേരാൽ അവരുടെ മന്ത്രിസഭയിൽ എത്തിപ്പെട്ടിരിക്കുന്നു. ന്യൂസിലാൻഡുകാരിയായ ആയിഷ പകർച്ചവ്യാധികളെക്കുറിച്ച് വിദഗ്ധ പഠനം നടത്തിയ ഡോക്ടർ കൂടിയാണ്. യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടണിലെ അധ്യാപിക കൂടിയായ ആയിഷ ഇപ്പോൾ ജസീന്തയുടെ മന്ത്രിസഭയിൽ ശാസ്ത്ര വിഭാഗം തന്നെയാണ് ഭരിക്കാനായി ഏറ്റെടുത്തിരിക്കുന്നത്.
ജസീന്തയുടെ ഭരണസമിതിയിലെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനം എൽജിബിടി കമ്യൂണിറ്റിയിൽ നിന്നുള്ളവരെ മന്ത്രിസഭയിൽ കൂടെ കൂട്ടി എന്നുള്ളത് തന്നെയാണ്. അവരുടെ ഏറ്റവും അടുത്ത വലം കൈയായ ഉപ പ്രധാനമന്ത്രി ഗ്രാന്‍റ് റോബര്‍ട്ട്സണ്‍ പരസ്യമായി താൻ ഗേ ആണ് എന്ന് പ്രഖ്യാപനം നടത്തിയ വ്യക്തിയാണ്. "കഴിവും ബുദ്ധിയുമുള്ള വ്യത്യസ്തരായ ജന വിഭാഗം ഉൾക്കൊള്ളുന്ന ഒരു മന്ത്രിസഭയാണ് എന്റേത്" എന്നാണു ജസീന്ത തന്റെ പത്രസമ്മേളനത്തിൽ എടുത്ത് പറഞ്ഞത്. ആ പറഞ്ഞത് തന്നെയാണ് പ്രധാനം, വ്യത്യസ്തരായ താൽപ്പര്യങ്ങൾ ഉള്ളവരാണെങ്കിലും കഴിവും ബുദ്ധിയും തങ്ങൾ ചെയ്യുന്നത് ഏറ്റവും മികച്ചതുമാവണമെന്ന താൽപ്പര്യമുള്ളവർ ഒപ്പമുണ്ടാവുന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ വിജയം. അതുകൊണ്ട് തന്നെ അവരെ തിരഞ്ഞെടുക്കുമ്പോൾ ജസീന്ത അത്രയും ശ്രദ്ധിച്ചിട്ടുണ്ടാവണം. ന്യൂസിലാന്റിന് ജനാധിപത്യ പ്രക്രിയയിൽ ഏറ്റവുമധികം വോട്ടു നേടി ജയിച്ച ഭരണമാണ് ജസീന്തയുടെ ലേബർ പാർട്ടിയുടേത്. ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണൻ , ആഫ്രിക്കൻ വംശത്തിൽ നിന്നുള്ള ഇബ്രാഹിം ഒമർ സുഡാനി അഭയാർത്ഥി ക്യാമ്പുകളിൽ വര്ഷങ്ങളായി ഉണ്ടായിരുന്ന ആളാണ്. ഇവരെക്കൂടാതെ മിഡ് വൈഫായി ജോലി ചെയ്തിരുന്ന സാറ പലേറ്റ് മികച്ച ഭൂരിപക്ഷത്തിനാണ് മന്ത്രിസഭയിലേക്ക് ജയിച്ചു കയറിയത്.
