ഏതാനും നാൾ മുമ്പ് ഒരു ഡാൻസ് വിഡിയോ ഷൂട്ട് ചെയ്യാനുള്ള ശ്രമം ഞാനും വിഡിയോഗ്രാഫറും തമ്മിലുള്ള ധാരണക്കുറവു മൂലമോ എന്റെ സങ്കുചിതമായ സൗന്ദര്യബോധം കൊണ്ടോ പൂർണമാക്കാതെ ഉപേക്ഷിക്കേണ്ടിവന്നു. നൃത്തവിഡിയോ പുറത്തുവന്നില്ലെങ്കിലും നൃത്തം ഡിജിറ്റൽ രൂപത്തിലേക്കു പകർത്തുമ്പോൾ എന്തെല്ലാം വിഷയങ്ങളിൽ ശ്രദ്ധ വേണമെന്നതിൽ ഇതോടെ കുറേക്കൂടി വ്യക്തതയുണ്ടായി.

ക്ലാസിക്കൽ നൃത്തം കണ്ടംപററിയാകുമ്പോൾ

ക്ലാസിക്കൽ നൃത്തത്തെ സമകാലീനമാക്കുന്ന ഘടകങ്ങൾ എന്തെല്ലാമായിരിക്കാമെന്നതിനു എന്റെ വിശ്വാസങ്ങൾ ഇവയൊക്കെയാണ്.

1. നാം ജീവിച്ചിരിക്കുന്ന സമൂഹത്തിൽ സംഭവിക്കുന്ന വിഷയങ്ങളെ പ്രമേയമാക്കുക.

2. കലാകാരൻ പ്രായംകൊണ്ട് പുതുതലമുറയിൽപ്പെട്ട ആളായിരിക്കുക.

3. ഈ കാലത്തെ ആസ്വാദകരെ തൃപ്തിപ്പെടുത്താൻ സാധിക്കുക.

4. സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുക.

ഈ ഘടകങ്ങൾ ഏറിയും കുറഞ്ഞും കലാസ്വാദനത്തിന് മാനദണ്ഡങ്ങളാകുന്നുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് സാങ്കേതികവിദ്യയുടെ ഉപയോഗം ക്ലാസിക്കൽ നൃത്തത്തിന്റെ നിലനിൽപ്പിന് ഇന്ന് ഏറെ ആവശ്യമായിക്കഴിഞ്ഞു. കോറോണക്കാലത്ത് മുമ്പെങ്ങുമില്ലാത്തവിധം നൃത്തം ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. നൃത്താസ്വാദനത്തിനും പഠനത്തിനും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജീവമായി. എന്നാൽ സാങ്കേതികവിദ്യ ഒരു ഭാഗത്ത് നൃത്തത്തെ വളർത്തുന്നതിൽ സഹായിക്കുമ്പോൾ മറുവശത്ത് അത് നൃത്തത്തിന്റെ സൗന്ദര്യത്തെ കെടുത്തുന്നു.

സാങ്കേതികവിദ്യയുടെ സാധ്യതകൾ

അരങ്ങിൽ തൽസമയ കലാപ്രകടനത്തെ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുന്നു എന്ന വിഷയത്തിൽ പ്രശസ്ത കോറിയോഗ്രാഫറും നൃത്താധ്യാപികയുമായ ഡോ. ഷീല ഉണ്ണികൃഷ്ണന്റെ വിശദീകരണം ശ്രദ്ധേയമാണ്. അവർ പറഞ്ഞു, ‘വേദിയിൽസ്വർഗലോകത്തും ഭൂമിയിലും ഒരേ സമയം സംഭവിക്കുന്ന കാര്യങ്ങൾ ഒരുമിച്ച് കാണിക്കുന്ന തരത്തിലായിരുന്നു ആ നൃത്തഭാഗം ചിട്ടപ്പെടുത്തിയത്. അത് ആസ്വാദർക്ക് അനുഭവവേദ്യമാകാൻ സ്പോട്ട് ലൈറ്റിങ് ഞങ്ങൾ വിദഗ്ധമായി ഉപയോഗിച്ചു.’

