ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി. അനുപമ മനസ്സ് തുറക്കുന്നു.
ഹോട്ടലിൽ നിന്നു വാങ്ങുന്ന ബിരിയാണിയിൽ ഒരു പാറ്റ ചത്തു കിടന്നാൽ എന്തു ചെയ്യും...?’
‘പായ്ക്കറ്റ് പൊട്ടിക്കുമ്പോൾ ബിസ്കറ്റ് പഴകിയതും പൂത്തതും ആണെങ്കിലോ....’
‘തുവരപ്പരിപ്പിന്റെ കൂടെ വില കുറഞ്ഞ മറ്റു പരിപ്പുകളും ചേർത്തിട്ടുണ്ടെന്നു സംശയം തോന്നിയാൽ.... ?
കടയുടമയോടു ചൂടാകുന്നതോ സാധനം മാറ്റിവാങ്ങുന്നതോ ഒന്നുമല്ല പരിഹാരം. നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്നതിനെതിരെ ഉടൻ പരാതിപ്പെടുകയാണു വേണ്ടതെന്ന് ഉറപ്പിച്ചു പറയുന്നു. ഭക്ഷ്യ സുരക്ഷ കമ്മിഷണർ ടി.വി അനുപമ ‘‘മായം കലരാത്ത രോഗഭീഷണിയില്ലാത്ത ഭക്ഷണം കഴിക്കാനുളള അവകാശം എല്ലാവർക്കുമുണ്ട്. അതു സംരക്ഷി ക്കുകയാണ് ഞങ്ങളുടെ കർത്തവ്യം. അതിനു ഞങ്ങളെ സഹായിക്കാനുളള കടമ എല്ലാവർക്കുമുണ്ട്..’’
നല്ല കാന്താരി മുളകിന്റെ എരിവും ചൂടുമുണ്ട് അനുപമയുടെ വാക്കുകൾക്ക്. ആതിഥ്യ മര്യാദയ്ക്കു പേരുകേട്ട തന്റെ നാടിന്റെ - മലബാറിന്റെ നന്മയും രുചിയും കേരളം മുഴവനും പടരണമെന്ന വാശിയും.
കണ്ണൂർ സബ് കലക്ടർ പദവിയിൽ നിന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി അനുപമ എത്തുമ്പോൾ ‘ഇത്തിരി ഇല്ലാത്ത ഈ കൊച്ച് എന്തു മല മറിക്കാനാണ്?’ എന്നു ചോദിച്ചു നെറ്റി ചുളി ച്ചവർക്കെല്ലാം സ്വന്തം പ്രവൃത്തിയിലൂടെ അനുപമ റാവു മറുപടി കൊടുത്തു. തട്ടുകടകൾ മുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ ഭക്ഷ്യസുരക്ഷ നടപടികൾ , വമ്പൻമാർക്കെതിരെ പോരാ ട്ടങ്ങൾ.... നെറ്റി ചുളിച്ചവരും സോഷ്യൽ മീഡിയയും മറ്റു മീഡിയ കളും എല്ലാം പിന്നീട് ഒറ്റ വാക്കിലൊരു തൂവൽ കൊടുത്തു, ‘മിടുക്കി’.
പ്രമുഖ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമ്പോൾ എതിര്‍പ്പുകൾ ഒരുപാട് ഉണ്ടാകില്ലേ...?
ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. നിയമത്തിന്റെ വഴി വിട്ട് ഒരു ചുവട് പോലും വയ്ക്കാറുമില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറായിരത്തി അഞ്ഞൂറോളം സാമ്പിളുകളാണ് ഞങ്ങൾ പരിശോധിച്ചത്. വിവിധ കമ്പനികൾക്കെതിരെ എഴുന്നൂറോളം കേസുകളുമെടുത്തിട്ടുണ്ട്. ഏതെങ്കിലും ഭക്ഷ്യവസ്തു നിരോധിക്കേണ്ട സാഹചര്യം വരുമ്പോൾ അതിന്റെ നിയമവശങ്ങൾ നന്നായി പരിശോധിച്ച് തയാറെടുത്തിട്ടാണ് മുന്നോട്ടു പോകുന്നത്. ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടി എടുക്കുന്നത്.ഓരോ ഭക്ഷണ പദാർതഥത്തിലും ഇത്ര ശതമാനം മറ്റ് ഘടകങ്ങൾ ആവാം. ഈർപ്പത്തിനു വരെ ഇത് ബാധകമാണ്.
പക്ഷേ, ഞാൻ ചില കർശന നടപടികൾ ഒക്കെയെടുത്ത് പത്രത്തിലും ടിവിയിലുമൊക്കെ വാർത്ത വന്നതോടെ അമ്മയ്ക്ക് ഒരൽപം ടെന്‍ഷൻ ഉണ്ടായിരുന്നു. ദിവസം രണ്ടു നേരം വിളി ച്ചോണ്ടിരുന്ന അമ്മ ഇപ്പോൾ നാല് നേരം വിളിക്കും. മറ്റുളളവർ കരുതും പോലെ അത്ര സങ്കീർണതകളോ സമ്മർദങ്ങളോ എന്റെ മേലെ വന്നിട്ടില്ല. സ്വകാര്യ താൽപര്യങ്ങളെ സംരക്ഷിക്കാനാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നൊരു ആരോപണം മാത്രമാണ് ആരോ പറഞ്ഞത്. അതിനെക്കുറിച്ചു പ്രതികരിക്കേണ്ടതുണ്ട് എന്ന് പോലും തോന്നുന്നില്ല. ‘തട്ടിക്കളയും’ ‘ഇവിടെ നിന്നു പറപ്പിക്കും’ എന്ന മട്ടിൽ സിനിമാ സ്റ്റൈൽ ഭീഷണികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോൾ മുതൽ വിവാദങ്ങളാണല്ലോ ?
എല്ലാ പ്രഫഷനും കാണില്ലേ കുറേ വെല്ലുവിളികൾ. ഇതിനെയും അങ്ങനെയേ കാണുന്നുളളൂ. തൊട്ടതിലൊക്കെ പുലിവാൽ പിടിക്കുക എന്നതായിരുന്നു എന്റെ അവസ്ഥ. തലശേരിയിൽ നിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ ദിവസം തന്നെയാണ് നോക്കുകൂലി വിവാദം. ട്രെയിനിലാണ് ഞാൻ വന്നത് സാധനങ്ങൾ ലോറിയിൽ കൊടുത്തയച്ചു. അറിയിച്ചതിനു വ്യത്യസ്തമായി ലോറി രാവിലെ എത്തി. നേരത്തേ തൊഴിലാളി യൂണിയനിലെ ചിലരെ സാധനങ്ങൾ ഇറക്കാൻ സമീപിച്ചിരുന്നു. പക്ഷേ, അവർ എത്താൻ വൈകി. ഞാനും ഡ്രൈവർമാരും സഹായിയും കൂടി സാധനങ്ങൾ ഇറക്കി. ചെയ്യാത്ത ജോലിക്ക് കൂലിവേണമെന്നു പറഞ്ഞു ചിലർ വന്നപ്പോൾ പ്രതികരിച്ചു. അത് തികച്ചും വ്യക്തിപരമായ കാര്യമല്ലേ ?
സിവിൽ സർവീസുകാരൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളാണ്...
വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ചില പോസ്റ്ററുകൾ കാണുമ്പോൾ എനിക്കും രസം തോന്നാറുണ്ട്. കോഴിക്കോട് കലക്ടർ പ്രശാന്ത് സാർ ഒക്കെ എത്ര നന്നായിട്ടാണ് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിക്കുന്നത്. പണ്ടും പ്രഗത്ഭരായ ഉദ്യോഗസ്ഥർ നമുക്ക് ഉണ്ടായിരുന്നു. പക്ഷേ, അവരെക്കുറിച്ച് സാധാരണക്കാർക്ക് അധികം അറിയില്ല. ഇന്നിപ്പോൾ ലോകം കൈപ്പിടിയിലല്ലേ... ഒരൊറ്റ ക്ലിക്കിൽ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അറിയാം. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം. എന്തായാലും സന്തോഷമുളള ഒരു മാറ്റമാണിത്.
കൗതുകമുളള പോസ്റ്റുകളൊക്കെ കൂട്ടുകാർ അയച്ച് തരും. സിവിൽ സർവീസിലുളള മറ്റ് ഉദ്യോഗസ്ഥരോടും നല്ലബന്ധമുണ്ട്. അതു പോലെ ഔദ്യോഗികമായ കാര്യങ്ങളിലും പരസ്പരം നിർദേശങ്ങൾ ചോദിക്കാനും ആശയവിനിമയത്തിനും ഒക്കെ ഇതുപകരിക്കും. ഒരാൾ ഒരു നല്ല ആശയം നടപ്പിലാക്കുമ്പോൾ അത് നമുക്ക് ചെയ്യാനാകുമോ എന്ന് നോക്കും. അനാവശ്യമായ ജാഡകളൊന്നും ഞങ്ങൾക്കിടയിലില്ല.
ഇത്രയും തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ ?
തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാൻ കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവിൽ സർവീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമർപ്പണവും ഈ പ്രഫഷൻ ആവശ്യപ്പെടുന്നു. ഇപ്പോൾ ടൂറിസം വകുപ്പിന്റെ അധിക ചുമതല കൂടി എനിക്കുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം വീതം ഒരോ ഓഫിസിലും ചെലവഴിക്കാൻ ഞാൻ ശ്രദ്ധിക്കും.
വീക്എൻഡിൽ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഒരു മീറ്റിങ് വരിക. അതുകൊണ്ടു കുടുംബച്ചടങ്ങുകളിലൊന്നും പലപ്പോഴും പങ്കെടുക്കാൻ കഴിയാറില്ല. ഇങ്ങനെ പരാതികളുടെ ഒരു നീണ്ട നിരതന്നെ വേണമെങ്കിൽ പറയാം. പക്ഷേ, ഇതൊക്കെ മനസ്സിലാക്കുന്ന ഒരു കുടുംബത്തെ കിട്ടിയതാണ് എന്റെ ധൈര്യം.

സ്ത്രീ എന്ന നിലയിൽ പരിമിതികളുണ്ട് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് സ്ത്രീ ആയിരിക്കുന്നത് ഗുണം ചെയ്യാറുമുണ്ട്. കണ്ണൂരിൽ സബ് കലക്ടറായിരുന്നപ്പോൾ മുതിര്‍ ന്ന പൗരന്മാരുടെ കുറേ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നു. സ്കൂളിൽ ചെല്ലുമ്പോൾ പെൺകുട്ടികൾ അമ്മമാരോട് പോലും പറയാത്ത പ്രശ്നങ്ങൾ നമ്മോടു പങ്കുവയ്ക്കും. സഹപ്ര വർത്തകരിൽ ചിലർ കരുതലോടെ പെരുമാറുന്നതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സിവിൽ സർവീസ് എന്ന സ്വപ്നം ?
കുട്ടിക്കാലം മുതൽക്കേയുളള മോഹമായിരുന്നു അത്. മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലാണ് വീട്. അച്ഛൻ ബാലസുബ്രഹ്മണ്യൻ പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. അച്ഛനാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിന്റെ വിത്ത് ഇട്ടു തരുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ ഉയർന്ന മാർക്കിൽ പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങിൽ വച്ച് ആ ഇഷ്ടം കൂടുതൽ ശക്തമായി. ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയർ ഓഫിസർമാരുടെ പ്രസംഗങ്ങൾ കേട്ടപ്പോൾ എനിക്ക് ആരാധന തോന്നി.