ഒരുപക്ഷേ വ്യത്യസ്തരായ മനുഷ്യരെ ഉൾക്കൊള്ളാൻ ഒരു സ്ത്രീക്ക് കഴിയുന്നതു പോലെ പുരുഷനു കഴിയണമെന്നില്ല. പ്രത്യേകിച്ചും ആൺ അഹങ്കാരത്താൽ ദൂരെ നിൽക്കുന്ന ഗോത്രവർഗ്ഗക്കാരായ സ്ത്രീകൾ, എൽജിബിടി അംഗങ്ങൾ, നഴ്‌സായി സേവനം അനുഷ്ഠിച്ചവർ തുടങ്ങിയവരെയൊക്കെ തങ്ങളുടെ ഭാരത്തിന്റെ ഭാഗമാക്കുക എന്നാൽ അവരുടെ അവകാശങ്ങളെക്കൂടി സംരക്ഷിക്കുക എന്നാണു അർഥം. ന്യൂസിലാന്‍ഡിൽ ഏറ്റവുമധികം അവകാശങ്ങൾക്കായി സമരം നടത്തിയത് നനെയ്യ മഹുതയുൾപ്പെടെയുള്ള ഗോത്ര വർഗം തന്നെയാണ്. അധികാരത്തിൽ അവരെയും ചേർത്തു പിടിച്ചതിലൂടെ രാജ്യത്തിന്റെ തനത് സംസ്കാരത്തെയും ജസീന്‍ഡ ഒപ്പം കൂടിയിരിക്കുകയാണ്. അവർക്കും അവകാശമുണ്ടെന്ന് സ്ഥാപിച്ചിരിക്കുകയാണ്. തീർച്ചയായും ഒരു സ്ത്രീയ്ക്കല്ലാതെ മറ്റാർക്കാണ് ഇത്തരം വ്യത്യസ്തമായ ചിന്തകൾ കൊണ്ട് തന്റെ തലച്ചോറ് നിറയ്ക്കാനാവുക?
ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ജസീന്ത ആർഡൻ. നാൽപതു വയസ്സുള്ള അവര്‍ ഭീകരവാദത്തെ ചെറുക്കാൻ എന്നും പ്രവർത്തിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പ്രധാനമന്ത്രി എന്നും വിളിപ്പേരുള്ള അവർ സ്ഥിരമായി തങ്ങളുടെ രാജ്യത്തെ ജനങ്ങളോട് പരസ്യമായി സംസാരിക്കാൻ അവസരങ്ങൾ കണ്ടെത്താറുണ്ട്. ഫെയ്‌സ്ബുക്കിൽ വരുന്ന കമ്മെന്റുകൾക്ക് മറുപടി നൽകാനും ജസീ ജസീന്ത ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴും നിറഞ്ഞ ചിരിയുമായി അല്ലാതെ അവരുടെ ഒരു ചിത്രം പോലും കാണാനാകില്ല. ഓരോ ചിത്രത്തിലൂടെയും ലളിതമായ സംസാരത്തിലൂടെയും സാധാരണക്കാരോടു സംവദിക്കുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് ഇഷ്ടപ്പെടാതെയിരിക്കാനാവുക? 2019 ൽ വംശവെറിയുടെ ഫലമായി ഉണ്ടായ വെടിവയ്പ്പിനും കൊലപാതങ്ങൾക്കും ശേഷം മുസ്‌ലിംങ്ങൾ ധരിക്കുന്ന ഹിജാബുമിട്ട് ഇരകളെയും വംശവെറി അനുഭവിക്കുന്ന മനുഷ്യരെയും കാണാനെത്തി അവരെ ചേർത്ത് പിടിക്കുന്ന ജസീന്തയുടെ ചിത്രങ്ങൾ ഇപ്പോഴും ഗൂഗിളിൽ നിന്നും ലഭിക്കും. സത്യത്തിൽ സ്ത്രീ ആയതുകൊണ്ട് ബഹുമാനം അർഹിക്കുന്ന ഒരാളായി ജസീന്തയെ അവതരിപ്പിക്കേണ്ടതില്ല, എന്നാൽ ഫെമിനിസം എന്ന ചിന്തയെ അപ്പാടെ പകർത്തിയ ന്യൂസിലാൻഡ് ജനതയുടെ അവരുടെ പ്രധാനമന്ത്രിയെ ഒരു സാധാരണ മലയാളിക്ക് പരിചയപ്പെടുത്തുമ്പോൾ തീർച്ചയായും സ്ത്രീ എന്നു പറഞ്ഞു തന്നെ പരിചയപ്പെടുത്തണം. കാരണം അടുത്ത കാലത്തെങ്ങും ഒരു വനിതാ മുഖ്യമന്ത്രിയ്ക്ക് വിദൂര സാധ്യത പോലുമില്ലാത്ത നമുക്ക് ഇപ്പോഴും നാരികൾ ഭരിക്കുന്ന ഇടം മുടിഞ്ഞു പോകുമെന്നും ഉള്ളിൽ തോന്നലുണ്ട്. അവിടെയാണ്യെ ജസീന്തയെപ്പോലെയുള്ളവർ ചിരിച്ചു കൊണ്ട് ചുമ്മാ കയറി വരുന്നതും വിജയിച്ചു പ്രധാനമന്ത്രിയുടെ കസേരയിൽ കയറിയിരിക്കുന്നതും.