എണ്ണ പുരട്ടിയാൽ മുടി വളരുമോ?; സത്യം വെളിപ്പെടുത്തി ഗവേഷകർ

വെളിച്ചെണ്ണ പുരട്ടി കുളിച്ചാല്‍ മുടി നീളുമെന്ന ധാരണ പരക്കെയുണ്ട്. എന്നാല്‍ അത്തരം ധാരണകളെ തിരുത്തുന്നതാണ് ഐകാൻ സ്‌കൂള്‍ ഓഫ് മെഡിസിന്‍  അറ്റ് മൗണ്ട് സീനായ് ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജി അസിസ്റ്റന്റ് ക്ലിനിക്കല്‍ പ്രഫ. ഗാരി ഗോള്‍ഡന്‍ബെര്‍ഗിന്റെ ഗവേഷണം. വെളിച്ചെണ്ണ പുരട്ടിയാല്‍ മുടി നീളും  എന്നതിന് യാതൊരു തെളിവുമില്ലെന്നാണ് ഗാരിയുടെ അഭിപ്രായം. വെളിച്ചെണ്ണ എന്നു മാത്രമല്ല ഒരുതരം എണ്ണയ്ക്കും മുടി നീളമുള്ളതാക്കാന്‍ കഴിവില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു. 

മുടിവളർച്ചയെ സ്വാധീനിക്കാനുള്ള കഴിവ് എണ്ണകൾക്കില്ലെങ്കിലും ചർമ്മത്തിനും മുടിക്കും തിളക്കവും മൃദുത്വും നൽകാനുള്ള കഴിവുണ്ട്.അതുപോലെ തന്നെ ബാക്ടീരിയ-ഫംഗസ് എന്നിവയോട് പൊരുതാനും പലതരത്തിലുള്ള എണ്ണകൾക്ക് കഴിയും. ത്വക്കിനും മുടിക്കും വെളിച്ചെണ്ണ ഒരുപാട് നന്മകള്‍ നൽന്നുണ്ടെന്നാണ് ഇതേ ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജിസ്റ്റും കോസ്മറ്റിക് ആന്റ് ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടറുമായ ജോഷ്വാ പറയുന്നത്.

വെളിച്ചെണ്ണയില്‍  അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സ്വാഭാവികമായ നല്ലൊരു കണ്ടീഷ്നറാണ്. ഇവ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കുളിക്കുന്നതിനു മുൻപ് എണ്ണ  തയിൽ വാരിപ്പൊത്തി  പിന്നീട് കഴുകിക്കളയുന്നതാണ് നമ്മുടെ ശീലം എന്നാൽ അങ്ങനെയല്ല ചെയ്യേണ്ടതെന്നും തല കഴുകി വൃത്തിയാക്കിയശേഷം ഈറൻ തലയിൽ എണ്ണ പുരട്ടുകയാണ് വേണ്ടതെന്നും ഗവേഷകര്‍ പറയുന്നു. ഇതോടെ മുടി കൂടുതല്‍ മൃദുവും മനോഹരവുമാകുമത്രെ.

ചുരുക്കത്തില്‍ തലയോടിനും മുടിക്കും ആരോഗ്യം നൽകുന്നതില്‍ വെളിച്ചെണ്ണ വലിയൊരു പങ്കു വഹിക്കുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്‌തേക്കാം. പക്ഷേ വെളിച്ചെണ്ണ പുരട്ടിയാല്‍  മാത്രം മുടി വളരും എന്നതിന് ഉറപ്പുമില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഗവേഷകർ.