ഈ ടീച്ചറമ്മ സൂപ്പറാ ; നാട്ടുകാരും വീട്ടുകാരും ഒരുപോലെ പറയും

ഏതൊരു വിദ്യാർത്ഥിയുടെയും രണ്ടാമത്തെ അമ്മയുടെ റോളാണ് ഒരു അധ്യാപികയ്ക്ക്. പഠിപ്പിക്കുന്ന കുട്ടികളുടെ ക്ലാസ് റൂമിനു പുറത്തുള്ള ജീവിതത്തിലേക്കു പോലും ഇറങ്ങിച്ചെന്ന് നന്മയുടെ പ്രകാശം പരത്തുകയും അതേസമയം സ്വന്തം കുടുംബത്തിലെ വീട്ടമ്മ എന്ന റോളിനോടു നൂറു ശതമാനം നീതി പുലർത്തുകയും ചെയ്യുന്ന വനിതയാണു കട്ടപ്പനയ്ക്കടുത്ത് കൽത്തൊട്ടി കൊച്ചുപറമ്പിൽ വീട്ടിൽ ലിൻസി ജോർജ്.

കട്ടപ്പന മുരിക്കാട്ടുകുടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗം അധ്യാപികയായ, തൊടുപുഴ സ്വദേശിയായ ലിൻസി പതിനൊന്നു വർഷം മുൻപാണു കുട്ടിക്കാനം മരിയൻ കൊളേജിലെ ഉദ്യോഗസ്ഥനായ സെബാസ്റ്റ്യന്റെ ഭാര്യയായി ഹൈറേഞ്ചിൽ എത്തുന്നത്.

നാല് ആൺമക്കളുള്ള കുടുംബത്തിലേക്കു വന്ന ഇളയ മരുമകളെ സ്വന്തം മോളെപ്പോലെയാണു സെബാസ്റ്റ്യന്റെ മാതാപിതാക്കളായ ജോർജും അന്നമ്മയും സ്വീകരിച്ചത്. ഒരു വ്യാഴവട്ട ത്തിനിപ്പുറവും മരുമകളെ ചേർത്തു പിടിച്ച് ‘എനിക്ക് എന്റെ മോളെപ്പറ്റി പറയാൻ നല്ലതല്ലാതെ വേറൊന്നുമില്ലെന്ന്’ അന്നമ്മ പറയുന്നു. നാലു പെൺമക്കൾ മാത്രമുള്ള കുടുംബത്തിലെ അംഗമാണു ലിൻസി. തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളിയിലെ കപ്യാരായിരുന്ന പിതാവ് പാപ്പച്ചൻ ലിൻസിയുടെ ചെറുപ്രായത്തിൽ തന്നെ മരിച്ചു. അമ്മ ഫിലോമിന നാലു പെൺമക്കളെയും സ്വയം പര്യാപ്തതയുടെ പാഠങ്ങൾ പറഞ്ഞു കൊടുത്താണു വളർത്തിയത്. കുടുംബത്തിന്റെ ഓരോ മേഖലയിലും ലിൻസി ആ പ്രായോഗിക പാഠങ്ങൾ നടപ്പാക്കി.

ഭർത്താവും രണ്ടു മക്കളും, സ്വന്തം അമ്മയും ഭര്‍ത്താവിന്റെ അമ്മയും, ഭർത്താവിന്റെ സഹോദരന്റെ മകളുമടങ്ങുന്ന ഏഴംഗ കുടുംബത്തിന്റെ ചുമതലയാണു വീട്ടമ്മ എന്ന നിലയിൽ ലിൻസിക്ക്. മൂത്തമകന്‍ ജോയൽ മൂന്നാം ക്ലാസിലും ഇളയമകൻ ടോം യുകെജിയിലുമാണു പഠിക്കുന്നത്. സഹോദരപുത്രി സിൽറ്റ എംഎ വിദ്യാർത്ഥിനിയും. ഇത്രയും പേരടങ്ങുന്ന കുടുംബത്തിന്റെ ഒരു മാസത്തിന്റെ ചെലവ്, വൈദ്യുതി ബില്ല് ഉൾപ്പെടെ ഏഴായിരും രൂപയിൽ താഴെയാണ്.

വീടിനു ചുറ്റുമുള്ള പുരയിടത്തിൽ ലിൻസി വളർത്താത്ത പച്ചക്കറികൾ വിരളമാണ്. കൂടാതെ ചക്കയും മാങ്ങയും തേങ്ങയും കപ്പയും ചേനയും ചേമ്പും പഴങ്ങളുമെല്ലാം പറമ്പിൽത്തന്നെയുണ്ട്. ഉള്ളി, ഉപ്പ്, അരി തുടങ്ങി വിരലിലെണ്ണാവുന്ന വസ്തുക്കൾ മാത്രമാണു കടയിൽ നിന്നു വാങ്ങുന്നത്. രണ്ടു മക്കളുടെയും കൃഷിയോടുള്ള താൽപര്യത്തെ ലിൻസി പ്രോത്സാഹിപ്പിക്കാറുണ്ട്. രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപും വൈകിട്ടു തിരിച്ചു വന്നാലും രണ്ടുപേരും അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ നനച്ചും നട്ടും സമയം ചെലവിടും. പൂർണമായും ജൈവപച്ചക്കറികളിലാണ് ഉൽപാദിപ്പിക്കുന്നത്. മകൻ ജോയലിനു കുട്ടിക്കാലത്തു തൊലിപ്പുറത്തു വന്ന ചൊറിച്ചിലും തടിപ്പും എത്ര ചികിത്സിച്ചിട്ടും മാറാതെ വന്നപ്പോഴാണു രാസവളങ്ങൾ മാറ്റി ജൈവകൃഷി പരീക്ഷിച്ചു തുടങ്ങിയതെന്നു പറയുന്നു ലിൻസി. അതു വിജയം കണ്ടു. അധികം വരുന്ന പച്ചക്കറികൾ സ്കൂളിൽ കൊണ്ടുപോയി കൊടുക്കും.

വീട്ടിലേക്ക് ആവശ്യമായ മസാലപ്പൊടികൾ മുഴുവൻ വീട്ടിൽത്തന്നെയാണ് ഉണ്ടാക്കുന്നത്. രുചികരമായ ഇറച്ചി–മീൻ മസാലപ്പൊടികളെക്കുറിച്ചു കേട്ടറിഞ്ഞ ആൾക്കാർ അതുവാങ്ങാനും എത്താറുണ്ട്. അധികവരുമാനത്തിനുള്ള മറ്റൊരു വഴി ഈ മസാലപ്പൊടി കച്ചവടമാണെന്നു ലിൻസി പറയുന്നു.

വീട്ടിലേക്ക് ആവശ്യമായ സോപ്പുകൾ ക്ലീനിങ് ലോഷൻ തുടങ്ങിയവയും ലിൻസി തന്നെ ഉണ്ടാക്കുന്നു. 250 രൂപ കൊടുത്താൽ 5 കിലോ അസംസ്കൃത വസ്തുക്കൾ കിട്ടും. അതുപയോഗിച്ചു സോപ്പും ലോഷനും ഉണ്ടാക്കും. ആവശ്യമുള്ളവർക്കു വിൽക്കുകയും ചെയ്യാറുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കുമായി കോഴികളെയും പാലിനും തൈരിനുമായി പശുവിനെയും വളർത്തുന്നുണ്ട്. ചാണകം ജൈവകൃഷിയിലെ പ്രധാന വളമായി ഉപയോഗിക്കുന്നു.

മാലിന്യ സംസ്കരണം ഏതൊരു വീട്ടമ്മയ്ക്കും മാതൃകയാക്കാവുന്ന രീതിയിലാണു ലിൻസി ചെയ്തു വരുന്നത്. മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കുന്നു. ഭക്ഷണസാധ നങ്ങളുടെ അവശിഷ്ടങ്ങൾ കോഴികൾക്ക് ആഹാരമായി നല്‍കും. ജൈവമാലിന്യങ്ങൾ വെർമി കംപോസ്റ്റാക്കി വളമാക്കി മാറ്റുന്നു. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളും, കുപ്പികളും പ്രത്യേകമായി ശേഖരിച്ചു വിൽക്കുകയാണു പതിവ്.