ബീറ്റ്സ് പിലാനിയിൽ നിന്ന് എൻജിനിയറിങ് കഴിയുമ്പോഴും ആ ഇഷ്ടം നില നിന്നു. മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങൾ. ഇടയ്ക്ക് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളത്തിന് കോച്ചിങ്ങിനു പോയി. ആദ്യ ചാൻസിൽ നാലാം റാങ്കോടെ പാസ്സായി.
മസ്സൂറിയിലെ ട്രെയിനിങ് കാലത്താണ് ഇന്ത്യയിലെ ഉൾഗ്രാമങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്. ഗോവയിലാണ് ഞാൻ പഠിച്ചതെങ്കിലും ക്യാംപസിന് പുറത്തേക്കു പോകണ്ട സാഹചര്യങ്ങൾ അധികം വന്നിട്ടില്ല. മലബാറിൽ നിന്നു ഗോവയിലേക്ക് വരുമ്പോൾ ചെറിയ ഒരു പേടി ഉണ്ടായിരുന്നു. അന്നൊക്കെ ഗോവയെക്കുറിച്ച് ഉളളിലുളള ചിത്രങ്ങൾ അത്തരത്തിലുളള വ ആയിരുന്നു. പക്ഷേ, ആ ക്യാംപസ് എന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. ഞങ്ങളായിരുന്നു അവിടെ ആദ്യ ബാച്ച്. കെട്ടിടങ്ങളെ ക്യാംപസ് ആക്കേണ്ട ഉത്തരവാദിത്തം ഞങ്ങളുടേ തായി. ധാരാളം ആക്ടിവിറ്റീസ്.
അവിടെ വച്ചാണ് ഞാൻ ക്ലിൻസണുമായി സൗഹൃത്തിലാകുന്നത്. സിവിൽ സർവീസ് അദ്ദേഹത്തിന്റെ പിന്തുണയുടെ കൂടെ ഫലമാണ്. അങ്കമാലി സ്വദേശിയായ അദ്ദേഹം യു എസിൽ നിന്നും എംബിഎ ചെയ്തു. സൗഹൃദം പിന്നീടു പ്രണയമായി, വിവാഹത്തിലും എത്തി. ക്ലിന്‍സൺ അമേരിക്കയിൽ ജോലി നോക്കുകയായിരുന്നു. ഇപ്പോൾ തിരികെ നാട്ടിലെത്തി, പപ്പയുടെ ബിസിനസ് നോക്കി നടത്തുന്നു. അത് നിർമാണ സാമഗ്രികൾ വിൽക്കുന്ന ഷോപ്പുകളാണ്. എനിക്കോ അദ്ദേഹത്തിനോ ചിലരൊക്കെആരോപിക്കുന്ന പോലെ ഒരു കറിമസാലക്കമ്പനികളു മായും ബന്ധവും സൗഹൃദവും ഇല്ല.
വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് വർഷമായി. ഇതിനിടെ രണ്ടാഴ്ച ലീവെടുത്ത് യുഎസിൽ പോയപ്പോഴാണ് ഞാനും അദ്ദേഹവും ഒരുമിച്ചു നിന്നത്. നാട്ടിലേക്ക് ക്ലിൻസൺ മടങ്ങാൻ ഇതും ഒരു കാരണമാണ്. പഠിക്കുമ്പോഴേ പരസ്പരം നന്നായി അറിയാം ഞങ്ങൾക്ക്. എത്ര ടെൻഷനിലും അദ്ദേഹത്തെ വിളിച്ചാൽ പകുതി സമാധാനമാകും. അദ്ദേഹത്തിന്റെ കുടുംബം തരുന്ന പിന്തുണയും വലുതാണ്.