ഡോ. ഷീല ഉണ്ണികൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘തെരുവിൽ വരാനോ’ എന്ന പദം എറണാകുളം ഫൈൻ ആർട്സ് ഹാളിൽ അവതരിപ്പിച്ചപ്പോൾ ലൈറ്റിങ്ങിന്റെ സാധ്യത അനുഭവിച്ചറിഞ്ഞതാണ്. നായിക കാമുകനെ ഓർക്കുന്ന വേളയിൽ അവളുടെ മനോവ്യാപാരങ്ങൾ സ്റ്റേജിന്റെ ഒരു വശത്ത് ചിത്രീകരിച്ചത് സ്പോട്ട് ലൈറ്റിന്റെ സാങ്കേതികമികവിൽ കുറേക്കൂടി മനസ്സിൽ പതിഞ്ഞു. സൂര്യ ഫെസ്റ്റിവലിൽ രചന നാരായണൻകുട്ടി അവതരിപ്പിച്ച കുച്ചിപ്പുടി മേളയിൽ ഇടയ്ക്കിടെയുള്ള നർത്തകിയുടെ സംഭാഷണശകലങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച മൈക്കിന്റെയും ചെറിയ സ്പീക്കറിന്റെയും സഹായത്തോടെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനായി. അതേ വേദിയിൽ കുച്ചുപ്പുടി നർത്തകി പ്രതീക്ഷ കാശി റെക്കോർഡ് ചെയ്ത സംഗീതത്തിന്റെകൂടെ സ്പെഷൽ ഇഫക്റ്റുകളും ഇംഗ്ലീഷിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളും ഉപയോഗിച്ചത് നൃത്താസ്വാദത്തെ വിപരീതമായി ബാധിച്ചിരുന്നില്ല.

യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുളള ശ്വേത പ്രചണ്ഡെയുടെ ‘അന്നയ്യാ പോട്രി’ എന്ന നൃത്തവീഡിയോയിൽ മഴ പെയ്യുന്ന ശബ്ദത്തിന്റെ സ്പെഷൽ ഇഫക്റ്റ് ഉപയോഗിച്ചത് നൃത്തത്തെ അലോസരപ്പെടുത്തിയതായി തോന്നിയില്ല.

തൽസമയം സാങ്കേതികവിദ്യ

ലൈവ് പെർഫോമൻസുകളെ കൂടുതൽ ആകർഷകമാക്കുന്നതിൽ സഹായിക്കുമ്പോഴും നൃത്തം എങ്ങനെ ആസ്വദിക്കണമെന്ന പ്രേക്ഷകസ്വാതന്ത്ര്യത്തിന് സാങ്കേതികവിദ്യ അതിരിടുന്നില്ല. ലൈവ് പെർഫോമൻസുകളിൽ പ്രേക്ഷകന് നൃത്തത്തിന്റെ ഏത് സൂക്ഷ്മതയിലേക്കും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാം. ഉദാഹരണത്തിന് ഞാൻ ചിലപ്പോൾ നൃത്തത്തിന്റെ സാങ്കേതികതയും ഫുട്ട് വർക്കും (Foot Work) മാത്രം ശ്രദ്ധിച്ചിരിക്കാറുണ്ട്. ഗ്രൂപ്പ് പെർഫോമൻസുകളിൽ ഒരു ഡാൻസറിലേക്കു മാത്രമായി ആസ്വാദനം ചുരുങ്ങിയിട്ടുണ്ട്. അരങ്ങിൽ ആരെ, എന്തിനെ, ഏത് ആഴത്തിൽ ശ്രദ്ധിക്കണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകനാണ്. 

നൃത്തമാണ്, ഞാണിൻ​മേൽ കളിയല്ല

പക്ഷേ ഷൂട്ട് ചെയ്ത് അപ്​ലോഡ് ചെയ്യുന്ന ഡാൻസ് വിഡിയോകളിൽ സ്ഥിതി ഇതല്ല. നൃത്തത്തെക്കുറിച്ച് വലിയ ധാരണയില്ലാത്ത വിഡിയോഗ്രാഫറും എഡിറ്ററും ഇതിനെപ്പറ്റി യാതൊന്നും ചിന്തിക്കാത്ത ഡാൻസറും നൃത്തത്തെ കോമാളിത്തമാക്കി മാറ്റുന്നു. വീണ്ടും കാണുന്നതിൽനിന്നു മനസ്സിനെ വിലക്കുന്ന തരത്തിൽ സാങ്കേതികവിദ്യ അതിൽ കൈകടത്തുന്നു. വ്യക്തമാക്കാം. ‘മാതേ..’ എന്നു തുടങ്ങുന്ന ദരുവർണം യൂട്യൂബിൽ പലരും അപ്​ലോഡ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ കടൽക്കരയിൽ ചിത്രീകരിച്ച വീഡിയോ പ്രത്യേകം ഓർക്കുന്നു. നേരേ നിൽക്കാൻപോലും സാധിക്കാത്ത കൊച്ചുപാറക്കല്ലിൽ കയറിനിന്ന് നർത്തകി നൃത്തം ചെയ്യുന്നു. നൃത്തം ചെയ്യാനുള്ള സ്ഥലം തിരഞ്ഞെടുത്തതു കാണുമ്പോൾ നൃത്തം ചെയ്യലല്ല, ചെയ്യുന്നതായി അഭിനയിക്കലാണ് ഉദ്ദേശം എന്നു വ്യക്തം. ഗായിക തൊട്ടടുത്ത പാറയിൽ ഇരിക്കുന്നുണ്ട്. ഇടയ്ക്ക് ഗായികയുടെ ക്ലോസപ്പ് ഷോട്ടും കാണിക്കുന്നു. അപ്പോഴൊന്നും നൃത്തം ദൃശ്യത്തിലില്ല. ചിലപ്പോൾ നർത്തകിയുടെ കൈകളിലേക്കോ വിരൽത്തുമ്പിലേക്കോ ക്യാമറ ഫോക്കസ് ചെയ്യുന്നു. നൃത്തം കൂടുതൽ ആസ്വാദ്യതരമാകുന്ന ഗാനഭാഗങ്ങളിൽ കടൽക്കാക്ക പറക്കുന്നതിലും തിരമാലയിൽ ആടിയുലയുന്ന നൗകകളിലും ക്യാമറയുടെ കണ്ണു പതിയുന്നത് നൃത്തം ആസ്വദിക്കാനിരിക്കുന്ന പ്രേക്ഷകന് മുഷിച്ചിലുണ്ടാക്കും. സ്റ്റേജിൽ നൃത്തം കാണുമ്പോൾ ആരെങ്കിലും മുന്നിൽവന്നു കാഴ്ച മറച്ചുനിന്നാലുണ്ടാകുന്ന അതേ അസ്വസ്ഥത ഈ വിഡിയോയിൽ ഉടനീളം അനുഭവിച്ചു.

തടസ്സമില്ലാതെ ആസ്വാദനം

എന്നാൽ ഔട്ട്ഡോറിന്റെ സാധ്യത മുഴുവൻ ഉപയോഗിച്ചിട്ടും നൃത്താസ്വാദനത്തെ തടസപ്പെടുത്താത്തവിധത്തിൽ ഷൂട്ട് ചെയ്തിട്ടുളള വിഡിയോകളുമുണ്ട്. നൃത്തത്തിൽനിന്നും ശ്രദ്ധ തിരിക്കാതെ കടലിന്റെ ഭംഗി എങ്ങനെ വീഡിയോയിൽ കൊണ്ടുവരാമെന്നതിൽ നല്ല ഉദാഹരണം യൂട്യൂബിൽതന്നെ ലഭ്യമാണ്. സിഡ്നിയിൽ ഷൂട്ട് ചെയ്ത ഹരിണി ജീവിതയുടെ ‘ചിന്നച്ചിരുപെൺപോലെ’ എന്ന കീർത്തനത്തിൽ കടലിന്റെ പശ്ചാത്തലം നൃത്തത്തിന്റെ വശ്യത കൂട്ടുന്നു. അരങ്ങിലെ നൃത്തം ആസ്വദിക്കുന്നതിലുള്ള അതേ സ്വാതന്ത്ര്യം ഡാൻസ് കവർ കാണുമ്പോഴും പ്രേക്ഷകന് ലഭിക്കണം. അത് വിഡിയോഗ്രാഫറും എഡിറ്ററും ഡാൻസറും തമ്മിലുള്ള വിശദമായ ചർച്ചയിലൂടെമാത്രം സംഭവിക്കുന്നതാണ്.

സ്ഥൂലമായ അർത്ഥത്തിൽ ഗാനം ചെവിയ്ക്കുള്ളതും നൃത്തം കണ്ണുകൾക്കുള്ളതുമാണ്. ഗായിക ദൃശ്യത്തിൽ വന്നില്ലെങ്കിലും അവരുടെ ശബ്ദം അനുഭവിക്കാനാകും. പക്ഷേ, നൃത്ത വീഡിയോയിൽ ഉടനീളം നർത്തകിയുടെ സാന്നിധ്യം ഉണ്ടാകേണ്ടതാണ്. ഇങ്ങനെ പറയുമ്പോൾ ‘ഞങ്ങൾ ചെയ്തത് ഡാൻസ് കവർ അല്ല’ എന്ന മറുവാദത്തെ ഞാൻ കാണാതിരിക്കുന്നുമില്ല. കാരണം ഈ വിഡിയോകൾ യൂട്യൂബിൽ ലക്ഷംപേർ കണ്ടു പുകഴ്ത്തിയതാണ്. ജനപ്രീതിയുള്ള ഒന്നിനെയും നിഷേധിക്കുന്നത് ശരിയല്ലെന്ന തികഞ്ഞ ബോധ്യമുണ്ട്.

