കടുത്ത വേനലിൽ പുറത്തിറങ്ങേണ്ട താമസം വെയിലേറ്റ് മുഖം കരുവാളിക്കും. കരുവാളിപ്പു മാറ്റാനായി എപ്പോഴും ബ്യൂട്ടി പാർലറിലേക്ക് ഓടാൻ പറ്റില്ലല്ലോ? ഇരുണ്ട മുഖ ചർമം അകറ്റി ചർമത്തിനു കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളിതാ.
നാരങ്ങ നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ്. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിനു നല്ല നിറവും തിളക്കവും കിട്ടും.
പതിവായി കിഴങ്ങു മിക്സിയിൽ അടിച്ച് അതിന്റെ നീരു മുഖത്തു പുരട്ടിയാൽ നിറം വർദ്ധിക്കും.
വാഴപ്പഴം നന്നായി ഞെരടിയ ശേഷം മുഖത്തു പുരട്ടാം. 10- 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകാം. പാർട്ടിക്കും മറ്റും പോകുന്നതിനു മുമ്പ് ഈ മാർഗം ധൈര്യമായി പരീക്ഷിച്ചോളൂ. മുഖ ചർമം കൂടുതൽ തിളങ്ങാൻ ഈ മാർഗം സഹായിക്കും.
ചൂരുങ്ങിയ സമയത്തിനുള്ളിൽ ചർമം സുന്ദരമാകാൻ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതൽ നിറവും തിളക്കവും നൽകാൻ പപ്പായ സഹായിക്കും.
എണ്ണമയമുള്ള ചർമമുള്ളവർ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.
തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും.
ഓറഞ്ചു നീരും പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. ചർമ സുഷിരങ്ങളിലെ അഴുക്കു നീക്കി ചർമം കൂടുതൽ തിളങ്ങാൻ ഇതു സഹായിക്കും.