മൂക്കുത്തിയെ പ്രണയിച്ച എഴുത്തുകാരി

നീണ്ട മൂക്കിന്റെ അറ്റത്ത് ഒരു മഞ്ഞുതുള്ളി എടുത്തു വച്ചതു പോലെ ചന്തമേറിയൊരു വെള്ളക്കൽ മൂക്കുത്തി... എന്ത് ഭംഗിയാണ് കാണാൻ... മൂക്കുത്തി എന്നത് വീണ്ടും മലയാളി സ്ത്രീകൾക്കിടയിൽ താരമായി മാറിയത് അടുത്തിടെയാണ്. പ്രത്യേകിച്ച് ഒറ്റക്കൽ മൂക്കുത്തിയേക്കാൾ വലിയ വീതിയുള്ള വട്ടത്തിലും ചതുരത്തിലുമുള്ള ലോഹ മൂക്കുത്തികൾ ട്രെൻഡ് ആയതു ചാർലി എന്ന സിനിമയിൽ നടി പാർവ്വതി അത് ഹിറ്റാക്കിയ ശേഷമാണ്. ന്യൂജനറേഷന് അതോടെ മൂക്കുത്തി ഭ്രമം തലയ്ക്കു പിടിച്ചുവെന്ന് തന്നെ പറയാം. സ്ത്രീകൾക്ക് ആഭരണങ്ങളോടുള്ള ഭ്രമം ജനിക്കുമ്പോൾ മുതലുള്ളത് തന്നെയെന്ന് അറിയുന്നവർ പറയും, കാരണം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സ്വർണത്തോട് പ്രിയമുള്ളവർ കേരളത്തിലെ സ്ത്രീകളാണ്.

ആഭരണങ്ങളിൽ മൂക്കുത്തിയോട് ഭ്രമമാകാം, എന്നാൽ അത് എത്ര എണ്ണം വരെയാകാം? പലതരങ്ങളിലുള്ള വ്യത്യസ്തമായ കളക്ഷനുകൾ പല സ്ത്രീകൾക്കുമുണ്ടാകും, എന്നാൽ എഴുത്തുകാരി ഇന്ദു മേനോന്റെ മൂക്കുത്തി ഭ്രമത്തോളം മറ്റൊന്നും വരില്ല. അറുപതിലധികം മൂക്കുത്തികളാണ് ഇന്ദു മേനോന്റെ ആഭരണ കളക്ഷനിൽ അടുക്കി വച്ചിരിക്കുന്നത്.

മൂക്കുത്തി ഭ്രമം എന്നാണ്, എന്തിനാണ് തുടങ്ങിയതെന്ന് ചോദിച്ചാൽ അതിനുത്തരമില്ല ഇന്ദുവിന്, പക്ഷെ വേദനിയ്ക്കാൻ ഏറെ ഭയമുള്ള ഒരു പെൺകുട്ടി രണ്ടു തവണ മൂക്ക് തുളച്ച കഥ ആവേശത്തോടു കൂടി പറയാൻ എഴുത്തുകാരിയ്ക്ക് തെല്ലും മടിയില്ല. "വീട്ടിൽ അച്ഛന് മൂക്കുത്തിയിടുന്നത് ഇഷ്ടമല്ലായിരുന്നു. പിന്നെ വിവാഹം കഴിഞ്ഞ് കുട്ടി ഉണ്ടായിക്കഴിഞ്ഞ ശേഷമാണ്, മൂക്ക് കുത്തിയത്. വേദന ഭയന്ന് പുരികം പോലും ത്രെഡ് ചെയ്യാൻ മടിയുള്ള ആളാണ്. അതിനാൽ പേടിച്ചാണ് മൂക്കുകുത്താൻ പോയത്. അവിടെ ചെന്നപ്പോൾ ഒടുവിൽ മേൽക്കാതും കുത്തി. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ മൂക്ക് അടഞ്ഞിരിക്കുന്നു, ആഗ്രഹിച്ചു വാങ്ങിയ ഡയമണ്ട് മൂക്കുത്തി ഇടാൻ പറ്റുന്നില്ല, പിന്നെ വീണ്ടും പോയി തുളച്ചു".

ആദ്യമായി വാങ്ങിയ ഒറ്റക്കല്ലുള്ള ഡയമണ്ട് മൂക്കുത്തി മൂക്ക് തുളയ്ക്കുന്ന വേദനയോർത്ത് രണ്ടു കൊല്ലം കയ്യിൽ സൂക്ഷിച്ച ശേഷമാണ് ഇന്ദു ഒടുവിൽ ആ തീരുമാനം എടുക്കുന്നത്. പിന്നീട് ആർത്തിയോടെ വാങ്ങിയ എണ്ണമറ്റ മൂക്കുത്തികൾ, ഒറ്റക്കൽ, രണ്ടു കല്ല്, മൂന്നു കല്ല്, ഡയമണ്ട്, ടെറാക്കോട്ട, സ്വർണം, കോറൽ, ഏറ്റവുമൊടുവിൽ 28 കല്ലുള്ള ഡയമണ്ട് മൂക്കുത്തി അതിനു നടുവിൽ ചുവന്ന റൂബി. ഇന്ദുവിന്റെ മൂക്കുത്തി കളക്ഷൻ എണ്ണമെടുത്താൽ ചെയ്യുന്നവരുടെ കണ്ണ് തള്ളും.

"മൂക്കുത്തി വാങ്ങുക മാത്രമല്ല, അത് എനിക്ക് പ്രിയപ്പെട്ടവർക്കൊക്കെ ഞാൻ സമ്മാനമായും നൽകാറുണ്ട്. എഴുത്തുകാരി മാധവിക്കുട്ടിയ്ക്ക് ഒരിക്കൽ ഒൻപതു കല്ലുള്ള ഒരു ഡയമണ്ട് മൂക്കുത്തി ഞാൻ സമ്മാനിച്ചിരുന്നു. അതേകുറിച്ച് ഇടയ്ക്കൊക്കെ മാധവിക്കുട്ടി പറയുകയും ചെയ്യുമായിരുന്നു. എനിക്കും പലരും മൂക്കുത്തി സമ്മാനിച്ചിട്ടുണ്ട്. 'അമ്മ, അനിയത്തി, ഭർത്താവ്... അങ്ങനെ പലരും. ബാജിറാവു മസ്താനി സിനിമയിലെ വലിയ മൂക്കുത്തി ഓർമ്മയില്ലേ, അതെ പോലെ ഒരെണ്ണം വാങ്ങാൻ ഒരിക്കൽ രൂപേഷേട്ടനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഏത്ര അന്വേഷിച്ചിട്ടും മുംൈബയിൽ നിന്നു അതു കിട്ടിയില്ല, അതുപോലെയുള്ള സിൽവർ ഒരെണ്ണം പിന്നെ വാങ്ങി തന്നു."

ഏറ്റവും ഇഷ്ടമുള്ള ആഭരണം സമ്മാനമായി നൽകുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴും മൂക്കുത്തി കുത്തുന്നതിൽ സ്വന്തമായ രീതിയാണ്‌ ഇന്ദു മേനോൻ ചെയ്തത്. കേരളത്തിൽ പൊതുവെ മൂക്കുത്തി ഇടതു മൂക്കിൽ കുത്തുന്ന ശീലമാണെങ്കിൽ ഇന്ദു കുത്തിയത് തമിഴ്‌നാട്ടിലെ രീതി പോലെ വലതു വശത്താണ്.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇന്ദുവിനെ കൂട്ടി ജൂവലറികളിൽ പോകാൻ ഭയമാണ്, കാരണം എഴുത്തുകാരിയുടെ ജൂവലറി വിസിറ്റിൽ ആൾ അറിയാതെ മൂക്കുത്തി സെക്ഷനിലേക്ക് നടന്നു പോകും. ഉറപ്പായും ഒരു സെറ്റ് മൂക്കുത്തി എങ്കിലും വാങ്ങുകയും ചെയ്യും. "ഒറ്റക്കല്ലിന്, വില പൊതുവെ കുറവായിരിക്കും. എങ്കിലും ഡയമണ്ടിനു നല്ല വിലയുണ്ട്. എന്നാലും കാണുമ്പോൾ എങ്ങനെ വാങ്ങാതിരിക്കും"? - ഇന്ദു ചോദിക്കുന്നു.

