കേൾക്കണം ഇവളുടെ കഥ ; നമിക്കണം ഈ പോസിറ്റീവ് എനർജിയെ

Manasi Joshi

അപ്രതീക്ഷിതമായ ഒരു അപകടം ജീവിതത്തിൽ സംഭവിച്ചാൽ അതോടെ എല്ലാം തീർന്നു എന്ന മട്ടിൽ കണ്ണീരൊഴുക്കി ഒറ്റപ്പെടലിലേക്ക് ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനമാകും ഈ പെൺകുട്ടിയുടെ ജീവിത കഥ.തൻെറ അതിജീവനത്തിൻെറ കഥ അവൾ പങ്കുവെയ്ക്കുന്നത് ഹ്യൂമെൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്.

ഈ പെൺകുട്ടിയുടെ പേര് മാൻസി ജോഷി. മുംബെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിചെയ്യുന്ന ഇവൾ ജീവിത കഥ പറഞ്ഞു തുടങ്ങുന്നതിങ്ങനെ...

ടൂവീലറിൽ ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് പെട്ടന്ന് ഒരു ചരക്കുലോറി എന്നെ ഇടിച്ചു തെറിപ്പിച്ചത്. എൻെറ ഇടതുകാൽ ചതഞ്ഞരഞ്ഞത് ഞാൻ അറിഞ്ഞു. ആ അപകടം പക്ഷെ ലോറി ഡ്രൈവറിൻെറ തെറ്റുകൊണ്ടല്ല ഉണ്ടായത്. അവിടെ അയാളുടെ കാഴ്ചയെ മറച്ച ഒരു തൂൺ ഉണ്ടായിരുന്നു.അതാണ് ആ അപകടം ഉണ്ടാക്കിയത്. അപകടം കണ്ട് പെട്ടന്ന് അവിടെ ഓടിക്കൂടിയ നാട്ടുകാരെല്ലാം ചേർന്ന് എന്നെ ഹോസ്പിറ്റലിലെത്തിച്ചു.അപ്പോൾ സമയം രാവിലെ ഒൻപതരയോ മറ്റോ ആയിക്കാണും.വൈകിട്ട് അഞ്ചരയ്ക്കായിരുന്നു എൻെറ കാലിൻെറ ശസ്ത്രക്രിയ.

എൻെറ കാൽ സംരക്ഷിക്കുവാൻ ഡോക്ടർമാർ അവരാൽ ആവതെല്ലാം ചെയ്തു. പക്ഷെ തുടർന്നുള്ള ദിവസങ്ങളിൽ ഇൻഫക്ഷൻ ബാധിച്ചപ്പോൾ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ വന്നു. അതിനായി എൻെറ അനുവാദം വാങ്ങാനെത്തിയ ഡോക്ടറോട് ഞാൻ ചോദിച്ചു എന്തിനാണ് താങ്കൾ ഇനിയും കാത്തു നിൽക്കുന്നത്? കാൽ മുറിച്ചുകളയേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്ന്.

ഈ കഠിനയാതനയിലൂടെ കടന്നുപോയ എൻെറ മുന്നിൽ രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ഇത് എൻെറ വിധിയാണെന്നു കരുതി കരഞ്ഞു കാലംകഴിക്കുക അല്ലെങ്കിൽ എൻെറ ഈ അവസ്ഥ മനസുകൊണ്ട് അംഗീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക.ഇതിൽ രണ്ടാമത്തെ വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്.

ആശുപത്രിയിൽ എന്നെ കാണാൻ വരുന്നവർ സഹതാപത്തോടെ നോക്കുമ്പോൾ ഞാൻ തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കും.പിന്നെ വയ്പുകാൽ വെച്ച ശേഷം ഫിസിയോതെറാപ്പിയിലൂടെ ഞാൻ വീണ്ടും നടക്കാൻ പഠിച്ചു. ഫക്ഷേ അപ്പോഴൊക്കെ എൻെറ വലിയ പേടി ഇനി ബാഡ്മിൻറൺ കളിക്കാൻ പറ്റുമോ എന്നായിരുന്നു. കാരണം കുട്ടിക്കാലം മുതൽ ബാഡ്മിൻറൺ എൻെറ പാഷനായിരുന്നു.

എന്നാൽ ഞാൻ ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല. നടക്കാൻ അൽപ്പം പ്രയാസം നേരിട്ടെങ്കിലും ഞാൻ നന്നായി ബാഡ്മിൻറൺ കളിച്ചു തുടങ്ങി. മാത്രവുമല്ല കോർപറേറ്റ് ബാഡ്മിൻെറൺ ടൂർണമെൻറിൽ മെഡലുകളും നേടിത്തുടങ്ങി.

ഇതിനിടെയിലാണ് എന്നെപോലെ ശാരീരികവൈകല്യമുള്ള ഒരാൾ നാഷണൽ ലെവലിൽ ബാഡ്മിൻറൺ മൽസരത്തിൽ പങ്കെടുക്കണമെന്ന് എന്നോട് പറയുന്നത്.തുടർന്ന് നടന്ന നാഷണൽ ലെവൽ മൽസരത്തിൽ എനിക്ക് കുറെ മെഡലുകൾ ലഭിച്ചു. മാത്രവുമല്ല 2015 ൽ ഇംഗ്ലണ്ടിൽ വെച്ചു നടന്ന പാരാബാഡ്മിൻറൺ വേൾ്ഡ് ചാംപ്യെൻഷിപ്പിൽ എനിക്ക് സിൽവർ മെഡൽ ലഭിച്ചു.

Manasi Joshi

ഇപ്പോൾ ദിവസത്തിൽ അഞ്ച് മണിക്കൂറോളം ഞാൻ പരിശീലനം നടത്തുന്നുണ്ട്. സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന ജോലിക്ക് തടസം വരാത്ത വിധത്തിൽ ഞാൻ എൻെറ ദിനചര്യകളെ ക്രമീകരിച്ചു. സ്കൂബ ഡൈവിങ്ങിൽ പരിശീലനം ഏറെക്കുറെ പൂർത്തിയാക്കി.ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്രപോയി.

ഇപ്പോൾ ആളുകൾ ചോദിക്കുന്നത് എങ്ങനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുന്നു എന്നാണ്. അപ്പോൾ അവരോട് ഞാൻ തിരിച്ചു ചോദിക്കും. (ഇതിൽ നിന്നൊക്കെ അവരെ തടയുന്നതെന്താണെന്ന്) what’s stopping you?’ എന്ന്.

പുഞ്ചിരിക്കുന്ന മുഖത്തോടെ അവൾ ഈ ചോദ്യം ചോദിക്കുമ്പോൾ കുഞ്ഞുകുഞ്ഞു കാര്യങ്ങളുടെ പേരിൽ മനസിൽ നെഗറ്റീവ് ചിന്ത നിറയ്ക്കുന്ന മനസിനോട് നമുക്കും ഗുഡ്ബൈ പറയാൻ തോന്നും.