വൈദ്യുതിയുടെ ഉപയോഗത്തിലും ലിൻസിയുടെ പ്രത്യേക ശ്രദ്ധ എല്ലായിടത്തുമുണ്ട്. പ്രായമായ അമ്മമാരുള്ള വീടാണ്. മിക്സിയിൽ അരക്കുന്നതിനെക്കാൾ അവർക്കു പ്രിയം അമ്മിക്കല്ലിൽ അരയ്ക്കുന്നതാണ്. വാഷിങ് മിഷിനെക്കാൾ അലക്കുകല്ലിനെ ആശ്രയിക്കുന്നു. വീട്ടിൽ സിഎഫ്എൽ ബൾബുകളും എല്‍ഇഡി ബൾബുകളും മാത്രമേയുള്ളൂ.

ലിൻസിയെ എല്ലാക്കാര്യത്തിലും പിൻതുണച്ചു കൊണ്ടു ഭർത്താവ് സെബാസ്റ്റ്യൻ എപ്പോഴും കൂടെയുണ്ട്. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നൽകിയ പൂർണ പിന്തുണ കൊണ്ടാണു പെൺമക്കളെല്ലാം വിവാഹം കഴിച്ചു പോയപ്പോൾ വീട്ടിൽ ഒറ്റയ്ക്കായ സ്വന്തം അമ്മയെ കൂട്ടിക്കൊണ്ടു വന്നു കൂടെ താമസിപ്പിക്കാൻ കഴിഞ്ഞത് എന്നു ലിൻസി പറയുന്നു.

രണ്ട് അമ്മമാരുടെ മകളായി സന്തോഷത്തോടെ ഒരു വീട്ടിൽ കഴിയുന്ന ലിൻസി, സ്കൂളിൽ അനേകം കുട്ടികളുടെ കണ്ണീരൊപ്പുന്ന അമ്മയായി മാറിയതിൽ അദ്ഭുതമില്ല. സന്തോഷമുള്ള ഒരു കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ സമൂഹത്തിലേക്കും ആ സന്തോഷം പകർന്നു നൽകാൻ പറ്റുമെന്ന വിശ്വാസമാണു ലിൻസിക്ക്.

കുട്ടികളുടെ വിശപ്പറിയുന്ന അധ്യാപിക

പഠിപ്പിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിക്കാനും വേണ്ട സഹായം നൽകാനും ലിൻസി സദാ സന്നദ്ധയാണ്. പലരും എത്രമാത്രം പട്ടിണിയിലും ദാരിദ്ര്യത്തിലുമാണു കഴിയുന്നത് എന്ന തിരിച്ചറിവായിരുന്നു ഇതിനു പിന്നിൽ. കണ്ണു നനയിച്ച ഒരു സംഭവമാണു തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നു പറയുന്നു ലിൻസി:

