Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുടെയും അനുഷ്കയുടെയും സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ

anushka-katrina

ഡോ. ജുവല്‍ ഗമാഡിയ എന്ന് പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ആളെ പെട്ടെന്ന് മനസ്സിലായെന്നുവരില്ല. എന്നാല്‍ വെറും നിസ്സാരക്കാരനല്ല അദ്ദേഹം. കത്രീന കൈഫ്,അനുഷ്‌ക ശര്‍മ്മ, വിരാട് കോഹ്‌ലി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെയെല്ലാം സൗന്ദര്യ സംരക്ഷണത്തില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

പ്രത്യേകിച്ച് അവരുടെ ത്വക്കിന്റെയും മുടിയുടെയും കാര്യത്തില്‍. തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും ഈ സെലിബ്രിറ്റികളെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കുന്ന ഒരേയൊരു ഡോക്ടറാണ് അക്വുപങ്ച്ചറിസ്റ്റായ ഡോ. ജുവല്‍. അടുത്തകാലത്ത് ഇദ്ദേഹം ത്വക്കിനും മുടിക്കും സംരക്ഷണം നല്കുന്ന വിധത്തിലുള്ള ചില സൗന്ദര്യവര്‍ധക പൊടിക്കൈകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ ഇതിന് കാരണം പാലുൽപ്പന്നങ്ങളായിരിക്കാം എന്നാണ് അദ്ദേഹം പറയുന്നത് . പാലുൽപ്പന്നങ്ങളിലെ  ഹോര്‍മോണുകള്‍ മുഖത്തെ സീബം ഗ്ലാന്‍സുകളെ ഉദ്ദീപിപ്പിക്കുകയും അവ മുഖത്ത് കൂടുതല്‍ എണ്ണ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ഇത് മുഖക്കുരു ഉണ്ടാകാന്‍ പ്രധാന കാരണമാണ്. പഞ്ചസാര ത്വക്കിനെ നശിപ്പിക്കുന്ന ഒരു ഘടകമാണ്. അമിതമായ മധുരം ശരീരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഡോ. ജുവല്‍ പറയുന്നു.

പഞ്ചസാരയും പാലുൽപ്പന്നങ്ങളും ഒഴിവാക്കുമ്പോൾ ശരീരത്തിന്റെ യൗവനത്തിന് വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കണമെന്ന് ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു. വിറ്റാമന്‍ സിയുടെ അഭാവം ത്വക്കിനെ പെട്ടെന്ന് പ്രായമുള്ളതാക്കിത്തീര്‍ക്കും. ചുളിവുകള്‍ വീഴാനും ഇതിടയാക്കും. അമിതമായ മുടി കൊഴിച്ചിലിന് കാരണം അയണ്‍, സിങ്ക്, പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഒമേഗ 3 എന്നിവ ലഭിക്കാതെ പോകുന്നതാണ്.

മുടിക്ക് ഇതെല്ലാം അത്യാവശ്യമാണ്. ഇരുമ്പിന്റെ കുറവ് അല്ലെങ്കില്‍ വിളര്‍ച്ച സ്ത്രീകളിലെ മുടികൊഴിച്ചിലില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുപോലെ പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യവും ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ത്വക്കിന് തിളക്കം ലഭിക്കാനും പ്രായം കൂടുതല്‍ മറയ്ക്കാനും പപ്പായ വളരെ സഹായകമാണത്രെ. മുടിക്ക്  ചാരനിറമാണെങ്കില്‍ അതിന് കാരണം അയണ്‍ ലെവല്‍ ശരീരത്തില്‍ വളരെ കുറവായതാണ്. അതുകൊണ്ട് അയണ്‍ ലെവല്‍ തുടര്‍ച്ചയായി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

ഇപ്പോള്‍ മനസ്സിലായില്ലേ, കത്രീനയുടെയും വിരാടിന്റെയുമെല്ലാം ത്വക്കിന്റെ തിളക്കത്തിനും മുടിയുടെ സൗന്ദര്യത്തിന്റെയും രഹസ്യം? എന്നാല്‍ ഇതു മുതല്‍ നമുക്കും അത് പരീക്ഷിച്ചുനോക്കിയാലോ..