എഡിറ്റർക്കും ചെയ്യാനുണ്ട്

ഡാൻസ് കവറുകളുടെ എഡിറ്റിങ് വിവാഹ വിഡിയോയുടെ എഡിറ്റിങ് പോലെ ആകരുത്. നൃത്തത്തിൽ ചടുലമായ ഭാഗം വരുമ്പോൾ അതിനെ ഒന്നുകൂടി കൊഴുപ്പിക്കാനാകണം സോഫ്റ്റ് വെയറിലെ എല്ലാ സാധ്യതകളും എഡിറ്റർ എടുത്തുപയോഗിക്കുന്നത്. സ്പെഷ്യൽ ഇഫക്ടുകളുടെ അമിതോപയോഗം വിഡിയോയെ കാഴ്ചക്കുകൊള്ളാത്ത ഒന്നായി മാറ്റുന്നു. ഈ അടുത്ത് യൂട്യൂബിൽ കണ്ട ഒരു ഭരതനാട്യത്തിൽ ജതികൾക്കു നൽകിയ സ്പെഷൽ ഇഫക്റ്റ് കണ്ടിരുന്ന് തലവേദനിച്ചു എന്ന് പറയുന്നതിൽ അൽപവും അതിശയോക്തി ഇല്ല.

ഡാൻസും ഡാൻസ് കവറും പേരിന് കുറച്ച് നൃത്തവും

ജാസി ഗിഫ്റ്റ് പാടി ഹിറ്റായ ‘ലജ്ജാവതിയേ’ എന്ന ഗാനത്തിൽ കഥകളിയുടെ വേഷമിട്ടുവരുന്നവർ കഥകളിയല്ല കളിക്കുന്നത്, ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയിൽ ഭരതനാട്യത്തിന്റെ വേഷഭൂഷാദികളിലെത്തുന്ന ദീപികപദുക്കോൺ ക്ലാസിക്കൽ നൃത്തവുമല്ല ചെയ്യുന്നത് എന്നതുപോലെ ഈ ഡാൻസ് കവറുകളിൽ നർത്തകി നൃത്തമല്ല ചെയ്യുന്നത്, നൃത്തംപോലെ എന്തോ ഒന്നാണ് അവിടെ കാണുന്നത്. അല്ലെങ്കിൽ വിഡിയോഗ്രാഫിയും എഡിറ്റിങ്ങും സംവിധാനവുമെല്ലാം ചേർന്ന് അങ്ങനെയൊരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഈഡാൻസ് കവറുകൾക്കു താഴെ വരുന്ന കമന്റുകളിൽ എവിടെയും നർത്തകിയെ അഭിനന്ദിച്ചു കാണാത്തത് അതിന് തെളിവാണ്. കാറ്റും ആകാശവും പുഴയും മരച്ചില്ലയും ഗായികയും പിന്നെ പേരിന് അൽപം നൃത്തവും എന്ന ആശയത്തിൽ പിറക്കുന്ന വിഡിയോയെ ഡാൻസ് കവർ എന്ന് വിശേഷിപ്പിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.

നർത്തകിയും നൃത്തവും വേറിട്ടൊരു അസ്ഥിത്വമില്ലാത്തതുപോലെ അരങ്ങിൽ ഒന്നായി മാറുമെന്ന് പറയാറുണ്ട്. പക്ഷേ ഡാൻസ് കവറുകളിൽ  നർത്തകിയെ മാത്രം കാണാറുള്ളു, നൃത്തം അവരിൽനിന്നു കാതങ്ങൾ അകലെയാണ്. അത്തീർച്ചയായും സാങ്കേതികവിദ്യയുടെ പരിമിതിയല്ല, സൗന്ദര്യബോധത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും കുറവാണ്. ഡാൻസ് കവറുകൾ തയ്യാറാക്കുമ്പോൾ ഈ രണ്ടു ഗുണങ്ങളും നർത്തകിയെക്കൂടാതെ വിഡിയോഗ്രാഫർക്കും എഡിറ്റർക്കും ആവശ്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

(തലശേരി ബ്രണ്ണൻ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)

English Summary: Contemporary Bharatanatyam, Dissenting note by a dancer