ഏറെക്കാലം സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയായിരുന്നു എനിക്ക്. ഒരു ദിവസം രാവിലെ പത്തു മണിയായപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി വന്ന്, ഇന്ന് എത്ര മണിക്കാണു കഞ്ഞി തരിക ടീച്ചറേ എന്നു ചോദിച്ചു. എല്ലാ ദിവസവും തരാറുള്ളതുപോലെ തന്നെ 12.45 ന് എന്നു പറഞ്ഞ് ഞാൻ ആ കുട്ടിയെ തിരിച്ചയച്ചു. ഒരു പീരിയഡ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്ന് ഇതേ ചോദ്യം ചോദിച്ചു. ഞാനവളെ ചേർത്തു പിടിച്ചു ചോദിച്ചു: എന്താണു നീയിങ്ങനെ ഇടയ്ക്കിടയ്ക്കു വന്നു ചോദിക്കുന്നത്.....രാവിലെ ഒന്നും കഴിച്ചില്ലേ എന്ന് ? അവളുടെ കണ്ണു നിറഞ്ഞു. ‘ ഒന്നും കഴിച്ചില്ല, ഇന്നലെ ഉച്ചയ്ക്കു വച്ച ചോറിൽ ബാക്കിയുണ്ടായിരുന്നത് രാവിലെ അമ്മ അനിയനു കൊടുത്തു. എനിക്കു കഴിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്നു പറഞ്ഞു. അതു കേട്ടതോടെ എന്റെ കണ്ണുകളും നിറഞ്ഞു. ഇത്രയ്ക്കു ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളും ഇക്കാലത്ത് ഉണ്ടെന്ന അറിവ് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അപ്പോൾ തന്നെ അടുത്ത കടയിൽ നിന്നു ബ്രഡും കാപ്പിയും വാങ്ങിക്കൊടുത്തു. അവളുടെ കഥ ഞാൻ ഭർത്താവിനോടു പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടി ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി അവളുടെ വീട്ടിൽ എത്തിച്ചു. ഈ സംഭവത്തിനു ശേഷമാണു ക്ലാസിലെ ഓരോ കുട്ടിയും ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കുന്നുണ്ട് എന്നു ഞാൻ ഉറപ്പു വരുത്താൻ തുടങ്ങിയത്. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊടുക്കാറുണ്ട്. ഭർത്താവിന്റെ പൂർണ പിന്തുണയും ഈ കാര്യത്തിലുണ്ട്.

മൂന്നു വിദ്യാർഥികള്‍; മൂന്നു വീടുകൾ

ലിന്‍സിയുടെ പേര് വീട്ടമ്മ മത്സരത്തിനു നിർദേശിച്ചത് ഭർത്താവ് സെബാസ്റ്റ്യൻ ജോർജാണ്. പതിനൊന്നു വർഷമായി വീട്ടുകാര്യങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്യുന്നതു കൊണ്ടു മാത്രമല്ല. ഒരു അധ്യാപിക എന്ന നിലയിൽ വിദ്യാർഥികളുടെ ജീവിതത്തിൽ ലിൻസി നടത്താറുള്ള ഇടപെടലുകളാണ് മത്സരത്തിനു ഭാര്യയുടെ പേരു നിർദേശിക്കാൻ സെബാസ്റ്റ്യനെ പ്രേരിപ്പിച്ചത്.

ലിൻസി നടത്തിയ ഏറ്റവും പ്രശംസനീയമായ കാര്യം, നിർധനരായ മൂന്നു കുട്ടികൾക്കു കയറിക്കിടക്കാൻ വീടു നിർമിച്ചു നല്‍കിയതാണെന്ന് സെബാസ്റ്റ്യൻ പറയുന്നു. മറ്റ് അധ്യാപകരുടെ കൂടെ കുട്ടികളുടെ വീടു സന്ദർശനവേളയിലാണ് ഒന്നാം ക്ലാസുകാരനായ ആകാശിന്റെ വീട്ടിൽ ലിൻസി എത്തുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച, യാതൊരു ഗൃഹോപകരണങ്ങളുമില്ലാത്ത കുടിൽ കണ്ടു ലിൻസി സ്തംഭിച്ചു. നിലത്തു കട്ടിക്കടലാസുകൾ നിരത്തിയാണ് ആകാശും, രണ്ടു സഹോദരങ്ങളും അമ്മയും വല്യമ്മയും ഉറങ്ങുന്നത്. അച്ഛൻ മരിച്ചു പോയി. തന്റെ മൂത്ത മകന്റെ പ്രായമുള്ള ആ കുട്ടിയുടെ അവസ്ഥ ലിൻസിയുടെ ഉറക്കം കെടുത്തി. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സന്മനസ്സുള്ള ഉദാരമതികളിൽ നിന്നും ഫേസ്ബുക്ക് വഴിയുമൊക്കെ പണം സമാഹരിച്ച് ആകാശിനു വീടു നിർമിച്ചു നൽകി.