"ഞാൻ എപ്പോഴും ഉപയോഗിയ്ക്കുന്ന ഒരേ ഒരു ആഭരണം മൂക്കുത്തിയാണ്. ഓരോ ദിവസവും ഓരോന്ന് മാറ്റിയിടാറുമുണ്ട്. ഓഫീസിൽ നിന്നു വന്നു കഴിഞ്ഞാൽ ബാക്കിയെല്ലാ ആഭരണങ്ങളും അഴിച്ചു വയ്ക്കും. എന്നാൽ ഉറങ്ങുമ്പോൾ പോലും മൂക്കുത്തി അഴിച്ചു മാറ്റാൻ തോന്നാറില്ല, ചെയ്യാറുമില്ല..." ജിമിക്കികളോടും പാദസരങ്ങളോടും ഇഷ്ടവും ഭ്രമവും ഉണ്ടെങ്കിലും അതൊന്നും മൂക്കുത്തി ഭ്രാന്തിനോളം തീവ്രമല്ലെന്ന് ഇന്ദു.

വ്യത്യസ്തമായ മൂക്കുത്തികളോട് പ്രണയമുള്ള ഇന്ദു മേനോന്റെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട് യാത്രയാണ്. മൂക്കുത്തികളിലെ വ്യത്യസ്ത ഏറ്റവുമധികം നിലനിർത്തുന്ന സ്ഥലം തമിഴ്നാടാണ്. എങ്ങും കാണാത്ത തരത്തിലുള്ള ഭംഗിയേറിയ മൂക്കുത്തികൾ തമിഴത്തി പെൺകുട്ടികളുടെ മൂക്കിന്റെ തുമ്പത്ത് തിളങ്ങുന്നത് കാണുമ്പോൾ പിന്നെ പോകാതിരിക്കാൻ കഴിയില്ലല്ലോ. "കേരളത്തിൽ തമിഴ്‌നാടിനോട് അടുത്ത് കിടക്കുന്നതു കൊണ്ടാവാം തിരുവനന്തപുരത്തും പലതരം മൂക്കുത്തികൾ ലഭിക്കാറുണ്ട്. " ഇന്ദു മേനോൻ പറയുന്നു.

എഴുത്തുകാരികൾക്കൊക്കെ ഇത്തരം ചില ഭ്രമങ്ങൾ പതിവാണ്. ചില സ്ത്രീകൾക്ക് ആഭരണങ്ങളോടും. എന്നാൽ ഒരേ സമയം എഴുത്തിനോടും ഒരു പ്രത്യേക ആഭരണത്തോടും സ്നേഹം പ്രകടിപ്പിക്കുന്ന വ്യത്യസ്തമായ സ്വഭാവം പോലെ തന്നെയാണ് ഇന്ദുവിന്റെ എഴുത്തുകളും. മറയില്ലാതെ സത്യങ്ങളെ വിളിച്ച് പറയാൻ ഒരിക്കലും മടിയില്ലാത്ത എഴുത്തുകാരിയുമാണ് ഇന്ദു മേനോൻ. കുട്ടിക്കാലത്ത് അച്ഛന്റെ വാക്കുകളെ ധിക്കരിയ്ക്കാൻ വിപ്ലവം മനസ്സിൽ ഇല്ലാതെ പോയെങ്കിലും ഓരോ നിമിഷവും ഉള്ളിൽ കിടന്ന് മുളച്ച ആവേശം ഇന്നൊരു മൂക്കുത്തി വിപ്ലവമായി മാറുന്നു. മൂക്കുത്തിയിലേക്ക് ആത്മാവ് കൊരുക്കുന്ന സ്നേഹവിപ്ലവം.