യാത്രകൾ ഇഷ്ടമാണ്, പക്ഷേ, തിരക്ക് കാരണം സാധിക്കാറില്ല ഒരു തവണ അമേരിക്കയിൽ പോയതാണ് വ്യക്തിപരമായ യാത്ര. ബാക്കി എല്ലാം ഔദ്യോഗിക ആവശ്യങ്ങൾക്കുളളതാ യിരുന്നു. വായന മാത്രമാണ് മുടങ്ങാതെ നടക്കുന്ന ഒരിഷ്ടം.
അച്ഛൻ കെ.കെ ബാലസുബ്രഹ്മണ്യൻ, പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്നു. അതുകൊണ്ട് അമ്മ രമണിക്ക് ഈ ജോലിയുടെ സ്വഭാവം നന്നായറിയാം. ഗുരുവായൂർ ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ ആണ് അമ്മ. അനിയത്തി നിഷ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.
പുതിയ സംരഭങ്ങൾ..?
ടൂറിസം ഡിപ്പാർട്മെന്റ് ആകർഷകമായ പാക്കേജുകൾ ഒരുക്കുന്നുണ്ട്. കേരളത്തിലെ മൂന്ന് എയർപോർട്ടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സര്‍വീസുകൾ, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ചരിത്രപരമായ സ്ഥലങ്ങളെയും പരിഗണിക്കുന്നവ, ജലസ്രോതസ്സിനെ ആശ്രയിച്ചുളളവ, ആയുർവേദം ഇങ്ങനെ പലതും. പ്രോജക്ട് മുസിരസ്, ഗ്രേറ്റ് ബാക് വാട്ടേഴ്സ്, ഹോം ഓഫ് ആയുർവേദ ഇവയെല്ലാം തുടങ്ങി. കുമരകത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വര്‍ഷം മികച്ച റൂറൽ ടൂറിസത്തിനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ആവശ്യമുളളതിന്റെ മൂന്നിലൊന്ന് ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടുളളത്. നിലവിലുളള പരിമിതമായ ലാബുകളെ സാങ്കേതികമായി കൂടുതൽ മെച്ചപ്പെടുത്തു കയാണ് ലക്ഷ്യം. മൈസൂരിലെ ഫൂഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഇപ്പോൾ പ്രവർത്തനം.
ഭക്ഷ്യ സുരക്ഷാ വിഭാഗം പുതിയതായി ഒരു സോഫ്റ്റ് വെയർ ഇറക്കിയിട്ടുണ്ട്. അത് പരീക്ഷണാർഥം തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിച്ചു വരികയാണ്. ഒരു മാസത്തിനകം എല്ലാവ രിലേക്കും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒരു മൊബൈൽ ആപ്ലിക്കേഷനും പ്ലാൻ ചെയ്തിട്ടുണ്ട്. ഉപഭോക്താവിന് മായം കലർന്നിട്ടുണ്ട് എന്ന് തോന്നുന്ന ഭക്ഷണത്തിന്റെ ചിത്രവും അത് എവിടെ നിന്ന് എപ്പോൾ വാങ്ങി, എന്താണ് പ്രശ്നം എന്നിവ ആ ആപ്പ് ഉപയോഗിച്ച് അതതു ജില്ലയിലെ ഫൂഡ് ഇൻസ്പെക്ടർമാരെ അറിയിക്കാനാകും. ആ സ്വപ്നവും വൈകാതെ നടപ്പിലാകും
മായം കണ്ടുപിടിക്കാം
∙ഒരു തുളളി പാൽ ചരിഞ്ഞ പ്രതലത്തിലേക്ക് ഒഴിക്കുക. മായമില്ലെങ്കിൽ ഒരു സെക്കന്‍ഡ് അവിടെ നിന്ന ശേഷം മാത്രം താഴേക്ക് ഒഴുകും. പാലൊഴുകിയ പാടും ശേഷിക്കും.
