ചർമസൗന്ദര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ ഒരുക്കമാണ്. മരംകോച്ചും തണുപ്പിൽ മുഖം മരവിപ്പിക്കാൻ തയാറാണോ? എങ്കിൽ പുതിയകാല ബോട്ടോക്സ് എന്നറിയപ്പെടുന്ന ക്രയോജനിക് ഫേഷ്യലിനു തയാറെടുക്കാം. പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുള്ള സൗന്ദര്യപരിചരണ രീതിയിപ്പോൾ നാട്ടിലും ലഭ്യമാണ്. ക്രയോ ഫേഷ്യൽ– സാധാരണ ഫേഷ്യൽ പ്രതീക്ഷിച്ചു ചെന്നാൽ അമ്പരക്കേണ്ടിവരും. മസാജും ക്രീമും ചേരുന്ന പതിവു സൗന്ദര്യപരിചരണ രീതിയിൽ നിന്നു വേറിട്ടതാണിത്.
ലിക്വിഡ് നൈട്രജൻ വേപർ ഉപയോഗിച്ചു മൈനസ് 167 ഡിഗ്രിയിൽ മുഖചര്‍മത്തിനു നൽകുന്ന ട്രീറ്റ്മെന്റാണിത്. പ്രധാനമായും ആന്റി ഏജിങ് ഘടകങ്ങൾ ലഭ്യമാക്കുന്നതാണിത്. ചർമത്തിലെ കോളജന്‍ വർധിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. ചർമത്തിനു റിജുവനേഷൻ, തിളക്കം, മൃദുലത എന്നിവ ലഭിക്കുന്നു. പിഗ്‌മെന്റേഷൻ കുറയ്ക്കാനും സ്കിൻടോൺ മികച്ചതാക്കാനും സഹായകരം.
പ്രായം – ആന്റി ഏജിങ് ഘടകങ്ങളുണ്ടെങ്കിലും ഏതു പ്രായക്കാർക്കും ക്രയോ ഫേഷ്യൽ ചെയ്യാം.
ദോഷവശം – ക്രയോ ഫേഷ്യലിനു ദൂഷ്യവശങ്ങൾ ഒന്നുമില്ല. തണുപ്പ് അലർജിയുള്ളവർക്കു പ്രശ്നങ്ങളുണ്ടായേക്കാം എന്നതുമാത്രമാണ് ശ്രദ്ധിക്കേണ്ടത്.
ക്രയോഫേഷ്യലിനു സാധാരണ ഫേഷ്യലിനേക്കാൾ ചെലവേറും 4999– 7499 രൂപ. ലിക്വിഡ് നൈട്രജൻ ഉപയോഗിക്കേണ്ടിവരുന്നതാണ് ഇതു ചെലവേറിയതാകാൻ കാരണം. മുഖത്തിനു പെട്ടെന്നു തിളക്കം കിട്ടാനും ഫംങ്‌ഷനുകൾക്കായി ഒരുങ്ങാനും ക്രയോഫേഷ്യൽ ചെയ്യാം. തുടർച്ചയായുള്ള മാസങ്ങളിൽ ചെയ്യുമ്പോഴാണ് ഇതിനു പൂർണമായ ഫലം ലഭിക്കൂ. എന്നാൽ ഒരു തവണ മാത്രം ചെയ്താൽ പോലും വ്യത്യാസം പ്രകടമാകും.
(വിവരങ്ങൾ : സിമി മങ്ങാട്ട്, സിനിമ സലൂൺ, വൈറ്റില)