ആകാശിന്റെ വീടുപണിക്കു സഹായിക്കാനെത്തിയിരുന്ന പ്ലസ്ടു വിദ്യാർഥി അഭിജിത്ത്, ഒരു അഭ്യർഥനയുമായി ലിൻസിയെയും സെബാസ്റ്റ്യനെയും സമീപിച്ചു. കാറ്ററിങ് പണിക്കു പോയി കിട്ടിയ 10,000 രൂപ എന്റെ കൈയിലുണ്ട്. എനിക്കും ഒരു വീടു വച്ചു തരുമോ? മാതാപിതാക്കൾ നഷ്ടപ്പെട്ട്, വല്യമ്മയുടെ സംരക്ഷണയിൽ കഴിയുന്ന അഭിജിത്തിന് ഒരു വീട് അനി വാര്യമാണെന്നു ലിൻസിക്കു തോന്നി. വീടിന്റെ പ്ലാൻ പോലും വരച്ച് പലരിൽ നിന്നായി പണം സമാഹരിച്ച് ലിൻസി അഭിജിത്തിന്റെ ഭവനസ്വപ്നവും സത്യമാക്കി.

ഓണത്തിനു കുട്ടികളുടെ ഭവനസന്ദർശനത്തിന് എത്തിയപ്പോഴാണ് അഞ്ജിത എന്ന വിദ്യാർഥിനിയുടെ ഷെഡ് പോലുള്ള അടച്ചുറപ്പില്ലാത്ത വീട് ലിൻസി കാണുന്നത്. അച്ഛൻ നഷ്ടപ്പെട്ട അഞ്ജിതയും അമ്മയും മാത്രമാണ് ആ വീട്ടിൽ. അവർക്ക് ഒരു വീട് അത്യാവശ്യമാണെന്നു ലിൻസിക്കു തോന്നി. ഓണാഘോഷവും ഓണക്കോടിയും വേണ്ടെന്നു വച്ച് ആ പണവും, ഓണത്തിനു തനിക്കും ഭർത്താവിനും കിട്ടിയ ബോണസും അഞ്ജിതയ്ക്കു വീടു നിർമിച്ചു നല്‍കാൻ ലിൻസി മാറ്റിവച്ചു. സഹപ്രവർത്തകരായ അധ്യാപകർക്ക് അഡ്വാൻസായി ലഭിച്ച തുക, വീടു നിർമിക്കാൻ കടമായി ചോദിച്ചു. മാസം തോറും ലിൻസിയുടെ ശമ്പളത്തിൽ തിരികെ നൽകാമെന്ന് അറിയിച്ചതോടെ മറ്റ് അധ്യാപകരും സഹകരിച്ചു. ലിൻസി തന്നെ പ്ലാൻ വരച്ച് രണ്ടാഴ്ച കൊണ്ടാണു വീടു പണി പൂർത്തിയാക്കിയത്.

ലിൻസി ജോർജിനു മാർക്കിടാം

SMS അയയ്ക്കേണ്ട വിധം : ലിൻസി ജോർജിനു മാർക്കിടാം. STR എന്നു ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം മാർക്ക് ( അതു അക്കത്തിലാവണം. 1,2,3,4,5,6,7,8,9,10 എന്നിവയിൽ ഒരെണ്ണം.) രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്കു SMS ചെയ്യുക. ഉദാഹരണത്തിന് 8 മാർക്കാണു നിങ്ങൾ കൊടുക്കുന്നതെങ്കിൽ STR സ്പേസ് 8. ഇമെയിൽ വിലാസത്തിലും തപാലിലും ഇതേപോലെ മാർക്കിട്ട് അയയ്ക്കാം.

വിലാസം : വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം–1 e-mail id : weekly@manorama.com അടുത്തലക്കം വീട്ടമ്മ ; ടി. ശ്രീവല്ലി, പത്തപ്പിരിയം, കരുവമ്പ്രം, വഴിമലപ്പുറം.