∙അല്പം വെളിച്ചെണ്ണ ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. വേറെ ഏതെങ്കിലും എണ്ണ ഉണ്ടെങ്കിൽ അത് മുകളിൽ വേറിട്ട് കിടക്കും.
∙വെളളക്കടല, പനീർ എന്നിവയിൽ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയാൻ ഒരു തുളളി അയഡിൻ ലായനി ഒഴിക്കുക. നീല നിറമാവുകയാണെങ്കിൽ പശയും മായവും ചേർത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
∙തേനിലെ മായം തിരിച്ചറിയാൻ തേനിൽ മുക്കി എടുത്ത തുണി കത്തിക്കുക. ശബ്ദത്തോടെ കത്തിയാൽ മായമുണ്ട്.
∙മൈദ കുഴയ്ക്കുമ്പോൾ കൂടുതൽ വെളളം ആവശ്യമായി വരികയാണെങ്കിൽ മായം ഉണ്ടെന്ന് ഉറപ്പിക്കാം.
∙ഐസ്ക്രീം കഴിച്ച് കുറച്ച് കഴിയുമ്പോൾ നാക്കിൽ തരി തരിപ്പോ, കയ്പ്പോ തോന്നുന്നുണ്ടെങ്കിൽ ഐസ്ക്രീമിൽ സാക്കറിൻ ചേർത്തിട്ടുണ്ട് എന്ന് തിരിച്ചറിയാം.
∙കുരുമുളകിൽ പൊതുവെ മായമായി ചേർക്കുന്നത് പപ്പായ വിത്താണ്. ഇത് തിരിച്ചറിയാൻ അല്‍പം ആൽക്കഹോളിൽ കുരുമുളക് ഇട്ട് നോക്കുക. മായമുണ്ടെങ്കിൽ കുരമുളക് താഴെയും പപ്പായ വിത്ത് മുകളിലും കാണാം.
കടപ്പാട് : ഗോപകുമാർ, റിസർച്ച് ഓഫിസർ, ഭക്ഷ്യ സുരക്ഷാ വിഭാഗം, തൈക്കാട്, തിരുവനന്തപുരം
എങ്ങനെ പ്രതികരിക്കാം?......
∙ഭക്ഷണത്തിൽ മായം കലർന്നിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ 18004251125 എന്ന് ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
∙തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ചീഫ് ഫൂഡ് ഇൻസ്പെക്ടർമാരെയോ അല്ലെങ്കിൽ ഓരോ ജില്ലയിലേയും ഫൂഡ് ഇൻസ്പെക്ടർമാരേയും വിവരം അറിയിക്കുക. www.foodsafetykerala.gov.in എന്ന സൈറ്റിൽ ഫോൺ നമ്പറുകൾ ലഭ്യമാണ്.
∙foodsafetykerala@gmail.com എന്ന മെയിൽ ഐഡിയിലും ഭക്ഷണത്തിന്റെ ഫോട്ടോയും ബില്ലും സഹിതം പരാതികൾ അയയ്ക്കാവുന്നതാണ്.
∙ഉപഭോക്താവിന് സ്വയമേധയാ സാധനങ്ങൾ ലാബിൽ പരിശോധനയ്ക്ക് ഏല്‍പ്പിക്കാം. കൃത്യമായ ബില്ലോടുകൂടി ഏല്‍പ്പിക്കുന്ന ഭക്ഷണപദാർഥത്തിൽ മായം കലർന്നിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് ഏൽപ്പിക്കാം. കൃത്യമായ ബില്ലോടുകൂടി ഏൽപ്പിക്കുന്ന ഭക്ഷണപദാർഥത്തിൽ മായം കലർന്നിട്ടുണ്ടെങ്കിൽ പരിശോധനയ്ക്കാവശ്യമായ തുകയും നഷ്ടപരിഹാരവും ലഭിക്കുന്നതാണ്.